ഇടുക്കി ഗവ. മെഡിക്കൽ കോളജിൽ ജൂനിയർ റസിഡന്റ് നിയമനം; പ്രതിമാസം 45,000 രൂപ വേതനം

ഇടുക്കി ഗവ. മെഡിക്കൽ കോളജിൽ ജൂനിയർ റസിഡന്റ് നിയമനം; പ്രതിമാസം 45,000 രൂപ വേതനം

ഇടുക്കി: ഇടുക്കി ഗവൺമെന്റ് മെഡിക്കൽ കോളജിലെ വിവിധ വിഭാഗങ്ങളിലേക്ക് താത്കാലിക കരാറടിസ്ഥാനത്തിൽ ജൂനിയർ റസിഡന്റുമാരെ നിയമിക്കുന്നു. പരമാവധി ഒരു വർഷത്തേക്കോ അല്ലെങ്കിൽ സ്ഥിരം നിയമനം നടക്കുന്നത് വരെയോ ആണ് നിയമന കാലാവധി. പ്രതിമാസം 45,000 രൂപയാണ് വേതനം. എം.ബി.ബി.എസ് (MBBS), ഒരു വർഷത്തെ നിർബന്ധിത ഇന്റേൺഷിപ്പ്, ടി.സി.എം.സി (TCMC) / കെ.എസ്.എം.സി (KSMC) രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ് ആവശ്യമായ യോഗ്യതകൾ.

യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി ഓഗസ്റ്റ് 6-ന് രാവിലെ 10.30-ന് ഇടുക്കി ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. താൽപ്പര്യമുള്ളവർ ബന്ധപ്പെട്ട വിദ്യാഭ്യാസ, യോഗ്യതാ രേഖകളുടെ അസ്സലും (Original), സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, തിരിച്ചറിയൽ രേഖകളും സഹിതം നിർദ്ദിഷ്ട സമയത്ത് ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 04862-233075 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.

അടിമുടി ന്യൂ ജനറേഷന്‍; പള്‍സര്‍ 150 ലോഞ്ച് ഓഗസ്റ്റ് 12ന്

അടിമുടി ന്യൂ ജനറേഷന്‍; പള്‍സര്‍ 150 ലോഞ്ച് ഓഗസ്റ്റ് 12ന്

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ അടുത്ത തലമുറ പള്‍സര്‍ ഉടന്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. ഓഗസ്റ്റ് 12ന് നടക്കുന്ന ലോഞ്ച് ഇവന്റില്‍ പങ്കെടുക്കാന്‍ ക്ഷണിച്ച് കൊണ്ടുള്ള കത്തില്‍ വരാനിരിക്കുന്ന പുതിയ മോഡല്‍ അടുത്ത തലമുറ പള്‍സര്‍ ആയിരിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. പള്‍സര്‍ ശ്രേണിയില്‍ പുതിയ 150 സിസി ബൈക്ക് ആയിരിക്കും പുതുതായി ഉള്‍പ്പെടുത്താന്‍ പോകുന്നതെന്ന് കരുതുന്നു.

ബജാജ് ഈ വര്‍ഷം പള്‍സറിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കാനിരിക്കുകയാണ്. പള്‍സര്‍ ശ്രേണിയിലെ ഏറ്റവും പ്രധാനപ്പെട്ട മോഡല്‍ 150 സിസി ആയതിനാല്‍ പുതിയ മോഡലും 150 സിസി ആയിരിക്കുമെന്നാണ് വിലയിരുത്തല്‍. പള്‍സര്‍ പരമ്പരയിലെ ആദ്യത്തെ മോഡലായ 150 സിസിക്ക് ഇപ്പോഴും ആവശ്യക്കാര്‍ ഉണ്ട്.

