നാട്ടികയില്‍ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ക്ക്  ദാരുണാന്ത്യം

നാട്ടികയില്‍ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍: തൃശൂര്‍ നാട്ടികയില്‍ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. മലപ്പുറം തിരൂര്‍ സ്വദേശികളാണ് മരിച്ചത്.
മലപ്പുറം തിരൂര്‍ ആലത്തിയൂര്‍ തുപ്രംകോട് സ്വദേശികളായ നടുവിലപ്പറമ്പില്‍ റസാഖിന്റെ മകന്‍ മുഹമ്മദ് റിയാന്‍ (18), മൂച്ചിക്കല്‍ ഷാജിയുടെ മകന്‍ സഫ്വാന്‍ (20) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കൊടൈക്കനാലില്‍ വിനോദയാത്ര പോയി മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.

മിഷൻ അരിക്കൊമ്പൻ; മോക്ക്‌​ഡ്രിൽ ഇന്ന്, കൊണ്ടു പോകുന്ന സ്ഥലം രഹസ്യം

മിഷൻ അരിക്കൊമ്പൻ; മോക്ക്‌​ഡ്രിൽ ഇന്ന്, കൊണ്ടു പോകുന്ന സ്ഥലം രഹസ്യം

ഇടുക്കി: അരിക്കൊമ്പനെ പിടികൂടുന്നതിൻറെ ഭാഗമായി നടക്കുന്ന മോക്ക്ഡ്രിൽ ഇന്ന്. ഉച്ചകഴിഞ്ഞ് 2.30 നാണ് മോക്ക്ഡ്രിൽ നടത്തുക. ചിന്നക്കനാൽ മേഖലയിൽ നിന്നും അരിക്കൊമ്പനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോ​ഗിച്ച അഞ്ച് അം​ഗ സമിതി സർക്കാരിന് റിപ്പോർട്ട് കൈമാറിയതിന് പിന്നാലെയാണ് വനം വകുപ്പ് മോക്ക്‌ഡ്രിൽ സംഘടിപ്പിക്കുന്നത്.

പറമ്പിക്കുളത്തേക്ക് മാറ്റാനുളള തീരുമാനത്തിന് പിന്നാലെ
വൻ പ്രതിഷേധമുയർന്ന സാഹചര്യത്തിൽ ഇത്തവണ അതീവ രഹസ്യമായി
ഓപ്പറേഷൻ അരിക്കൊമ്പൻ നടത്താനാണ് വനംവകുപ്പിന്റെ നീക്കം. പൊലീസ്, ഫയർഫോഴ്സ്, റവന്യൂ, ആരോഗ്യം, മോട്ടോർ വാഹനം തുടങ്ങിയ വകുപ്പുകളെ ഉൾപ്പെടുത്തിയുള്ള മോക്ഡ്രിലാണ് നടക്കുക. ഓരോരുത്തരും ചെയ്യേണ്ട ജോലികളും, നിൽക്കേണ്ട സ്ഥലവും വനംവകുപ്പ് വിവരിച്ചു നൽകും. മയക്കു വെടി വെക്കുന്നതിനുൾപ്പെടെയുള്ള എട്ട് വനം വകുപ്പ് സംഘത്തെ നേരത്തെ നിശ്ചയിച്ചിരുന്നു.

മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനാണ് തീരുമാനം. ഇതിന് ശേഷം ലോറിയിൽ കയറ്റും. ഇടക്കിടെ ശരീരത്തിൽ വെളളം ഒഴിച്ചുകൊണ്ടിരിക്കും. ശരീരം ചൂടായാൽ മയക്കുമരുന്നിന്റെ ഫലം കുറയാനും ആന മയക്കം വിട്ടുണരാനും സാധ്യതയുണ്ട്. വാഹനത്തിൽ കയറ്റുന്നത് വരെ എത്തിക്കേണ്ട സ്ഥലം ഉന്നത ഉദ്യോഗസ്ഥർ രഹസ്യമാക്കി വെക്കും. കഴിഞ്ഞ ദിവസം ഓൺലൈനായി ചേർന്ന യോഗത്തിന് ശേഷമാണ് വിദഗ്ധ സമിതി റിപ്പോർട്ട് തയ്യാറാക്കി ഇന്നലെ വൈകിട്ട് കൈമാറിയത്.

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖ പ്രസവം

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖ പ്രസവം

തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖ പ്രസവം. ചെമ്പകമംഗലം സ്വദേശിനി അഞ്ചു (28) ആണ് ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ബുധനാഴ്ച്ച വെളുപ്പിന് 12 മണിയോടെ അഞ്ചുവിന് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ഒപ്പമുള്ളവർ കനിവ് 108 ആംബുലൻസിൻ്റെ സേവനം തേടിയത്. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് സുജിത് ബി , എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വിവേക് വി ആർ എന്നിവർ ഉടൻ സ്ഥലത്തെത്തി അഞ്ചുവും ആയി എസ് എ ടി ആശുപത്രിയിലേക്ക് തിരിച്ചു.

