by admin | Oct 21, 2021 | Latest News, ജില്ലാ വാർത്ത
റെയിൽവേ സ്വകാര്യവൽക്കരണത്തിനെതിരെയും പാസഞ്ചർ ട്രെയിൻ സർവ്വീസ് പുനസ്ഥാപിക്കുക, സീസൺ ടിക്കറ്റ് വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് എ.ഐ.റ്റി.യു.സി പ്രക്ഷോഭത്തിൻ്റെ ഭാഗമായി ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

എ.ഐ.റ്റി.യു.സി. ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്തു. ഡി.ടൈറ്റസ്, കോരാണി വിജു, തോന്നയ്ക്കൽ രാജേന്ദ്രൻ, മുഹമ്മദ് റാഫി, ബിജു ജോസഫ്, ജോതികുമാർ തുടങ്ങിയവർ പ്രസംഗിച്ചു. വലിയ കട ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ചിന് എൽ. സ്കന്ദകുമാർ, മുരുക്കുംപുഴ സുനിൽ, ഗോപൻ വലിയ ഏല, സോജൻ റോബർട്ട്, എസ്.വിജയദാസ് ,ഓമന ശശി.സുമതി ഇടവിളാകം, കുന്നിൽ റഫീക്ക്, രാജേന്ദ്രൻ അഞ്ചുതെങ്ങ്, ജഹാംഗീർ, അഴൂർ അജയൻ തുടങ്ങിയവർ നേതൃത്വം നൽകി.







by admin | Oct 21, 2021 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം: നാവായിക്കുളം ഇരുപത്തിയെട്ടാംമൈൽ പള്ളിക്കൽ റോഡിലുണ്ടായ ബൈക്ക് അപകടത്തിൽ എസ്എഫ്ഐ നാവായിക്കുളം മേഖലാ സെക്രട്ടറിയും കാൽനടയാത്രികനും മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. ബൈക്ക് യാത്രികനായ പൈവേലിക്കോണം കൃഷ്ണകൃപയിൽ ഉമേഷ് കൃഷ്ണ (21), കല്ലമ്പലത്തെ ടെക്സ്റ്റൈൽസ് ജീവനക്കാരൻ പൈവേലിക്കോണം രമ മന്ദിരത്തിൽ സുരേഷ് (69) എന്നിവരാണ് മരിച്ചത്. ഉമേഷിനൊപ്പമുണ്ടായിരുന്ന അനുപി(20)നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധൻ രാത്രി 8.45നാണ് അപകടം. ഒരു വിവാഹത്തിൽ പങ്കെടുത്ത് ബൈക്കിൽ മടങ്ങുകയായിരുന്നു ഉമേഷ് കൃഷ്ണയും അനൂപും. കനത്ത മഴയിൽ ബൈക്കിന്റെ നിയന്ത്രണംവിട്ട് സുരേഷിനെ ഇടിക്കുകയായിരുന്നു. റോഡിൽ തലയിടിച്ചുവീണ ഉമേഷിനെയും സുരേഷിനെയും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിൽ. പള്ളിക്കൽ യുഐടിയിൽ അവസാനവർഷ ബിരുദവിദ്യാർഥിയാണ് ഉമേഷ് കൃഷ്ണ. അച്ഛൻ ഉണ്ണിക്കൃഷ്ണൻ. അമ്മ: മിനി. സഹോദരി. ഉമ ഗിരിജയാണ് മരിച്ച സുരേഷിന്റെ ഭാര്യ. മക്കൾ: ശാലിനി, അമിത.







by admin | Oct 21, 2021 | Latest News, ജില്ലാ വാർത്ത
സംസ്ഥാനത്തുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും കൃഷിനാശം സംഭവിച്ചിട്ടുള്ള കർഷകർക്കുള്ള നഷ്ടപരിഹാരം നൽകുന്നതിന് സർക്കാരിലേക്ക് സമർപ്പിക്കേണ്ട ക്ലെയിം നടപടികൾ ഉടൻ തന്നെ പൂർത്തീകരിക്കുന്നതിന് കൃഷിമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കൃഷി മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.

