ഹൃദയപൂര്‍വം: ഹൃദയാഘാത പ്രഥമ ശുശ്രൂഷാ പരിശീലന ക്യാമ്പയിന്‍ മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും

ഹൃദയപൂര്‍വം: ഹൃദയാഘാത പ്രഥമ ശുശ്രൂഷാ പരിശീലന ക്യാമ്പയിന്‍ മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഹൃദയാഘാത പ്രഥമ ശുശ്രൂഷാ (സിപിആര്‍: കാര്‍ഡിയോ പള്‍മണറി റെസെസിറ്റേഷന്‍) പരിശീലന ബോധവത്ക്കരണ ക്യാമ്പയിന്‍ ‘ഹൃദയപൂര്‍വം’ സംസ്ഥാനതല ഉദ്ഘാടനം ലോക ഹൃദയ ദിനമായ സെപ്റ്റംബര്‍ 29 തിങ്കളാഴ്ച രാവിലെ 8.30ന് നിയമസഭ ശങ്കര നാരായണന്‍ തമ്പി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അധ്യക്ഷത വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പങ്കെടുക്കും. മന്ത്രിമാര്‍, എംഎല്‍എമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടനത്തിന് ശേഷം നിയമസഭാ സാമാജികര്‍ക്കും ജീവനക്കാര്‍ക്കുമുള്ള പരിശീലനം ആരംഭിക്കും.

ഹൃദയാഘാതം ഉണ്ടാകുന്ന രോഗിയ്ക്ക് ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് നല്‍കുന്ന ശാസ്ത്രീയമായ പ്രഥമ ശുശ്രൂഷാ പരിശീലനം എല്ലാവര്‍ക്കും ലഭ്യമാക്കാനാണ് സംസ്ഥാന വ്യാപകമായി ജനകീയമായ പരിശീലന പരിപാടി ആരംഭിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി ആകെ 200-ലധികം പരിശീലന കേന്ദ്രങ്ങള്‍ ഉണ്ടാകും.

ആധുനിക മാനിക്കിനുകളുടെ സഹായത്തോടെയാണ് പരിശീലനം. സംസ്ഥാനത്ത് ഉടനീളം നടക്കുന്ന പരിശീലന പരിപാടികളില്‍ മെഡിക്കല്‍ കോളേജുകള്‍, മറ്റ് ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. ഐഎംഎ, കെജിഎംഒഎ എന്നിവരുടെ സഹകരണത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശീലന പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ നല്ലൊരു ജനവിഭാഗത്തെ സിപിആര്‍ പരിശീലനത്തില്‍ പ്രാവീണ്യമുള്ളവരാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

ഡ്രൈവര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍, സന്നദ്ധസേവകര്‍ തുടങ്ങി വലിയൊരു സേനക്ക് പ്രഥമ ശുശ്രൂഷയില്‍ പരിശീലനം നല്‍കും. കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും പ്രഥമ ശുശ്രൂഷയില്‍ പരിശീലനം നല്‍കി പ്രാപ്തരാക്കുക എന്നതാണ് ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

പരിശീലനം ലഭിച്ച ഏതൊരാള്‍ക്കും ചെയ്യാന്‍ സാധിക്കുന്ന പ്രഥമ ശുശ്രൂഷാ മാര്‍ഗമാണ് സിപിആര്‍. ഹൃദയം സ്ഥിതിചെയ്യുന്ന നെഞ്ചിന്റെ ഇടത് ഭാഗത്താണ് സിപിആര്‍ ചെയ്യേണ്ടത്. ആദ്യത്തെ കൈയുടെ മുകളില്‍ മറ്റൊരു കൈ വയ്ക്കുകയും വിരലുകള്‍ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്ത് അഞ്ചുമുതല്‍ 6 സെന്റിമീറ്റര്‍ താഴോട്ട് നെഞ്ചില്‍ അമര്‍ത്തിയാണ് സിപിആര്‍ നല്‍കേണ്ടത്. സിപിആറിന് പുറമേ വായിലൂടെ കൃത്രിമ ശ്വാസോച്ഛ്വാസവും നല്‍കണം. രോഗി പ്രതികരിക്കുന്നതു വരെയോ ആശുപത്രിയില്‍ എത്തുന്നത് വരേയോ ഇത് തുടരണം.

