കുമാരനാശാൻ 150 ആം ജന്മവാർഷികാഘോഷ ഉദ്ഘാടനം നാളെ  മുഖ്യമന്ത്രി നിർവഹിക്കും

കുമാരനാശാൻ 150 ആം ജന്മവാർഷികാഘോഷ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും

തിരുവനന്തപുരം: തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിട്യൂട്ടിൽ, മഹാകവി കുമാരനാശാന്റെ 150-)0 ജന്മവാർഷികത്തിന്റെ ആഘോഷങ്ങൾ, ആശാൻസൗധനിർമാണം എന്നിവയുടെ ഉദ്ഘാടനവും ആശാൻ കാവ്യശിൽപത്തിന്റെ സമർപ്പണവും നാളെ (ജൂലായ് 23) വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

സംവത്സരദീർഘമായ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത് കുമാരനാശാൻ ദേശീയസാംസ്കാരിക ഇൻസ്റ്റിട്യൂട്ടും കായിക്കര ആശാൻ മെമ്മോറിയൽ അസ്സോസിയേഷനും പല്ലന ആശാൻ സ്മാരക സമിതിയും ചേർന്നാണ്. കേരള സാഹിത്യ അക്കാദമിയും സമാനങ്ങളായ സ്ഥാപനങ്ങളും ഇതിൽ സഹകരിക്കുന്നു. സാംസ്കാരിക കാര്യ മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ നാളെ (ജൂലായ് 23) കൂടുന്ന ഉദ്ഘാടന സമ്മേളനത്തിൽ പ്രൊഫ. എം.കെ. സാനു അനുഗ്രഹ പ്രഭാഷണം നടത്തും. ഇൻസ്റ്റിറ്റ്യൂട്ട് വൈസ് ചെയർമാൻ കൂടിയായ വി.ശശി എം.എൽ.എ, അടൂർ പ്രകാശ് എം.പി, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, പെരുമ്പടവം ശ്രീധരൻ എന്നിവർ മുഖ്യാതിഥികളാകും. കെ.ജയകുമാർ ഐ.എ.എസ് മുഖ്യ പ്രഭാഷണം നിർവഹിക്കും.

സമ്മേളനാരംഭത്തിനു മുൻപ് മലയാളം പള്ളിക്കൂടത്തിലെ കുട്ടികളുടെ ആശാൻ കവിതാലാപനവും, സമ്മേളനാവസാനം കല്ലറഗോപൻ, ശ്രീറാം എന്നിവർ നയിക്കുന്ന ആശാൻ കാവ്യ സംഗീതികയും സൗമ്യയുടെ ‘ചിന്താവിഷ്ടയായ സീത’ യുടെ നൃത്താവിഷ്കാരവും ഉണ്ടായിരിക്കും. ഒരു വർഷം നീണ്ടുനിൽക്കുന്ന ജന്മവാർഷികാഘോഷ ഭാഗമായി സംസ്ഥാന – ദേശീയ – അന്തർ ദേശീയ തലങ്ങളിൽ സെമിനാറുകളും, സിമ്പോസിയങ്ങളും, ആശാൻ കൃതികളുടെ പുതിയ പതിപ്പുകളുടെ പ്രകാശനം, ഭാരതീയ ഭാഷകളിലേക്കുള്ള വിവർത്തനത്തിന് ശിൽപശാലകൾ, പ്രബന്ധ രചന – കാവ്യാലാപനം – കാവ്യരചന തുടങ്ങി വിവിധ മത്സരങ്ങൾ, ദേശീയ കവി സമ്മേളനം, ആശാൻ കവിതകളുടെ വ്യത്യസ്ത രംഗാവതരണങ്ങൾ, ചലച്ചിത്രാവതരണങ്ങൾ, പ്രദർശനങ്ങൾ, ആശാന്റെ പ്രജാസഭാംഗത്വവുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകൾ, ആശാൻ വസിച്ചിരുന്നതും പ്രവർത്തിച്ചിരുന്നതുമായ ബാംഗ്ലൂർ, ചെന്നൈ, പാലക്കാട്, ആലുവ, കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള പരിപാടികൾ, കേരളീയ നവോത്ഥാനത്തിൽ കുമാരനാശാനും ശ്രീനാരായണഗുരു തുടങ്ങിയവരും വഹിച്ച പങ്കിനെകുറിച്ചുള്ള പഠനങ്ങൾ , സംവാദങ്ങൾ, സാഹിത്യ മണ്ഡലത്തിലെ കുമാരനാശാൻ പ്രഭാവത്തെപറ്റിയുള്ള പഠനങ്ങൾ, 150-)0 ജന്മവാർഷിക സ്മരണികയുടെ പ്രകാശനം എന്നിങ്ങനെ ബഹുവിധമായ പരിപാടികൾ വിഭാവനം ചെയ്യുന്നു. മഹാകവിയുടെ നാമത്തിൽ ദേശീയ പുരസ്കാരവും സംസ്ഥാന പുരസ്കാരവും നല്കാനും ഉദ്ദേശിക്കുന്നു.

