കഫ് സിറപ്പ് ദുരന്തം; ഒളിവിലായിരുന്ന മരുന്ന് കമ്പനി ഉടമ അറസ്റ്റില്‍, രേഖകള്‍ പിടിച്ചെടുത്തു

കഫ് സിറപ്പ് ദുരന്തം; ഒളിവിലായിരുന്ന മരുന്ന് കമ്പനി ഉടമ അറസ്റ്റില്‍, രേഖകള്‍ പിടിച്ചെടുത്തു

ചെന്നൈ: നിരവധി സംസ്ഥാനങ്ങളിലായി കുറഞ്ഞത് 20 കുട്ടികളുടെ മരണത്തിന് കാരണമായ മായം ചേര്‍ത്ത കോള്‍ഡ്രിഫ് കഫ് സിറപ്പ് നിര്‍മ്മിച്ച തമിഴ്നാട് ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയുടെ ഉടമയെ അറസ്റ്റ് ചെയ്തു. ശ്രീശന്‍ ഫാര്‍മ ഉടമ രംഗനാഥനെ ഇന്നലെ രാത്രി ചെന്നൈയില്‍ നിന്നാണ് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്.

മധ്യപ്രദേശിന് പുറമേ, രാജസ്ഥാനിലും ചില മരണങ്ങള്‍ക്ക് സിറപ്പുമായി ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. കോള്‍ഡ്രിഫ് കഴിച്ചതിന് പിന്നാലെ കുട്ടികള്‍ക്ക് വൃക്ക അണുബാധ ഉണ്ടാവുകയായിരുന്നു. മായം ചേര്‍ക്കല്‍, കുറ്റകരമായ നരഹത്യ, കുട്ടികളുടെ സുരക്ഷ അപകടത്തിലാക്കല്‍ എന്നി കുറ്റങ്ങളാണ് രംഗനാഥനെതിരെ ചുമത്തിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ രംഗനാഥനും കുടുംബവും ഒളിവിലായിരുന്നു.

ഇന്നലെ രംഗനാഥനെ കണ്ടുപിടിച്ച് കൊടുക്കുന്നവര്‍ക്ക് 20,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പുലര്‍ച്ചെ 1:30 ഓടെയാണ് രംഗനാഥനെ പിടികൂടിയത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ കമ്പനിയുടെ കാഞ്ചീപുരം ഫാക്ടറിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തതായാണ് വിവരം. രംഗനാഥനെ മധ്യപ്രദേശിലേക്ക് കൊണ്ടുപോകുന്നതിന് മധ്യപ്രദേശ് പൊലീസ് ചെന്നൈ കോടതിയില്‍ നിന്ന് ട്രാന്‍സിറ്റ് റിമാന്‍ഡ് തേടിയിരിക്കുകയാണ്.

കഫ് സിറപ്പ് നിര്‍മിച്ച കാഞ്ചീപുരത്തെ ശ്രീശന്‍ ഫാര്‍മ യൂണിറ്റുകളില്‍ എസ്ഐടി പരിശോധന സംഘം പരിശോധന തുടരുകയാണ്. കോള്‍ഡ്രിഫ് സിറപ്പ് കഴിച്ച് മരിച്ച കുട്ടികളില്‍ വൃക്കസംബന്ധമായ തകരാറുകള്‍ കണ്ടെത്തിയിട്ടുണ്ട്. സിറപ്പില്‍ 48.6% ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ അടങ്ങിയിരുന്നതായി എസ്‌ഐടി കണ്ടെത്തിയിരുന്നു. വ്യവസായിക മേഖലയില്‍ ഉപയോഗിക്കുന്ന ഒരു വിഷ രാസവസ്തുവാണ് ഇത്.

