സീറ്റ് നിഷേധിച്ചു; നെടുമങ്ങാട് ബിജെപി പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു

സീറ്റ് നിഷേധിച്ചു; നെടുമങ്ങാട് ബിജെപി പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെടുമങ്ങാട് നഗരസഭയിലെ പനയ്‌കോട്ടല വാര്‍ഡിലെ ശാലിനിയാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു. ശാലിനി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നെടുമങ്ങാട് നഗരസഭയുടെ 26-ാം വാര്‍ഡില്‍ ബിജെപി സീറ്റ് നിഷേധിച്ചതില്‍ മനംനൊന്താണ് ആത്മഹത്യാശ്രമം. ഇവിടെ സീറ്റ് ലഭിക്കുമെന്ന് ശാലിനി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പ്രാദേശിക നേതൃത്വം ഇടപെട്ട് സീറ്റ് നിഷേധിച്ചു എന്നാണ് ആക്ഷേപം. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു ആത്മഹത്യാശ്രമം. ശബ്ദം കേട്ട് മകന്‍ എഴുന്നേറ്റ് നോക്കുമ്പോള്‍ കൈ ഞരമ്പ് മുറിച്ച് രക്തത്തില്‍ കുളിച്ച് നില്‍ക്കുന്ന നിലയില്‍ അമ്മയെ കാണുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു.

പ്രദേശത്ത് സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് ബിജെപിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. മഹിളാ മോര്‍ച്ചയുടെ ജില്ലാ നേതാവ് കൂടിയാണ് ശാലിനി. ഇത്തവണ നഗരസഭയുടെ 26-ാം വാര്‍ഡില്‍ സീറ്റ് ലഭിക്കുമെന്നായിരുന്നു ശാലിനി പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രാദേശിക നേതൃത്വം ഇതിന് എതിരായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ദക്ഷിണാഫ്രിക്കയെ 153 റണ്‍സില്‍ ഒതുക്കി; ഇന്ത്യയ്ക്ക് ജയിക്കാന്‍ 124 റണ്‍സ്

ദക്ഷിണാഫ്രിക്കയെ 153 റണ്‍സില്‍ ഒതുക്കി; ഇന്ത്യയ്ക്ക് ജയിക്കാന്‍ 124 റണ്‍സ്

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത് 124 റണ്‍സ്. രണ്ടാം ഇന്നിങ്‌സിലും ബാറ്റിങ് തകര്‍ച്ച നേരിട്ട ദക്ഷിണാഫ്രിക്ക 153 റണ്‍സിന് പുറത്താകുകയായിരുന്നു. 4 വിക്കറ്റ് നേട്ടത്തോടെ ബൗളിങ് നിരയില്‍ ജഡേജയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് നിര്‍ണായകമായത്.

ഇന്നലെ 93 ന് 7 എന്ന നിലയില്‍ മൂന്നാം ദിനം കളി ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് അധിക നേരം പിടിച്ചു നില്‍ക്കാനായില്ല. ഇന്ന് മത്സരം ആരംഭിച്ച് 135 സ്‌കോര്‍ 135 ല്‍ നില്‍ക്കെ ദക്ഷിണാഫ്രിക്കയുടെ എട്ടാം വിക്കറ്റും വീണു. 25 റണ്‍സെടുത്ത കോര്‍ബിന്‍ ബോഷിനെ ബുംറ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നാലെ 153 റണ്‍സില്‍ നില്‍ക്കെ ഒമ്പതാം വിക്കറ്റും വീണു. 7 റണ്‍സെടുത്ത സൈമണ്‍ ഹാമറാണ് പുറത്തായത്. സിറാജിനായിരുന്നു വിക്കറ്റ്. പിന്നാലെ എത്തിയ കേശവ് മഹാരാജും സിറാജിന്റെ പന്തില്‍ പുറത്തായതോടെ ദക്ഷിണാഫ്രിക്ക ഓള്‍ ഔട്ടാകുകയായിരുന്നു.

55 റണ്‍സെടുത്ത ടെംബ ബാവുമയാണ് രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. രണ്ടാം ദിനമായ ഇന്നലെ കളി അവസാനിക്കുമ്പോള്‍ 7ന് 93 റണ്‍സെന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. 91 റണ്‍സെടുക്കുന്നതിനിടെയാണ് ദക്ഷിണാഫ്രിക്കയുടോെ ഏഴു വിക്കറ്റുകള്‍ വീണത്. പുറത്തായവരില്‍ മൂന്നു പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. റയാന്‍ റിക്കിള്‍ട്ടന്‍ (23 പന്തില്‍ 11), എയ്ഡന്‍ മാര്‍ക്രം (23 പന്തില്‍ 4), വിയാന്‍ മുള്‍ഡര്‍ (30 പന്തില്‍ 11), ടോണി ഡെ സോര്‍സി (2 പന്തില്‍ 2), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (18 പന്തില്‍ 5), കെയ്ല്‍ വെറൈന്‍ (16 പന്തില്‍ 9), മാര്‍ക്കോ യാന്‍സനുമാണ് (16 പന്തില്‍ 13) എന്നിവരാണു പുറത്തായത്. സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജ നാലും കുല്‍ദീപ് യാദവ് രണ്ടും അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴ്ത്തി. മുഹമ്മദ് സിറാജ് രണ്ടും, ബുംറ ഒരു വിക്കറ്റും വീഴ്ത്തി.

മരം വീണു, ഗതാഗതം തടസ്സപ്പെട്ടു; അഗ്നിശമന സേന മരം മുറിച്ചു മാറ്റി

മരം വീണു, ഗതാഗതം തടസ്സപ്പെട്ടു; അഗ്നിശമന സേന മരം മുറിച്ചു മാറ്റി

ആറ്റിങ്ങൽ: കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ വളപ്പിൽ നിന്ന കുറ്റൻ മരം കഴിഞ്ഞ ദിവസം വൈകീട്ടത്തെ കാറ്റിലും മഴയിലും കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. ആറ്റിങ്ങൽ അഗ്നിശമനരക്ഷാ സേന ഗ്രേഡ്അസ്സി. സ്റ്റേഷൻഓഫീസർ സി.ആർ.ചന്ദ്രമോഹൻ്റെ നേതൃത്വത്തിൽ ഫയർഓഫീസർമാരായ വൈശാഖൻ, സുജിത്,സാൻ, ഫയർഓഫീസർ ഡ്രൈവർ പ്രശാന്ത് വിജയ്, ഹോംഗാഡ് ബിജു എന്നിവർ ചേർന്ന് മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ്: സ്വകാര്യജീവിതത്തിലേക്ക് കടന്നുകയറരുത്, ജാതിഭ്രഷ്ട് പാടില്ല, മാര്‍ഗ നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തദ്ദേശ തെരഞ്ഞെടുപ്പ്: സ്വകാര്യജീവിതത്തിലേക്ക് കടന്നുകയറരുത്, ജാതിഭ്രഷ്ട് പാടില്ല, മാര്‍ഗ നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: തദ്ദേശ പൊതുതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ചട്ടങ്ങള്‍ പാലിച്ചു പ്രചാരണം നടത്തണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ നിര്‍ദേശം. മതപരമോ വംശപരമോ ജാതിപരമോ സമുദായപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ ഉളവാക്കുന്നതോ ഭിന്നതകള്‍ക്ക് ആക്കം കൂട്ടുന്നതോ ആയ പ്രവര്‍ത്തനത്തിലും ഏര്‍പ്പെടാന്‍ പാടില്ല.

ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ട് ചോദിക്കുകയോ ആരാധനാലയങ്ങള്‍, മതസ്ഥാപനങ്ങള്‍ എന്നിവ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയാക്കുകയോ ചെയ്യരുത്. സ്ഥാനാര്‍ഥിക്കോ സമ്മതിദായകനോ അവര്‍ക്ക് താല്‍പര്യമുള്ള വ്യക്തികള്‍ക്കോ എതിരെ സാമൂഹിക ബഹിഷ്‌ക്കരണം, സാമൂഹിക ജാതിഭ്രഷ്ട്യ തുടങ്ങിയ ഭീഷണികളും പാടില്ല. വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതില്‍ എന്നിവയില്‍ അയാളുടെ അനുവാദം കൂടാതെ ബാനര്‍, കൊടിമരം എന്നിവ നാട്ടുന്നതിനോ പരസ്യം ഒട്ടിക്കലനോ മുദ്രാവാക്യം എഴുതാനോ പാടില്ല. മറ്റു കക്ഷികളുടെ നേതാക്കന്‍മാരുടെയും പ്രവര്‍ത്തകരുടെയും പൊതുപ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും വിമര്‍ശിക്കരുത്. അടിസ്ഥാനരഹിതമായതോ, വളച്ചൊടിച്ചതോ ആയ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

സര്‍ക്കാര്‍ ഓഫീസുകളിലും അവയുടെ കോമ്പൗണ്ടിലും പരിസരത്തും ചുവര്‍ എഴുതാനോ പോസ്റ്റര്‍ ഒട്ടിക്കാനോ, ബാനര്‍, കട്ട്ഔട്ട് തുടങ്ങിയവ സ്ഥാപിക്കാനോ പാടില്ല. പ്രത്യേക കക്ഷിക്കോ സ്ഥാനാര്‍ത്ഥിക്കോ മാത്രമായി ഒരു പൊതുസ്ഥലവും മാറ്റി വച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ത്ഥികളോ ഏതെങ്കിലും പൊതുസ്ഥലമോ സ്വകാര്യസ്ഥലമോ പരസ്യങ്ങള്‍, മുദ്രാവാക്യങ്ങള്‍ എന്നിവ എഴുതി വികൃതമാക്കിയതായി പരാതി ലഭിച്ചാല്‍ അവ ഉടന്‍ നീക്കം ചെയ്യാന്‍ നോട്ടീസ് നല്‍കും. നോട്ടീസ് ലഭിച്ചിട്ടും അവ നീക്കം ചെയ്തില്ലെങ്കില്‍ നടപടി സ്വീകരിക്കും. അതിന് വേണ്ടി വരുന്ന ചെലവ് ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവിനോട് ചേര്‍ക്കും. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മൈതാനങ്ങള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രചരണങ്ങള്‍ക്കോ റാലികള്‍ക്കോ ഉപയോഗിക്കാന്‍ പാടില്ല.

പൊതുയോഗങ്ങള്‍

പൊതുയോഗം നടത്തുന്ന സ്ഥലവും സമയവും ബന്ധപ്പെട്ട പാര്‍ട്ടിയോ സ്ഥാനാര്‍ത്ഥിയോ സ്ഥലത്തെ പോലീസ് അധികാരികളെ മുന്‍കൂട്ടി അറിച്ചിരിക്കണം. യോഗം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഏതെങ്കിലും നിയന്ത്രണ ഉത്തരവോ നിരോധനാജ്ഞയോ പ്രാബല്യത്തില്‍ ഇല്ല എന്ന് രാഷ്ട്രീയ കക്ഷിയോ സ്ഥാനാര്‍ത്ഥിയോ ഉറപ്പു വരുത്തണം. അത്തരത്തില്‍ ഏതെങ്കിലും ഉത്തരവുകള്‍ നിലവിലുണ്ടെങ്കില്‍ അവ കര്‍ശനമായി പാലിക്കേണ്ടതാണ്. തങ്ങളുടെ അനുയായികള്‍ മറ്റു കക്ഷികളുടെ യോഗങ്ങളും ജാഥകളും തടസ്സപ്പെടുത്തുകയോ, അവയില്‍ ഛിദ്രമുണ്ടാക്കുകയോ ചെയ്യുന്നില്ലെന്ന് രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ത്ഥികളും ഉറപ്പു വരുത്തണം. യോഗങ്ങള്‍ നടത്തുന്നതിന് ഉച്ചഭാഷിണിയോ മറ്റു സൗകര്യമോ ഉപയോഗിക്കുന്നതിന് അനുവാദം ലഭിക്കേണ്ടതുണ്ടെങ്കില്‍ പാര്‍ട്ടിയോ സ്ഥാനാര്‍ത്ഥിയോ ബന്ധപ്പെട്ട അധികാരികളില്‍ നിന്നും അനുവാദം വാങ്ങിയിരിക്കണം.