ആശ്രിത വിസയിൽ കഴിയുന്നവർക്ക് ജോലി ചെയ്യാം; പുതിയ നീക്കവുമായി സൗദി

ആശ്രിത വിസയിൽ കഴിയുന്നവർക്ക് ജോലി ചെയ്യാം; പുതിയ നീക്കവുമായി സൗദി

റിയാദ്: രാജ്യത്ത് ആശ്രിത വിസയിൽ കഴിയുന്നവർക്ക് ജോലി ചെയ്യാൻ അനുമതി നൽകി സൗദി അറേബ്യ. ഇത് സംബന്ധിച്ച പുതിയ നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. പുതിയ തീരുമാനം ഇന്ത്യക്കാർ അടക്കമുള്ള പ്രവാസികൾക്ക് ഏറെ ഗുണകരമാണ്.

മുൻപ് രാജ്യത്ത് ആശ്രിത വിസയിൽ എത്തുന്നവർ ജോലി ചെയ്യുന്നത് നിയമവിരുദ്ധമായിരുന്നു. എന്നാൽ വർധിച്ച് വരുന്ന തൊഴിലാളി ക്ഷാമം പരിഗണിച്ചാണ് ആശ്രിത വിസയിൽ ഉള്ളവർക്ക് ഇളവ് നൽകാൻ സർക്കാർ തീരുമാനിച്ചത്.

വിദേശത്ത് നിന്ന് ഒരാളെ പുതിയതായി നിയമിക്കുന്നത് വഴി കമ്പനികൾക്ക് വലിയ ചെലവാണ് ഉണ്ടാകുന്നത്. അത് ഒഴിവാക്കാൻ പുതിയ നീക്കം സഹായിക്കും. പുതിയ നിയമത്തിലൂടെ ഓരോ കുടുംബത്തിന്റെയും വരുമാനം വർധിക്കുകയും ജീവിത നിലവാരം ഉയരുകയും ചെയ്യും.

ആശ്രിത വിസയിൽ കഴിയുന്ന ഭർത്താവ്, ഭാര്യ, ജോലി ചെയ്യുന്ന സ്ത്രീയുടെ അച്ഛൻ എന്നിവർക്കാണ് ഈ നിയമത്തിലൂടെ ജോലി ചെയ്യാൻ അനുമതി. എന്നാൽ സ്വദേശിവത്കരണത്തിന്റെ ഭാഗമായി നിയന്ത്രണമേർപ്പെടുത്തിയ മേഖലകളിൽ ജോലി ചെയ്യാൻ ഇവർക്ക് അനുമതിയില്ല. അടുത്ത മാസം മുതലായിരിക്കും നിയമം നടപ്പിലാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ബിന്ദു വധക്കേസില്‍ സെബാസ്റ്റ്യനുമായി തെളിവെടുപ്പ്, ചുരുളഴിക്കാന്‍ ക്രൈം ബ്രാഞ്ച്

ബിന്ദു വധക്കേസില്‍ സെബാസ്റ്റ്യനുമായി തെളിവെടുപ്പ്, ചുരുളഴിക്കാന്‍ ക്രൈം ബ്രാഞ്ച്

ആലപ്പുഴ: ചേര്‍ത്തല ബിന്ദു പത്മനാഭന്‍ വധക്കേസില്‍ ചിത്രം തെളിയുന്നു. കേസിലെ പ്രതി സെബാസ്റ്റ്യനെ ഇയാളുടെ പള്ളിപ്പുറത്തെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയതിന് പിന്നാലെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്. ബിന്ദുവിനെ കൊന്ന് വീടിന്റെ സമീപത്ത് കുഴിച്ചിടുകയും മാസങ്ങള്‍ക്ക് ശേഷം അസ്ഥികള്‍ കത്തിക്കുകയും ചെയ്തതായും സെബാസ്റ്റ്യന്‍ മൊഴി നല്‍കിയതായാണ് പൊലീസ് നല്‍കുന്ന വിവരം.