അതേസമയം, സിറപ്പ് കഴിച്ച് ചികിത്സയിലായിരുന്ന പ്രതീക് പവാര്‍ എന്ന ഒരു വയസ്സുള്ള ആണ്‍കുട്ടിക്ക് രോഗം ഭേദമായി. നാഗ്പുരിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി കഴിഞ്ഞ ദിവസം രോഗമുക്തി നേടിയതായി അധികൃതര്‍ അറിയിച്ചു. കോള്‍ഡ്രിഫ് സിറപ്പ് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടോയെന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം ഇന്ത്യയോട് വിശദീകരണം ചോദിച്ചിരുന്നു. സംഭവത്തില്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയവും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തോക്കുചൂണ്ടി 80 ലക്ഷം കവർന്ന കേസ്: പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന

തോക്കുചൂണ്ടി 80 ലക്ഷം കവർന്ന കേസ്: പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന

കൊച്ചി: എറണാകുളം കുണ്ടന്നൂരിൽ ജീവനക്കാരെ തോക്ക് ചൂണ്ടി 80 ലക്ഷം കവർന്ന സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന. തോക്കു ചൂണ്ടി കവർച്ചയ്ക്ക് പിന്നിൽ ജോജി, ജിഷ്ണു എന്നിവരാണെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. കേസിൽ ഇന്നലെ പിടിയിലായ വടുതല സ്വദേശി സജി തട്ടിപ്പു സംഘത്തിന്റെ ഏജന്റാണെന്നും പൊലീസ് സൂചിപ്പിച്ചു. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള പണം ഇരട്ടിയായി നൽകുന്ന സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് വിവരം.

പ്രതികൾ സഞ്ചരിച്ച കാറിനെപ്പറ്റി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 80 ലക്ഷം രൂപ നൽകിയാൽ 1 കോടി 10 ലക്ഷമായി നൽകുമെന്നായിരുന്നു കവർച്ചയ്ക്ക് ഇരയായ സ്റ്റീൽ കമ്പനി ഉടമയ്ക്ക് നൽകിയ വാ​ഗ്ദാനമെന്നാണ് റിപ്പോർട്ട്. തോപ്പുംപടി സ്വദേശി സുബിന്റേതാണ് സ്റ്റീൽ കമ്പനി. ട്രേഡ് പ്രോഫിറ്റ് ഫണ്ടെന്ന പേരിലായിരുന്നു തട്ടിപ്പിന് കളമൊരുങ്ങിയത്. കസ്റ്റഡിയിലുള്ള സജി വഴി പരിചയപ്പെട്ട ജോജി, ജിഷ്ണു എന്നിവരുമായാണ് നോട്ട് ഇരട്ടിപ്പിക്കൽ ഇടപാട് ഉറപ്പിച്ചിരുന്നത്.

സുബിൻ തന്റെ അക്കൗണ്ടിൽ നിന്നും ഒരു കോടി രൂപ പിൻവലിച്ചിരുന്നു. ഇതിൽ 80 ലക്ഷം രൂപ സ്റ്റീൽ കമ്പനി ഓഫീസിൽ വെച്ച് സജി, ജോജി, ജിഷ്ണു എന്നിവർ ചേർന്ന് എണ്ണിത്തിട്ടപ്പെടുത്തുന്നു. ഇതിനിടെയാണ് മുഖം മൂടി ധരിച്ച മൂന്നം​ഗ സംഘം ഇവിടേക്ക് കടന്നു വരികയും തോക്കു ചൂണ്ടി, പെപ്പർ സ്പ്രേ അടിച്ചശേഷം പണം കവരുകയും ചെയ്തത്. ഈ ആക്രമണം ആസൂത്രിതമായിരുന്നുന്നെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. പണം എണ്ണി ഉറപ്പാക്കിയതിനു പിന്നാലെ അക്രമി സംഘത്തെ വിളിച്ചു വരുത്തുകയായിരുന്നുവെന്നാണ് നി​ഗമനം.

കവർച്ചയ്ക്ക് പിന്നിൽ ആറം​ഗ സംഘമെന്നാണ് പൊലീസിന് ലഭിച്ച സൂചന. ധാരണ പ്രകാരമുള്ള 1 കോടി 10 ലക്ഷം രൂപ അക്കൗണ്ടിൽ വന്നശേഷം 80 ലക്ഷം രൂപ നൽകിയാൽ മതിയെന്നാണ് സജി സ്റ്റീൽ കമ്പനി ഉടമയോട് പറഞ്ഞിരുന്നത്. കൊച്ചി എസിപി രാജ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോ​ഗിച്ചിട്ടുണ്ട്. കമ്പനിയിലെ സിസിടിവി കാമറകൾ പ്രവർത്തന രഹിതമാണ്. ഇത് തട്ടിപ്പു സംഘം നിർദേശിച്ച പ്രകാരം ഓഫാക്കിയതാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്രോത്സവം തുടങ്ങി

ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്രോത്സവം തുടങ്ങി

ആറ്റിങ്ങൽ ഉപജില്ലയിലെ നൂറിൽ പരം സ്കൂളിൽ നിന്നായി മുവായിരത്തിൽ പരം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ശാസ്ത്രോത്സവം അവനവഞ്ചേരി സ്കൂളിൽ ആരംഭിച്ചു. മേളയുടെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭ ചെയർ പേഴ്സൺ അഡ്വ. എസ് കുമാരി നിർവഹിച്ചു. അവനവഞ്ചേരി രാജു അധ്യക്ഷൻ ആയ ചടങ്ങിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർപേഴ്സൺ എസ് ഗിരിജ, കൗൺസിലർമാരായ രമ്യ സുധീർ, അനുപ് ആർ എസ്, എസ് എം സി ചെയർമാൻ രവികുമാർ, ചിത്രകുമാർ, ബിപിസി വിനു, ഹെഡ് മാസ്റ്റർ ഷാജികുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിന് സ്വാഗതം എ ഇ ഒ ഡോ. സന്തോഷ്‌കുമാറും നന്ദി ദിനേശ് കെയും അർപ്പിച്ചു.

പട്ടം എസ് യു ടി ആശുപത്രിയിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

പട്ടം എസ് യു ടി ആശുപത്രിയിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം പട്ടം എസ് യു ടി ആശുപത്രിയിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കരകുളം സ്വദേശി ജയന്തിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഭാസുരൻ ആശുപത്രിയിൽ ചികിത്സയിലാണ്.

ഒന്നാം തീയതി മുതൽ ജയന്തി ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. വൃക്ക രോഗത്തിനാണ് ഇവർ ചികിത്സയിലായിരുന്നത്. ജയന്തിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിടത്തിൽ നിന്ന് ചാടി മരിക്കാൻ ശ്രമിക്കുകയായിരുന്നു ഭാസുരൻ. സംഭവം ആശുപത്രി ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ പോലീസിൽ വിവരം അറിയിച്ചു. പിന്നാലെ ഭാസുരനെ പോലീസ് കസ്റ്റഡിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആറ്റിങ്ങൽ കൊടുമൺ സ്വദേശിയായ വിദ്യാർത്ഥിയ്ക്ക് കവിതാ രചനയിൽ അന്താരാഷ്ട്ര അംഗീകാരം

ആറ്റിങ്ങൽ കൊടുമൺ സ്വദേശിയായ വിദ്യാർത്ഥിയ്ക്ക് കവിതാ രചനയിൽ അന്താരാഷ്ട്ര അംഗീകാരം

ആറ്റിങ്ങൽ കൊടുമൺ സ്വദേശി ഇഷാൻ എന്ന വിദ്യാർത്ഥിക്ക് ഇംഗ്ലീഷ് കവിതാ രചനയിൽ അന്താരാഷ്ട്ര അംഗീകാരം. റഷ്യ, അമേരിക്ക, ഫിലിപ്പിൻസ്, ഇൻഡ്യ രാജ്യങ്ങളിൽ നിന്നും ഡിപ്ളോമയും സാഹിത്യ വൈശിഷ്ട്യത്തിനുള്ള അംഗീകാരപത്രങ്ങളും ലഭിക്കുകയുണ്ടായി. എസ്.എം.ആർ.ഏ. കുടുംബാംഗം ഹരിഹരൻ – അർച്ചന ദമ്പതികളുടെ മകനും മദർ ഇൻഡ്യ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയുമാണ് ഇഷാൻ. സാഹിത്യകാരൻ ബാലചന്ദ്രൻ നായർ നേതൃത്വം നൽകുന്ന ആഗോള സ്കൂൾ തല യുവ കവിപരിചയ മേളയുടെ ഭാഗമായ ഇഷാൻ സ്കൂൾ തലത്തിൽ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി.