ബൈക്കപകടം വിദ്യാർത്ഥിനി മരിച്ചു

ബൈക്കപകടം വിദ്യാർത്ഥിനി മരിച്ചു

രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി പൗഡിക്കോണം സ്വദേശി കൃഷ്ണ ഹരിയാണ് (21) മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച കാര്യവട്ടത്തിന് സമീപം അമ്പലത്തിൽകര വച്ചുണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാവിലെ കൃഷ്ണ ഹരി സുഹൃത്തിന്റെ ഡൂക്ക് ബൈക്കിൽ ശ്രീകാര്യത്തു നിന്നും കഴക്കൂട്ടത്തേയ്ക്ക് റോഡിൽ തെന്നിവീണ് അപകടം സംഭവിക്കുകയായിരുന്നു.

വീഴ്ചയിൽ തലയ്ക്ക് ഗുരുതര പരിക്കു സംഭവിച്ച കൃഷ്ണ ഹരിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐ.സി.യു.വിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന സുഹൃത്ത് സൗരവ് പരിക്കുകളോടെ ചികിത്സയിലാണ്

കുമാരനാശാൻ സ്മാരക ദേശീയ ഇൻസ്റ്റിറ്ട്ടിനെ മലയാള ഭാഷയുടേയും സാഹിത്യത്തിന്റേയും അന്തർദേശീയ നിലവാരത്തിലുള്ള മികച്ച ഗവേഷണ കേന്ദ്രമാക്കി മാറ്റുമെന്നു മുഖ്യമന്ത്രി

കുമാരനാശാൻ സ്മാരക ദേശീയ ഇൻസ്റ്റിറ്ട്ടിനെ മലയാള ഭാഷയുടേയും സാഹിത്യത്തിന്റേയും അന്തർദേശീയ നിലവാരത്തിലുള്ള മികച്ച ഗവേഷണ കേന്ദ്രമാക്കി മാറ്റുമെന്നു മുഖ്യമന്ത്രി

തോന്നയ്ക്കലിലെ കുമാരനാശാൻ സ്മാരക ദേശീയ ഇൻസ്റ്റിറ്ട്ടിനെ മലയാള ഭാഷയുടേയും സാഹിത്യത്തിന്റേയും അന്തർദേശീയ നിലവാരത്തിലുള്ള മികച്ച ഗവേഷണ കേന്ദ്രമാക്കി മാറ്റുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇൻസ്റ്റിറ്ട്ടിന്റെ വളർച്ചയെ ഇന്നത്തെ കേരളത്തിന്റെ സാംസ്കാരിക ഉത്തരവാദിത്തമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മഹാകവി കുമാരനാശാന്റെ 150-ാം ജൻമവാർഷികാഘോഷങ്ങളും ഇൻസ്റ്റിറ്ട്ടിലെ ആശാൻ സൗധത്തിന്റെ നിർമാണോദ്ഘാടനവും കാവ്യശിൽപ സമർപ്പണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

നവോത്ഥാന മൂല്യങ്ങൾ മനുഷ്യത്വത്തിന്റെ മൂല്യങ്ങളാണെന്നു പഠിപ്പിച്ച മഹാകവിയായിരുന്നു കുമാരനാശാനെന്നു മുഖ്യമന്ത്രി പറഞ്ഞു. ദാർശനികനിഷ്ഠമായിരുന്ന ആശാന്റെ കാവ്യസൃഷ്ടികൾ മനുഷ്യ ജീവിതത്തിന്റെ പ്രശ്നങ്ങളെയാണ് അഭിമുഖീകരിച്ചത്.

നവോത്ഥാനത്തിന്റെയും ജനാധിപത്യ രീതിയിലുള്ള വിപ്ലവത്തിന്റെയും മാനവികതയുടേയും കാമ്പുള്ളതാണ് ആശാന്റെ എല്ലാ കൃതികളും. മനുഷ്യാവസ്ഥയും മാനുഷികതയും അടിസ്ഥാന വർഗത്തിന്റെ മൗലികാവകാശമാണെന്ന് ആദ്യം ഉദ്ബോധിപ്പിച്ചത് അദ്ദേഹമാണ്. ജാതിയെ നിർമാർജനം ചെയ്യാതെ സമൂഹത്തിൽ ഐക്യമുണ്ടാകില്ലെന്ന് അദ്ദേഹം വിശ്വസിച്ചു.