നടപടികൾ പൂർത്തീകരിക്കാത്ത മുൻ അപേക്ഷകളിൽ നടപടി നവംബർ 10 നകവും ഒക്ടോബറിൽ ഉണ്ടായ കൃഷി നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാര അപേക്ഷകളിൽ നടപടി 30 ദിവസത്തിനകവും പൂർത്തിയാക്കണം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഭാവിയിലും നഷ്ടപരിഹാര അപേക്ഷകളിൽ ഒരു മാസത്തിനകം വകുപ്പ് നടപടി പൂർത്തികരിക്കും.
കഴിഞ്ഞ ആഴ്ച ഉണ്ടായ ശക്തമായ മഴയിൽ ഇതുവരെ 200 കോടിയുടെ കൃഷിനാശമാണ് സംസ്ഥാനത്ത് കണക്കാക്കപ്പെട്ടിട്ടുള്ളത്.

കാർഷിക വിളകൾ ഇൻഷുർ ചെയ്തിട്ടുള്ള കർഷകർക്ക് വിള ഇൻഷുറൻസ് പദ്ധതി പ്രകാരം ഉള്ള നഷ്ടപരിഹാരത്തുകയും ദുരന്ത നിവാരണ ഫണ്ടിൽ നിന്നുള്ള തുകയും ലഭിക്കും. വിളകൾ ഇൻഷുർ ചെയ്യാത്ത കർഷകർക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നുള്ള നഷ്ടപരിഹാര തുകയാണ് ലഭിക്കുക. ഇവ ലഭ്യമാക്കുന്നതിനായി സർക്കാരിലേക്ക് സമർപ്പിക്കേണ്ട ക്ലെയിം അടക്കമുള്ള രേഖകളാണ് ഉടനെ സമർപ്പിക്കുവാൻ മന്ത്രി നിർദ്ദേശിച്ചത്.
വിളനാശം സംഭവിച്ചിട്ടുള്ള കർഷകർക്ക് വിള നാശത്തിനുള്ള നഷ്ടപരിഹാരത്തിന് പുറമേ കൃഷി പുനസ്ഥാപിക്കുന്നതിനായി മറ്റു പല ആനുകൂല്യങ്ങളും സംസ്ഥാന സർക്കാർ നൽകുന്നുണ്ട്. വിത്ത് വിതച്ച ശേഷം വെള്ളം കയറി വിത നഷ്ടപ്പെട്ട കർഷകർക്ക് നെൽവിത്ത് പൂർണമായും സൗജന്യ നിരക്കിൽ വിതരണം ചെയ്യും. കൂടാതെ പാടശേഖരങ്ങളിൽ മടവീഴ്ച മൂലം കൃഷി നാശം സംഭവിച്ച മേഖലകളിൽ പുറംബണ്ട് കെട്ടുന്നതിനും ബണ്ടുകളുടെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനും സർക്കാരിൽനിന്ന് പ്രത്യേകം തുക അനുവദിക്കുമെന്ന് കൃഷിമന്ത്രി അറിയിച്ചു. മടവീഴ്ച ഉണ്ടായ പ്രദേശങ്ങളിൽ ഇതിനകംതന്നെ പുറംബണ്ട് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ ആലപ്പുഴ ജില്ലയിൽ 26ഉം കോട്ടയം ജില്ലയിൽ 11ഉം മട വീഴ്ചകളാണ് വിവിധ പാടശേഖരങ്ങളിലായി ഉണ്ടായിട്ടുള്ളത്. ഇവയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി വാലുവേഷൻ അടിയന്തിരമായി തയ്യാറാക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

