ട്രെയിലറും ബസും കാറും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

നാവായിക്കുളം ഇരുപത്തിയെട്ടാം മൈലിൽ അപകടം. ട്രെയിലറും ബസും കാറും കൂട്ടിയിടിച്ചു. നിരവധി പേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. ദേശീയ പാതയിൽ ഒരുമണിക്കൂർ ഗതാഗതം സ്തംഭിച്ചു.6.30 ന് ആയിരുന്നു അപകടം.

പെട്രോള്‍-ഡീസല്‍ വില ഇന്നും വര്‍ധിച്ചു

തിരുവനന്തപുരം: രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഒരു ലിറ്റർ ഡീസലിന് 37 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 110 കടന്നു. പാറശ്ശാലയിലാണ് പെട്രോൾ വില ലിറ്ററിന് 110 രൂപ 10 പൈസ എത്തിയത്. പാറശ്ശാലയിൽ 103 രൂപ 77 പൈസയാണ് ഡീസൽ വില. കഴിഞ്ഞ 11 ദിവസത്തിനിടെ ഒമ്പതാം തവണയാണ് ഇന്ധന വില കൂട്ടുന്നത്.

കായിക താരങ്ങൾക്ക് കൈത്താങ്ങാകാം

ആറ്റിങ്ങൽ: സംസ്ഥാന സീനിയർ പുരുഷ- വനിതാ ഖോ-ഖോ ചാമ്പ്യൻഷിപ്പ് 2021 ഒക്ടോബർ 29, 30 തീയതികളിൽ കോഴിക്കോട് ഫാറൂഖ് ൽ വച്ചു നടക്കുകയാണ്. അതിലേക്ക് ആയി തിരുവനന്തപുരം ജില്ലാ ടീമിനു വേണ്ടി ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്ന 24 ഓളം കുട്ടികൾ പങ്കെടുക്കുന്നുണ്ട്.

കോവിഡ് സാമ്പത്തിക പ്രതിസന്ധി മൂലം ഫണ്ട് ന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്ന അസോസിയേഷൻ അവർക്ക് വേണ്ട സഹായം ചെയ്യുന്നതിൽ പരിമിതികൾ ഉണ്ട്. കുട്ടികളിൽ ഭൂരിഭാഗവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ ആണ്. അവർക്ക് വേണ്ട ട്രെയിൻ ടിക്കറ്റ്, ജെഴ്‌സി മറ്റ് ചിലവുകൾ കണ്ടെത്തുന്നതിനായി കായിക പ്രേമികളായുള്ള സുമനസുകൾക്ക് സഹായിക്കാം. ഒക്ടോബർ 27 (ബുധൻ) വൈകുന്നേരം ടീം പരിശീലനം കഴിഞ്ഞ് ഇവിടെ നിന്നും പുറപ്പെടുന്നതാണ്.

ജയൻ (ജില്ലാ സ്പോർട്സ് ഓഫീസർ, കോച്ച് -9446174665

പ്രശാന്ത് മങ്കാട്ടു
9846472272

ഒരുപാട് ത്യാഗം സഹിച്ചു ആണ് ഓരോ കായിക താരവും നാളത്തെ പ്രതിഭകൾ ആകുന്നത്. ഒന്നിച്ചു ഒന്നായി അവർക്ക് കൈതാങ്ങ് ആകുവാൻ ശ്രമിക്കാം.

പെട്രോളിയം വില വർദ്ധനവിനെതിരെ സി.ഐ.റ്റി.യു അവനവഞ്ചേരി കിഴക്ക്, കൊച്ചാലുംമൂട് യൂണിറ്റുകളുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു

ആറ്റിങ്ങൽ: കേന്ദ്ര സർക്കാർ തുടർച്ചയായി നടപ്പിലാക്കുന്ന പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിനെതിരെയാണ് സി.ഐ.റ്റി.യു അവനവഞ്ചേരി കിഴക്ക് കൊച്ചാലുംമൂട് യൂണിറ്റുകളുടെ നേതൃത്വത്തിൽ പ്രതിക്ഷേധ സമരം സംഘടിപ്പിച്ചത്. അവനവഞ്ചേരി അമ്പലനടയിൽ നിന്നും നാൽപതോളം പ്രവർത്തകർ തീപന്തവും പ്ലക്ക് കാർഡുകളുമേന്തി മുദ്രാവാക്യം വിളിയോടെ പ്രതിഷേധ ജാഥയായി തെരുവ് ജംഗ്ഷനിൽ എത്തി. തുടർന്ന് സി.ഐ.റ്റി.യു ഏരിയാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.

മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം 68 രൂപയുണ്ടായിരുന്ന പെട്രോളിന് 110 രൂപയും, 45 രൂപയുണ്ടായിരുന്ന ഡീസലിന് 105 രൂപയും, 360 രൂപയുണ്ടായിരുന്ന പാചകവാതക സിലിണ്ടർ 1000 രൂപയിലും എത്തി നിൽക്കുകയാണ്. ഒരു മാസത്തിനുള്ളിൽ പെട്രോൾ, ഡീസൽ വില 8 രൂപ വർദ്ധിച്ചു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന്റെ വില ദിനംപ്രതി കുറയുന്ന സാഹചര്യത്തിലാണ് നമ്മുടെ രാജ്യത്ത് സർക്കാർ അനിയന്ത്രിത വിലകയറ്റം സൃഷ്ടിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം പട്ടിണി സൂചികയിൽ ഇന്ത്യ നൂറ്റി ഒന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. രാജ്യത്തിന് അന്നം തരുന്ന കർഷകന്റെ അവകാശങ്ങൾ നിഷേധിക്കുകയും നിഷ്കരുണം കൊന്നൊടുക്കുകയും ചെയ്യുന്ന സമീപനമാണ് ബിജെപി സർക്കാർ സ്വീകരിക്കുന്നത്. പൊതു മേഖലാ സ്ഥാനങ്ങൾ ഒരോന്നായി വിറ്റുതുലക്കുന്നു. ഇതിലൂടെ സാധാരണക്കാരന് തൊഴിൽ നിഷേധിക്കപ്പെടുന്നു. കർഷകന്റെ കൃഷി ഭൂമി നിർബന്ധിതമായി കാർപ്പറേറ്റുകൾക്ക് കീഴിൽ അടിയറ വക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ ചോദ്യം ചെയ്യപ്പെടണം. സമ്പന്നൻമാർ അതി സമ്പന്നൻമാരും, ദരിദ്രൻ പരമ ദരിദ്രനുമാവുന്ന സാഹചര്യമാണ് ഈ ദുർഭരണം മൂലം സംഭവിച്ചിരിക്കുന്നതെന്നും ഉദ്ഘാടകൻ കൂട്ടി ചേർത്തു.

അവനവഞ്ചേരി തെരുവ് ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ സമരത്തിൽ ഏരിയ കമ്മിറ്റി അംഗം എം.മുരളി, കോഡിനേറ്റർ റ്റി.ദിലീപ് കുമാർ, യൂണിറ്റ് പ്രസിഡന്റ് അരുൺകല്ലുവിള, ഷിംജി, സെക്രട്ടറി എസ്.പി.സിനു, അംഗങ്ങളായ ബിസിഡി സുധീർ, ഗായത്രീദേവി, അർജുൻ കല്ലിംഗൽ, രാകേഷ് കൃഷ്ണ, വിഷ്ണു, ജിബി തുടങ്ങിയവർ പങ്കെടുത്തു.

കേരളത്തില്‍ ഇന്ന് 8909 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8909 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1233, തിരുവനന്തപുരം 1221, തൃശൂര്‍ 1105, കോഴിക്കോട് 914, കൊല്ലം 649, ഇടുക്കി 592, കോട്ടയം 592, പത്തനംതിട്ട 544, മലപ്പുറം 436, കണ്ണൂര്‍ 410, പാലക്കാട് 397, ആലപ്പുഴ 388, വയനാട് 270, കാസര്‍ഗോഡ് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 86,111 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,70,430 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,61,655 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8775 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 725 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 80,555 കോവിഡ് കേസുകളില്‍, 9.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 65 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 14 വരെയുള്ള 257 മരണങ്ങളും, സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 142 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 28,229 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8476 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 332 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8780 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1431, കൊല്ലം 274, പത്തനംതിട്ട 364, ആലപ്പുഴ 554, കോട്ടയം 569, ഇടുക്കി 728, എറണാകുളം 1266, തൃശൂര്‍ 1034, പാലക്കാട് 620, മലപ്പുറം 349, കോഴിക്കോട് 723, വയനാട് 231, കണ്ണൂര്‍ 518, കാസര്‍ഗോഡ് 119 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 80,555 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 47,97,409 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 94.3 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,51,89,641), 47.9 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,28,16,079) നല്‍കി.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (10,64,602)

· ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 8909 പുതിയ രോഗികളില്‍ 7500 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 2353 പേര്‍ ഒരു ഡോസ് വാക്‌സിനും 2181 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 2966 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

· ഒക്‌ടോബര്‍ 15 മുതല്‍ 21 വരെയുള്ള കാലയളവില്‍, ശരാശരി 85,845 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 1.5 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 7670 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 12 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 18%, 15%, 34%, 13%, 12%, 19% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.