‘ഷമിയെ ടീമിലെടുക്കണം; ടെസ്റ്റ് മൂന്നല്ല, അഞ്ചു ദിവസത്തെ കളിയാണ്’: സൗരവ് ഗാംഗുലി

‘ഷമിയെ ടീമിലെടുക്കണം; ടെസ്റ്റ് മൂന്നല്ല, അഞ്ചു ദിവസത്തെ കളിയാണ്’: സൗരവ് ഗാംഗുലി

മുംബൈ: ദേശീയ ടീമിലേക്ക് വെറ്ററന്‍ പേസര്‍ മുഹമ്മദ് ഷമിയെ തിരികെ വിളിക്കണമെന്ന് മുന്‍ നായകനും മുന്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് പേസ് ത്രയത്തില്‍ കോച്ച് ഗൗതം ഗംഭീര്‍ വിശാസം അര്‍പ്പിക്കണമെന്നും സൗരവ് ഗാംഗുലി ആവശ്യപ്പെട്ടു. ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിലെ തോല്‍വിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ മുഹമ്മദ് ഷമി സ്ഥാനം അര്‍ഹിക്കുന്നുണ്ട്. ഷമിയും സ്പിന്നര്‍മാരും ഇന്ത്യയ്ക്ക് വിജയം നല്‍കും. ഇന്ത്യ സ്വദേശത്ത് നല്ല പിച്ചുകളാണ് ഒരുക്കേണ്ടത്. സ്പിന്നിനെ പിന്തുണക്കുന്ന പിച്ചിനെ അമിതമായി ആശ്രയിക്കരുത്. വിക്കറ്റ് നേടുക എന്നത് മാത്രമാകരുത് ലക്ഷ്യമിടേണ്ടത്, ബാറ്റര്‍മാര്‍ക്കും അവസരം ലഭിക്കേണ്ടതുണ്ട്.

ബാറ്റര്‍മാര്‍ക്ക് 350-400 റണ്‍സ് അടിച്ചെടുക്കാന്‍ കഴിയണം. എങ്കിലേ ടെസ്റ്റില്‍ വിജയിക്കാനാകൂ. ഇംഗ്ലണ്ടിലെ മികച്ച വിക്കറ്റില്‍ ഇന്ത്യയുടെ പ്രകടനം നല്ലതായിരുന്നു. അവിടെ ജയിക്കാനും കഴിഞ്ഞു. ടെസ്റ്റ് മൂന്നു ദിവസത്തേത് അല്ല, അഞ്ച് ദിവസത്തെ കളിയാണെന്ന കാര്യം ഓര്‍ക്കണം. സൗരവ് ഗാംഗുലി പറഞ്ഞു.

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയെ തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കാനാണ് മുന്നറിയിപ്പ്.

ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് തുടരും. 24 മണിക്കൂറില്‍ 64.5 എം മുതല്‍ 115.5 എം വരെ മഴ ലഭിക്കാവുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന് വ്യാഖ്യാനിക്കുന്നത്. അധിക ജാഗ്രത ആവശ്യമാണെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര്‍ മരിച്ചു

മക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര്‍ മരിച്ചു

മക്കയില്‍ നിന്നും മദീനയിലേക്ക് യാത്ര പോകുന്ന ഉംറ തീര്‍ഥാടകരുടെ ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് നാല്‍പതോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുകയായിരുന്ന സമയത്താണ് അപകടം.

ബസിലുണ്ടായിരുന്ന 43 പേരും ഹൈദരാബാദ് സ്വദേശികളാണ്. മരിച്ചവരില്‍ 20 പേര്‍ സ്ത്രീകളും 11 പേര്‍ കുട്ടികളുമാണെന്നാണ് ലഭിക്കുന്ന വിവരം. സംഘത്തിലെ ഒരാള്‍ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് മാറ്റി.

രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1864 കോടി രൂപ

രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1864 കോടി രൂപ

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള രണ്ടുമാസത്തെ പെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും. 3600 രൂപയാണ് ഇത്തവണ ഒരാളുടെ കൈകളിലെത്തുക.

നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ് വിതരണം ചെയ്യുക. ഇതോടെ പെന്‍ഷന്‍ കുടിശ്ശിക പൂര്‍ണമായും തീര്‍ത്തു. ഇതിനായി 1864 കോടി രൂപ ഒക്ടോബര്‍ 31ന് ധനവകുപ്പ് അനുവദിച്ചിരുന്നു. 63,77,935 പേരാണ് ഇതിന്റെ ഗുണഭോക്താക്കള്‍. കഴിഞ്ഞ മാര്‍ച്ച് മുതല്‍ അതത് മാസം പെന്‍ഷന്‍ വിതരണം ചെയ്യുന്നുണ്ട്.

ഒരുമാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ നേരത്തെ 900 കോടിയോളം രൂപയാണ് വേണ്ടിയിരുന്നത്. മാസം 400 രൂപകൂടി വര്‍ധിച്ചതിനാല്‍ 1050 കോടി രൂപ വേണം. ഗുണഭോക്താക്കളില്‍ പകുതിയോളം പേര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴിയും ബാക്കിയുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലും പെന്‍ഷന്‍ എത്തും. ഒമ്പതര വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ 80, 671 കോടി രൂപയാണ് സര്‍ക്കാര്‍ പെന്‍ഷനുവേണ്ടി അനുവദിച്ചത്.

നിയന്ത്രണം മറികടന്ന കാര്‍ ദേശീയപാത പാലത്തിന്റെ വിടവില്‍ വീണു; 20 മിനിറ്റോളം കുത്തനെ തൂങ്ങിക്കിടന്നു

നിയന്ത്രണം മറികടന്ന കാര്‍ ദേശീയപാത പാലത്തിന്റെ വിടവില്‍ വീണു; 20 മിനിറ്റോളം കുത്തനെ തൂങ്ങിക്കിടന്നു

കണ്ണൂര്‍: നിയന്ത്രണം മറികടന്ന് ഓടിച്ച കാര്‍ നിര്‍മ്മാണം നടക്കുന്ന ദേശീയപാത ബൈപ്പാസിലെ മേല്‍പ്പാലത്തിനും അടിപ്പാതയ്ക്കും ഇടയില്‍ കുടുങ്ങി. തലകുത്തനെ തൂങ്ങിക്കിടന്ന കാര്‍ നാട്ടുകാരും ദേശീയപാത നിര്‍മാണത്തൊഴിലാളികളും ചേര്‍ന്ന് 20 മിനിറ്റോളം പരിശ്രമിച്ചാണ് പുറത്തെടുത്തത്.

ചാല കവലക്ക് സമീപം ദേശീയപാത 66 ല്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം. കാര്‍ ഓടിച്ച മലപ്പുറം കൊണ്ടോട്ടി സ്വദേശി ലാസിമിനെതിരെ (29)എടക്കാട് പൊലീസ് കേസെടുത്തു. ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പൊലീസ് പറയുന്നു.

ബൈപാസ് പണി നടക്കുന്നതിനാല്‍ ഗതാഗതം നിരോധിച്ച സ്ഥലത്തേക്കാണ് കാര്‍ ഓടിച്ചുകയറ്റിയത്. മേല്‍പാലം അപ്രോച്ച് റോഡുമായി ബന്ധിപ്പിക്കുന്ന വിടവില്‍ വെച്ചാണ് കാര്‍ താഴോട്ട് വീണത്. മേല്‍പ്പാലം മറുഭാഗവുമായി കൂട്ടിയോജിപ്പിക്കാനുള്ള ഭാഗത്തെ വിടവിലേക്കാണ് വീണത്.

കമ്പികള്‍ക്കിടയില്‍ കാര്‍ തങ്ങി നില്‍ക്കുകയായിരുന്നു. അഗ്നിരക്ഷാസേനയുടെ സഹായത്തോടെ ക്രെിന്‍ ഉപയോഗിച്ച് കാര്‍ സുരക്ഷിതമായി മുകളിലേക്ക് വലിച്ചുകയറ്റി. കാര്‍ ഓടിച്ചിരുന്ന ലാസിമിന് കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.