പശുവിനെ ‘രാജ്യമാതാവാ’യി പ്രഖ്യാപിക്കണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി കോണ്‍ഗ്രസ് എംപി

പശുവിനെ ‘രാജ്യമാതാവാ’യി പ്രഖ്യാപിക്കണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി കോണ്‍ഗ്രസ് എംപി

അഹമ്മദാബാദ്: ഗുജറാത്തിന്റെ സംസ്ഥാന മാതാവായി പശുവിനെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപി മുഖ്യമന്ത്രിക്ക് കത്തയച്ചു. ഗുജറാത്തിലെ ഏക കോണ്‍ഗ്രസ് എംപി ഗെനി ബെന്‍ നാഗാജി ഠാക്കോറാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേലിന് കത്ത് നല്‍കിയത്. കഴിഞ്ഞവര്‍ഷം മഹാരാഷ്ട്ര സര്‍ക്കാര്‍ പശുവിനെ സംസ്ഥാന മാതാവായി പ്രഖ്യാപിച്ചിരുന്നു.

മൃദു ഹിന്ദുത്വ നിലപാടിന്റെ ഭാഗമായല്ല താന്‍ ഈ ആവശ്യം ഉന്നയിക്കുന്നതെന്നും ജനങ്ങള്‍ പശുവിനെ ഗോമാതാവായി പൂജിക്കുന്നതുകൊണ്ടാണ് ആവശ്യം ഉന്നയിക്കുന്നതെന്നും ഗെനി ബെന്‍ പറഞ്ഞു. ഗുജറാത്തിന്റെ സംസ്ഥാന മാതാവായി പശുവിനെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക മത നേതാവ് മഹന്ത് ദേവനാഥ് ബാപ്പു കഴിഞ്ഞയാഴ്ച മുതല്‍ നിരാഹാര സമരം നടത്തുകയാണ്. ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് എംപിയായ ഗെനി ബെന്‍ നാഗാജി ഠാക്കോര്‍ ഗുജറാത്ത് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. ഈ ആവശ്യം ഉന്നയിച്ച് മഹന്ത് ദേവനാഥ് ബാപ്പു ഗുജറാത്തിലെ 159 എംപിമാര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്തിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് കത്തെഴുതുന്നതെന്ന് കോണ്‍ഗ്രസ് എംപി വ്യക്തമാക്കി.

എംപിയെന്ന നിലയിലും കോണ്‍ഗ്രസ് നേതാവെന്ന നിലയിലുമാണ് താന്‍ ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് ഗെനി ബെന്‍ ഠാക്കോര്‍ വ്യക്തമാക്കി. മഹാരാഷ്ട്ര സര്‍ക്കാര്‍ ചെയ്തതുപോലെ ഗുജറാത്ത് സര്‍ക്കാരും പശുവിനെ സംസ്ഥാന മാതാവായി പ്രഖ്യാപിക്കണമെന്നാണ് ഗെനി ബെന്‍ ആവശ്യപ്പെടുന്നത്.

പുലര്‍ച്ചെ രണ്ടിന് നാടിനെ നടുക്കി ഉഗ്ര സ്ഫോടനം, കൊല്ലപ്പെട്ടത് മുഹമ്മദ് ആഷാം

പുലര്‍ച്ചെ രണ്ടിന് നാടിനെ നടുക്കി ഉഗ്ര സ്ഫോടനം, കൊല്ലപ്പെട്ടത് മുഹമ്മദ് ആഷാം

കണ്ണൂര്‍: കണ്ണപുരം കീഴറയില്‍ വാടക വീട്ടില്‍ നടന്ന ഉഗ്ര സ്‌ഫോടനത്തില്‍ ഒരു മരണം. കണ്ണൂര്‍ ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണ് മരിച്ചത്. പൊലീസ് അന്വേഷണത്തിലാണ് മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞത്. സ്ഫോടനം നടന്ന വീട് വാടകയ്ക്ക് എടുത്ത അനൂപ് മാലികിന്റെ സഹോദരനാണ് മുഹമ്മദ് ആഷാം. സ്‌ഫോടനത്തില്‍ അനൂപ് മാലിക്കിന് ഏതിരെ പൊലീസ് സ്‌ഫോടകവസ്തു നിയമപ്രകാരം കേസെടുത്തു. പൊടിക്കുണ്ട് സ്‌ഫോടന മുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ അനുപ് മാലിക്കിനായി പൊലിസ് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. വീട് വാടകയ്ക്ക് എടുത്ത് അനധികൃത ഗുണ്ട് നിര്‍മാണം ഉള്‍പ്പെടെയാണ് ഇവിടെ നടന്നിരുന്നത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം.

