കടലുകാണി ക്ഷേത്രത്തിലും സമീപത്തെ കാവുകളിലും മോഷണം നടത്തിവന്നവര്‍ പിടിയില്‍

കിളിമാനൂർ: കടലുകാണി ക്ഷേത്രത്തിലും സമീപത്തെ കാവുകളിലും മോഷണം നടത്തിയവരെ കിളിമാനൂർ പൊലീസ് പിടികൂടി.വാമനാപുരം ആനാകുടി പൂപ്പുറം ചാലുവിളവീട്ടിൽ തോമസ് (55), വാമനാപുരം, ആറാംതാനം ആനാകുടി, തോട്ടിൻകര തടത്തരികത്ത് പുത്തൻവീട്ടിൽ ബിജു (35) എന്നിവരാണ് പിടിയിലായത്. കടലുകാണിക്ഷേത്രത്തിൽ നിന്നും വിളക്കുകളും, ഓട്ടുപാത്രങ്ങളും, സ്വർണപൊട്ടുകളും, ഓഫീസ് മേശവലിപ്പിൽ ഉണ്ടായിരുന്ന 7000 രൂപയും , കാണിക്കവഞ്ചിയിലുണ്ടായിരുന്ന നാണയങ്ങളും മോഷണം പോയതിനെ തുടർന്ന് ക്ഷേത്രഭാരവാഹികൾ പൊലീസിൽ നല്കിയ പരാതിയെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലാകുന്നത്.

സിസിടിവി ദൃശ്യങ്ങളും ആക്രിവ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയാണ് പ്രതികളിലേക്ക് അന്വേഷണമെത്തിയത്. തൊണ്ട് മുതലുകൾ കാരേറ്റുള്ള ആക്രിസ്ഥാപനങ്ങളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ആറ്റിങ്ങൽ ഡിവൈഎസ്പി ഡി എസ് സുനീഷ് ബാബുവിന്റെ നേത‍ൃത്വത്തിൽ കിളിമാനൂർ ഐഎസ്എച്ച്ഒ എസ് സനൂജ്, എസ് ഐമാരായ വിജിത് കെ നായർ, സവാദ് ഖാൻ, നാഹിറുദ്ദീൻ, സീനിയർ സിപിഒമാരായ പ്രദീപ്, മഹേഷ്, ഷിജു, ബിനു എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

കുടവൂർക്കോണം ഗവ.ഹൈസ്കൂൾ ശുചീകരിച്ചു

സിപിഐ (എം) കല്ലൂർക്കോണം, പേരണം ബ്രാഞ്ചുകൾ സംയുക്തമായി കുടവൂർക്കോണം ഗവ.ഹൈസ്കൂൾ ക്ലാസ് മുറികളും പരിസരവും വൃത്തിയാക്കി. അണുനശികരണവുംനടത്തി. ബ്രാഞ്ച് സെക്രട്ടറി നസിറിന്റെ നേതൃത്വത്തിലാണ് ശുചീകരണ പരിപാടികൾ നടത്തിയത്.

കേരളത്തില്‍ ഇന്ന് 8538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1481, തിരുവനന്തപുരം 1210, തൃശൂര്‍ 852, കോട്ടയം 777, കോഴിക്കോട് 679, ഇടുക്കി 633, കൊല്ലം 554, മലപ്പുറം 430, കണ്ണൂര്‍ 419, പാലക്കാട് 352, പത്തനംതിട്ട 348, ആലപ്പുഴ 333, വയനാട് 311, കാസര്‍ഗോഡ് 159 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 79,100 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,69,881 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,61,252 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8629 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 545 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 77,363 കോവിഡ് കേസുകളില്‍, 10 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 71 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 211 മരണങ്ങളും, സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 81 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 28,592 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 32 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8212 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 252 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 42 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,366 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1424, കൊല്ലം 2262, പത്തനംതിട്ട 527, ആലപ്പുഴ 395, കോട്ടയം 801, ഇടുക്കി 1376, എറണാകുളം 676, തൃശൂര്‍ 1085, പാലക്കാട് 545, മലപ്പുറം 503, കോഴിക്കോട് 756, വയനാട് 357, കണ്ണൂര്‍ 503, കാസര്‍ഗോഡ് 156 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 77,363 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 48,08,775 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 94.3 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,51,95,934), 48 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,28,59,963) നല്‍കി.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (10,66,008)

· ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 8538 പുതിയ രോഗികളില്‍ 7138 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 2021 പേര്‍ ഒരു ഡോസ് വാക്‌സിനും 2965 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 2152 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

· ഒക്‌ടോബര്‍ 17 മുതല്‍ 23 വരെയുള്ള കാലയളവില്‍, ശരാശരി 82,389 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 1.5 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 2630 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 4 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 16%, 13%, 30%, 12%, 11%, 15% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.

സിപിഎം അവനവഞ്ചേരി കിഴക്ക് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ദേശാഭിമാനി വാർഷികവരി ചേർക്കലും ഗൃഹസന്ദർശനവും സംഘടിപ്പിച്ചു

ആറ്റിങ്ങൽ: സിപിഎം അവനവഞ്ചേരി കിഴക്ക് ബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് ദേശാഭിമാനി വാർഷികവരി ചേർക്കലും ഗൃഹസന്ദർശനവും സംഘടിപ്പിച്ചത്. ബ്രാഞ്ച് അംഗം ചിറയിൽ നിസാമിൽ നിന്ന് ആദ്യ വാർഷികവരി സെക്രട്ടറി റ്റി.ദിലീപ് കുമാർ കൈപ്പറ്റി. ബ്രാഞ്ച് പരിധിയിലുള്ള വീടുകളിൽ ഗൃഹസന്ദർശനം നടത്തുകയും പ്രാദേശികമായി പാർട്ടി സംവിധാനം ഇടപെട്ടു കൊണ്ട് പരിഹരിക്കേണ്ട വിഷയങ്ങളിൽ ആവശ്യക്കാരുമായി ചർച്ച നടത്തുകയും ചെയ്തു. കാര്യക്ഷമമായ സംഘടനാ പ്രവർത്തനം ബ്രാഞ്ച് പരിധിയിൽ നടപ്പിലാക്കുന്നതിലൂടെ യുവജനങ്ങളെ ഉൾപ്പടെ നിരവധി പേരെ വർഗ്ഗ ബഹുജന സംഘടനകളിലേക്ക് കൊണ്ടുവരാൻ സാധിച്ചു. കൂടാതെ പ്രവർത്തകരുടെ നേതൃത്വത്തിൽ നിരന്തരമായി നടപ്പിലാക്കുന്ന ഗൃഹസന്ദർശനം സംഘടനാ വളർച്ചക്ക് ഏറെ ഗുണം ചെയ്യുന്നെന്നും സെക്രട്ടറി അറിയിച്ചു. പ്രവർത്തകരായ നിസാം, മനോജ്, അരുൺ കല്ലുവിള, ദിലീപ്, ലാൽ തുടങ്ങിയവരാണ് സ്ക്വാഡിന് നേതൃത്വം വഹിച്ചത്.

നാവായിക്കുളം കൊച്ചുപള്ളിക്ക് സമീപം അപകടം

കല്ലമ്പലം: നാവായിക്കുളം കൊച്ചുപള്ളിക്ക് സമീപം അപകടം. ഇന്ന് പുലർച്ചക്കായിരുന്നു അപകടം. മീൻ കയറ്റി വന്ന ഫ്രീസർ ഘടിപ്പിച്ച മിനി ലോറി മറ്റൊരു വാഹനത്തിൽ ഇടിച്ച് മുൻവശം തകർന്ന് ക്യാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറുടെ നിലവിളികേട്ട് കേരള കൗമുദി കല്ലമ്പലം ലേഖകൻ സുനിൽ കുമാർ ആണ് പോലീസിലും മറ്റും വിവരം നൽകിയതും ഇവർ എത്തുന്നത് വരെ ഡ്രൈവർക്ക് ആത്മധൈര്യം നൽകിയതും.