by Midhun HP News | Mar 2, 2026 | Latest News, ജില്ലാ വാർത്ത
പാലക്കാട് : ചലച്ചിത്ര- ടെലിവിഷന്‍ നടനും സംവിധായകനുമായ രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും. പാലക്കാട് മത്സരിക്കാന്‍ രമേഷ് സന്നദ്ധത അറിയിച്ചതായാണ് സൂചന. ഇതേത്തുടര്‍ന്ന് സ്‌ക്രീനിങ് കമ്മിറ്റിക്ക് കൈമാറിയ പട്ടികയില്‍ പാലക്കാട് രമേഷിന്റെ പേരു മാത്രമാണ് ഉള്ളതെന്നാണ് വിവരം.
നേരത്തെ മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍ അടക്കമുള്ളവരുടെ പേരുകള്‍ പാലക്കാട്ടേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ അന്തിമ പട്ടികയില്‍ രമേഷിന്റെ പേരാണ് ഇടംപിടിച്ചിട്ടുള്ളത്. സിനിമാ, ടെലിവിഷന്‍ താരമെന്ന നിലയ്ക്കുള്ള രമേഷ് പിഷാരടിയുടെ പ്രശസ്തിയും സ്വീകാര്യതയും വോട്ടായി മാറുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
രമേഷ് പിഷാരടി മത്സരിച്ചാല്‍ വിജയസാധ്യത ഏറുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. പാലക്കാട്ടെ സിറ്റിങ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ ബലാത്സംഗക്കേസിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതോടെയാണ് മണ്ഡലം നിലനിര്‍ത്താനായി യുഡിഎഫ് കരുത്തനായ ഒരു സ്ഥാനാര്‍ഥിയെ തേടുന്നത്. നേരത്തെ തൃപ്പൂണിത്തുറ മണ്ഡലത്തിലും രമേഷ് പിഷാരടിയുടെ പേര് ഉയര്‍ന്നുകേട്ടിരുന്നു.


by Midhun HP News | Mar 2, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ വലിയകുന്നു താലൂക്ക് ആശുപത്രിയിൽ എച്ച് പി വി വാക്‌സിനേഷൻ ആരംഭിച്ചു. സ്ത്രീകളിൽ വർദ്ധിച്ചു വരുന്ന സെർവിക്സ് ക്യാൻസർ തടയുന്നതിന്റെ ഭാഗമായി എച്ച് പി വി വാക്സിൻ നൽകുവാൻ സർക്കാർ തീരുമാനിച്ചിട്ടുള്ളതിനാൽ 14 വയസ്സ് മുതൽ 15 വയസ്സും മൂന്നുമാസം വരെ പ്രായമുള്ള പെൺകുട്ടികൾക്കാണ് വാക്സിൻ നൽകുന്നത്.
ഈ വാക്സിൻ രജിസ്റ്റർ ചെയ്യുന്നതിന് വാർഡിലെ ആരോഗ്യപ്രവർത്തകരായിട്ടുള്ള ആശാവർക്കർ അറിയിക്കേണ്ടതാണ്. വലിയകുന്ന് ആശുപത്രിയിൽ ഞായർ ഒഴികെ തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മണി മുതൽ ഒരു മണി വരെ വാക്‌സിൻ നൽകുന്നതാണ്. ആധാർ കാർഡ്, ആധാർ കാർഡ് ലിങ്ക് ചെയ്ത ഫോൺ നമ്പറുമായി രക്ഷകർത്താവ് കുട്ടിയെ കൊണ്ട് വരേണ്ടതാണ്.