സെബാസ്റ്റ്യനെ ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ ലഭിച്ചതിന് പിന്നാലെയാണ് പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തിയത്. 2006 മെയ് മാസത്തിലാണ് ബിന്ദുവിനെ കൊലപ്പെടുത്തിയത് എന്നാണ് പ്രതി നല്‍കിയിരിക്കുന്ന മൊഴിയെന്നാണ് വിവരം. സഹോദരന്റെ പരാതിയിലും 2006 മെയ് മുതല്‍ ബിന്ദുവിന്റെ കാണാനില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ബിന്ദുവിനെ കൊലപ്പെടുത്തി കഷ്ണങ്ങളാണ് പള്ളിപ്പുറത്തെ വീട്ടുവളപ്പില്‍ പലയിടത്തായി കുഴിച്ചിട്ടെന്നും, പിന്നീട് അഴുകി എന്ന് ഉറപ്പാക്കിയ ശേഷം എല്ലുകള്‍ ശേഖരിച്ച് കത്തിച്ചെന്നുമാണ് സെബാസ്റ്റിയന്റെ മൊഴിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

വീട്ടിലെ തെളിവെടുപ്പിന് ശേഷം വേമ്പനാട്ട് കായലിന്റെ തണ്ണീര്‍മുക്കം ഭാഗത്തും തെളിവെടുപ്പിനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. മൃതദേഹ ഭാഗങ്ങള്‍ ഇവിടെയും ഉപേക്ഷിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ജെയ്നമ്മ, തിരോധാനക്കേസില്‍ അറസ്റ്റിലായ സെബാസ്റ്റ്യന്‍ ചോദ്യം ചെയ്യലിനിടെ ബിന്ദുവിനെ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തി എന്നാണ് ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. ബിന്ദു പത്മനാഭന്റെ തിരോധാനക്കേസ് കൊലപാതകക്കേസായി മാറ്റിക്കൊണ്ടുള്ള റിപ്പോര്‍ട്ടും ക്രൈം ബ്രാഞ്ച് കോടതിയില്‍ നല്‍കിയിരുന്നു.

വീട്ടുകാരുമായി അകന്നുകഴിയുന്ന ബിന്ദു പത്മനാഭന്റെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ വേണ്ടിയാണ് കൊലപാതകം എന്നാണ് പ്രതിയുടെ വെളിപ്പെടുത്തല്‍. ബിന്ദുവിന്റെ സ്വത്തുക്കള്‍ സെബാസ്റ്റിയനും കൂട്ടരും വ്യാജരേഖയുണ്ടാക്കി വില്‍പന നടത്തുകയും ചെയ്തിരുന്നു.