ജാഥകള്‍

ജാഥകളും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നത് നിലവിലുള്ള ബന്ധപ്പെട്ട നിയമവ്യവസ്ഥകളും സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകളും അനുസരിച്ചായിരിക്കണം.

ജാഥകള്‍ സംഘടിപ്പിക്കുന്ന പാര്‍ട്ടിയോ സ്ഥാനാര്‍ത്ഥിയോ ജാഥ ആരംഭിക്കുന്ന സമയവും സ്ഥലവും ജാഥയുടെ റൂട്ടും, ജാഥ അവസാനിക്കുന്ന സമയവും സ്ഥലവും മുന്‍കൂട്ടി തീരുമാനിക്കേണ്ടതും അവ പോലീസ് അധികാരികളെ മുന്‍കൂട്ടി അറിയിക്കേണ്ടതുമാണ്. ജാഥ കടന്നുപോകുന്ന പ്രദേശങ്ങളില്‍ എന്തെങ്കിലും നിയന്ത്രണ ഉത്തരവുകള്‍ ഉണ്ടെങ്കില്‍ അവ കൃത്യമായി പാലിക്കണം. ഗതാഗതകുരുക്ക് ഒഴിവാക്കുകയും ട്രാഫിക് നിയന്ത്രണങ്ങള്‍ പാലിക്കുകയും വേണം. മറ്റ് പാര്‍ട്ടി നേതാക്കളുടെയോ അംഗങ്ങളുടെയോ കോലം കൊണ്ടു നടക്കുന്നതും പരസ്യമായി കോലം കത്തിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

ലഘുലേഖകള്‍, പോസ്റ്ററുകള്‍

ലഘുലേഖകളുടെയും പോസ്റ്ററുകളുടെയും പുറത്ത് അത് അച്ചടിക്കുന്നയാളിന്റെയും പ്രസാധകന്റെയും പേരും മേല്‍വിലാസവും കോപ്പികളുടെ എണ്ണവും ഉണ്ടായിരിക്കണം. കൂടാതെ അച്ചടിക്കുന്നതിനു മുന്‍പായി പ്രസാധകനെ തിരിച്ചറിയുന്നതിനായി രണ്ട് ആളുകള്‍ സാക്ഷ്യപ്പെടുത്തിയ നിശ്ചിതഫാറത്തിലുള്ള പ്രഖ്യാപനം അച്ചടിക്കുന്നയാളിന് (പ്രസ്സുടമ) നല്‍കേണ്ടതും അച്ചടിച്ചശേഷം മേല്‍പ്പറഞ്ഞ പ്രഖ്യാപനത്തോടൊപ്പം അച്ചടിരേഖയുടെ പകര്‍പ്പ് സഹിതം പ്രസ്സുടമ നിശ്ചിത ഫാറത്തില്‍ ജില്ലാതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അയച്ചുകൊടുക്കേണ്ടതുമാണ്.

തിരഞ്ഞെടുപ്പ് പരസ്യബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ സ്ഥാപിച്ചിട്ടുള്ളത് സംബന്ധിച്ച വിവരം വരണാധികാരിയെ നിശ്ചിത ഫോറത്തില്‍ അറിയിച്ചിരിക്കണം.