150-)0 ജന്മവാർഷികാഘോഷകാലത്ത് നിർമ്മിക്കുന്ന ആശാൻസൗധത്തിൽ അത്യാധുനിക സംവിധാനങ്ങളുള്ള ഓഡിറ്റോറിയം, ഓഡിയോ വിഷ്വൽ തീയേറ്റർ, ഓഫീസ് സമുച്ചയം, ഡിജിറ്റൽ സൗകര്യങ്ങളുള്ള ലൈബ്രറി മന്ദിരം, റഫറൻസ് – ഗവേഷണ സൗകര്യങ്ങൾ , ബാലകേന്ദ്രങ്ങൾ, എഴുത്തുകാർക്കു താമസ സൗകര്യങ്ങൾ, കോൺഫറൻസ് ഹാൾ തുടങ്ങി ഒട്ടെറെ സൗകര്യകളുണ്ടാകും.

കുമാരനാശാൻ കാവ്യങ്ങളുടെ അന്തസ്സാരങ്ങളെ ആവിഷ്കരിക്കുന്ന ആശാൻ കാവ്യ ശിൽപം, വിഖ്യാത ശില്പിയായ കാനായി കുഞ്ഞിരാമന്റെ മറ്റൊരു വിശിഷ്ട കാവ്യ സൃഷ്ടിയാണ്. കാനായി തന്നെ രൂപകല്പന ചെയ്ത കാവ്യോദ്യാനത്തിൽ ഈ ശില്പം ലോക ശിൽപ കലാ ചരിത്രത്തിലെ വിസ്മയമായി ഉയർന്നു കഴിഞ്ഞിരിക്കുന്നു. കാൽ നൂറ്റാണ്ടോളം മുൻപ് കാനായി കുഞ്ഞിരാമൻ നിർമ്മാണമാരംഭിച്ച ഈ മഹാ ശില്പം മുഖ്യമന്ത്രി പിണറായി വിജയൻ കേരള ജനതയ്ക്കു സമർപ്പിക്കുന്നതോടെ കാവ്യദർശനത്തിന്റെ ശില്പവിഷ്കാരത്തെപറ്റി പുതിയൊരധ്യായവും ആരഭിക്കുകയാണ്.

വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ മരിച്ചു

വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ മരിച്ചു

പത്തനംതിട്ട: വാഹനാപകടത്തിൽ ‍പരുക്കേറ്റു ചികിത്സയിലായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ മരിച്ചു. പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിലെ സിപിഒ സിൻസി പി.അസീസാണ് മരിച്ചത്. ഈ മാസം 11ന് കിടങ്ങന്നൂരിനു സമീപത്തുവച്ച് സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചാണ് സിൻസിക്കു പരുക്കേറ്റത്. സ്ത്രീകൾക്കും കുട്ടികൾക്കും സെൽഫ് ഡിഫൻസ് പരിശീലനം നൽകുന്ന ചുമതല വഹിക്കുകയായിരുന്നു സിൻസി.

