‘തിരികെ സ്കൂളിലേക്ക്’ ഹെൽപ്പ് ഡസ്ക് ഉപജില്ലാതല ഉദ്ഘാടനം

കിളിമാനൂർ: സമഗ്രശിക്ഷാ കേരളം കിളിമാനൂർ ബിആർസിയുടെ നേതൃത്വത്തിൽ ഉപജില്ലാതല ഹെൽപ് ഡസ്കിന്റെ പ്രവർത്തനോദ്ഘാടനം കിളിമാനൂർ ഗവ.എച്ച്.എസ്.എസിൽ നടന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ.എ. ഷൈലജാബിഗം മാർഗ്ഗനിർദേശങ്ങൾ അടങ്ങിയ കൈപ്പുസ്തകം പ്രിൻസിപ്പാൾ റോബിൻ ജോസിന് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.

പൊതു മാർഗ്ഗനിർദേശം, സ്കൂൾ ഹെൽത്ത്‌ നോഡൽ ഓഫീസർമാർക്കുള്ള നിർദേശങ്ങൾ, കുട്ടികൾക്കുള്ള നിർദേശങ്ങൾ എന്നിവയടങ്ങിയ കൈപ്പുസതകമാണ് കൈമാറിയത്. ഓരോ സ്കൂളിലും എൽ.പി, യു.പി, എച്ച്. എസ്, എച്ച്. എസ്. എസ് വിഭാഗങ്ങളിലായി പ്രേത്യേകം നോഡൽ ഓഫീസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം സ്കൂളിന് പൊതുവായ ഹെൽത്ത് നോഡൽ ഓഫീസറും ഉണ്ടായിരിക്കും. രക്ഷിതാക്കളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി ഹെൽപ് ലൈൻ നമ്പർ സ്കൂളുകളിൽ നൽകിയിട്ടുണ്ട്.

അതോടൊപ്പം എല്ലാ സ്കൂളുകൾക്കും അണുനശീകരണം നടത്തുന്നതിന് പ്രഷർ സ്പ്രെയർ, ബി. ആർ. സി യിൽ നിന്നും വിതരണം ചെയ്തു.കിളിമാനൂർ ബ്ലോക്ക്‌ പ്രൊജക്ട് കോർഡിനേറ്റർ വി. ആർ. സാബു അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പാൾ റോബിൻ ജോസ് സ്വാഗതവും ,പ്രഥമാധ്യാപിക എസ് അജിത, ബി. ആർ. സി പരിശീലകൻ വിനോദ്. ടി എന്നിവർ ആശംസകൾ പറഞ്ഞു. ക്ലസ്റ്റർ കോർഡിനേറ്റർ ജയശങ്കർ. ജി പദ്ധതി വിശദീകരിച്ചു. ക്ലസ്റ്റർ കോർഡിനേറ്റർ ജയലക്ഷ്മി.കെ.എസ് നന്ദി പറഞ്ഞു.

കല്ലമ്പലത്ത് ബസും കാറും തമ്മില്‍ കൂട്ടിയിടിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്

കല്ലമ്പലം: കല്ലമ്പലം പുതുശേരിമുക്ക് റോഡിൽ ഇടവൂർകോണത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. കാർ ഡ്രൈവർ ചാത്തന്നൂർ, മീനാട്, ഈസ്റ്റ് ചരുവിളവീട്ടിൽ അൽ അമീൻ (18), ബസ് യാത്രികരായ വർക്കല, നരിക്കല്ലുമുക്ക് സമീർ മൻസിലിൽ ഹസീന(42), കല്ലമ്പലം ചേന്നൻകോട് ശിവ​ഗം​ഗയിൽ ജോഷിനി (41), കല്ലമ്പലം , മാവിൻമൂട്, ഷൈലാമന്ദിരത്തിൽ ഷീല (50), പാലോട് , എക്സ് സർവ്വീസ്മെൻ കോളനിയിൽ, ബ്ലോക്ക് നമ്പർ 42ൽ സജീവ് (40) എന്നിവർക്കാണ് പരിക്കേറ്റത്.

വ്യാഴാഴ്ച വൈകിട്ട് അഞ്ചരമണിയോടെയായിരുന്നു സംഭവം. യാത്രക്കാരുമായി പാലോട് നിന്ന് കല്ലമ്പലത്തേക്ക് വന്ന കുളങ്ങര എന്ന സ്വകാര്യ ബസിൽ എതിർ ദിശയിൽ എത്തിയ കാർ കൂട്ടിയിടിക്കുകയാിരുന്നു. കാറിന്റെ മുൻവശം പൂർണമായും തകർന്നു. പരിക്കേറ്റവരെ നാട്ടുകാരും കല്ലമ്പലം പൊലീസുമെത്തി കെടിസിടി ആശുപത്രിയിലേക്ക് മാറ്റി.

