സംസ്ഥാനത്ത് എട്ടാം ക്ലാസുകാരുടെ സ്കൂളിലെ ക്ലാസുകൾ തിങ്കളാഴ്ച മുതൽ തുടങ്ങുന്നു

സംസ്ഥാനത്ത് എട്ടാം ക്ലാസുകാരുടെ സ്കൂളിലെ ക്ലാസുകൾ തിങ്കളാഴ്ച മുതൽ തുടങ്ങുന്നു

സംസ്ഥാനത്ത് എട്ടാം ക്ലാസുകാരുടെ സ്കൂളിലെ ക്ലാസുകൾ തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഒമ്പത്, പ്ലസ് വൺ ക്ലാസുകൾ 15 നും. നാഷണൽ അച്ചീവ്മെന്റ് സർവെ ഈ മാസം 12ന് നടക്കുന്ന സാഹചര്യത്തിലാണ് മുൻ തീരുമാനം തിരുത്താൻ വിദ്യാഭ്യാസ ഡയറക്ടർ ശുപാർശ നൽകിയത്.

3, 5, 8 ക്ലാസ്സുകൾ കേന്ദ്രീകരിച്ചു കൊണ്ടാണ് മന്ത്രാലയത്തിന്റെ സർവേ. ക്ലാസ്സുകൾ തുടങ്ങാൻ വൈകിയാൽ കേരളം മാനവവിഭശേഷി മന്ത്രാലയത്തിന്റെ ദേശീയ തലത്തിലുള്ള സർവേയിൽ നിന്നും പുറന്തള്ളപ്പെടാൻ സാധ്യതയുള്ളതിനാലാണ് എട്ടാം ക്ലാസ് അധ്യയനം തിങ്കളാഴ്ച (Nov 8 ) തുടങ്ങാൻ തീരുമാനിച്ചത്.

ലക്നൗ ഐഐഎമ്മിൽ എംബിഎയ്ക്ക് പ്രവേശനം ലഭിച്ച ആഷിമാ നൗഷാദിനെ അനുമോദിച്ചു

ലക്നൗ ഐഐഎമ്മിൽ എംബിഎയ്ക്ക് പ്രവേശനം ലഭിച്ച ആഷിമാ നൗഷാദിനെ അനുമോദിച്ചു

മംഗലപുരത്ത് അസ്വ.സി.മോഹനചന്ദ്രൻ കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ലക്നൗ ഐഐഎമ്മിൽ എംബിഎയ്ക്ക് പ്രവേശനം ലഭിച്ച ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം എ നൗഷാദിന്റെ മകൾ ആഷിമാ നൗഷാദിനെ അനുമോദിച്ചു. അടൂർ പ്രകാശ് എം പി അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ഉന്നത വിദ്യാഭ്യാസം സാധാരണക്കാർക്ക് പ്രാപ്യമാക്കിയത് കോൺഗ്രസ് സർക്കാരുകളുടെ പ്രത്യേകിച്ചും രാജീവ് ഗാന്ധിയുടെ ദീർഘവീക്ഷണത്തോടുള്ള നടപടികളാണെന്നു അടൂർ പ്രകാശ് എം പി അഭിപ്രായപ്പെട്ടു. രാജ്യത്തുടനീളം ഐഐടികളും ഐഐഎമ്മുകളും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരംഭിക്കുവാൻ മുൻകെ എടുത്ത രാജീവ് ഗാന്ധിയുടെ നടപടികൾ എന്നെന്നും സ്മരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

അഡ്വ.കൈലാത്തുകോണം അനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രൊ.തോന്നയ്ക്കൽ ജമാൽ, ബിഎസ് അനൂപ്, അബ്ദുൽ സലാം
മുരുക്കുംപുഴ സി.രാജേന്ദ്രൻ, എ.കെ.ഷാനവാസ്, വി.അജികുമാർ, ജെ. സുദർശനൻ, കെ.പി. ലൈല തുടങ്ങിയവർ സംസാരിച്ചു. എ നൗഷാദ് കൃതജ്ഞത പ്രകാശിപ്പിച്ചു. വെയിലൂർ ഗവ: ഹൈസ്കൂൾ അദ്ധ്യാപിക ബീന നൗഷാദ് ആഷിമയുടെ മാതാവും ബി.ടെക്കിനു പഠിക്കുന്ന ഹന നൗഷാദ് സഹോദരിയുമാണ്.

വർക്കലയിൽ ലഹരിവിരുദ്ധ പ്രചാരണത്തിനു തുടക്കമായി

വർക്കലയിൽ ലഹരിവിരുദ്ധ പ്രചാരണത്തിനു തുടക്കമായി

വർക്കല എക്സൈസിന്റെ വിമുക്തിയുടെയും വൈസ്മെൻ ഇന്റർനാഷണലിന്റെയും വർക്കല ടൗൺ ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ പ്രചാരണത്തിനു തുടക്കമായി.

