ഓര്‍ഡര്‍ നല്‍കിയ ഭക്ഷണം വൈകിയത് ചോദ്യം ചെയ്തു; മൂന്നാറില്‍ വിനോദ സഞ്ചാരിയെ ചട്ടുകംകൊണ്ട് അടിച്ചു

ഓര്‍ഡര്‍ നല്‍കിയ ഭക്ഷണം വൈകിയത് ചോദ്യം ചെയ്തു; മൂന്നാറില്‍ വിനോദ സഞ്ചാരിയെ ചട്ടുകംകൊണ്ട് അടിച്ചു

മൂന്നാര്‍: ഓര്‍ഡര്‍ നല്‍കിയ ഭക്ഷണം നല്‍കാത്തതു ചോദ്യം ചെയ്ത വിനോദസഞ്ചാരിക്ക് നേരെ ആക്രമണം. യുവാവിനെ തട്ടുകടക്കാരന്‍ തലയ്ക്കടിച്ചു പരിക്കേല്‍പിച്ചു. കൊല്ലം അര്‍ക്കന്നൂര്‍ കാരാളിക്കോണം സ്വദേശി എം.ഷംനാദ് (33) ആണ് മര്‍ദനമേറ്റത്.

പരിക്കേറ്റ യുവാവിനെ ടാറ്റാ ടീ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 10നു പോസ്റ്റ് ഓഫിസ് കവലയിലുള്ള തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണു സംഭവം. സുഹൃത്തുമൊത്തു ഭക്ഷണം കഴിക്കാനെത്തിയ ഷംനാദ് ഭക്ഷണം ഓര്‍ഡര്‍ നല്‍കി കാത്തിരുന്നു. എന്നാല്‍, തനിക്ക് ശേഷം വന്നവര്‍ക്ക് ഭക്ഷണം കൊടുത്തതിനെ യുവാവ് ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് തട്ടുകടക്കാരനുമായി വാക്കുതര്‍ക്കമുണ്ടാകുകയായിവുന്നു. വാക്കുതര്‍ക്കം പിന്നീട് മര്‍ദനത്തില്‍ കലാശിക്കുകയായിരുന്നു.

യുവാവിനെ ഇരുമ്പുചട്ടുകം ഉപയോഗിച്ച് തലയിലും മുഖത്തും അടിച്ചു പരിക്കേല്‍പ്പിച്ചു. സുഹൃത്തും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

വോട്ടെണ്ണലില്‍ ഗുരുതര ക്രമക്കേടുകള്‍, ‘സെര്‍വര്‍ വാനുകള്‍’ ചുറ്റിത്തിരിയുന്നു; ആരോപണവുമായി കോണ്‍ഗ്രസ്

വോട്ടെണ്ണലില്‍ ഗുരുതര ക്രമക്കേടുകള്‍, ‘സെര്‍വര്‍ വാനുകള്‍’ ചുറ്റിത്തിരിയുന്നു; ആരോപണവുമായി കോണ്‍ഗ്രസ്

പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ ക്രമക്കേടുകള്‍ നടന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ്. വോട്ടെണ്ണല്‍ പ്രക്രിയയുടെ സുതാര്യതയിലും സമഗ്രതയിലും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാജേഷ് റാം സംശയം പ്രകടിപ്പിച്ചു. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ തന്നെ മഹാസഖ്യത്തെ മറികടന്ന് എന്‍ഡിഎ മുന്നണി ബഹുദൂരം മുന്നിലെത്തിയെന്ന് രാജേഷ് റാം പറഞ്ഞു.

വോട്ടെണ്ണല്‍ പ്രക്രിയയില്‍ ഗുരുതരമായ അപാകതകള്‍ നടന്നിട്ടുണ്ട്. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകള്‍ക്ക് ശേഷം നിരവധി കേന്ദ്രങ്ങളില്‍ പെട്ടെന്ന് മന്ദഗതിയിലായതായി രാജേഷ് റാം ആരോപിച്ചു. വോട്ടുകള്‍ മോഷ്ടിക്കാനാണ് അധികൃതര്‍ ശ്രമം നടത്തിയത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് ചുറ്റും ‘സെര്‍വര്‍ വാനുകള്‍’ ചുറ്റിത്തിരിയുന്നതായും ബൂത്തുകളില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും രാജേഷ് റാം പറഞ്ഞു.