സ്വഛ് ഭാരത് ക്യാമ്പയിൻ ജീവകല വെഞ്ഞാറമൂട് മാർക്കറ്റ് ശുചീകരിച്ചു

വെഞ്ഞാറമൂട്: നെഹ്റു യുവകേന്ദ്ര തിരുവനന്തപുരവും വെഞ്ഞാറമൂട് ജീവകല കലാ സാംസ്കാരിക മണ്ഡലവും ചേർന്ന് “സ്വഛ് ഭാരത്” ക്യാമ്പയിനിൻ്റെ ഭാഗമായി വെഞ്ഞാറമൂട് പബ്ലിക് മാർക്കറ്റ് വൃത്തിയാക്കി. പരിപാടി വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജി.കോമളം ഉദ്ഘാടനം ചെയ്തു. വെഞ്ഞാറമൂട് ഹൈസ്കൂൾ എൻ.എസ്.എസ് വളൻ്റിയർമാർ, ദേശീയ തൊഴിലുറപ്പ് പ്രവർത്തകർ, വെഞ്ഞാറമൂട് ഫയർ ആൻറ് റെസ്ക്യൂ ടീം, വാമനപുരം കുടുംബാരോഗ്യ കേന്ദ്രം, നെല്ലനാട് ഗ്രാമപഞ്ചായത്ത് എന്നിവർ പരിപാടിയുമായി സഹകരിച്ചു. ജൈവ – അജൈവ മാലിന്യങ്ങൾ വേർതിരിച്ച് മാറ്റുകയും മൽസ്യ മാർക്കറ്റ് ഫയർഫോഴ്സ് കഴുകി വൃത്തിയാക്കുകയും തുടർന്ന് ബ്ലീച്ചിംഗ് പൗഡർ, ലോഷൻ എന്നിവ ഉപയോഗിച്ച് മാർക്കറ്റ് പൂർണമായും ശുചീകരിക്കുകയും ചെയ്തു.

ജീവകല സെക്രട്ടറി വി.എസ്.ബിജുകുമാർ സ്വാഗതവും പ്രസിഡൻ്റ് എം.എച്ച്.നിസാർ നന്ദിയും പറഞ്ഞു.സ്വഛ് ഭാരത് പരിപാടിയ്ക്ക് നെഹ്റു യുവകേന്ദ്ര വളൻ്റിയർ വിഷ്ണു ഷാജി, നെല്ലനാട് പഞ്ചായത്ത് പ്രസിഡൻ്റ് ബീന രാജേന്ദ്രൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പുല്ലമ്പാറ ദിലീപ്, ശാന്ത, എൽ.എസ് മഞ്ജു, ജീവകല ഭാരവാഹികളായ ആർ.ശ്രീകുമാർ, എസ്. ഈശ്വരൻ പോറ്റി, കെ.ബിനുകുമാർ, വാമനപുരം ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ്, ജെ.എച്ച്.ഐ.റിയാസ് ,ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ എ.റ്റി ജോർജ്, എൻ.എസ്സ് എസ്സ് പ്രോഗ്രാം ഓഫീസർ അഭിലാഷ്, അഖിൽ കെ.എൻ, ശ്രീഹരി എന്നിവർ നേതൃത്വം നൽകി.

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

ഇടുക്കി:മുല്ലപെരിയാർ അണക്കെട്ടിന്റെ സ്പിൽവേകൾ തുറന്നു. രാവിലെ 7.30 ഓടെയാണ് സ്പിൽവേ തുറന്നത്. 3,4 സ്പിൽവേ ഷട്ടറുകൾ ആണ് 35 സെന്റി മീറ്റർ വീതം ഉയർത്തിയത്. ഇത് അറുപത് സെന്റീമീറ്റർ വരെ ഉയർത്തേണ്ടി വന്നേക്കുമെന്നാണ് സൂചന. 534 ഘനഅടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. ഇപ്പോൾ 138.75 അടിയാണ് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് . ഷട്ടറുകൾ തുറനന്നതോടെ പെരിയാർ തീരത്ത് ജാ​​​ഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഡാമിലെ വെള്ളം ആദ്യമെത്തുക വള്ളക്കടവിലാണ്.

മുല്ലപ്പെരിയാർ ഡാമിലെ 138 അടിയാക്കി ക്രമീകരിക്കാനുള്ള വെള്ളമേ തുറന്നു വിടുകയുള്ളുവെന്ന് തമിഴ്നാട് അറിയിച്ചിരുന്നു. മുല്ലപ്പെരിയാർ തുറന്നാലും പെരിയാറിൽ ഏകദേശം 60 സെന്റീമീറ്ററിൽ താഴെ മാത്രമേ ജലനിരപ്പ് ഉയരുവെന്നാണ് വിലയിരുത്തൽ. വെള്ളമൊഴുകുന്ന മേഖലകളിലെ 350 കുടുംബങ്ങളെ രണ്ടു ക്യാമ്പുകളിലായി മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാറിൽ നിന്നുളള വെള്ളമെത്തിയാൽ ഇടുക്കി ഡാമിൽ 0.25 അടി മാത്രമേ ജലനിരപ്പ് ഉയരൂ. പക്ഷേ നിലവിലെ റൂൾ കർവ് 2398.31 ആയതിനാൽ ഇടുക്കി ഡാമും തുറക്കും. ഇടുക്കി ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ ജലത്തിനൊപ്പം മഴ കൂടി ശക്തമായാൽ നാളെ വൈകിട്ട് മുതൽ ഇടുക്കിയിൽ നിന്ന് സെക്കണ്ടിൽ ഒരു ലക്ഷം ലീറ്റർ വെള്ളം തുറന്നുവിടാനുള്ള സജ്ജീകരണം ഏർപ്പെടുത്തിയതായി കെ എസ് ഇ ബിയും അറിയിച്ചിട്ടുണ്ട്.