സ്‌കൂള്‍ കലോത്സവം: ‘എ’ ഗ്രേഡ് വിജയികള്‍ക്ക് സര്‍ക്കാരിന്റെ സമ്മാനം

സ്‌കൂള്‍ കലോത്സവം: ‘എ’ ഗ്രേഡ് വിജയികള്‍ക്ക് സര്‍ക്കാരിന്റെ സമ്മാനം

ആലപ്പുഴ: സംസ്ഥാനത്ത് സ്‌കൂള്‍ കലോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാരിന്റെ വക 1000 രൂപ ഗ്രാന്റ് ആയി നല്‍കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ജനപങ്കാളിത്തത്തോട് കൂടി പരാതിരഹിതമായി കലോത്സവം സംഘടിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും താമസം, ഭക്ഷണം തുടങ്ങിയവയെല്ലാം കൃത്യമായി സജ്ജീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കലോത്സവത്തിലെ സ്വര്‍ണക്കപ്പ് തൃശൂരില്‍ ആയതുകൊണ്ട്, ഘോഷയാത്ര തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡ് നിന്നും തൃശൂരിലേക്ക് എത്തുന്നതായിട്ടാണ് ക്രമീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. സ്‌കൂള്‍ കായികമേളയില്‍ ഇത്തവണ പരിഷ്‌കരിച്ച മാനുവലില്‍ നടക്കുമെന്നും കളരിപ്പയറ്റ് മത്സരത്തില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ അധ്യാപകര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യം ഗൗരവകരമാണ്. നിരവധി അപേക്ഷകള്‍ വന്നതിന്റെ പശ്ചാത്തലത്തില്‍ പുനഃപരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എട്ട് വര്‍ഷവും പത്ത് വര്‍ഷവും ജോലി ചെയ്തിട്ട് പിരിച്ചുവിടുക എന്നത് അനീതിയാണ്. വിദ്യാഭ്യാസ സെക്രട്ടറി വാസുകിയെ കണ്‍വീനറായി കമ്മിറ്റിയെ നിയമിച്ചിട്ടുണ്ട്. ആധാറിന് പകരം, കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ്, കൂടി പരിഗണിക്കാം എന്നതാണ് നിര്‍ദ്ദേശിക്കുന്നതെന്ന് വി ശിവന്‍കുട്ടി വ്യക്തമാക്കി.

ദുര്‍ഗാഷ്ടമി: പൊതു അവധിക്കായി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നെന്ന് എന്‍എസ്എസ്

ദുര്‍ഗാഷ്ടമി: പൊതു അവധിക്കായി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നെന്ന് എന്‍എസ്എസ്

കോട്ടയം: ദുര്‍ഗാഷ്ടമി പ്രമാണിച്ച് ചൊവ്വാഴ്ച പൊതു അവധി ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മറ്റാരെങ്കിലും ആവശ്യപ്പെട്ടിരുന്നോ എന്ന് അറിയില്ലെന്നും അവരും ആവശ്യപ്പെട്ട് കാണുമെന്നും സുകുമാരന്‍ നായര്‍ പെരുന്നയില്‍ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍ക്കും പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. നെഗോഷ്യബിള്‍ ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

കോട്ടയം: ദുര്‍ഗാഷ്ടമി പ്രമാണിച്ച് ചൊവ്വാഴ്ച പൊതു അവധി ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മറ്റാരെങ്കിലും ആവശ്യപ്പെട്ടിരുന്നോ എന്ന് അറിയില്ലെന്നും അവരും ആവശ്യപ്പെട്ട് കാണുമെന്നും സുകുമാരന്‍ നായര്‍ പെരുന്നയില്‍ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍ക്കും പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. നെഗോഷ്യബിള്‍ ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

കോണ്‍ഗ്രസിനെയോ ബിജെപിയോ ആരെയും താന്‍ വിളിച്ചിട്ടില്ല. നിലപാടിന് യാതൊരു മാറ്റവുമില്ല. പറഞ്ഞത് ശബരിമല വിഷയത്തിലെ നിലപാടാണ്. അത് അംഗങ്ങള്‍ കൂടി അറിയാന്‍ യോഗത്തില്‍ പറഞ്ഞു കഴിഞ്ഞു. യോഗത്തില്‍ ഈ നിലപാട് എല്ലാവരും അംഗീകരിക്കുകയും ചെയ്തു. രാഷ്ട്രീയ നിലപാട് അല്ല ഇതെന്നും കോണ്‍ഗ്രസോ ബിജെപിയോ കാണാന്‍ വരുന്നതില്‍ ആലോചിച്ച് പറയേണ്ട കാര്യമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഇക്കാര്യം സംസാരിക്കാന്‍ ആണെങ്കില്‍ വരേണ്ടതില്ല. മറ്റു കാര്യങ്ങള്‍ക്ക് ആളുകള്‍ വരേണ്ടെന്ന് പറയാന്‍ കഴിയുമോയെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു.