ലക്ഷത്തിലേക്ക് അടുത്ത് സ്വര്‍ണ വില, ഇന്നു കൂടിയത് 2840 രൂപ

ലക്ഷത്തിലേക്ക് അടുത്ത് സ്വര്‍ണ വില, ഇന്നു കൂടിയത് 2840 രൂപ

കൊച്ചി: റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന സ്വര്‍ണവില പവന് ഒരു ലക്ഷത്തിലേക്ക് അതിവേഗം അടുക്കുന്നു. ഇന്ന് 2840 രൂപയാണ് വില ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 97,360 രൂപ. ഗ്രാമിന് 355 രൂപ ഉയര്‍ന്ന് 12,170 ആയി.തുടര്‍ച്ചയായി വന്‍ വര്‍ധന രേഖപ്പെടുത്തിയ സ്വര്‍ണ വില ഇന്നലെ മാറ്റമില്ലാതെ തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം രണ്ടു തവണയായി പവന് 800 രൂപയാണ് വര്‍ധിച്ചത്.

എട്ടിനാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്. തൊട്ടടുത്ത ദിവസം 91,000 കടന്ന് കുതിക്കുകയായിരുന്നു. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകിയെത്തുന്നതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം.

അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

‘ശിരോവസ്ത്രമിട്ട ടീച്ചര്‍ കുട്ടിയുടെ ശിരോവസ്ത്രം വിലക്കുന്നത് വിരോധാഭാസം’: മറുപടി പറയേണ്ടി വരുമെന്ന് മന്ത്രി ശിവന്‍കുട്ടി

‘ശിരോവസ്ത്രമിട്ട ടീച്ചര്‍ കുട്ടിയുടെ ശിരോവസ്ത്രം വിലക്കുന്നത് വിരോധാഭാസം’: മറുപടി പറയേണ്ടി വരുമെന്ന് മന്ത്രി ശിവന്‍കുട്ടി

കൊച്ചി: ഹിജാബ് വിവാദത്തിന്റെ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഏതെങ്കിലും ഒരു മാനേജ്‌മെന്റ് വിദ്യാഭ്യാസ രംഗത്തെ അധികാരങ്ങള്‍ സ്വയം ഏറ്റെടുത്ത് ഭരണം നടത്താമെന്ന് ധരിച്ചാല്‍ നടക്കില്ല. ഇനിയെങ്കിലും ആ കുട്ടിയെ വിളിച്ച് സംസാരിച്ച് പ്രശ്‌നങ്ങള്‍ തീര്‍ക്കണം. കുട്ടി സ്‌കൂളില്‍ വരാത്തതിന്റെ കാരണം പരിശോധിക്കും. കുട്ടി സ്‌കൂള്‍ വിടാന്‍ കാരണക്കാരായവര്‍ മറുപടി പറയേണ്ടി വരുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

ലീഗല്‍ അഡ്വൈസർക്കൊന്നും സ്‌കൂളിന്റെ കാര്യം പറയാന്‍ അവകാശമില്ല. അവര്‍ കോടതിയില്‍ നിയമപരമായ കാര്യം ചെയ്യുകയാണ് ചെയ്യേണ്ടത്. പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ ഉണ്ടായിരുന്നയാളാണ് അഡ്വക്കേറ്റ്. സ്‌കൂള്‍ തുറക്കുന്നതിലും അനുമതി നല്‍കുന്നതും അനുമതി റദ്ദാക്കുന്നതു സംബന്ധിച്ചും കെഇആറില്‍ വ്യക്തമായ ചട്ടവും നിയമവുമുണ്ടെന്ന് മന്ത്രി പറഞ്ഞു. ബന്ധപ്പെട്ട വകുപ്പുകളും മന്ത്രി ഉദ്ധരിച്ചു.

പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വിഷയം അന്വേഷിച്ചത്. അന്വേഷണത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നുള്ള ചില കുറവുകള്‍ കണ്ടെത്തി. ആ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിര്‍ദേശം നല്‍കി. സ്‌കൂള്‍ യൂണിഫോം ധരിക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്യേണ്ടെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ശിരോവസ്ത്രം ധരിക്കുന്നതു സംബന്ധിച്ച് കര്‍ണാടകയിലെ ചില പരാതികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.ഈ വിഷയത്തില്‍ സുപ്രീംകോടതി ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല.

