by Midhun HP News | Aug 30, 2025 | Latest News, കേരളം
തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
ന്യൂനമര്‍ദ്ദം ദുര്‍ബലമായതോടെ കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ലഭിച്ചു കൊണ്ടിരുന്ന മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ സാധാരണ ഇടവിട്ടുള്ള മഴ സാധ്യത മാത്രമാണ് നിലനില്‍ക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സെപ്റ്റംബര്‍ 2/3 ഓടുകൂടി ബംഗാള്‍ ഉള്‍കടലില്‍ വീണ്ടും ന്യൂന മര്‍ദ്ദ സാധ്യതയുണ്ട്. നിലവിലെ സൂചന പ്രകാരം ആദ്യ ദിവസങ്ങളില്‍ വടക്കന്‍ ജില്ലകളിലാണ് മഴ പ്രതീക്ഷിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംസ്ഥാനത്തു പൊതുവെയും മഴ ലഭിച്ചേക്കാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.


by Midhun HP News | Aug 30, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സെപ്റ്റംബറില്‍ യൂണിറ്റിന് പത്തുപൈസ വീതം വൈദ്യുതി സര്‍ച്ചാര്‍ജ് ഈടാക്കാന്‍ കെഎസ്ഇബി. നിലവിലുള്ളതിനേക്കാള്‍ കൂടുതലാണിത്.

മാസംതോറും ബില്‍ അടയ്ക്കുന്നവര്‍ക്ക് ഒന്‍പത് പൈസയും രണ്ടു മാസത്തിലൊരിക്കല്‍ ബില്‍ അടയ്ക്കുന്നവര്‍ക്ക് എട്ടു പൈസയുമാണ് ഓഗസ്റ്റില്‍ ഈടാക്കിയിരുന്നത്. വൈദ്യുതി ഉല്‍പ്പാദനത്തിനുള്ള ഇന്ധനച്ചെലവ് കൂടിയതിനാല്‍ ജൂലൈയില്‍ ഉണ്ടായ അധികബാധ്യതയായ 26.28 കോടി രൂപ ഈടാക്കാനാണ് സെപ്റ്റംബറിലെ സര്‍ച്ചാര്‍ജ്. ഈ കണക്ക് അനുസരിച്ച് യഥാര്‍ഥത്തില്‍ 12.54 പൈസയാണ് ചുമത്തേണ്ടതെന്നാണ് കെഎസ്ഇബിയുടെ അവകാശവാദം. എന്നാല്‍ 10 പൈസ വരെ ഈടാക്കാനേ റെഗുലേറ്ററി കമ്മീഷന്റെ അനുവാദമുള്ളൂ.


by Midhun HP News | Aug 30, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. പവന് ഇന്ന് 1200 വര്‍ധിച്ചതോടെയാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് നിലയില്‍ എത്തിയത്. 76,960 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 150 രൂപയാണ് വര്‍ധിച്ചത്. 9620 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 73,200 രൂപയായിരുന്നു സ്വര്‍ണവില. ഒരു മാസം കൊണ്ട് 3700 രൂപയാണ് വര്‍ധിച്ചത്. എട്ടിന് 75,760 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് 20-ാം തീയതി വരെയുള്ള കാലയളവില്‍ 2300 രൂപ താഴ്ന്ന സ്വര്‍ണവില തുടര്‍ന്നുള്ള ദിവസങ്ങളില്‍ തിരിച്ചുകയറുന്നതാണ് ദൃശ്യമായത്.
ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ട്രംപ് നയത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി ഇടിവിലാണ്. ഇതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് സ്വര്‍ണവില ഉയരാന്‍ കാരണം.


by Midhun HP News | Aug 29, 2025 | Latest News, കേരളം
പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയെന്ന കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്. രാഹുല്‍ മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധമുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളില്‍ അന്വേഷണ സംഘം റെയ്ഡ് നടത്തി. അടൂരും ഏലംകുളത്തുമുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളിലാണ് ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്.
തിരുവനന്തപുരത്ത് നിന്നെത്തിയ ക്രൈംബ്രാഞ്ച് സംഘമാണ് പരിശോധന നടത്തിയത്. പ്രവര്‍ത്തകരുടെ ഫോണുകളും, സംഘടനാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പിന് മുന്‍പ് മെമ്പര്‍ഷിപ്പ് കാമ്പയിനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ പ്രവര്‍ത്തകരുടെ വീടുകളിലായിരുന്നു പരിശോധന.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ പത്തനംതിട്ട സ്വദേശികളായ അഞ്ച് പേരാണ് പ്രതികള്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി അടുത്തബന്ധമുള്ള ഫെനി നൈനാന് ആണ് ഒന്നാംപ്രതി. നിലവില്‍ രാഹുല്‍ കേസിലെ പ്രതിയല്ല. എന്നാല്‍, മുന്‍പ് ലഭിച്ച ഡിജിറ്റല്‍ തെളിവുകളില്‍ രാഹുലിനെതിരായ ചില തെളിവുകള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയെന്നത് ഏറെ വിവാദമായിരുന്നു. ഈ സംഭവത്തില്‍ തിരുവനന്തുരം മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. മ്യൂസിയം പൊലീസ് രാഹുലിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി രാഹുലിന് നേരിട്ട് ബന്ധപ്പെടുത്താനുള്ള തെളിവ് ലഭിച്ചില്ലെന്നാണ് പൊലീസ് സൂചിപ്പിച്ചിരുന്നത്. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.


by Midhun HP News | Aug 29, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തീവ്രമഴ കണക്കിലെടുത്ത് ഇന്ന് വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ഇടങ്ങളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ഇടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കണക്കൂകൂട്ടല്‍. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പുണ്ട്.


പ്രളയ സാധ്യത മുന്നറിയിപ്പ്
അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പ് വിവിധ നദികളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്.

Recent Comments