ആധുനിക കാലത്തിന്റെ മൂല്യങ്ങൾ ഉൾക്കൊണ്ട് പൗരാണികതയെ വിചാരണ ചെയ്യുന്ന ‘ചിന്താവിഷ്ടയായ സീത ഇന്നാണ് ഉണ്ടാകുന്നതെങ്കിൽ വർഗീയമായ എന്തൊക്കെ പുകിലുകളുകാം ഉണ്ടാവുകയെന്നതു ചിന്തിക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു. കുമാരനാശാൻ നിന്നിടത്തു നിന്നു നാം മുന്നോട്ടു പോയോ പിന്നോട്ടു പോയോ എന്നു ചിന്തിക്കണം. യാത്ര മുന്നോട്ടുതന്നെയാകണം. അത് ഉറപ്പാക്കുമെങ്കിൽ അതാകും ആശാനുള്ള ഏറ്റവും വലിയ ആദരാഞ്ജലിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

തോന്നയ്ക്കൽ കുമാരനാശാൻ സ്മാരക ഇൻസ്റ്റിറ്റൂട്ടിൽ നടന്ന ചടങ്ങിൽ സഹകരണ മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. മഹാകവി കുമാരനാശന്റെ കവിതകളിലെ കഥാപാത്രങ്ങൾ ചേർത്ത് പ്രശ്സ്ത ശിൽപി കാനായി കുഞ്ഞിരാമൻ കാവ്യ ശിൽപം ഒരുക്കിയത്. എം.എൽ.എമാരായ വി. ശശി, കടകംപള്ളി സുരേന്ദ്രൻ, പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ, കെ. ജയകുമാർ, കവി പ്രൊഫ. വി. മധുസൂദനൻ നായർ, പല്ലന ആശാൻ സ്മാരക സമിതി പ്രസിഡന്റ് രാമപുരം ചന്ദ്രബാബു, ജില്ലാ പഞ്ചായത്ത് മെമ്പർ എം. ജെലീൻ, പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം തുടങ്ങിയവർ പങ്കെടുത്തു.

പ്ലാസ്റ്റിക് പിടിച്ചെടുത്താൽ; പിഴ 50,000 രൂപയും സ്‌ഥാപനത്തിന്റെ ലൈസൻസും കട്ടാകും

പ്ലാസ്റ്റിക് പിടിച്ചെടുത്താൽ; പിഴ 50,000 രൂപയും സ്‌ഥാപനത്തിന്റെ ലൈസൻസും കട്ടാകും

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കും പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും നഗരസഭ കർശനമായി നിരോധിച്ചിട്ടുളളതാണ്. ഇത്തരത്തിൽ നഗരസഭ പരിധിയിലുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുകയാണെങ്കിൽ നഗരസഭയിലെ പ്രത്യേക സ്ക്വാഡ് പരിശോധന നടത്തുന്നതും ആദ്യ പ്രാവശ്യം 10000/- രൂപ പിഴ ചുമത്തുന്നതും രണ്ടാമതും ശ്രദ്ധയിൽപ്പെടുന്ന പക്ഷം 25000/- രൂപ പിഴ ചുമത്തുന്നതും, വീണ്ടും പരിശേധന നടത്തുന്ന പക്ഷം പ്ലാസ്റ്റിക് പിടിച്ചെടുത്താൽ 50000/- രൂപ പിഴ ചുമത്തി ലൈസൻസ് ക്യാൻസൽ ചെയ്യുന്നതുൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുന്നതുമായിരിക്കും എന്ന് പൊതുജനങ്ങളെ ആറ്റിങ്ങൽ നഗരസഭ സെക്രട്ടറി അറിയിക്കുന്നു. മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഒരുക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, പരിശോധിക്കുവാൻ OSTE നടപടി സ്വീകരിച്ചിട്ടുള്ളതാണെന്നും നഗരസഭ അറിയിച്ചു.

ആയിരം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ഇനി ഓണ്‍ലൈനായി അടയ്ക്കണം

ആയിരം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ഇനി ഓണ്‍ലൈനായി അടയ്ക്കണം

തിരുവനന്തപുരം: ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകൾ ഇനി കൗണ്ടറുകളിൽ സ്വീകരിക്കില്ലെന്ന് കെഎസ്ഇബി. ആയിരം രൂപയുടെ മുകളിൽ വരുന്ന ബില്ലുകൾ ഓണ്‍ലൈനായി മാത്രം അടച്ചാൽ മതിയെന്നാണ് ഉപഭോക്താകൾക്കുള്ള കെഎസ്ഇബിയുടെ നിര്‍ദേശം.

ഓൺലൈൻ ബാങ്കിങ്ങും യുപിഐ ഡിജിറ്റൽ വാലറ്റുകളും ഇല്ലാത്തവരും ഉപയോഗിക്കാൻ അറിയാത്തവരും ശ്രദ്ധിക്കുക. ബില്ലു കിട്ടിയാൽ ഉടൻ പണവുമായി കെഎസ്ഇബി ഓഫീസുകളിലേക്ക് ഓടേണ്ട. ആയിരം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ഇനി കെഎസ്ഇബിയുടെ ക്യാഷ് കൗണ്ടറുകളിൽ സ്വീകരിക്കില്ല. ഡിജിറ്റൽ പേയ്മെന്റായി മാത്രമേ പണം സ്വീകരിച്ചാൽ മതിയെന്നാണ് തീരുമാനം.

