by liji HP News | Apr 22, 2024 | Latest News, കേരളം
ന്യൂഡല്‍ഹി: പാറശാല ഷാരോണ്‍ വധക്കേസിലെ അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ഗ്രീഷ്മ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. എന്നാല്‍ ഈ വാദം നിലനില്‍ക്കില്ലെന്ന് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
അന്തിമ റിപ്പോര്‍ട്ടിനെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിന് എതിരെയാണ് ഗ്രീഷ്മ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. പൊലീസ് സ്‌റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണു ചട്ടം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കു സ്‌റ്റേഷന്റെ ചുമതല നല്‍കി വിജ്ഞാപനം ഇറക്കിയിട്ടില്ലാത്ത സാഹചര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനുള്ള അധികാരമില്ല. ഈ സാഹചര്യത്തില്‍ സെഷന്‍സ് കോടതിയുടെ പരിഗണനയിലുള്ള റിപ്പോര്‍ട്ടും തുടര്‍നടപടികളും റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. കേസിന്റെ വിചാരണ തമിഴ്‌നാട്ടിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടു ഗ്രീഷ്മ നല്‍കിയ ഹര്‍ജി സുപ്രീം കോടതി കഴിഞ്ഞ ഒക്ടോബറില്‍ തള്ളിയിരുന്നു.
പ്രണയബന്ധത്തില്‍ നിന്നു പിന്മാറാന്‍ വിസമ്മതിച്ച കാമുകനായ ഷാരോണ്‍ രാജിനെ 2022 ഒക്ടോബര്‍ 14നു ഗ്രീഷ്മ വീട്ടില്‍ വിളിച്ചു വരുത്തി കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കിയെന്നാണു കേസ്.
by liji HP News | Apr 22, 2024 | Latest News, കേരളം
കോഴിക്കോട്: വടകര ലോക്‌സഭ മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥിയും മുന്‍മന്ത്രിയുമായ കെ കെ ശൈലജയ്ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ വക്കീല്‍ നോട്ടീസ്. അശ്ലീല ചിത്രം പ്രചരിപ്പിച്ചു എന്ന ശൈലജയുടെ ആരോപണത്തിലാണ് നോട്ടീസ്. 24 മണിക്കൂറിനകം വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പു പറയണമെന്നാണ് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
ചെയ്യാത്ത കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. വോട്ടർമാർക്കിടയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ സൽപേര് നശിപ്പിക്കാനാണ് ശ്രമം. ഷാഫി പറമ്പിലിന്റെ മാതാവിനെ അടക്കം സൈബർ ആക്രമണത്തിലേക്ക് വലിച്ചിഴക്കുന്നു. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ആരോപണം ഉന്നയിക്കുകയാണെന്നും നോട്ടീസില്‍ പറയുന്നു. പാനൂർ ബോംബ് സ്‌ഫോടനം, പിപിഇ കിറ്റ് അഴിമതി എന്നിവയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഷാഫിക്ക് എതിരായ ആരോപണത്തിന് പിന്നിൽ എന്നും വക്കീൽ നോട്ടീസിൽ പറയുന്നു.
ആരോപണത്തിൽ ശൈലജക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഷാഫി പറമ്പിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ താന്‍ പറഞ്ഞത് വളരെ വ്യക്തമാണെന്നും അതില്‍ തന്നെ ഉറച്ച് നില്‍ക്കുന്നുവെന്നും തെളിവുകള്‍ കൈവശമുണ്ടെന്നും ശൈലജ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. നിയമനടപടി സ്വീകരിക്കാന്‍ ഷാഫിയുടെ കയ്യില്‍ എന്തെങ്കിലും വേണ്ടേ എന്നും ശൈലജ ചോദിച്ചിരുന്നു. അധാര്‍മികമായ സൈബര്‍ പ്രചാരണം തനിക്കെതിരെ ഉണ്ടായെന്നും ശൈലജ പറഞ്ഞു.