കർഷകർക്ക് അവരുടെ പരാതികൾ ബോധിപ്പിക്കുന്നതിനും മറ്റുമായി സംസ്ഥാന തലത്തിലും ജില്ലാതലത്തിലും കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. കൃഷി മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചും ഒരു കൺട്രോൾ റൂം സംവിധാനം പ്രവർത്തിക്കുന്നുണ്ട്.
വിളനാശം സംഭവിച്ച കർഷകർ എത്രയും പെട്ടെന്ന് വിവരങ്ങൾ കൃഷിഭവനുകളിൽ അറിയിക്കണം. നഷ്ടപരിഹാരത്തിന് ഇപ്പോൾ AIMS വെബ് പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. AIMS പോർട്ടലിൽ രജിസ്‌ട്രേഷൻ നടത്തിയിട്ടുള്ള കർഷകർ നഷ്ടപരിഹാരത്തിനായി അവരുടെ ‘ലോഗ് ഇൻ’ ഐഡി ഉപയോഗിച്ച് പോർട്ടലിൽ അപേക്ഷിക്കാം.
ഇത് കർഷകർക്ക് സ്വന്തമായോ, അക്ഷയ സെന്ററുകൾ മുഖേനയോ, കോമൺ ഫെസിലിറ്റേഷൻ സെന്റർ മുഖേനയോ, കൃഷി ഭവൻ മുഖേനയോ ചെയ്യണം. വിള ഇൻഷുറൻസ് പദ്ധതി പ്രകാരം വിള ഇൻഷ്വർ ചെയ്തിട്ടുള്ള കർഷകർ കൃഷി നാശം സംഭവിച്ച് 15 ദിവസത്തിനകത്തും ഇൻഷ്വർ ചെയ്തിട്ടില്ലാത്ത കർഷകർ പ്രകൃതിക്ഷോഭം മൂലം വിളനാശമുണ്ടായി 10 ദിവസത്തിനുള്ളിലും നഷ്ടപരിഹാരത്തിനായി AlMS പോർട്ടൽ മുഖേന അപേക്ഷിക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.





by admin | Oct 21, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കനത്ത മഴയും വെള്ളപ്പൊക്കവും നദികള്‍ കരകവിഞ്ഞൊഴുകിയതും തിരുവനന്തപുരം ജില്ലയിലുണ്ടാക്കിയത് 15.31 കോടിയുടെ കൃഷിനഷ്ടമെന്ന് പ്രഥമവിവര കണക്ക്. വിവിധ കൃഷിമേഖലകളിലായി 5,913 കര്‍ഷകരെയാണ് നഷ്ടം ബാധിച്ചത്.
ഏകദേശം 640 ഹെക്ടറിലാണ് ജില്ലയില്‍ കൃഷിനാശം സംഭവിച്ചത്. ഒക്ടോബര്‍ 15 മുതല്‍ ഇന്നുവരെ (ഒക്ടോബര്‍ 20) വരെയുള്ള കണക്കാണ് ഇതെന്നും പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ കെ എം രാജു അറിയിച്ചു.
വാഴ, നെല്ല്, പച്ചക്കറി എന്നിവയ്ക്കാണ് ജില്ലയില്‍ ഏറ്റവുമധികം നാശം സംഭവിച്ചിട്ടുള്ളത്. 256.9 ഹെക്ടര്‍ വാഴ, 192.08 ഹെക്ടര്‍ നെല്ല്, 96.03 ഹെക്ടര്‍ പച്ചക്കറികൃഷി എന്നിവയാണ് പ്രഥമവിവര കണക്കനുസരിച്ച് ജില്ലയില്‍ നശിച്ചത്.

കിഴങ്ങുവര്‍ഗ്ഗവിളകളില്‍ 69.12 ഹെക്ടര്‍ സ്ഥലത്ത് മരച്ചീനി കൃഷിക്ക് നാശമുണ്ടായി. ഒന്‍പത് ഹെക്ടര്‍ മറ്റു കിഴങ്ങുവര്‍ഗ്ഗ വിളകളും നശിച്ചു. അടയ്ക്ക 6.08 ഹെക്ടര്‍, റബ്ബര്‍ 5.9 ഹെക്ടര്‍, നാളികേരം 2.87 ഹെക്ടര്‍, കുരുമുളക് 1.52 ഹെക്ടര്‍, വെറ്റില 1.32 എന്നിങ്ങനെയാണ് കൃഷിനഷ്ടത്തിന്റെ മറ്റു കണക്കുകള്‍.