മഹാരാഷ്ട്രയിലും ഹരിയാനയിലും വോട്ട് മോഷണം നടക്കാമെങ്കില്‍, ഇവിടെയും അത് സംഭവിച്ചിട്ടില്ല എന്ന് എങ്ങനെ കരുതാനാകും. ?. പ്രതിപക്ഷമോ ജനങ്ങളോ അങ്ങനെ സംശയിച്ചാല്‍ തെറ്റു പറയാനാകില്ല. തൊഴിലില്ലായ്മ, ആരോഗ്യ സംരക്ഷണത്തിന്റെ അഭാവം, കുടിയേറ്റ പ്രശ്‌നങ്ങള്‍ ഇവയിലെല്ലാം വോട്ടര്‍മാര്‍ക്ക് ഭരണകൂടത്തോട് കടുത്ത നീരസം ഉണ്ടായിരുന്നുവെന്നും രാജേഷ് റാം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബിഹാറിലെ തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാറായിട്ടില്ലെന്ന് ബിഹാറിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് കൃഷ്ണ അല്ലാവരു പറഞ്ഞു. ഇപ്പോഴത്തേത് പ്രാരംഭ സൂചനകള്‍ മാത്രമാണ്. അന്തിമഫലം വന്നതിനുശേഷം പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിഹാറില്‍ 61 സീറ്റുകളിലാണ് കോണ്‍ഗ്രസ് ഇത്തവണ മത്സരിച്ചത്. എന്നാല്‍ ലീഡില്‍ രണ്ടക്കം കടക്കാന്‍ പോലും കോണ്‍ഗ്രസിന് സാധിച്ചില്ല.

ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥിയെ എന്‍സിസിയില്‍ ചേര്‍ക്കാന്‍ കഴിയില്ല: ഹൈക്കോടതി

ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥിയെ എന്‍സിസിയില്‍ ചേര്‍ക്കാന്‍ കഴിയില്ല: ഹൈക്കോടതി

കൊച്ചി: നിലവിലുള്ള നിയമപ്രകാരം ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥിയെ എന്‍സിസി(നാഷണല്‍ കേഡറ്റ് കോര്‍പ്‌സ്)യില്‍ ചേര്‍ക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. 1948 നാഷണല്‍ കേഡറ്റ് കോര്‍പ്‌സ് ആക്ട് പ്രകാരം ഇതിന് അര്‍ഹതയില്ല. സ്ത്രീ, പുരുഷ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് അനുവാദമെന്നും കോടതി വ്യക്തമാക്കി. ട്രാന്‍സ്‌ജെന്‍ഡറായിട്ടുള്ളവര്‍ക്ക് എന്‍സിസിയില്‍ ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ട്രാന്‍സ്‌മെന്‍ ആയ ഒരാള്‍ നല്‍കിയ അപേക്ഷ ജസ്റ്റിസ് എന്‍ നാഗരേഷ് തള്ളി.

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് എന്‍സിസിയില്‍ ചേരാന്‍ അവസരം നല്‍കേണ്ടതാണെങ്കിലും അനുവാദം നല്‍കണമെങ്കില്‍ നിയമനിര്‍മാണം നടത്തേണ്ടിവരുമെന്നും ജഡ്ജി കൂട്ടിച്ചേര്‍ത്തു. എന്‍സിസിയില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് തുല്യ അവകാശം ലഭിക്കണമെന്നതാണ് ആവശ്യം. എന്നാല്‍ അവ നയപരമായ കാര്യങ്ങളാണ്. ഇതിന് മതിയായ പഠനങ്ങള്‍ ആവശ്യമാണ്, കോടതി കൂട്ടിച്ചേര്‍ത്തു.

എന്‍സിസി പരിശീലന പദ്ധതിയില്‍ കേഡറ്റുകള്‍ക്ക് പലപ്പോഴും ടെന്റിലും മറ്റുമായി പരിമിതമായ സാഹചര്യങ്ങളില്‍ താമസിക്കേണ്ടി വരുന്നു. കടുത്ത പരിശീലനം ആവശ്യമാണ്. വിവിധ തരത്തിലുള്ള ക്യാംപുകള്‍ ആവശ്യമാണ്. സിലബസിലെ സ്വഭാവം അനുസരിച്ച് വ്യത്യസ്ത ലിംഗത്തിലുള്ള കേഡറ്റുകളുടെ ക്ഷേമം അനിവാര്യമാണ്. അതുകൊണ്ട് തന്നെ ലിംഗഭേദത്തെ അടിസ്ഥാനമാക്കിയുള്ള വേര്‍തിരിവ് ഭരണഘടനാ വിരുദ്ധമോ ഏകപക്ഷീയമോ അല്ലെന്ന് കോടതി പറഞ്ഞു.എന്‍സിസിയുടെ 30 (കെ) ബെറ്റാലിയനില്‍ ചേരാന്‍ അനുവദിക്കണമെന്ന 22 വയസുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥിയുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചത്.