വരാനിരിക്കുന്ന പള്‍സര്‍ 150 തികച്ചും പുതിയൊരു ഉല്‍പ്പന്നമായിരിക്കുമെന്നാണ് സൂചന. ഇതില്‍ പരിഷ്‌കരിച്ച എന്‍ജിന്‍, പുതിയ സസ്‌പെന്‍ഷന്‍ സെറ്റപ്പ്, അത്യാധുനിക ഫീച്ചറുകള്‍ എന്നിവ ഉണ്ടായിരിക്കാം. ഈ മാറ്റങ്ങളിലൂടെ പള്‍സര്‍ ബ്രാന്‍ഡിന്റെ അടുത്ത ഘട്ടത്തിനായുള്ള തറക്കല്ലിടാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നാണ് അറിയുന്നത്.

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി എന്‍ സീരീസ്, എന്‍എസ് മോഡലുകളിലൂടെ പള്‍സര്‍ ശ്രേണിയുടെ ഭൂരിഭാഗവും ബജാജ് ആധുനികവല്‍ക്കരിച്ചിട്ടുണ്ട്. എന്നാല്‍ പള്‍സര്‍ 150 മോഡല്‍ മാത്രമാണ് കാര്യമായി പരിഷ്‌കരിക്കാതിരുന്നത്.

ഇനി പെരുമഴക്കാലം, നാളെ 11 ജില്ലകളില്‍ തീവ്രമഴ; ഓറഞ്ച് അലര്‍ട്ട്

ഇനി പെരുമഴക്കാലം, നാളെ 11 ജില്ലകളില്‍ തീവ്രമഴ; ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ശനിയാഴ്ച വരെ വിവിധ ജില്ലകളില്‍ അതിശക്തവും തീവ്രവുമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഒഡിഷയ്ക്ക് സമീപമുള്ള അതിതീവ്ര ന്യൂനമര്‍ദ്ദമാണ് മഴയെ സ്വാധീനിക്കുന്നത്.

നേരത്തെ ഇന്ന് മൂന്ന് ജില്ലകളിലാണ് തീവ്രമഴ പ്രവചിച്ചിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഓറഞ്ച് അലര്‍ട്ട്

31/07/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

01/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

യെല്ലോ അലര്‍ട്ട്:

31/07/2026: തൃശൂര്‍, പാലക്കാട്, മലപ്പുറം

01/08/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട്

02/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

ഒമ്പതാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂരമർദ്ദനം; ദൃശ്യങ്ങൾ പുറത്ത്, അടിയന്തര റിപ്പോർട്ട് തേടി മന്ത്രി ബിന്ദു കൃഷ്ണ

ഒമ്പതാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂരമർദ്ദനം; ദൃശ്യങ്ങൾ പുറത്ത്, അടിയന്തര റിപ്പോർട്ട് തേടി മന്ത്രി ബിന്ദു കൃഷ്ണ

തൃശൂർ: ക്ലാസ് നടക്കുമ്പോൾ താഴെ വീണ പേനയുടെ അടപ്പ് എടുക്കാൻ ശ്രമിച്ച ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ പൊതിരെ തല്ലിച്ചതച്ചു. തൃശൂർ വരവൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകനായ വരവൂർ സ്വദേശി മണികണ്ഠനാണ് വിദ്യാർത്ഥിയെ അതിക്രൂരമായി മർദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊതുവിദ്യാഭ്യാസ മന്ത്രി ബിന്ദു കൃഷ്ണ വിഷയത്തിൽ ഇടപെടുകയും വകുപ്പ് സെക്രട്ടറിയോട് അടിയന്തര അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.

ഒരാഴ്ച മുൻപാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ക്ലാസ് മുറിയിൽ വെച്ച് താഴെപ്പോയ പേനയുടെ ക്യാപ് എടുക്കാനായി വിദ്യാർത്ഥി ബെഞ്ചിൽ നിന്ന് താഴേക്ക് എത്തിനോക്കിയതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്. അധ്യാപകൻ അടിച്ച വിവരം കുട്ടി വീട്ടിൽ അറിയിച്ചിരുന്നെങ്കിലും, സഹപാഠികൾ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നപ്പോഴാണ് സംഭവത്തിന്റെ യഥാർത്ഥ ഗൗരവം മനസ്സിലായതെന്ന് മാതാപിതാക്കൾ പറഞ്ഞു. അധ്യാപകന്റെ അതിരുകടന്ന മർദ്ദനമുറകൾ പതിവായതോടെയാണ് കുട്ടികൾ തന്നെ രഹസ്യമായി മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയത്. ഈ അധ്യാപകൻ സ്കൂളിൽ മറ്റ് വിദ്യാർത്ഥികൾക്ക് നേരെയും സമാനമായ രീതിയിൽ ക്രൂരമായ ശിക്ഷാനടപടികൾ പ്രയോഗിക്കാറുണ്ടെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു.