മെഡിക്കൽ ഓഫീസർ ഡോക്ടർ പ്രീത സോമന്റെ നേതൃത്വത്തിൽ 16 കുട്ടികൾക്ക് ഇന്ന് വാക്സിൻ നൽകിയിട്ടുണ്ട്. ബാക്ക് എടുത്ത കുട്ടികൾക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റും നൽകിയിട്ടുള്ളതാണ്. പീഡിയാട്രിക് വിഭാഗം ഡോക്ടർ മഞ്ജു വാക്സിൻ എടുക്കുന്നേണ്ടുന്ന ഗുണങ്ങളെ കുറിച്ച് ബോധ വൽക്കരണം നൽകി. ഗൈനറ്റ് വിഭാഗം ഡോക്ടർ ഗീത വേണുഗോപാൽ ഡോക്ടർ രാഹിത ജി. JPHN മാർ ആശാവർക്കർ മറ്റ് ആരോഗ്യ പ്രവർത്തക പങ്കെടുത്തു. ഈ വാക്‌സിൻ ഗർഭാശയമുഖ ക്യാൻസറിനെ പ്രതിരോധിക്കാനുള്ള വളരെ സുരക്ഷിതമായ മാർഗ്ഗമാണ്ണ്.
വാക്‌സിനേഷൻ ആരംഭിച്ച തീയതി: 2026 ഫെബ്രുവരി 28.
വാക്സിൻ്റെ പേര്:ഗാർഡസിൽ 4 (Gardasil ) ഇത് ഒറ്റ ഡോസ് (0.5 ml) ആയി ഇടത് മേൽക്കൈയ്യിലാണ് നൽകുന്നത്.
14 വയസ്സ് തികഞ്ഞ പെൺകുട്ടികൾക്ക് (14-ാം ജന്മദിനം ആഘോഷിച്ചവർ, എന്നാൽ 15 വയസ്സ് തികയാത്തവർ).
ക്യാമ്പയിൻ ആരംഭിച്ച് 90 ദിവസത്തിനുള്ളിൽ 15 വയസ്സ് തികയുന്ന പെൺകുട്ടികൾക്കും ഈ അവസരം പ്രയോജനപ്പെടുത്താം.
ആർക്കെല്ലാം വാക്സിൻ നൽകരുത്…….
1 കഠിനമായ അസുഖമുള്ളവർക്ക് സുഖം പ്രാപിച്ച ശേഷം വാക്സിൻ നൽകാം
2 മുമ്പ് വാക്സിൻ എടുത്തപ്പോൾ അലർജി ഉണ്ടായവർ അല്ലെങ്കിൽ ഈസ്റ്റ് (Yeast) അലർജി ഉള്ളവർക്ക് വാക്സിൻ നൽകരുത്.
3 ഗർഭിണികൾ.
4 നിശ്ചിത പ്രായപരിധിയിൽ അല്ലാത്തവർ.
5 നേരത്തെ തന്നെ HPV വാക്സിൻ (Gardasil/Cervarix/Cervavac) ഒന്നോ അതിലധികമോ ഡോസ് എടുത്തവർ.
എവിടെ വെച്ച് ലഭിക്കും?…..
സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ മാത്രം (PHC, CHC, മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ തുടങ്ങിയവ).
സ്വീകരിക്കേണ്ട മുൻകരുതലുകൾ……
1 വാക്സിനേഷന് മുമ്പ്: പെൺകുട്ടികൾ ആഹാരം കഴിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
2 വെറും വയറ്റിൽ വാക്സിൻ നൽകരുത്.
വാക്സിനേഷന് ശേഷം:…….
1 വാക്സിൻ എടുത്ത ശേഷം 30 മിനിറ്റ് നിരീക്ഷണത്തിൽ ഇരിക്കണം.
പ്രധാന വിവരങ്ങൾ……
1. പാർശ്വഫലങ്ങളും പരിഹാരങ്ങളും (AEFI Management)
HPV വാക്സിൻ സുരക്ഷിതമാണ്. കുത്തിവെപ്പെടുത്ത ഭാഗത്ത് ചെറിയ വേദന, ചുവപ്പ്, അല്ലെങ്കിൽ തടിപ്പ് എന്നിവ ഉണ്ടാകാം. ചിലപ്പോൾ പനി, തലവേദന, തലകറക്കം എന്നിവ അനുഭവപ്പെട്ടേക്കാം. ഇത് സാധാരണയായി രണ്ട് ദിവസത്തിനുള്ളിൽ മാറുന്നതാണ്.
ധാരാളം വെള്ളം കുടിക്കുക, പനിയുണ്ടെങ്കിൽ പാരാസെറ്റമോൾ കഴിക്കുക,
എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളും അടുത്തുള്ള ആശുപത്രികളുമായി ബന്ധിപ്പിച്ചിരിക്കും. അടിയന്തര സാഹചര്യങ്ങൾക്കായി ഹെൽപ്പ് ലൈൻ നമ്പറുകളും ലഭ്യമായിരിക്കും.
2. സമ്മതപത്രം
പെൺകുട്ടികൾക്ക് വാക്സിൻ നൽകുന്നതിന് മുമ്പ് രക്ഷിതാക്കളുടെ സമ്മതം നിർബന്ധമാണ്.
U-WIN പോർട്ടൽ വഴിയോ അല്ലെങ്കിൽ നേരിട്ട് രേഖാമൂലമോ (Hard copy) സമ്മതം അറിയിക്കാം.
3. വാക്സിനേഷൻ കാലാവധി
പ്രത്യേക ക്യാമ്പയിൻ വഴി 3 മാസം (90 ദിവസം) വാക്സിൻ ലഭ്യമാകും. അതിനുശേഷം ഇത് സാധാരണ പ്രതിരോധ കുത്തിവെപ്പ് ദിവസങ്ങളിൽ ലഭ്യമായിരിക്കും.
4. രജിസ്ട്രേഷൻ രീതി……
U-WIN പ്ലാറ്റ്ഫോം വഴിയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്.
രക്ഷിതാക്കൾക്ക് സ്വയം രജിസ്റ്റർ ചെയ്യാം അല്ലെങ്കിൽ ആരോഗ്യ പ്രവർത്തകരുടെ സഹായം തേടാം.
നേരിട്ട് വാക്സിനേഷൻ കേന്ദ്രത്തിലെത്തിയും രജിസ്റ്റർ ചെയ്യാവുന്നതാണ്.
5. മറ്റ് കാര്യങ്ങൾ
വിരലിൽ അടയാളം: വാക്സിൻ എടുത്ത ശേഷം ഇടത് കൈയിലെ ചൂണ്ടുവിരലിൽ മഷി കൊണ്ട് അടയാളപ്പെടുത്തും.
സർട്ടിഫിക്കറ്റ്: വാക്സിനേഷൻ പൂർത്തിയായാൽ ഡിജിറ്റൽ സർട്ടിഫിക്കറ്റ് U-WIN പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.


by Midhun HP News | Mar 2, 2026 | Latest News, കായികം
ലോകം മുഴുവനിപ്പോൾ ഒറ്റ പേരിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. ഒറ്റയാൾ പോരാട്ടത്തിലൂടെ ടി20 ലോകകപ്പിൽ ഇന്ത്യയെ സെമി ഫൈനലിലേക്ക് നയിച്ച സഞ്ജു സാംസൺ. ആരാധകരുടെ സ്വന്തം ചേട്ടനും ചേട്ടായിയുമൊക്കെയായ സഞ്ജുവിന് അഭിനന്ദനപ്രവാഹമാണ്. മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും വരെ വാനോളം പുകഴ്ത്തുകയാണ് സഞ്ജുവിനെ.
മലയാള സിനിമയുടെ കരുത്തരായ മമ്മൂട്ടിയും മോഹൻലാലും സഞ്ജുവിന്റെ പോരാട്ടവീര്യത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തി. പൃഥ്വിരാജ്, നിവിൻ പോളി, ഇന്ദ്രജിത്ത്, നസ്രിയ, ബേസിൽ ജോസഫ്, ദുൽഖർ സൽമാൻ തുടങ്ങി നിരവധിപ്പേരാണ് സഞ്ജുവിനെ അഭിനന്ദിച്ചുകൊണ്ട് സാമൂഹികമാധ്യമങ്ങളിൽ എത്തിയത്.
“സഞ്ജു, നീ ഞങ്ങളെ വീണ്ടും അഭിമാനിപ്പിച്ചു” എന്ന് മമ്മൂട്ടി കുറിച്ചപ്പോൾ, സഞ്ജുവിന്റെ ഇന്നിംഗ്സ് ഓരോ മലയാളിക്കും അഭിമാന നിമിഷമാണെന്ന് മോഹൻലാൽ പ്രതികരിച്ചു. ‘‘ക്ലാസ്. തനി ആധിപത്യം. ഏറ്റവും വലിയ വേദിയിൽ ഭയമില്ലാത്ത ഒരു പ്രഖ്യാപനം. സെമി ഫൈനലിലേക്ക് മുന്നേറിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങൾ.’’- മമ്മൂട്ടി കുറിച്ചു.
