ബാബു എസ് (56) നിര്യാതനായി

ബാബു എസ് (56) നിര്യാതനായി

ആറ്റിങ്ങൽ പൊയ്കമുക്ക് ശിവശൈലത്തിൽ ബാബു എസ് (56) നിര്യാതനായി.

ഭാര്യ: സന്ധ്യ
മക്കൾ: നിള ബാബു, നിതിൻ ബാബു
മരുമക്കൾ: അഭിജിത്ത് നമ്പ്യാർ, മീനു
സഞ്ചയനം ശനിയാഴ്ച രാവിലെ 8 30

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കുറ്റപത്രം സ്വീകരിച്ചില്ല, അന്വേഷണം തുടരാമെന്ന് ഡല്‍ഹി കോടതി

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കുറ്റപത്രം സ്വീകരിച്ചില്ല, അന്വേഷണം തുടരാമെന്ന് ഡല്‍ഹി കോടതി

ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ആശ്വാസം. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മറ്റ് അഞ്ച് പേര്‍ എന്നിവര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രം ഡല്‍ഹി കോടതി സ്വീകരിച്ചില്ല.

ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കേസില്‍ എഫ്‌ഐആര്‍ എടുത്തിട്ടില്ല. ആയതിനാല്‍, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ (പിഎംഎല്‍എ) പ്രകാരം ഏജന്‍സി സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കില്ലെന്ന് റൗസ് അവന്യൂ കോടതി പറഞ്ഞു. ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഈ കേസില്‍ ഇതിനകം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതായത് ഇഡിയുടെ വാദത്തില്‍ ഇപ്പോള്‍ വിധി പറയുന്നത് ‘അകാലവും വിവേകശൂന്യവു’മാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് പറഞ്ഞ ഇഡിക്ക് അന്വേഷണം തുടരാമെന്നും കോടതി പറഞ്ഞു.

കേസില്‍ ഏപ്രില്‍ 15 നാണ് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്. നാഷണല്‍ ഹെറാള്‍ഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന അസോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റഡിനെ യങ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തതില്‍ സാമ്പത്തിക ക്രമക്കേട് നടന്നതായാണ് ഇഡിയുടെ കണ്ടെത്തല്‍. നാഷണല്‍ ഹെറാള്‍ഡ് പത്രവും അനുബന്ധ സ്വത്തുക്കളുമായി ബന്ധപ്പെട്ട് ഗാന്ധി കുടുംബം വന്‍തോതില്‍ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. കള്ളപ്പണം വെളുപ്പിക്കലിലൂടെ 142 കോടി രൂപയുടെ ലാഭം ഗാന്ധി കുടുംബം സ്വന്തമാക്കിയെന്നാണ് വാദം.

2008-ലാണ് കടുത്ത സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് നാഷണല്‍ ഹെറാള്‍ഡ് പത്രം പൂട്ടിയത്. 2010-ല്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് രൂപീകരിച്ച യങ് ഇന്ത്യന്‍ എന്ന കമ്പനി നാഷണല്‍ ഹെറാള്‍ഡിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണല്‍സ് വാങ്ങിയത് തുച്ഛമായ തുകയ്ക്കാണെന്നാണ് ഇഡിയുടെ വാദം. ദില്ലി, ലഖ്‌നൗ, മുംബൈ അടക്കമുള്ള നഗരങ്ങളില്‍ രണ്ടായിരം കോടിയോളം വില മതിക്കുന്ന കെട്ടിടങ്ങള്‍ ഇതോടെ സോണിയയുടെയും രാഹുലിന്റെയും സ്വന്തമായി എന്നും ഇഡി പറയുന്നു.

യുഡിഎഫ് യോഗം 22 ന്; മുന്നണി വിപുലീകരണം ചര്‍ച്ചയാകും: അടൂര്‍ പ്രകാശ്

യുഡിഎഫ് യോഗം 22 ന്; മുന്നണി വിപുലീകരണം ചര്‍ച്ചയാകും: അടൂര്‍ പ്രകാശ്

തിരുവനന്തപുരം: യുഡിഎഫ് നേതൃയോഗം ഈ മാസം 22 ന് ചേരും. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. മുന്നണി വിപുലീകരണം അടക്കം ചര്‍ച്ച ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തില്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളോടും നന്ദിയും കടപ്പാടും അറിയിക്കുന്നതായും കണ്‍വീനര്‍ കൂട്ടിച്ചേര്‍ത്തു.

