സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു

തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കേന്ദ്രം കുറച്ചതോടെ സംസ്ഥാനത്തെ നികുതിയും ആനുപാതികമായി കുറഞ്ഞു. കേരളത്തില്‍ പെട്രോളിന് ആകെ 6.57 രൂപയും ഡീസലിന് 12.33 രൂപയുമാണ് കുറഞ്ഞത്‌.

ആനുപാതികമായി സംസ്ഥാന നികുതിയും കുറയുമെന്നതിനാല്‍ സംസ്ഥാന നികുതിയില്‍ പ്രത്യേകമായ കുറവ് വരുത്തേണ്ടതില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. വില കുറഞ്ഞതിനുശേഷം സംസ്ഥാനനികുതി പെട്രോളിന് 21.5 രൂപയും ഡീസലിന് 17 രൂപയുമായിരിക്കും. എന്നാല്‍ ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്കും നികുതി കുറച്ചു.

തിരുവനന്തപുരത്ത് പെട്രോള്‍ വില 105.86 രൂപയായി കുറഞ്ഞു. ഡീസലിന് 93 രൂപ 52 പൈസാണ് പുതിയ വില. കൊച്ചിയില്‍ പെട്രോളിന് 103.70 രൂപയും ഡീസലിന് 91.49 രൂപയുമാണ് പുതുക്കിയ വില. കോഴിക്കോട് ഇത് യഥാക്രമം പെട്രോളിന് 103.97 ഉം ഡീസലിന് 92.57 രൂപയുമാണ് ഇന്നത്തെ വില.

കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിൽ കുറവ് വന്ന സാഹചര്യത്തിൽ വിപുലമായ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഒരു ഡോസ് വാക്സീനെടുത്തവരേയും  തീയേറ്ററുകളിൽ പ്രവേശിക്കാൻ അനുവദിക്കും. വിവാഹചടങ്ങുകളിലും മരണചടങ്ങുകളിലും കൂടുതൽ പേർക്ക് പങ്കെടുക്കാനും അനുമതിയായി. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗമാണ് നിലവിലെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചത്. 

വിവാഹങ്ങളിൽ 100 മുതൽ 200 പേർക്ക് വരെ പങ്കെടുക്കാൻ അനുമതി നൽകാൻ അവലോകന യോഗത്തിൽ തീരുമാനമായി. ഓഡിറ്റോറിയങ്ങളിൽ നടക്കുന്ന വിവാഹ ചടങ്ങുകളിൽ 100 പേർക്ക് വരെ പങ്കെടുക്കാം. തുറസ്സായ സ്ഥലങ്ങളിൽ നടക്കുന്ന വിവാഹചടങ്ങുകളിൽ 200 പേർക്ക് വരെ പങ്കെടുക്കാൻ അനുമതിയുണ്ടാവും. 

തീയറ്ററുകൾ വീണ്ടും തുറന്നിട്ടും പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ  വിനോദ നികുതിയിൽ ഇളവ് വേണമെന്ന തീയറ്റർ ഉടമകളുടെ ആവശ്യം ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ചർച്ചചെയ്യും. അടച്ചുപൂട്ടിയ സമയത്തെ തീയറ്ററുകളിലെ കെഎസ്ഇബി ഫിക്സഡ് ചാർജിൽ ഇളവ് വേണമെന്ന ആവശ്യവും സർക്കാർ പരിഗണനയിലാണ്.

ആറ്റിങ്ങൽ ഗവ.ഗേൾസ് എച്ച്.എസ്.എസിലേക്ക് ഓട്ടോമാറ്റിക്ക് സാനിറ്റൈസർ ഡിസ്പെൻസിംഗ് മെഷീനുകൾ സംഭാവന ചെയ്തു

ആറ്റിങ്ങൽ ഗവ.ഗേൾസ് എച്ച്.എസ്.എസിലേക്ക് ഓട്ടോമാറ്റിക്ക് സാനിറ്റൈസർ ഡിസ്പെൻസിംഗ് മെഷീനുകൾ സംഭാവന ചെയ്തു

ആറ്റിങ്ങൽ: സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിനായി ആറ്റിങ്ങൽ ഗവ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും റസിഡൻസ് അസോസിയേഷനുകളുടെയും സഹായത്തോടെ എട്ട് ഓട്ടോമാറ്റിക്ക് സാനിറ്റൈസർ ഡിസ്പെൻസിംഗ് മെഷീൻ സ്ഥാപിച്ചു. നാരായണീയം റസിഡൻസ് അസോസിയേഷൻ, സാക്ഷരതാ പ്രേരക് മിനി രേഖ, സുൽത്താൻ കാറ്ററിംഗ്, വിവിധ വ്യക്തികൾ, സ്കൂളിലെ അധ്യാപകർ എന്നിവരാണ് മെഷീനുകൾ സ്പോൺസർ ചെയ്തത്.

ഡിവൈഎഫ്ഐ അഞ്ചുതെങ്ങ് മേഖലാ കമ്മിറ്റി യുവജന സംഗമം സംഘടിപ്പിച്ചു

ഡിവൈഎഫ്ഐ അഞ്ചുതെങ്ങ് മേഖലാ കമ്മിറ്റി യുവജന സംഗമം സംഘടിപ്പിച്ചു

അഞ്ചുതെങ്ങ്: സിപിഐഎം അഞ്ചുതെങ്ങ് ലോക്കൽ സമ്മേളനത്തിന്റെ പ്രചരണാർത്ഥം ഡിവൈഎഫ്ഐ അഞ്ചുതെങ്ങ് മേഖലാ കമ്മിറ്റി യുവജന സംഗമം സംഘടിപ്പിച്ചു. കായിക്കര ആശാൻ സ്മാരകത്തിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അൻസാരി ഉദ്ഘാടനം ചെയ്തു.

സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ ജെറാൾഡ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ലൈജു, വൈസ് പ്രസിഡന്റ് ലിജാബോസ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി.എൻ.സൈജു രാജ് എസ്.പ്രവീൺ ചന്ദ്ര, കെ ബാബു, ബീന, സോഫിയ എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി വിഷ്ണു മോഹൻ സ്വാഗതവും മേഖല ട്രഷറർ വിജയ് വിമൽ നന്ദിയും രേഖപ്പെടുത്തി. ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം കിരൺ ജോസഫ് അധ്യക്ഷനായിരുന്നു.

കിഴുവിലം പടനിലത്ത് ക്ഷീരകർഷകർക്ക് സബ്സിഡി ഇനത്തിൽ കന്നുകാലി തീറ്റ വിതരണം ചെയ്തു

കിഴുവിലം പടനിലത്ത് ക്ഷീരകർഷകർക്ക് സബ്സിഡി ഇനത്തിൽ കന്നുകാലി തീറ്റ വിതരണം ചെയ്തു

കിഴുവിലം ഗ്രാമപഞ്ചായത്തിലെ പടനിലം ക്ഷീര സംഘത്തിലെ 48 ക്ഷീരകർഷകർക്ക് സബ്സിഡി ഇനത്തിൽ ഉള്ള കന്നുകാലി തീറ്റയുടെ വിതരണ ഉദ്ഘാടനം കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോമണി നിർവഹിച്ചു. ചടങ്ങിൽ കിഴുവിലം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സുലഭ, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ എസ് ശ്രീകണ്ഠൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാബു, സുനിൽ, ക്ഷീര സംഘം പ്രസിഡന്റ് ഹാഷിം, ഡയറി ഫാം ഇൻസ്ട്രക്ടർ പ്രഭുലാൽ, ക്ഷീരകർഷകർ എന്നിവർ പങ്കെടുത്തു.