മാധ്യമ പരസ്യങ്ങള്‍

രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ത്ഥികളും പത്രം, ടെലിവിഷന്‍, റേഡിയോ, സാമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ നിയമാനുസൃതമായിരിക്കണം. അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ പാടില്ല.

വാഹനങ്ങള്‍

വാഹനങ്ങളില്‍ ലൗഡ് സ്പീക്കര്‍ ഘടിപ്പിച്ചോ മറ്റ് തരത്തിലോ മാറ്റങ്ങള്‍ വരുത്തിയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് മോട്ടോര്‍വാഹന നിയമങ്ങളും മറ്റ് നിയമങ്ങളും പാലിച്ചായിരിക്കണം.

ബന്ധപ്പെട്ട അധികാരികളില്‍ നിന്നും ആവശ്യമായ അനുമതി വാങ്ങിയ ശേഷം മാത്രമേ വാഹനങ്ങളില്‍ രൂപമാറ്റം വരുത്തി പ്രത്യേക പ്രചാരണവാഹനമായോ, വീഡിയോ പ്രചാരണവാഹനമായോ ഉപയോഗിക്കാവൂ.

പൊതുജനങ്ങള്‍ക്ക് അസൗകര്യമോ ശല്യമോ ഉണ്ടാകുന്ന വിധത്തില്‍ പ്രചരണ സാമഗ്രികള്‍ (കൊടി, ബാനര്‍, പോസ്റ്റര്‍, കട്ടൗട്ട് തുടങ്ങിയവ) സ്ഥാപിക്കാന്‍ പാടില്ല.

ആറ്റിങ്ങൽ നഗരസഭയിലേയ്ക്ക് മത്സരിക്കുന്ന യു.ഡി എഫ് ആദ്യ ഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ആറ്റിങ്ങൽ നഗരസഭയിലേയ്ക്ക് മത്സരിക്കുന്ന യു.ഡി എഫ് ആദ്യ ഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയിലേയ്ക്ക് മത്സരിക്കുന്ന യു.ഡി എഫ് ആദ്യ ഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വാർഡ് 1 കൊച്ചു വിള എസ് ബൈജൂ, 2 ആലംകോട് – ബി. എസ് ലാലി, 4 എൽ. എം. എസ് പി. എ അനിൽകുമാർ, 7 ആറാട്ട് കടവ്- ബി അരുണിമ,
8 അവനവഞ്ചേരി – ശോഭനകുമാരി, 11 കച്ചേരി – പി.എസ് കിരൺ, 13 അമ്പലമുക്ക് ആർ ഉഷാകുമാരി, 14 കോസ്മോഗാർഡൻ – വി. മല്ലിക, 15 ചിറ്റാറ്റിൻകര – എസ് ഷജീർ,
18 ഐ.ടി.ഐ- കെ. സതി, 19 പാർവ്വതിപുരം മഞ്ജു ജി, 20 കാത്തിരംകോണം – സിന്ധു ആർ, 21വിളയിൽ മൂല- എ.ആർ ശ്രീലേഖ, 22 ചെറുവള്ളിമുക്ക് -സതീഷ് കുമാർ, കൊടുമൺ -ദീപബാബു, 24 പാലസ് -ആർ.എസ് പ്രശാന്ത്, 25 എ.സി.എ.സി നഗർ ദീപരവി, 27പച്ചക്കുളം -ജി. ശശികുമാർ, 29 തോട്ടവാരം – എസ് വിജയകുമാർ, 30 കൊട്ടിയോട് – അഡ്വ: എ.എസ് പ്രശാന്ത്, 31ടൗൺ ഹാൾ – അഡ്വ: ബിന്ദു സതീഷ്, 32 മേലാറ്റിങ്ങൽ – കെ.വിനയകുമാർ.