ഏതൊക്കെ പാര്‍ട്ടികളേയും മുന്നണികളേയും ഉള്‍പ്പെടുത്തണം എന്നതു യോഗത്തില്‍ ചര്‍ച്ച ചെയ്യും. ടീം വര്‍ക്കിന് കേരളത്തിലെ ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് യുഡിഎഫിന് ലഭിച്ച വിജയം. സംസ്ഥാനത്തെ 505 പഞ്ചായത്തുകളില്‍ വ്യക്തമായ ഭൂരിപക്ഷം നേടാന്‍ സാധിച്ചു. നിലവില്‍ ടൈ ആയി നില്‍ക്കുന്ന പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും നറുക്കെടുപ്പിലൂടെ യുഡിഎഫിന് അധികാരം ലഭിക്കാനുള്ള അവസരം ലക്ഷ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

യുഡിഎഫിലേക്ക് കൂടുതല്‍ പാര്‍ട്ടികളെ ക്ഷണിച്ചുകൊണ്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അഭിപ്രായപ്പെട്ടിരുന്നു. മുന്നണി വിപുലീകരണം ലക്ഷ്യമിട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചിരുന്നു. മുന്നണി രാഷ്ട്രീയത്തിന് പുതിയ മാനങ്ങള്‍ നല്‍കുന്ന, വളരെ വിപുലമായ ഒരു വലിയ പൊളിറ്റിക്കല്‍ പ്ലാറ്റ്ഫോം ആയി യുഡിഎഫ് മാറുമെന്ന് വിഡി സതീശന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലെത്തിക്കാനാണ് ഒരുവിഭാഗം ആഗ്രഹിക്കുന്നത്. എന്നാല്‍ കേരള കോണ്‍ഗ്രസ് പി ജെ ജോസഫ് വിഭാഗം ജോസ് കെ മാണിയെയും പാര്‍ട്ടിയെയും യുഡിഎഫിലെടുക്കുന്നതിനെ എതിര്‍ക്കുകയാണ്.

ഷഹീൻ അഫ്രീദിയുടെ അരങ്ങേറ്റം തന്നെ ‘കുളമായി’

ഷഹീൻ അഫ്രീദിയുടെ അരങ്ങേറ്റം തന്നെ ‘കുളമായി’

മെൽബൺ: ലക്കും ല​ഗാനുമില്ലാതെ പന്തെറിഞ്ഞ് നല്ല തല്ല് വാങ്ങി പാകിസ്ഥാന്റെ ഏറ്റവും മികച്ച ബൗളറെന്നു വിളിപ്പേരുള്ള ഷഹീൻ ഷാ അഫ്രീദി. പിന്നാലെ വിലക്കും കിട്ടി. ബി​ഗ് ബാഷ് ലീ​ഗിൽ ആദ്യമായി കളിക്കാനിറങ്ങിയ ഷഹീൻ അഫ്രീദി മറക്കാനാ​ഗ്രഹിക്കുന്ന തുടക്കമായിപ്പോയി കിട്ടിയത്. ബ്രിസ്ബെയ്ൻ ഹീറ്റിനായി കളിക്കാനിറങ്ങിയാണ് ഷഹീൻ കനത്ത പ്രഹരമേറ്റതും അപകടകരമായി പന്തെറിഞ്ഞ് വിലക്ക് നേരിട്ടതും. മെൽബൺ റന​ഗേഡ്സുമായുള്ള മത്സരത്തിലാണ് താരം കൈയും കണക്കുമില്ലാതെ റൺസ് വഴങ്ങിയത്. മത്സരത്തിൽ ബ്രിസ്ബെയ്ൻ 14 റൺസിനു തോൽക്കുകയും ചെയ്തു.

2.4 ഓവര്‍ എറിഞ്ഞ ഷഹീന്‍ 43 റണ്‍സാണ് വിട്ടുകൊടുത്തത്. രണ്ട് സിക്‌സും നാല് ഫോറും രണ്ട് വൈഡും മൂന്ന് നോബോളും അടങ്ങുന്നതായിരുന്നു ബൗളിങ്. ബി​ഗ് ബാഷിലെ അരങ്ങേറ്റ മത്സരം താരത്തിനു സ്പെൽ പൂർത്തിയാക്കാനാകാതെ അവസാനിപ്പിക്കേണ്ടിയും വന്നു.

ടോസ് നേടിയ ബ്രിസ്ബെയ്ൻ ഹീറ്റ്, മെൽബൺ റെനഗേഡ്‌സിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. മെൽബൺ ഇന്നിങ്സിന്റെ രണ്ടാം ഓവറിലാണ് ഷഹീൻ ആദ്യമായി പന്തെറിയാനെത്തിയത്. ആ ഓവറിൽ രണ്ടു ഫോറടക്കം 9 റണ്‍സാണ് ഷഹീൻ വഴങ്ങിയത്. പിന്നീട് 13ാം ഓവറിലാണ് ഷഹീൻ പന്തെറിഞ്ഞത്. എന്നാൽ ആ ഓവറിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 19 റൺസ് താരം വഴങ്ങി. പിന്നീട് 18ാം ഓവറിൽ വീണ്ടും ഷഹീനെ പന്തേൽപ്പിച്ചെങ്കിലും ഓവറിലെ ആദ്യ പന്തിൽ തന്നെ സിക്സർ വഴങ്ങി.

പിന്നീട് 3, 4, 5 പന്തുകളിൽ തുടർച്ചയായി നോബോളുകൾ എറിഞ്ഞു. ഇതിൽ രണ്ട് പന്തുകൾ ബാറ്ററുടെ അരയ്ക്കു മുകളിലൂടെ പോയ ഫുൾ ടോസ് പന്തുകളായതോടെ ഓവർ പൂർത്തിയാക്കുന്നതിൽ നിന്നു താരത്തെ ഫീൽഡ് അംപയർ വിലക്കി. അപകടകരമായ രീതിയിൽ രണ്ടു ബീമർ എറിഞ്ഞതിനാലാണ് ഷഹീനു വിലക്ക് വന്നത്. ക്യാപ്റ്റൻ നതാൻ മക്‌സ്വീനിയാണ് ഓവർ പൂർത്തിയാക്കിയത്.

പി എസ് സി വിജ്ഞാപനമിറങ്ങി; ആരോഗ്യ,ജലസേചന വകുപ്പിൽ നിരവധി ഒഴിവുകൾ

പി എസ് സി വിജ്ഞാപനമിറങ്ങി; ആരോഗ്യ,ജലസേചന വകുപ്പിൽ നിരവധി ഒഴിവുകൾ

കേരളാ പബ്ലിക് സർവീസ് കമ്മീഷൻ (PSC) ആരോഗ്യ, ജലസേചന വകുപ്പുകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. സ്റ്റേറ്റ് ഹെല്‍ത്ത് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍,അസിസ്റ്റന്റ് എഞ്ചീനീയര്‍ (സിവില്‍) എന്നി തസ്തികകളിലാണ് ഒഴിവുകളുള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 14.01.2026.

സ്റ്റേറ്റ് ഹെല്‍ത്ത് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍
1. വകുപ്പ് : ആരോഗ്യ വകുപ്പ്

2. ഉദ്യോഗപേര് : സ്റ്റേറ്റ് ഹെല്‍ത്ത് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍

3. ശമ്പളം : ₹ 59,300 – 1,20,900/-

4. ഒഴിവുകളുടെ എണ്ണം : 01 (ഒന്ന്)

5. നിയമന രീതി : നേരിട്ടുള്ള നിയമനം

6. പ്രായപരിധി : 01.01.2025 – ല്‍ 44 (നാല്പത്തിനാല്) വയസ്സ് തികയാന്‍ പാടില്ല.

7. യോഗ്യതകള്‍ : 1. കേരള സര്‍ക്കാരിന്റെ അംഗീകാരമുള്ള മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍ എന്നി ശാഖകളിൽ എഞ്ചിനീയറിങ്ങോ അല്ലെങ്കിൽ ഡിപ്ലോമയോ പാസായിരിക്കണം. 2. ഒരു ട്രാന്‍സ്പോര്‍ട്ട് സ്ഥാപനത്തിലെ ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പില്‍ നിന്നും ബോഡി നിര്‍മാണത്തിലുള്ള പരിചയം ഉള്‍പ്പെടെ (a) ബിരുദധാരികള്‍ക്ക് 5 വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയം (b) ഡിപ്ലോമക്കാര്‍ക്ക് 8 വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയം.

വിശദ വിവരങ്ങൾക്ക് സന്ദർശിക്കുക.

https://www.keralapsc.gov.in/sites/default/files/2025-12/noti-536-25.pdf

അസിസ്റ്റന്റ് എഞ്ചീനീയര്‍ (സിവില്‍)
1. വകുപ്പ് : ജലസേചന വകുപ്പ്

2. ഉദ്യോഗപ്പേര് : അസിസ്റ്റന്റ് എഞ്ചീനീയര്‍ (സിവില്‍)

3. ശമ്പളം : ₹ 55,200 – 1,15,300/-

4. ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകള്‍

5. നിയമന രീതി : നേരിട്ടുള്ള നിയമനം

6. പ്രായപരിധി : 18-36 ഉദ്യോഗാര്‍ത്ഥികള്‍ 02-01-1989 -നും 01.01.2007-നും ഇടയില്‍ ജനിച്ചവരായിരിക്കണം.

7. യോഗ്യതകള്‍ : (I) കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലയില്‍ നിന്നും നേടിയിട്ടുള്ള സിവില്‍ എഞ്ചിനീയറിങിലുള്ള ബിരുദം. അല്ലെങ്കില്‍ തത്തുല്യമായി അംഗീകരിച്ചിട്ടുള്ള മറ്റ് ഏതെങ്കിലും യോഗ്യത . അല്ലെങ്കില്‍ (ii) ഇൻഡ്യൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്സിന്റെ സിവില്‍ എഞ്ചിനീയറിങിലുള്ള അസോസിയേറ്റ് മെമ്പര്‍ഷിപ്പ്.

വിശദ വിവരങ്ങൾക്ക് സന്ദർശിക്കുക

https://www.keralapsc.gov.in/sites/default/files/2025-12/noti-537-25.pdf