ഇതിനിടെ കേന്ദ്ര ജല കമ്മിഷൻ അം​ഗീകരിച്ച റൂൾ കർവ് സ്വീകാര്യമല്ലെന്ന് കേരളം സുപ്രീംകോടതിയിൽ വ്യക്തമാക്കി. തമിഴ്നാട് തയാറാക്കിയ റൂൾ കർവാണ് കേന്ദ്ര ജല കമ്മീഷൻ അം​ഗീകരിച്ചത്. കേരളത്തിന്റെ പ്രവചനാതീതമായ കാലാവസ്ഥയിൽ ഇത് സ്വീകാര്യമല്ലെന്നും ഒരു ഘട്ടത്തിലും ജലനിരപ്പ് 142 അടിയാക്കാൻ പാടില്ലെന്നും കേരളം വാദിച്ചു.

അടൂർ പ്രകാശ് എം.പി ആലംകോട് ഗവ. വി.എച്ച്.എസ്.എസ് സന്ദർശിച്ചു

പ്രധാന കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്ന് വീണ ആലംകോട് ഗവ. വി.എച്ച്.എസ്.സ്കൂൾ അടൂർ പ്രകാശ് എം.പി സന്ദർശിച്ചു. പ്രിൻസിപ്പലും പി ടി എ പ്രസിഡന്റുമായി സംസാരിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‌ക്കെയാണ് ആലംകോട് ഗവ.വി.ആന്‍ഡ്എച്ച്.എസ്.എസിലെ പ്രധാന കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഒരുഭാഗം പൊളിഞ്ഞ് വീണത്. കെട്ടിടത്തിന്റെ പിന്‍വശത്ത് മേല്‍ക്കൂരയുടെ പകുതിയോളം ഭാഗത്ത് നിര്‍മ്മിച്ചിരുന്ന കൈവരിയാണ് കോണ്‍ക്രീറ്റിനൊപ്പം തകര്‍ന്നിട്ടുള്ളത്. വ്യാഴാഴ്ച രാവിലെ സ്‌കൂളിലെത്തിയപ്പോഴാണ് കെട്ടിടം തകര്‍ന്നുവീണ വിവരം അധികൃതര്‍ അറിയുന്നത്. കെട്ടിടം ഉപയോഗക്ഷമമല്ലെന്നും എല്ലാമുറികളും എത്രയും വേഗം ഒഴിയണമെന്നും എഞ്ചിനീയറിങ് വിഭാഗവും പോലീസും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മൂന്ന് നിലകളുള്ള പ്രധാനകെട്ടിടത്തിനാണ് നാശമുണ്ടായിട്ടുള്ളത്. 38 വര്‍ഷത്തെ പഴക്കമുണ്ട് ഈ കെട്ടിടത്തിന്.

ഹൈസ്‌കൂള്‍ വിഭാഗം ക്ലാസ്സുകള്‍ക്ക് പുറമേ ഓഫീസ്, സ്റ്റാഫ്‌റൂമുകള്‍, സയന്‍സ്, കമ്പ്യൂട്ടര്‍ ലാബുകള്‍ എന്നിവയെല്ലാം ഈ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പൊളിഞ്ഞഭാഗം പൂര്‍ണമായി നിലത്ത് വീണിട്ടില്ല. ഇത് അപകടകരമായ നിലയില്‍ ഭിത്തിയോട് ചേര്‍ന്ന് തൂങ്ങിനില്ക്കുന്നത് അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇത് നിമിത്തം കെട്ടിടത്തിന് സമീപത്തേയ്ക്ക് ആരും പോകരുതെന്ന് പോലീസ് നിര്‍ദ്ദേശംനല്കിയിട്ടുണ്ട്.
സ്‌കൂള്‍ തുറക്കുന്നതിനുമുന്നോടിയായി ശുചീകരണമുള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. സ്‌കൂളിലെ മറ്റ് കെട്ടിടങ്ങളിലെ ക്ലാസ്സ്മുറികള്‍ പ്രയോജനപ്പെടുത്തി ക്ലാസ്സുകള്‍ നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളതെന്ന് വിദ്യാഭ്യാസവകുപ്പധികൃതര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്കവേണ്ടെന്നും അധികൃതര്‍ പറഞ്ഞു. ജനപ്രതിനിധികള്‍, വിദ്യാഭ്യാസവകുപ്പ് പ്രതിനിധികള്‍, പി.ടി.എ.അംഗങ്ങള്‍ എന്നിവരെല്ലാം സ്‌കൂളിലെത്തി കാര്യങ്ങള്‍ വിലയിരുത്തിയിരുന്നു.