വർക്കല എക്സൈസ് റേഞ്ച് ഓഫീസിൽ നടന്ന ചടങ്ങിൽ വർക്കല ദേവകുമാർ അധ്യക്ഷനായിരുന്നു. എൻ വിജയൻ സ്വാഗതം ആശംസിച്ച ചടങ്ങിന് ഉദ്ഘാടനം എക്സൈസ് വിമുക്തി അസിസ്റ്റന്റ് കമ്മീഷണർ ജയരാജ് നിർവഹിച്ചു. വർക്കല എക്സൈസ് ഇൻസ്പെക്ടർ വിനോദ് ആശംസകളർപ്പിച്ച് സംസാരിച്ചു. തുളസീധരൻ ചടങ്ങിൽ നന്ദി പ്രകാശനം നടത്തി.

ഭക്ഷ്യോൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ ലൈസൻസും പരാതിപ്പെടാനുള്ള നമ്പറും പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി

ഭക്ഷ്യോൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ ലൈസൻസും പരാതിപ്പെടാനുള്ള നമ്പറും പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി

ഭക്ഷ്യോൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ ഭക്ഷ്യസുരക്ഷാ ലൈസൻസും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഉപഭോക്താക്കൾ കാണുന്ന രീതിയിൽ സ്ഥാപനത്തിൽ പ്രദർശിപ്പിക്കണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ.
ഭക്ഷ്യസുരക്ഷയുമായി പരാതികൾ നൽകാനുള്ള ടോൾ ഫ്രീ നമ്പറും (18004251125) വലുപ്പത്തിൽ എഴുതി പ്രദർശിപ്പിക്കണമെന്നും നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണർ വി.ആർ. വിനോദ് അറിയിച്ചു.

ഹോട്ടലുകൾ, തട്ടുകടകൾ, ബേക്കറികൾ, സൂപ്പർമാർക്കറ്റുകൾ, പലചരക്കു കടകൾ തുടങ്ങിയ ഭക്ഷ്യ വസ്തുക്കൾ വില്പന നടത്തുന്ന എല്ലാ സ്ഥാപനങ്ങൾക്കും ലൈസൻസ് നിർബന്ധമാണ്. വെബ്പോർട്ടൽ വഴി ലൈസൻസ്/ രജിസ്ട്രേഷൻ നടത്തുന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്കായി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറെയോ ഭക്ഷ്യസുരക്ഷാ ഓഫീസറെയോ ബന്ധപ്പെടാവുന്നതാണ്. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ ഫോൺ നമ്പരുകൾ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ foodsafety.kerala.gov.in എന്ന പോർട്ടലിൽ ലഭ്യമാണെന്നും ലൈസൻസ് എടുക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണർ അറിയിച്ചു.

കൊവാക്സിൻ സ്വീകരിച്ചവർക്ക് അമേരിക്കയുടെയും യാത്രാ അനുമതി

കൊവാക്സിൻ സ്വീകരിച്ചവർക്ക് അമേരിക്കയുടെയും യാത്രാ അനുമതി

കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു. ഇതോടെ
കൊവാക്സിൻ സ്വീകരിച്ചവർക്ക് അമേരിക്കയുടെയും യാത്രാ അനുമതി. രണ്ടു ഡോസ് സ്വീകരിച്ചവർക്ക് ആണ് അനുമതി നൽകിയിട്ടുള്ളത്. തിങ്കളാഴ്ച മുതൽ യാത്രാനുമതി നിലവിൽ വരും. കൊവാക്സിന് ലോകാരോ​ഗ്യ സംഘടന കഴിഞ്ഞ ദിവസം അം​ഗീകാരം നൽകിയതിനു പിന്നാലെയാണ് അമേരിക്കയുടെ തീരുമാനം. കൊവാക്സിന് പലരാജ്യങ്ങളിലും അംഗീകാരം ഇല്ലാതിരുന്നത് ഈ വാക്സിൻ എടുത്തവരുടെ വിദേശയാത്രയ്ക്ക് തടസം സൃഷ്ടിച്ചിരുന്നു. ഈ പ്രശ്നത്തിന് കൂടി പരിഹാരമാകുകയാണ് ലോകാരോ​ഗ്യ സംഘടനയുടെ അംഗീകാരം.

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ചതാണ് കൊവാക്സിൻ. കഴിഞ്ഞ ജൂലൈയിലാണ് ആഗോള അംഗീകാരത്തിന് നിർമ്മാതാക്കളായ ഭാരത് ബയോടെക്ക് അപേക്ഷ സമർപ്പിച്ചത്. പിന്നീട് ചേർന്ന വിദഗ്‍ധസമിതി പരീക്ഷണത്തിൻറെ കൂടുതൽ വിവരങ്ങൾ കമ്പനിയിൽ നിന്ന് തേടിയിരുന്നു. ഇതുകൂടി പരിശോധിച്ചാണ് അടിയന്തര ഉപയോഗത്തിനുള്ള അന്തിമ അംഗീകാരം ലഭിച്ചത്. കൊവിഡ് പ്രതിരോധിക്കാൻ കൊവാക്സിൻ ഫലപ്രദമെന്ന് സമിതി വിലയിരുത്തി. എന്നാൽ ഗർഭിണികളിൽ ഇത് ഫലപ്രദമാണോയെന്നതിന് കൂടുതൽ പഠനങ്ങൾ വേണമെന്നും സമിതിയുടെ വാർത്താക്കുറിപ്പിൽ പറയുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്ന എട്ടാമത്തെ കൊവിഡ് പ്രതിരോധ വാക്സിനാണ് കൊവാക്സിൻ.