by liji HP News | Apr 22, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. പാലക്കാട് ജില്ലയില്‍ ഈ ദിവസങ്ങളില്‍ ചൂട് 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കൊല്ലം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും പത്തനംതിട്ട, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ 36°C വരെയും (സാധാരണയേക്കാള്‍ 2 – 4°C കൂടുതല്‍) രേഖപ്പെടുത്താന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍ മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
അതിനിടെ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഇടിമിന്നല്‍ അപകടകാരികള്‍ ആയത് കൊണ്ട് ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കേരളത്തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും തിരമാലയുടെ വേഗത സെക്കന്‍ഡില്‍ 40 cm നും 55 cm നും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
ജാഗ്രതാനിര്‍ദേശം:
1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
by liji HP News | Apr 22, 2024 | Latest News, ദേശീയ വാർത്ത
ബംഗളൂരു: കര്‍ണാടകയില്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതിന് 24കാരിയെ 44കാരന്‍ കുത്തിക്കൊന്നു. മകളെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ, അമ്മ കല്ല് കൊണ്ട് തലയ്ക്കടിച്ച് യുവാവിനെ കൊലപ്പെടുത്തി.
ബംഗളൂരുവിലെ ജയനഗറില്‍ കഴിഞ്ഞദിവസമാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സുരേഷ് ആണ് 24കാരിയായ അനുഷയെ കുത്തിക്കൊന്നത്. രണ്ടു തവണയാണ് കത്തി ഉപയോഗിച്ച് കുത്തിയത്. മകളെ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാന്‍ ഓടിയെത്തിയ അമ്മ കൈയില്‍ കിട്ടിയ കല്ല് ഉപയോഗിച്ച് സുരേഷിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഇരുവരും തത്ക്ഷണം മരിച്ചതായി പൊലീസ് പറയുന്നു.
പാര്‍ക്കില്‍ വച്ചാണ് സംഭവം നടന്നത്. സുരേഷിനെ അകറ്റാന്‍ ശ്രമിക്കുന്നതിനെ ചൊല്ലി അനുഷയുമായി വഴക്കിട്ടു. തുടര്‍ന്ന് കുപിതനായ സുരേഷ് യുവതിയെ കുത്തുകയായിരുന്നു. നേരത്തെ ഒരാളെ കാണാന്‍ പാര്‍ക്കില്‍ പോകുന്നതായി അമ്മയോട് പറഞ്ഞിട്ടാണ് മകള്‍ വീട്ടില്‍ നിന്നിറങ്ങിയത്. ഇതില്‍ പന്തികേട് തോന്നിയ അമ്മ മകളെ പിന്തുടര്‍ന്ന് പാര്‍ക്കില്‍ എത്തുകയായിരുന്നു. മകളെ ആക്രമിക്കുന്നത് കണ്ട് ഓടിയെത്തി രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കൈയില്‍ കിട്ടിയ കല്ല് ഉപയോഗിച്ച് അമ്മ സുരേഷിനെ ആക്രമിച്ചത്. ജോലി സ്ഥലത്ത് വച്ചാണ് അനുഷയും സുരേഷും പരിചയക്കാരായതെന്നും പൊലീസ് പറയുന്നു.
by liji HP News | Apr 22, 2024 | Latest News, കേരളം
തിരുവനന്തപുരം: കടുത്ത വേനല്‍ച്ചൂടിനെ തുടര്‍ന്ന് സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തില്‍ വര്‍ധന തുടരുന്നതിനിടെ, ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി വൈദ്യുതി ബോര്‍ഡ്. പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വൈദ്യുതി ബോര്‍ഡ് അറിയിച്ചു.
പീക്ക് സമയത്ത് ഇലക്ട്രിക് സ്‌കൂട്ടര്‍ ചാര്‍ജ്ജിംഗ് ഒഴിവാക്കിയാല്‍ ഇതിന് വേണ്ടി വരുന്ന വൈദ്യുതി ഉപയോഗിച്ച് രണ്ട് 9 വാട്‌സ് എല്‍ഇഡി ബള്‍ബ്, രണ്ട് 20 വാട്‌സ് എല്‍ഇഡി റ്റിയൂബ്, 30 വാട്‌സിന്റെ 2 ബിഎല്‍ഡിസി ഫാനുകള്‍, 25 ഡിഗ്രി സെന്റി ഗ്രേഡില്‍ കുറയാതെ പ്രവര്‍ത്തിക്കുന്ന ഒരു ടണ്ണിന്റെ ഒരു ഫൈവ് സ്റ്റാര്‍ എസി എന്നിവ ഏകദേശം 6 മണിക്കൂര്‍ സമയത്തേക്ക് ഉപയോഗിക്കാന്‍ സാധിക്കും. പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണ്. ഇതിനു പുറമെ പീക്ക് ലോഡ് സമയത്ത് വൈദ്യുതിയുടെ ഉപയോഗം കൂടുന്നത് കാരണം വോള്‍ട്ടേജില്‍ വ്യതിയാനം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് വൈദ്യുത വാഹനത്തിന്റെ ബാറ്ററിയുടെ ആയുസ്സിനെ ബാധിച്ചേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കുറിപ്പ്:
കടുത്ത വേനല്‍ച്ചൂടിനെത്തുടര്‍ന്ന് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില്‍ വര്‍ദ്ധനവ് തുടരുകയാണ്.