‘സഞ്ജുവിനെ ഇത്രയും ഉജ്ജ്വലമായ ഫോമിൽ കാണുന്നത് ആവേശകരമാണ്! അദ്ദേഹത്തിന്റെ സ്വഭാവത്തെയും കഴിവിനെയും വിളിച്ചോതുന്ന, തികച്ചും മാസ്റ്റർഫുൾ ആയ ഒരു ഇന്നിങ്സ്. സെമി ഫൈനലിലേക്ക് കുതിച്ചെത്തിയ ഇന്ത്യൻ ടീമിന് ഒന്നടങ്കം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നമ്മുടെ പതാക എപ്പോഴും ഉയരത്തിൽ പാറട്ടെ.’- മോഹൻലാലിന്റെ വാക്കുകൾ. ‘എന്റെ മാൻ ഒരിക്കലും തോറ്റു കൊടുക്കില്ല!! ! തീർച്ചയായും ഒരു ഇന്നിംഗ്‌സിന്റെ പ്രസ്താവന!’- ബേസിൽ കുറിച്ചു. ആഷിക് അബു ചിത്രം ‘റൈഫിള്‍ ക്ലബ്ബിലെ’ വിജയരാഘവന്‍റെ രംഗത്തിലെ ഡയലോഗും ഇന്നലെ ട്രെന്‍ഡായി.
‘സത്യം പറ ചേട്ടായി, ഇങ്ങനെയൊരു ദിവസം ആഗ്രഹിച്ചിരുന്നില്ലേ’, സഞ്ജുവിന്‍റെ ചിത്രത്തിനൊപ്പം ഈ ഡയലോഗും വൈറലായി കൊണ്ടിരിക്കുകയാണ്. ലോകവേദിയിൽ സഞ്ജുവിന്റെ ബാറ്റ് ശബ്ദിക്കുമ്പോൾ അത് കേരളത്തിന്റെ കായിക ചരിത്രത്തിലെ തന്നെ സുവർണ്ണ അധ്യായമായി മാറുകയാണ്.


by Midhun HP News | Mar 2, 2026 | Latest News, ദേശീയ വാർത്ത
ടെഹ്റാന്‍: യുഎസ് – ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാന്‍ സൈപ്രസിലെ ബ്രിട്ടീഷ് വ്യോമതാവളം ആക്രമിച്ചതായി റിപ്പോര്‍ട്ട്. സൈനികതാവളം സ്ഥിതി ചെയ്യുന്ന സൈപ്രസ് ലക്ഷ്യമാക്കി രണ്ട് മിസൈലുകളാണ് ഇറാന്‍ പ്രയോഗിച്ചതെന്ന് യുകെ പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലി പറഞ്ഞു. ഇറാന്റെ നടപടി സഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയേക്കുമെന്നാണ് ബ്രിട്ടന്റെ മുന്നറിയിപ്പ്. ഇപ്പോഴുണ്ടായിരിക്കുന്ന നീക്കം ഗൗരവമേറിയതാണ്. ഇന്നലെ, ഇറാന്‍ ആക്രമിച്ച ബഹ്റൈന്‍ താവളത്തില്‍ തങ്ങളുടെ 300 സൈനികര്‍ ഉണ്ടായിരുന്നു. മിസൈലുകളും ഡ്രോണുകളും പതിച്ച സ്ഥലത്തുനിന്ന് ഏതാനും നൂറ് വാര അകലെയായിരുന്നു അവര്‍ എന്നും യു കെ പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലി പറഞ്ഞു.