അടുത്ത തവണ മുതൽ ഇത് നിർബന്ധമായി നടപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നി‍ർദ്ദേശം നൽകി. ബുദ്ധിമുട്ടുള്ളവ‍ക്ക് വളരെ കുറച്ചു തവണ മാത്രം ഇളവ് നൽകിയാൽ മതിയെന്നും നി‍ർദ്ദേശത്തിൽ പറയുന്നു. 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകളും കൗണ്ടറുകളിൽ അടയ്ക്കുന്നത് നിരുത്സാഹപ്പെടുത്തും. തീരുമാനം എല്ലാ തരം ഉപഭോക്താക്കൾക്കും ബാധകമാണ്. നിലവിൽ ഏതാണ്ട് പാതി ഉപഭോക്താക്കളും പണമടയ്ക്കുന്നത് ഡിജിറ്റലായെന്ന് കെഎസ്ഇബി പറയുന്നു. പണം പിരിവ് പൂർണമായും ‍‍ഡിജിറ്റലാക്കണമെന്ന് മെയ് 12ന് ചേ‍ർന്ന ബോ‍ർഡ് യോഗം നിർദ്ദേശിച്ചിരുന്നു. ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന് കാട്ടി ഊ‍‍ർജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നൽകിയ നി‍ർദ്ദേശത്തിന് പിന്നാലെയാണ് ഇപ്പോഴത്തെ നടപടി.

എന്നാൽ ഉപഭോക്താക്കളെ ഉപദ്രവിക്കാതെ വേണം തീരുമാനം നടപ്പാക്കാനെന്ന് കെഎസ്ഇബിയിലെ ജീവനക്കാരുടെ സംഘടനകൾ അണികൾക്ക് നി‍ദ്ദേശം നൽകിയിട്ടുണ്ട്. കെഎസ്ഇബിയിൽ നിലവിൽ നല്ലൊരു ശതമാനം ഉപഭോക്താക്കളും ഡിജിറ്റലായാണ് പണം അടയ്ക്കുന്നതെന്നും നൂറു ശതമാനം ഇടപാടുകളും ഈ നിലയിൽ മാറ്റിയെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കെഎസ്ഇബി പുതിയ പരിഷ്കാരത്തെക്കുറിച്ച് വിശദീകരിക്കുന്നു. അൻപത് ശതമാനത്തോളം ഉപഭോക്താക്കൾ നിലവിൽ ഓണ്‍ലൈൻ വഴി പണമടയ്ക്കുന്നുവെന്നാണ് കെഎസ്ഇബിയുടെ കണക്ക്. അതേസമയം പ്രീപെയ്ഡ് കണക്ഷനുകൾ സ്ഥാപിക്കുന്നതിനുള്ള മുന്നൊരുക്കമായാണ് ഒരു വിഭാഗം ജീവനക്കാര്‍ പുതിയ പരിഷ്കാരത്തെ കാണുന്നത്.

അമ്മയുടെ കാറിൽ നിന്നിറങ്ങി; വിദ്യാര്‍ഥിനി പാളം മുറിച്ചുകടക്കവേ ട്രെയിന്‍തട്ടി മരിച്ചു

അമ്മയുടെ കാറിൽ നിന്നിറങ്ങി; വിദ്യാര്‍ഥിനി പാളം മുറിച്ചുകടക്കവേ ട്രെയിന്‍തട്ടി മരിച്ചു

കണ്ണൂര്‍: അമ്മയുടെ കാറില്‍നിന്ന് ഇറങ്ങി സ്‌കൂള്‍ ബസില്‍ കയറാന്‍ റെയില്‍വെ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ട്രെയിന്‍തട്ടി മരിച്ചു. കിഷോര്‍ – ലിസി ദമ്പതികളുടെ മകള്‍ നന്ദിതയാണ് മരിച്ചത്.

കണ്ണൂര്‍ കക്കാട് ഭാരതീയ വിദ്യാഭവനിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് നന്ദിത. കണ്ണൂര്‍ ഭാഗത്തേക്ക് വന്ന പരശുറാം എക്സ്പ്രസാണ് കുട്ടിയെ ഇടിച്ച് തെറിപ്പിച്ചത്. സ്‌കൂള്‍ ബസില്‍ കയറാന്‍ രാവിലെ അമ്മയ്ക്കൊപ്പം കാറില്‍ വന്ന വിദ്യാര്‍ഥിനി റെയില്‍വെ ഗേറ്റ് അടച്ചിരിക്കുന്നതുകണ്ട് കാറില്‍നിന്ന് ഇറങ്ങി റെയില്‍വെ ട്രാക്ക് മുറിച്ച് കടക്കുകയായിരുന്നു. സ്‌കൂള്‍ ബസ് പതിവായി എത്തുന്ന സ്ഥലത്തേക്ക് നടന്ന് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

വിദ്യാര്‍ഥിനി പാളം മുറിച്ചുകടന്നുവെങ്കിലും ബാഗ് തീവണ്ടിയില്‍ കുരുങ്ങിയാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അമ്മയുടെ കണ്‍മുന്നിലാണ് അപകടം നടന്നത്. നാട്ടുകാര്‍ ഉടന്‍തന്നെ കുട്ടിയെ എ.കെ.ജി ആശുപത്രിയിലും മിംസ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലിസിയുടെ ഭര്‍ത്താവ് നേരത്തെ രോഗം ബാധിച്ച് മരിച്ചിരുന്നു.