വിഷയത്തിൽ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ തൃശൂർ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് ലഭിച്ച ഉടനടി കുറ്റക്കാരനായ അധ്യാപകനെതിരെ ശക്തമായ വകുപ്പുകൾ ചുമത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര-വിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി.

ഒടുവില്‍ കേന്ദ്രം സമ്മതിച്ചു; ഇ20 പെട്രോള്‍ ഉപയോഗിച്ചാല്‍ ബിഎസ്-3 വാഹനങ്ങള്‍ക്ക് ‘പണികിട്ടും’

ഒടുവില്‍ കേന്ദ്രം സമ്മതിച്ചു; ഇ20 പെട്രോള്‍ ഉപയോഗിച്ചാല്‍ ബിഎസ്-3 വാഹനങ്ങള്‍ക്ക് ‘പണികിട്ടും’

ഡല്‍ഹി: 2005നും 2016നും ഇടയില്‍ നിര്‍മ്മിച്ച ബിഎസ്-3 വാഹനങ്ങളില്‍ ഇ20 പെട്രോള്‍ ഉപയോഗിക്കുമ്പോള്‍ ചില റബ്ബര്‍ ഭാഗങ്ങളും ഗാസ്‌കറ്റുകളും മാറ്റേണ്ടി വന്നേക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. എന്നാല്‍, എഥനോള്‍ മിശ്രിത ഇന്ധനം വാഹനങ്ങളുടെ മൊത്തത്തിലുള്ള പ്രവര്‍ത്തനക്ഷമതയെ കാര്യമായി ബാധിക്കില്ലെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ടെന്നും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു.

ഇ20 പെട്രോള്‍ ഉപയോഗിക്കുന്നതിനായി കാറുകളുടെയോ ഇരുചക്രവാഹനങ്ങളുടെയോ എന്‍ജിനുകളില്‍ മാറ്റം വരുത്തേണ്ടതില്ല. വാഹനം ഓടിക്കുന്നതിലും, സ്റ്റാര്‍ട്ട് ചെയ്യുന്നതിലും, ലോഹം/ പ്ലാസ്റ്റിക് ഭാഗങ്ങളുടെ ഉപയോഗത്തിലും തടസ്സങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം, സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ്, ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവ നടത്തിയ പഠനങ്ങളില്‍ ബിഎസ്-6 വാഹനങ്ങള്‍ ഇ20 ഇന്ധനത്തിലും മലിനീകരണ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

2016ന് മുമ്പ് ഇറങ്ങിയ ബിഎസ്-3 വാഹനങ്ങളില്‍ ഇന്ധനവുമായി സമ്പര്‍ക്കത്തില്‍ വരുന്ന ചില റബ്ബര്‍ പാര്‍ട്‌സും ഗാസ്‌കറ്റുകള്‍ക്കും കാലക്രമേണ തേയ്മാനം വരാന്‍ സാധ്യതയുള്ളതിനാല്‍ അവ മാറ്റേണ്ടി വന്നേക്കാം. വാഹനങ്ങളുടെ മൈലേജ് കുറയുന്നത് ഡ്രൈവിങ് രീതി, കൃത്യമായ സര്‍വീസിങ് (ഓയില്‍, എയര്‍ ഫില്‍ട്ടര്‍ മാറ്റല്‍), ടയര്‍ പ്രഷര്‍, എയര്‍ കണ്ടീഷണറിന്റെ ഉപയോഗം തുടങ്ങിയ ഘടകങ്ങളെക്കൂടി ആശ്രയിച്ചായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.