ഇറാന് എതിരായ സൈനിക നടപടികള്‍ക്ക് മേഖലയിലെ ബ്രിട്ടിഷ് സൈനിക താവളങ്ങള്‍ ഉപയോഗിക്കാനുള്ള അമേരിക്കയുടെ അഭ്യര്‍ഥന രാജ്യം അംഗീകരിച്ചെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമര്‍ അറിയച്ചതിന് പിന്നാലെയാണ് സൈപ്രസിലെ ആക്രണം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ആക്രമണത്തില്‍ യുകെ പങ്കെടുക്കില്ല. ഇറാന്‍ മിസൈലുകള്‍ തൊടുക്കുന്നത് തടയുക എന്ന പ്രതിരോധ ലക്ഷ്യത്തോടെയാണ് യുഎസിന് താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയതെന്ന് എക്‌സിലെ വിഡിയോ സന്ദേശത്തില്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി പറഞ്ഞു. ശനിയാഴ്ച ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ട യുഎസ്-ഇസ്രയേല്‍ സംയുക്ത വ്യോമാക്രമണത്തില്‍ ബ്രിട്ടന്‍ പങ്കെടുത്തിട്ടില്ലെന്നും ഇനി നടക്കാനിരിക്കുന്ന ആക്രമണങ്ങളിലും പങ്കുചേരില്ലെന്നും അദ്ദേഹം പറഞ്ഞു.


by Midhun HP News | Mar 2, 2026 | Latest News, കേരളം
കൊച്ചി: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ആഗോള വിപണിയില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെ കേരളത്തില്‍ ഇടിവ് രേഖപ്പെടുത്തി സ്വര്‍ണവില. സംസ്ഥാനത്ത് പവന് 2400 രൂപ കുറഞ്ഞ് 1,24,520 രൂപയായി. ഗ്രാമിന് 300 രൂപ കുറഞ്ഞ് 15,565 രൂപയുമായി. വില ഇനിയും കൂടുമെന്ന് പ്രതീക്ഷിച്ചപ്പോഴാണ് ഇടിവുണ്ടായത്.
ആഗോള വിപണിയില്‍ ഇന്ന് ഔണ്‍സ് സ്വര്‍ണത്തിന് 5363 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഡോളര്‍ സൂചിക 97.82 എന്ന നിരക്കിലേയ്ക്ക് ഉയര്‍ന്നു. വെള്ളി 1.46 ഡോളര്‍ വര്‍ധിച്ച് 93.86 ഡോളറിലുമാണ്. ഇന്നലെ ആഗോള വിപണികള്‍ അവധിയായിട്ടും കേരളത്തില്‍ സ്വര്‍ണവില വര്‍ധിപ്പിച്ചതിനാലാണ് വ്യാപാരികള്‍ക്ക് ഇന്ന് വില കുറയ്‌ക്കേണ്ടി വന്നത്. കഴിഞ്ഞ രണ്ടു ദിവസം കൊണ്ടുമാത്രം 8440 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിനുണ്ടായത്. അതിനിടെയാണ് ഇന്ന് പവന് 2400 രൂപ കുറഞ്ഞത്.
കഴിഞ്ഞദിവസം സ്വര്‍ണവിലയില്‍ വന്‍ കുതിപ്പായിരുന്നു ഉണ്ടായിരുന്നത്. ഇസ്രയേലും യുഎസും ചേര്‍ന്ന് ഇറാനെതിരെ യുദ്ധം ആരംഭിച്ചതോടെയാണ് സ്വര്‍ണവിലയില്‍ കുതിപ്പുണ്ടായത്. ഇന്നലെ പവന് 1,26,920 രൂപയായിരുന്നു. പവന് 3200 രൂപയാണ് ഇന്നലെ വര്‍ധിച്ചത്. ശനിയാഴ്ച രണ്ട് തവണയായി 5240 രൂപയാണ് പവന് വര്‍ധിച്ചത്.
ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 82 ഡോളറിലെത്തി. മൂന്ന് ദിവസം മുമ്പ് വരെ എഴുപത് ഡോളറിന് താഴെയായിരുന്നു വില. ഇന്ത്യന്‍ ഓഹരി വിപണിയിലും തകര്‍ച്ച ഉണ്ടായി. വ്യാപാരം തുടഭങ്ങിയപ്പോള്‍ തന്നെ സെന്‍സെക്‌സും നിഫ്റ്റിയും തകര്‍ച്ചയിലായി.


Recent Comments