ട്രാന്‍സ്‌ജെന്‍ഡര്‍ ആയതിനാല്‍ എന്‍സിസിയില്‍ ചേരാന്‍ കഴിയില്ലെന്ന് ആദ്യം തന്നെ അറിയിച്ചു. ഇതിനെ ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. എന്തെങ്കിലും തരത്തിലുള്ള നയപരമായ മാറ്റം നടത്താന്‍ കഴിയുമോയെന്ന് അറിയാന്‍ വിധിയുടെ പകര്‍പ്പ് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനും നിയമ-നീതി മന്ത്രാലയത്തിനും അയച്ചുകൊടുക്കാനും രജിസ്ട്രിയോട് കോടതി നിര്‍ദേശിച്ചു. മറ്റൊരു കേസില്‍ ഒരു ട്രാന്‍സ് വുമണിന് വനിതാ കേഡറ്റായി എന്‍സിസിയില്‍ ചേരാന്‍ ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. 2024 മാര്‍ച്ചില്‍ കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഈ വിഷയത്തില്‍ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ശരിവെക്കുകയും ചെയ്തിട്ടുണ്ട്.

സി പി ഐ എം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറിയായി ആർ സുഭാഷിനെ തിരഞ്ഞെടുത്തു

സി പി ഐ എം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറിയായി ആർ സുഭാഷിനെ തിരഞ്ഞെടുത്തു

ആറ്റിങ്ങൽ: സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറിയായി ആര്‍ സുഭാഷിനെ തിരഞ്ഞെടുത്തു.
നിലവിലെ സെക്രട്ടറി എം പ്രദീപ് നഗരസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ തുടർന്നാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്.

സിപിഎം ജില്ലാ കമ്മിറ്റി അംഗമായ ആർ സുഭാഷ്, ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡൻറ്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, തിരുവനന്തപുരം ജില്ലാ കൗൺസിൽ അംഗം, ജില്ലാ പഞ്ചായത്ത് അംഗം,ജില്ലാ പഞ്ചായത്ത് ധനകാര്യ ആസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം, സിഐടിയു ജില്ലാ വൈസ് പ്രസിഡൻറ്, ട്രാവൻകൂർ കയർ ത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡൻറ് എന്നീ സ്ഥാനങ്ങളിൽ ഇപ്പോൾ പ്രവർത്തിക്കുന്നു

കാറിടിച്ച് ബൈക്ക് യാത്രികൻ മരണപ്പെട്ടു

കാറിടിച്ച് ബൈക്ക് യാത്രികൻ മരണപ്പെട്ടു

പാലോട് ഫോറസ്റ്റ് റെയ്‌ഞ്ച് ഓഫീസിനു സമീപം നടന്ന വാഹന അപകടത്തിൽ ബൈക്ക് യാത്രികനായ റിട്ട. കെഎസ്ആർടിസി ഡ്രൈവർ മരിച്ചു. നന്ദിയോട് മണ്ണാറംകുന്ന് നന്ദനത്തിൽ മുരളി (59)യാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം 3.30-മണിയോടെയായിരുന്നു അപകടം.ബൈക്കിൽ കാറിടിച്ചാണ് അപകടം.

ജവഹർ കോളനി സ്വദേശി പ്രസാദ് ഓടിച്ചിരുന്ന ഇലക്ട്രിക് കാറാണ് അപകടത്തിനു കാരണമായത്. പാലോടുനിന്ന്‌ പാണ്ഡ്യൻപാറയിലെ സുഹൃത്തിന്റെ വീട്ടിലേക്കു വരുന്നതിനിടെയാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മുരളിയെ കാർ ഇടിച്ചുവീഴ്ത്തിയത്. തുടർന്ന് ഇതേവാഹനം ഒരു ഓട്ടോയിൽ ഇടിക്കുകയും വീണ്ടും വൈദ്യുതത്തൂണിൽ ഇടിച്ചുമറിയുകയുമായിരുന്നു. കാർഡ്രൈവർ പ്രസാദ് സാരമായ പരിക്കുകളോടെ ചികിത്സയിലാണ്. മുരളിയുടെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
ഭാര്യ: ബിന്ദു.
മക്കൾ: അദ്വൈത് മിലൻ, അക്ഷയ്