11–ാം തീയതി വൈകിട്ട് മൂന്നരയോടെ മെഴുവേലിയിൽ കുറിയാനിപ്പള്ളി കിടങ്ങന്നൂർ റോഡിൽ കീർത്തി സ്‌കൂട്ടർ വർക് ഷോപ്പിനു സമീപമാണ് അപകടം സംഭവിച്ചത്. സിൻസി സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ സിൻസിയെ ആദ്യം കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരുന്നു.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് വഴിയിൽ കിടന്ന സിൻസിയെ ആശുപത്രിയിലെത്തിക്കാൻ വൈകിയത് തിരിച്ചടിയായി. ഇലവുംതിട്ട പൊലീസ് സ്റ്റേഷനിൽനിന്നും പൊലീസുകാരെത്തിയാണ് സിൻസിയെ ആശുപത്രിയിലേക്കു മാറ്റിയത്. അപ്പോഴേയ്ക്കും ഒരുപാടു രക്തം നഷ്ടമായിരുന്നു. തലയ്ക്കേറ്റ പരുക്കാണ് മരണകാരണമായതെന്നാണ് വിവരം.

‘തിങ്കൾ തിളക്കം’വുമായി  വൈ എൽ എം. യു.പി. എസ്

‘തിങ്കൾ തിളക്കം’വുമായി വൈ എൽ എം. യു.പി. എസ്

ആറ്റിങ്ങൽ: ജൂലൈ 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് വൈ.എൽ.എം. യു.പി. എസിൽ “തിങ്കൾ തിളക്കം’എന്ന പേരിൽ ദിനാചരണം നടക്കുകയുണ്ടായി. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിന ഗാനം, ബഹിരാകാശ യാത്രികരെ പരിചയപ്പെടൽ, സൗരയൂഥ സ്കിറ്റ്, ചാന്ദ്രദിന നൃത്തങ്ങൾ, തുടങ്ങി വ്യത്യസ്തമാർന്നതും കൗതുകകരവുമായ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പ്രത്യേക അസംബ്ലിയിൽ സീനിയർ അധ്യാപകനായ രഘുനാഥശർമ, സ്കൂൾ മാനേജർ എ.എ ഹമീദ്, അധ്യാപകനായ ജമീൽ എന്നിവർ ആശംസ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി അൽത്താഫ് ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് കുട്ടികൾക്ക് വേണ്ടി ഡോക്യൂമെൻട്രി അവതരണവും പ്രദർശനവും നടത്തുകയുണ്ടായി.

ആറ്റിങ്ങൽ ഗേൾസ് ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു

ആറ്റിങ്ങൽ ഗേൾസ് ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു

ആറ്റിങ്ങൽ: ജിജിഎച്ച്എസ്എസ് ആറ്റിങ്ങൽ സയൻസ് ക്ലബ്‌,
ചാന്ദ്രദിനവുമായി ബന്ധപ്പെട്ടു സ്കൂളിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. മൂൺ ഫോട്ടോഗ്രഫി മത്സരം ഇന്റർസ്കൂൾ സ്പേസ് ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ക്വിസ് ത്സരത്തിൽ യു പി വിഭാഗം ഇളമ്പ എച്ച് എസ് എസ്, ആലിന്തറ യു പി എസ്, സി എസ് ഐ ആറ്റിങ്ങൽ എന്നീ സ്കൂളുകളും, എച്ച്എസ്, എച്ച്എസ്എസ് വിഭാഗത്തിൽ സി എസ് ഐ ആറ്റിങ്ങൽ, ബോയ്സ് ആറ്റിങ്ങൽ, ഗേൾസ് ആറ്റിങ്ങൽ എന്നിവരും വിജയിച്ചു.
ഡോ. വി. മണികണ്ഠൻനായർ, രഞ്ജിത് വെള്ളല്ലൂർ എന്നിവരുടെ
നേതൃത്വത്തിലായിരുന്നു മത്സരം നടന്നത്.

കേരളത്തിൽ വീണ്ടും ക്രിക്കറ്റ് ആവേശം; ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരം കാര്യവട്ടത്ത്

കേരളത്തിൽ വീണ്ടും ക്രിക്കറ്റ് ആവേശം; ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരം കാര്യവട്ടത്ത്

തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നിന്ന് വീണ്ടും ക്രിക്കറ്റ് ആരവം ഉയരും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ട്വന്റി 20 മത്സരത്തിന് സ്റ്റേഡിയം വേദിയാകും. സെപ്റ്റംബര്‍ 28ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ട്വന്റി 20 മത്സരം കാര്യവട്ടത്ത് നടത്താന്‍ ബിസിസിഐ തീരുമാനിച്ചു. കാര്യവട്ടത്തെ നാലാമത്തെ അന്താരാഷ്ട്ര മത്സരമാണിത്.