സ്‌കൂളിന് പ്രശ്‌നത്തില്‍ മാന്യമായ പരിഹാരം കാണാന്‍ കഴിയുകയെന്നത്, സ്‌കൂള്‍ യൂണിഫോമില്‍ മാറ്റം വരുത്താതെ, ശിരോവസ്ത്രം ധരിക്കണമെന്ന് പറഞ്ഞ കുട്ടിക്ക്, മാനേജ്‌മെന്റും പിടിഐയും രക്ഷിതാക്കളും മറ്റുമായി ആലോചിച്ച് സമാന കളറിലുള്ള ശിരോവസ്ത്രം ധരിക്കാന്‍ അനുവാദം നല്‍കുകയാണ് ചെയ്യേണ്ടിയിരുന്നത്. അങ്ങനെ പ്രശ്‌നം പരിഹരിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. ശിരോവസ്ത്രം ധരിച്ച ടീച്ചര്‍ കുട്ടിയോട് ശിരോവസ്ത്രം ധരിക്കാന്‍ പാടില്ലെന്ന് പറയുന്നത് വിരോധാഭാസമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തണമെന്നും, സ്‌കൂളിന്റെ അന്തരീക്ഷത്തില്‍ സമാധാനം ഉണ്ടാകണം. വാശിയും വൈരാഗ്യവുമൊക്കെ മാറ്റിവെക്കണം. കുട്ടിയെ കൂടി ഉള്‍ക്കൊണ്ടുകൊണ്ടുള്ള സമീപനം സ്വീകരിക്കുകയാണ് വേണ്ടത്. വിഷയം ആളിക്കത്തിക്കാനല്ല ശ്രമിച്ചത്. സ്‌കൂളില്‍ ഇത്തരമൊരു വിഷയം ഉണ്ടായാല്‍ സര്‍ക്കാര്‍ ഇടപെടേണ്ടേ ?. അല്ലാതെ ‘നമശിവായ’ എന്നു പറഞ്ഞിരിക്കാന്‍ സാധിക്കുമോ?. സര്‍ക്കാര്‍ ഇടപെടേണ്ടെന്നും, തങ്ങള്‍ ഇഷ്ടമുള്ള പോലെ പ്രവര്‍ത്തിക്കുമെന്നും പറഞ്ഞാല്‍ പ്രതികരിക്കാതിരിക്കാൻ ആകുമോയെന്നും വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി ചോദിച്ചു.

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം എത്തിയതോടെ ഇനിയുള്ള ദിവസങ്ങളില്‍ അതിശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ്. ഇടിമിന്നലിനും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളത്തിലെ ഒരു ജില്ലയില്‍ തീവ്രമഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.

സംസ്ഥാനത്തെ 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പുള്ളത്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലും, നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് അറിയിപ്പുണ്ട്.

വടക്കു കിഴക്കന്‍ കാലവര്‍ഷം ( തുലാവര്‍ഷം) കേരളത്തില്‍ എത്തിയതായി ഇന്നലെ ഉച്ചയോടെയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചത്. കാറ്റിന്റെ ഗതി പൂര്‍ണമായി വടക്കുകിഴക്കന്‍ ദിശയിലേക്ക് മാറിയതോടെയാണ് തുലാവര്‍ഷം സ്ഥിരീകരിച്ചത്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ( കാലവര്‍ഷം) രാജ്യത്തു നിന്നും പൂര്‍ണമായി പിന്‍വാങ്ങിയതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഈ മാസം 20 വരെയും വരെയും, കര്‍ണാടക തീരത്ത് ഇന്നു മുതല്‍ 20 വരെയും തീയതികളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കര്‍ണാടക തീരത്തും അതിനോട് ചേര്‍ന്ന കടല്‍ പ്രദേശങ്ങളിലും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്നു രാത്രി 11.30 വരെ കേരളത്തിലെ തിരുവനന്തപുരം തീരത്ത് 0.9 മുതല്‍ 1.1 മീറ്റര്‍ വരെയും, കന്യാകുമാരി ജില്ലയിലെ തീരങ്ങളില്‍ ഇന്നു രാത്രി 08.30 വരെ 1.1 മുതല്‍ 1.4 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക.