ആംബുലൻസ് കഴകൂട്ടം എത്തുമ്പോഴേക്കും യുവതിയുടെ ആരോഗ്യ നില വഷളാവുകയും തുടർന്ന് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വിവേക് വി ആർ നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ടുപോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്ന് മനസ്സിലാക്കി ആംബുലൻസിൽ ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കി.

12.15 മണിയോടെ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വിവേകിന്റെ പരിചരണത്തിൽ അഞ്ചു കുഞ്ഞിന് ജന്മം നൽകി. ഉടൻ വിവേക് അമ്മയും കുഞ്ഞും ആയുള്ള പൊക്കിൾകൊടി ബന്ധം വേർപെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് ആംബുലൻസ് പൈലറ്റ് സുജിത്ത് അമ്മയും കുഞ്ഞിനേയും SAT ആശുപത്രി എത്തിച്ചു. ഇരുവരും സുഖമായിരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

ഡൽഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കാൻ 45 കോടി; വിമർശനം

ഡൽഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കാൻ 45 കോടി; വിമർശനം

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കാൻ 44.78 കോടി ചെലവാക്കിയതായി റിപ്പോർട്ട്. 2020 നും 2022 നും ഇടയിലാണ് വീട് മോടിപിടിപ്പിക്കാൻ ഡൽഹി സർക്കാർ ഇത്രയും പണം ചെലവാക്കിയത്. ഇറക്കുമതി ചെയ്ത മാർബിൾ, ഇന്റീരിയറുകൾ, ഇലക്ട്രിക്കൽ ഫിക്‌ചറുകൾ, ഉയർന്ന നിലവാരമുള്ള അടുക്കള ഉപകരണങ്ങൾ എന്നിവയ്ക്കായി പണം ചെലവഴിച്ചുവെന്ന് രേഖകൾ വ്യക്തമാക്കുന്നു.

ഇന്റീരിയർ ഡെക്കറേഷനായി 11.3 കോടി രൂപയാണ് ചെലവാക്കിയത്. വിയറ്റ്നാമിൽ നിന്ന് ഇറക്കുമതി ചെയ്ത മാർബിളിന് 6 കോടി രൂപ ചെലവാക്കി. ഇന്റീരിയർ ഡിസൈൻ കൺസൾട്ടൻസിക്ക് ഒരു കോടി രൂപ നൽകി. ഇലക്ട്രിക്കൽ, ഓട്ടോമാറ്റിക് സ്മാർട്ട് ലൈറ്റിംഗ്, അഗ്നിശമന സംവിധാനങ്ങൾ എന്നിവയ്ക്കായി 5.43 കോടി രൂപ ചെലവഴിച്ചു. ബിൽറ്റ്-ഇൻ ബാർബിക്യൂ ചാർക്കോൾ ഗ്രിൽ ഉൾപ്പെടെ അടുക്കളയിലെ വീട്ടുപകരണങ്ങൾക്ക് 1.10 കോടി രൂപയായി. തടികൊണ്ടുള്ള ഫ്ളോറിന് ഒരു കോടി രൂപ ചെലവായെന്ന് രേഖകളിൽ പറയുന്നു.

റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ എഎപിക്കെതിരെ വ്യാപക വിമർശനമുയർന്നു. മുഖ്യമന്ത്രിയുടെ വസതി ​ഗ്ലാസ് ഹൗസ് ആണെന്നും പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കണമെന്നും ബിജെപി പരിഹസിച്ചു. അതേസമയം, മുഖ്യമന്ത്രിയുടെ വസതി മോശമായ അവസ്ഥ‌യിലായിരുന്നെന്നും അതിനാലാണ് നവീകരിച്ചതെന്നുമാണ് എഎപി പറയുന്നത്.

ഷോർട്ട് ഫിലിം ഫെസ്റ്റിവെലിൽ മികച്ച സംവിധായക പുരസ്ക്കാരം ഡിങ്കിരി അനിലിന്

ഷോർട്ട് ഫിലിം ഫെസ്റ്റിവെലിൽ മികച്ച സംവിധായക പുരസ്ക്കാരം ഡിങ്കിരി അനിലിന്

നാഷണൽ ഫിലിം അക്കാഡമിയും നെഹറു യുവകേന്ദ്രയും സംയുക്തമായി സംഘടിപ്പിച്ച ഷോർട്ട് ഫിലിം ഫെസ്റ്റ് വെൽ തിരുവനന്തപുരത്ത് ഭാരത് ഭവനിൽ നടന്നു. ഇതിൽ ആന്റി ഡ്രഗ്സ് വിഭാഗത്തിൽ ഡിങ്കിരി അനിൽ സംവിധാനം ചെയ്ത ‘ഞാൻ’ എന്ന സിനിമയ്ക്ക് ഏറ്റവും മികച്ച സംവിധായക പുരസ്ക്കാരം ലഭിച്ചു.