ജില്ലയില്‍ ഏറ്റവുമധികം കൃഷിനാശം സംഭവിച്ചിട്ടുള്ളത് പാറശ്ശാല, പള്ളിച്ചല്‍, ആര്യന്‍കോട് ബ്ലോക്കുകളിലാണ്. പാറശ്ശാല 148 ഹെക്ടറിലായി 3.06 കോടി, പള്ളിച്ചല്‍ 96.57 ഹെക്ടറില്‍ 3.87 കോടി, ആര്യന്‍കോട് 67.58 ഹെക്ടറില്‍ 2.50 കോടി രൂപയുടെയും കൃഷിനഷ്ടം കണക്കാക്കിയിട്ടുണ്ട്.
പുളിമാത്ത് 81 ഹെക്ടറില്‍ 1.86 കോടി രൂപ, നെയ്യാറ്റിന്‍കര 60.06 ഹെക്ടറില്‍ 1.42 കോടി, ആറ്റിങ്ങല്‍ 55.05 ഹെക്ടറില്‍ 86 ലക്ഷം, കഴക്കൂട്ടം 40.126 ഹെക്ടറില്‍ 63 ലക്ഷം, കാട്ടാക്കട 25.55 ഹെക്ടറില്‍ 45 ലക്ഷം, വാമനപുരം 11.8 ഹെക്ടറില്‍ 25 ലക്ഷം, വര്‍ക്കല 16.334 ഹെക്ടറില്‍ 24 ലക്ഷം, നെടുമങ്ങാട് 37.04 ഹെക്ടറിലായി 17 ലക്ഷം രൂപയുടെയും നഷ്ടം കണക്കാക്കിയിട്ടുണ്ട്.






by admin | Oct 21, 2021 | Latest News, ജില്ലാ വാർത്ത
ജില്ലയില്‍ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് പുതുതായി ആരംഭിച്ച ക്യാമ്പുകളില്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ടന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ:കെ. എസ് ഷിനു അറിയിച്ചു. ക്യാമ്പില്‍ എത്തുന്നവര്‍ക്കുള്ള കോവിഡ് പരിശോധന അതാത് ക്യാമ്പുകളില്‍ തന്നെ സജ്ജീകരിച്ചിട്ടുണ്ട്. കോവിഡ് വാക്‌സിന്‍ എടുക്കാതെ ക്യാമ്പുകളില്‍ എത്തുന്നവര്‍ക്ക് വാക്‌സിന്‍ നല്‍കുവാനായി അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

മെഡിക്കല്‍ ഓഫീസര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ക്യാമ്പുകളില്‍ എത്തി ജീവിതശൈലി രോഗങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുകയും ആവശ്യമായവര്‍ക്ക് മരുന്നുകള്‍ വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്. ക്യാമ്പുകളില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരുടെയും പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരുടെയും നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനവും ഉറപ്പു വരുത്തിയിട്ടുണ്ട്. ക്യാമ്പുകളില്‍ പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങളെയും മറ്റ് ആരോഗ്യശീലങ്ങളേയും സംബന്ധിച്ച് ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ബോധവല്‍ക്കരണ സന്ദേശങ്ങളും നല്‍കിവരുന്നു.

വെള്ളക്കെട്ടുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ ക്യാമ്പുകളില്‍ നല്‍കുന്നുണ്ട്. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഇതോടൊപ്പം ഡോക്‌സിസൈക്ലിന്‍ നല്‍കിവരുന്നു.

ഭക്ഷണം തയ്യാറാക്കുന്നതില്‍ ഉള്‍പ്പെടെ ശുചിത്വം പാലിക്കുന്നുണ്ടെന്നും കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്താനായി ജില്ലാ പരിശോധനാ സംഘം ക്യാമ്പില്‍ പരിശോധന നടത്തുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കുന്നവരും സന്നദ്ധസേവകരും ക്യാമ്പില്‍ കഴിയുന്നവരും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശിച്ചു.





Recent Comments