കഴിഞ്ഞ ദിവസം മാക്‌സിമം ഡിമാന്റ് 5478 മെഗാവാട്ടായി. രാത്രി 10.28-നാണ് മാക്‌സിമം ഡിമാന്റ് രേഖപ്പെടുത്തിയത്. ബുധനാഴ്ചയിലെ 5529 മെഗാവാട്ടെന്ന റെക്കോര്‍ഡ് നിലയില്‍ നിന്നും നേരിയ കുറവ്. കഴിഞ്ഞ ദിവസത്തെ ഉപഭോഗം 10.85 കോടി യൂണിറ്റായിരുന്നു. സംസ്ഥാനത്തിന്റെ പല ഭാഗത്തും ഉപഭോക്താക്കള്‍ ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചതുകൊണ്ടാണ് മാക്‌സിമം ഡിമാന്റില്‍ കുറവ് വന്നത്. തുടര്‍ന്നും വൈദ്യുതി പാഴാക്കാതെ ശ്രദ്ധിക്കുന്നത് സമൂഹത്തിനാകെ ഗുണകരമായിരിക്കും.
ആവശ്യത്തിനു മാത്രം വൈദ്യുതി ഉപയോഗിക്കുമ്പോള്‍, ഇടക്കിടെ അധികലോഡ് കാരണം ഫീഡറുകളില്‍ ഉണ്ടാകുന്ന വൈദ്യുതി തടസ്സം ഒഴിവാക്കാനും സാധിക്കും.
പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുത്. പീക്ക് സമയത്ത് ഇലക്ട്രിക് സ്‌കൂട്ടര്‍ ചാര്‍ജ്ജിംഗ് ഒഴിവാക്കിയാല്‍ ഇതിന് വേണ്ടുന്ന വൈദ്യുതി ഉപയോഗിച്ച് രണ്ട് 9 വാട്‌സ് എല്‍.ഇ.ഡി. ബള്‍ബ്, രണ്ട് 20 വാട്‌സ് എല്‍.ഇ.ഡി. റ്റിയൂബ്, 30 വാട്‌സിന്റെ 2 ബി.എല്‍.ഡി.സി. ഫാനുകള്‍, 25 ഡിഗ്രി സെന്റീഗ്രേഡില്‍ കുറയാതെ പ്രവര്‍ത്തിക്കുന്ന ഒരു ടണ്ണിന്റെ ഒരു ഫൈവ് സ്റ്റാര്‍ എ.സി. എന്നിവ ഏകദേശം 6 മണിക്കൂര്‍ സമയത്തേക്ക് ഉപയോഗിക്കാന്‍ സാധിക്കും. പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണ്. ഇതിനു പുറമെ പീക്ക് ലോഡ് സമയത്ത് വൈദ്യുതിയുടെ ഉപയോഗം കൂടുന്നതുകാരണം വോള്‍ട്ടേജില്‍ വ്യതിയാനം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് വൈദ്യുത വാഹനത്തിന്റെ ബാറ്ററിയുടെ ആയുസ്സിനെ ബാധിച്ചേക്കാം.
ജനപങ്കാളിത്തം ഉറപ്പു വരുത്തിയാണ് കേരളം സാമൂഹിക വികസന സൂചികയില്‍ രാജ്യത്ത് മുന്‍പന്തിയില്‍ എത്തിയത്. വൈദ്യുതി കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ജനങ്ങളുടെ സഹകരണത്തോടെ നമുക്ക് മുന്നേറാം. ഇത്തരത്തില്‍ സാമൂഹികാവബോധത്തോടെയുള്ള ഇടപെടല്‍ നമ്മെ ഊര്‍ജ്ജ സാക്ഷരരാക്കുകയും അതുവഴി നമ്മുടെ കേരളം പരിസ്ഥിതി സൌഹൃദവും സുസ്ഥിര വികസന സംസ്‌കാരമുള്ള മികച്ച സംസ്ഥാനമായി മാറുകയും ചെയ്യും.
Recent Comments