സ്വര്‍ണക്കൊള്ളയില്‍ വന്‍ ഗൂഢാലോചന, ഉദ്യോഗസ്ഥരെ കുരുക്കി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ വന്‍ ഗൂഢാലോചന നടന്നതായി അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നല്‍കിയതായി സൂചന. ഗൂഢാലോചനയിലും സ്വര്‍ണക്കവര്‍ച്ചയിലും തിരുവിതാംകൂര്‍ ദേവസ്വം ഉദ്യോഗസ്ഥരുടെ പങ്കും ഉണ്ണികൃഷ്ണന്‍ പോറ്റി പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതായിട്ടാണ് റിപ്പോര്‍ട്ട്. ചില ഉദ്യോഗസ്ഥരുടെ പേര് അടക്കം എസ്‌ഐടിയോട് പറഞ്ഞതായാണ് വിവരം.

താന്‍ ശബരിമലയില്‍ സ്‌പോണ്‍സറായി എത്തിയതുമുതല്‍ ഗൂഢാലോചന തുടങ്ങിയതായാണ് പോറ്റി പറഞ്ഞത്. താന്‍ സ്‌പോണ്‍സറായി എത്തിയതുമുതല്‍ ദേവസ്വത്തിലെ ഉന്നതര്‍ തന്നെ നോട്ടമിട്ടിരുന്നു. ശബരിമലയിലെ സ്വര്‍ണം തട്ടിയെടുക്കുകയെന്ന ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കല്‍പേഷിനെ കൊണ്ടുവന്നതെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. തട്ടിയെടുത്ത സ്വര്‍ണം കല്‍പേഷിന് കൈമാറിയെന്നാണ് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലെ പങ്കജ് ഭണ്ഡാരി എസ്‌ഐടിയോട് വെളിപ്പെടുത്തിയിരുന്നത്.

കല്‍പേഷിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായാണ് സൂചന. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ എസ്‌ഐടി പുറത്തു വിട്ടിട്ടില്ല. സ്വര്‍ണപ്പാളികള്‍ സൂക്ഷിച്ചതായി പറയുന്ന നാഗേഷിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ശബരിമലയിലെ സ്വര്‍ണം ചെമ്പായത് ഉള്‍പ്പെടെ വന്‍ ഗൂഢാലോചനയുടെ ഭാഗമാണ്. ശബരിമലയില്‍ നിന്നും തട്ടിയെടുത്ത സ്വര്‍ണം പങ്കിട്ടെടുത്തെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. സ്വര്‍ണപ്പാളി ആര്‍ക്കുകൈമാറി, എത്ര സ്വര്‍ണം നഷ്ടപ്പെട്ടു, ആരൊക്കെ തട്ടിപ്പില്‍ ഉള്‍പ്പെട്ടു തുടങ്ങിയ കാര്യങ്ങള്‍ എസ്‌ഐടി അന്വേഷിച്ചു വരികയാണ്.

തിരുവനന്തപുരത്ത് കൂൺ കഴിച്ച് ഒരു കുടുംബത്തിലെ ആറു പേർ ആശുപത്രിയിൽ

തിരുവനന്തപുരത്ത് കൂൺ കഴിച്ച് ഒരു കുടുംബത്തിലെ ആറു പേർ ആശുപത്രിയിൽ

തിരുവനന്തപുരം അമ്പൂരിയിൽ കൂൺ കഴിച്ചതിനെ തുടർന്ന് ആറുപേർ ആശുപത്രിയിൽ. കുമ്പച്ചൽക്കടവ് സ്വദേശിയായ മോഹനൻ കാണിയും കുടുംബാംഗങ്ങളുമാണ് കാരക്കോണം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത്.

വെള്ളിയാഴ്ച രാവിലെ വനത്തിൽ നിന്ന് ശേഖരിച്ച കൂൺ പാചകം ചെയ്ത് കഴിച്ചതിന് പിന്നാലെ എല്ലാവർക്കും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ആശുപത്രി അധികൃതരുടെ വിവരപ്രകാരം, മോഹനന്റെ ചെറുമക്കളായ അഭിഷേക് (11), അനശ്വര (14) എന്നിവരുടെ നില ഗുരുതരമാണ്. മോഹനന്റെ ഭാര്യ സാവിത്രി, മകൻ അരുൺ, മരുമകൾ സുമ എന്നിവരെയും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും സുമയെ ഒഴികെ മറ്റെല്ലാവരും അബോധാവസ്ഥയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആറുപേരും നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.