അതേസമയം, സ്‌ഫോടന സമയത്ത് മുഹമ്മദ് ആഷാമിന് പുറമെ ഒരാള്‍ കൂടി വീട്ടില്‍ ഉണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നടപടികള്‍ പുരോഗമിക്കുകയാണ്. മുഹമ്മദ് ആഷാമിന്റെ മൃതദ്ദേഹം ഫയര്‍ഫോഴ്‌സ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കണ്ണൂര്‍ കമീഷണറും സംഭവസ്ഥലത്തെത്തിയിരുന്നു.

കീഴറയിലെ ഗോവിന്ദന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. ഉഗ്ര സ്‌ഫോടനത്തില്‍ സമീപത്തെ വീടുകള്‍ക്കു കേടുപാടുണ്ടായി. വീടുകളുടെ ജനല്‍ച്ചില്ലുകളും വാതിലുകളും തകര്‍ന്നു. അരക്കിലോമീറ്റര്‍ അകലെയുള്ള വീടുകള്‍ക്കും നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, സ്‌ഫോടനം സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ അനൂപ് മാലിക്ക് 2016ല്‍ പൊടിക്കുണ്ടില്‍ വീട്ടിലുണ്ടായ സ്‌ഫോടന കേസിലും പ്രതിയാണ്. അന്നും സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചിരുന്നു. 17 വീടുകള്‍ തകരുകയും നാല് കോടിയോളം രൂപയുടെ നാശനഷ്ടവുമുണ്ടായ സംഭവത്തിലെ കേസില്‍ വിചാരണ തലശേരി അഡീഷണല്‍ ജില്ലാ കോടതിയില്‍ പുരോഗമിക്കുകയാണ്.

കിളിമാനൂരിൽ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു

കിളിമാനൂരിൽ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു

കിളിമാനൂരിൽ വ്യാപാരസ്ഥാപനത്തിന് തീപിടിച്ച് വൻ നാശനഷ്ടം. കിളിമാനൂർ കാനറ ബാങ്ക് സമീപം പൊന്നൂസ് ഫാൻസി എന്ന സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്. ഇന്നലെ രാത്രി 11:30 മണിയോടെ കെട്ടിടത്തോട് ചേർന്നുള്ള ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പുക ഉയരുന്നത് ആദ്യം കണ്ടത്. തുടർന്ന് വെഞ്ഞാറമൂട് ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഫയർഫോഴ്സും, നാട്ടുകാരും പോലീസും ചേർന്നാണ് തീ കെടുത്തിയത്.

പരപ്പിൽ സ്വദേശി വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള ഫാൻസി സ്റ്റോറിന്റെ പുറകുവശത്തെ ഗോഡൗണിലാണ് ആദ്യം തീ പിടിച്ചത്. ഓണക്കച്ചവടത്തിനായി 15 ലക്ഷം രൂപയുടെ സാധനങ്ങൾ ഗോഡൗണിൽ സൂക്ഷിച്ചിരുന്നു. ഏകദേശം 25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമ പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായത് എന്നതാണ് പ്രാഥമിക നിഗമനം.

ഓളപ്പരപ്പിലെ ആവേശപ്പൂരം; നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്, ആലപ്പുഴ നഗരത്തില്‍ ഗതാഗത നിയന്ത്രണം

ഓളപ്പരപ്പിലെ ആവേശപ്പൂരം; നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്, ആലപ്പുഴ നഗരത്തില്‍ ഗതാഗത നിയന്ത്രണം

ആലപ്പുഴ: വേമ്പനാട്ടു കായലിന്റെ ഓളപ്പരപ്പില്‍ ആവേശത്തിര ഉയരുന്ന നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയന്‍ ജലോത്സവം ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞു രണ്ടു മണിക്കാണ് ഉദ്ഘാടന ചടങ്ങ്. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. സിംബാബ്വെ ഡെപ്യൂട്ടി മന്ത്രി രാജേഷ് കുമാര്‍ ഇന്ദുകാന്ത് മോദി മുഖ്യാതിഥിയാകും.

കായലിന്റെ 1150 മീറ്റര്‍ നീളത്തില്‍ നാലു ട്രാക്കുകളായാണ് മത്സരം. രാവിലെ 11 മുതല്‍ ഹീറ്റ്‌സ് മത്സരങ്ങള്‍ ആരംഭിക്കും. 21 ചുണ്ടന്‍വള്ളങ്ങള്‍ ഇത്തവണ മത്സരിക്കുന്നുണ്ട്. ചുരുളന്‍ 3, ഇരുട്ടുകുത്തി എ 5, ഇരുട്ടുകുത്തി ബി 18, ഇരുട്ടുകുത്തി സി 14, വെപ്പ് എ 5, വെപ്പ് ബി 3, തെക്കനോടി തറ 2, തെക്കനോടി കെട്ട് 4 എന്നിങ്ങനെ ആകെ 75 വള്ളങ്ങളാണ് മത്സരരംഗത്തുള്ളത്.

ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളോടെ രാവിലെ മുതല്‍ ട്രാക്കുണരും. ഉദ്ഘാടന സമ്മേളനത്തിനു ശേഷം ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്‌സും ചെറുവള്ളങ്ങളുടെ ഫൈനലും നടക്കും. 4 മണിക്കാണ് ചുണ്ടന്‍വള്ളങ്ങളുടെ ഫൈനല്‍ നിശ്ചയിച്ചിരിക്കുന്നത്. വള്ളങ്ങള്‍ ഫിനിഷ് ചെയ്ത സമയം മില്ലി സെക്കന്‍ഡ് വരെ രേഖപ്പെടുത്തുന്ന മത്സരത്തില്‍ മികച്ച സമയം കുറിക്കുന്ന 4 ചുണ്ടന്‍വള്ളങ്ങളാണു നെഹ്‌റു ട്രോഫിക്കു വേണ്ടിയുള്ള ഫൈനലില്‍ പോരാടുക. പാസ് ഉള്ളവര്‍ക്കു മാത്രമാണു വള്ളംകളി കാണാന്‍ ഗാലറികളില്‍ പ്രവേശനം.

നെഹ്‌റു ട്രോഫി വള്ളംകളി പ്രമാണിച്ചു ഇന്ന് ആലപ്പുഴയിലേക്ക് കൂടുതല്‍ ബസ്, ബോട്ട് സര്‍വീസുകളും ഉണ്ടാകും. ആലപ്പുഴ നഗരത്തില്‍ രാവിലെ 8 മുതല്‍ ഗതാഗത നിയന്ത്രണങ്ങളും നടപ്പാക്കും. രാവിലെ 6 മുതല്‍ നഗരത്തിലെ ഒരു റോഡിലും പാര്‍ക്കിങ് അനുവദിക്കില്ല. അനധികൃതമായി പാര്‍ക്ക് ചെയ്യുന്നവ റിക്കവറി വാഹനം ഉപയോഗിച്ചു നീക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ഓണം കളറാണ്, കലക്ടറുടെ തിരുവാതിര ചുവടും

ഓണം കളറാണ്, കലക്ടറുടെ തിരുവാതിര ചുവടും

കൊച്ചി: ഓണാഘോഷത്തില്‍ തിരുവാതിരക്കളിയ്ക്ക് ചുവട് വച്ച് എറണാകുളം കലക്ടര്‍. സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആണ് കലക്ടര്‍ ജി പ്രിയങ്ക ഐഎഎസ് നേതൃത്വം നല്‍കിയ തിരുവാതിരകളി അരങ്ങേറിയത്. ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് ജില്ലാ കലക്ടറെ ജീവനക്കാര്‍ ആഘോഷ പരിപാടിയിലേക്ക് ആനയിച്ചത്. ജില്ലാ കലക്ടറും തിരുവാതിര കളിക്കാന്‍ പങ്കുചേര്‍ന്നതോടെ ആഘോഷ പരിപാടികള്‍ക്ക് കൂടുതല്‍ ആവേശമായി.

പരിപാടിയുടെ ഭാഗമായി കലക്ടറേറ്റില്‍ നടന്ന വടംവലി മത്സരത്തിലും ജില്ലാ കലക്ടര്‍ പങ്കെടുത്തിരുന്നു. കലക്ടര്‍ സംഘത്തിന്റെയും തിരുവാതിരകളിക്ക് ജീവനക്കാര്‍ ആര്‍പ്പുവിളിച്ചും കൈയ്യടിച്ചും പ്രോത്സാഹനം നല്‍കി. ഓണപ്പാട്ടും ഓണക്കളികളുമായി ജീവനക്കാരും ആഘോഷത്തില്‍ സജീവമായി. ഓണസദ്യയും ഒരുക്കിയിരുന്നു.