നാലാം ക്ലാസുകാരിയുടെ മരണം: സ്രവം വിദഗ്ധ പരിശോധനയ്ക്ക് അയച്ചു; അടുത്ത ബന്ധുക്കള്‍ ചികിത്സയില്‍

നാലാം ക്ലാസുകാരിയുടെ മരണം: സ്രവം വിദഗ്ധ പരിശോധനയ്ക്ക് അയച്ചു; അടുത്ത ബന്ധുക്കള്‍ ചികിത്സയില്‍

കോഴിക്കോട്: താമരശ്ശേരിയില്‍ അസുഖം ബാധിച്ച് മരിച്ച നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ രക്ത, സ്രവ സാംപിളുകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. മരണകാരണം സ്ഥീരികരിക്കാന്‍ കഴിയാത്ത പശ്ചാത്തലത്തിലാണ് നടപടി. പനിയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

കോരങ്ങാട് ആനപ്പാറ പൊയിൽ സനൂപിന്‍റെ മകൾ അനയ (9) ആണ് ഇന്നലെ വൈകീട്ടാണ് മരിച്ചത്. കുട്ടിയുടെ രണ്ട് സഹോദരങ്ങളും അച്ഛന്‍റെ സഹോദരനും ഒരു സഹപാഠിയും പനി ബാധിച്ച് ആശുപത്രിയിലാണ്. ഈ സാഹചര്യത്തിൽ കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന വാര്‍ഡില്‍ ഇന്ന് ആരോ​ഗ്യവകുപ്പ് പനി സര്‍വേ നടത്തും.

കോരങ്ങാട് എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് അനയ. താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ് കുട്ടിയെ ആദ്യം എത്തിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കഴിഞ്ഞ ദിവസം വരെ സ്കൂളിൽ പോയിരുന്ന കുട്ടിക്ക് പെട്ടെന്നാണ് പനി ബാധിച്ചത്. ആശുപത്രിയിൽ എത്തിച്ച അന്ന് തന്നെ മരണം സംഭവിക്കുകയും ചെയ്തു. ലാബ് പരിശോധന ഫലങ്ങളും പോസ്റ്റുമോർട്ടം റിപ്പോർട്ടും ലഭിച്ചാൽ മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളൂവെന്ന് അധികൃതർ സൂചിപ്പിച്ചു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്ന് മതിയായ ചികിത്സ കിട്ടിയില്ലെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു.

ഇനി മുതല്‍ ന്യൂജെന്‍ 112; പരിഷ്‌കരിച്ച സേവനങ്ങള്‍ക്ക് തുടക്കം; മാറ്റങ്ങള്‍ അറിയാം

ഇനി മുതല്‍ ന്യൂജെന്‍ 112; പരിഷ്‌കരിച്ച സേവനങ്ങള്‍ക്ക് തുടക്കം; മാറ്റങ്ങള്‍ അറിയാം

തിരുവനന്തപുരം: അടിയന്തര സേവനങ്ങള്‍ക്കുള്ള ടോള്‍ ഫ്രീ നമ്പറായ 112ലെ പരിഷ്‌കരിച്ച സേവനങ്ങള്‍ ഇന്നു മുതല്‍. പൊലീസ് ആസ്ഥാനത്ത് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിച്ചു. പൊലീസ്, ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് എന്നിങ്ങനെ അടിയന്തര സേവനങ്ങള്‍ക്കു വിളിക്കാനുള്ള നമ്പരാണ് 112.

സാങ്കേതിക വിദ്യയുടെ സഹായത്തോടെ സേവനത്തിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കുകയും അതിവേഗ പ്രതികരണവുമാണ് പുതിയ തലമുറ 112 ലക്ഷ്യമിടുന്നത്. പുതിയ വേര്‍ഷന്‍ ഇആര്‍എസ്എസ് നിലവില്‍ വരുന്നതോടെ നിലവിലുള്ളതിനേക്കാളും മൂന്ന് മിനിറ്റോളം സമയം റെസ്‌പോണ്‍സ് ടൈമില്‍ കുറവ് വരുത്താന്‍ കഴിയുമെന്നും പൊലീസ് പറയുന്നു.

കേരള പൊലീസ് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ്‌

പരിഷ്കരിച്ച 112 സേവനങ്ങൾക്ക് ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചു.

പോലീസ്, ഫയർ, ആംബുലൻസ് എന്നിങ്ങനെ എല്ലാ അടിയന്തര സേവനങ്ങൾക്കും വിളിക്കാവുന്ന നമ്പരാണ് 112.

സാങ്കേതിക വിദ്യയുടെ സഹായത്തോടെ സേവനത്തിന്റെ ലഭ്യത വർദ്ധിപ്പിക്കുകയും അതിവേഗ പ്രതികരണവുമാണ് പുതിയ തലമുറ 112 ലക്ഷ്യമിടുന്നത്.

പുതിയ വേർഷൻ ഇ ആർ എസ് എസ് നിലവിൽ വരുന്നതോടെ നിലവിലുള്ളതിനേക്കാളും മൂന്ന് മിനിറ്റോളം സമയം റെസ്പോൺസ് ടൈമിൽ കുറവ് വരുത്താൻ കഴിയും.

പരിഷ്കരിച്ച ERSS ന്റെ സവിശേഷതകൾ

a) നിലവിൽ പൊതു ജനങ്ങൾക്ക് പരാതികൾ രജിസ്റ്റർ ചെയ്യാനുള്ള ആശയവിനിമയ സംവിധാനങ്ങളായ Call , SoS , SMS , ഇമെയിൽ സംവിധാനങ്ങൾക്ക് പുറമെ whatsapp , Web request , chat Bot എന്നിവ മുഖേനയും പരാതികൾ രജിസ്റ്റർ ചെയ്യുവാനുള്ള സൗകര്യവും പുതിയ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

b) LBS (Location Based Service), ELS (Emergency Location Service) സംവിധാനം ഉപയോഗിച്ച് പരാതിക്കാരൻ പറയാതെ തന്നെ അദ്ദേഹത്തിന്റെ ലൊക്കേഷൻ തത്സമയം തിരിച്ചറിയാൻ കഴിയുകയും അതുവഴി എത്രയും വേഗം പോലീസ് സഹായം നൽകാൻ സാധിക്കുകയും ചെയ്യും.

c) തടസ്സമില്ലാതെ ആശയ വിനിമയം നടത്തുന്നതിനായി മുഴുവൻ പോലീസ് വാഹനങ്ങളിലും ടാബ് ലെറ്റ് കമ്പ്യൂട്ടർ , മൊബൈൽ ഫോൺ , ജി പി എസ് സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

d) അടിയന്തര ഘട്ടങ്ങളിൽ മറ്റുള്ളവരെ അറിയിക്കുന്നതിനും നിർണായക സാഹചര്യങ്ങളിൽ വേഗത്തിൽ സഹായം സാധ്യമാക്കുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന IoT സുരക്ഷാ ഉപകരണങ്ങൾ ERSS സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ കൂടുതൽ സുരക്ഷ ഉറപ്പാക്കുവാൻ സാധിക്കുന്നതാണ്.

e) മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പരാതികൾ സ്വീകരിക്കുന്നതിനും ആവശ്യമെങ്കിൽ ലഭിച്ച പരാതികൾ മറ്റു സംസ്ഥാനത്തേക്കു കൈമാറുവാനും സാധിക്കും.

f) 112 ഇന്ത്യ ആപ്ലിക്കേഷൻ മുഖാന്തിരം ലഭ്യമാക്കിയിരിക്കുന്ന TRACK ME സംവിധാനം ഉപയോഗിച്ച് പോലീസുമായി നിരന്തരം ബന്ധപ്പെടാവുന്നതും ആവശ്യഘട്ടത്തിൽ പോലീസ് സേവനം ഉറപ്പു വരുത്താവുന്നതുമാണ്. ഇതിനായി 112 ഇന്ത്യ ആപ്പ് സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. യാത്ര പോകുന്ന അവസരത്തിലും ഒറ്റക്ക് ആയിരിക്കുമ്പോഴുള്ള സാഹചര്യത്തിലും പൊതു ജനങ്ങൾക്ക് ഈ സേവനം ഉപയോഗിക്കാവുന്നതാണ്.

കേരളത്തിൽ എവിടെ നിന്ന് 112 ലേയ്ക്ക് വിളിച്ചാലും തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കൺട്രോൾ റൂമിലേയ്ക്കാവും കാൾ എത്തുന്നത്. ഉദ്യോഗസ്ഥർ അതിവേഗം വിവരങ്ങൾ ശേഖരിച്ച് സേവനമെത്തേണ്ട സ്ഥലത്തിനു സമീപമുള്ള പോലീസ് വാഹനത്തിലേയ്ക്ക് സന്ദേശം കൈമാറും.

ജിപിഎസ് സഹായത്തോടെ ഓരോ പോലീസ് വാഹനവും എവിടെയുണ്ടെന്ന് കൺട്രോൾ റൂമിൽ അറിയാനാകും. ആ വാഹനത്തിൽ ഘടിപ്പിച്ച ടാബിലേയ്ക്കാണ് സന്ദേശമെത്തിക്കുന്നത്. ഇതനുസരിച്ച് പോലീസ് ഉദ്യോഗസ്ഥർക്ക് അതിവേഗം പ്രവർത്തിക്കാം.

ഔട്ട് ഗോയിങ് സൗകര്യം ഇല്ലാത്തതോ താത്കാലികമായി പ്രവർത്തന രഹിതമായിരിക്കുന്നതോ ആയ നമ്പരുകളിൽ നിന്നു പോലും 112 എന്ന നമ്പറിലേയ്ക്ക് വിളിക്കാം. മൊബൈൽ ഫോണുകളിൽ നിന്നും ലാൻഡ് ഫോണിൽ നിന്നും ഈ സൗകര്യം ലഭ്യമാണ്. പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ ആപ്പിലെ SoS ബട്ടൺ വഴിയും ഈ സേവനം പ്രയോജനപ്പെടുത്താം.

മനോമോഹന വിലാസം റെസിഡൻസ് അസോസിയേഷൻ സ്വാതന്ത്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

മനോമോഹന വിലാസം റെസിഡൻസ് അസോസിയേഷൻ സ്വാതന്ത്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

മനോമോഹന വിലാസം റെസിഡൻസ് അസോസിയേഷന്റെ ഈ വർഷത്തെ സ്വാതന്ത്യ ദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം പ്രസിഡന്റ് ജയാ ശ്രീകുമാർ പതാക ഉയർത്തി നിർവഹിച്ചു. തുടർന്ന് വക്കം ഷക്കീർ വൃക്ഷ തൈ നട്ടു കൊണ്ടു സ്വാതന്ത്ര്യദിനത്തെ അനുസ്മരിച്ചു സംസാരിച്ചു. സെക്രട്ടറി പ്രിയാസാബു, ട്രഷറർ ഗീതാ ദേവി മറ്റ് ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.

കുവൈത്ത് വിഷമദ്യ ദുരന്തത്തിൽ മരിച്ചത് മലയാളികൾ ഉൾപ്പെടെ 23 പേർ; കാഴ്ച നഷ്ടമായത് നിരവധിപ്പേർക്ക്

കുവൈത്ത് വിഷമദ്യ ദുരന്തത്തിൽ മരിച്ചത് മലയാളികൾ ഉൾപ്പെടെ 23 പേർ; കാഴ്ച നഷ്ടമായത് നിരവധിപ്പേർക്ക്

കുവൈത്ത് സിറ്റി: കുവൈത്തിലെ വിഷമദ്യ ദുരന്തത്തിൽ 160 പേർ ചികിത്സ തേടിയതായി ആരോഗ്യ മന്ത്രാലയം. ഇതിൽ ഭൂരിഭാഗം ആളുകളും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. സംഭവത്തിൽ കണ്ണൂര്‍ സ്വദേശിയായ പി സച്ചിന്‍ ഉൾപ്പെടെ 23 പേർ മരിച്ചതായി അധികൃതർ വ്യക്തമാക്കി. ചികിത്സയിൽ തുടരുന്ന പലരുടെയും ആരോഗ്യ നില ഗുരുതരമാണെന്നാണ് റിപോർട്ടുകൾ.

ആശുപത്രിയിൽ ചികിത്സ തേടിയെത്തിയവരിൽ നിരവധിപ്പേരെ ഡയാലിസിന് വിധേയമാക്കി. ഐ സി യു, വെന്റിലേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവർക്കായി ഒരുക്കിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ചികിത്സയിൽ തുടരുന്നവരുടെ ആരോഗ്യ നില നിരീക്ഷിച്ചു വരികയാണ്. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കും. ഇതിനായി സുരക്ഷാ സേനകൾ പ്രത്യേക പരിശോധനകൾ നടത്തുമെന്നും കുവൈത്ത് അധികൃതർ വ്യക്തമാക്കി.

ദുരന്തങ്ങൾ ഒഴിവാക്കാൻ ജനങ്ങൾ ഇത്തരം ശീലങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം. നിയമ വിരുദ്ധമായ പ്രവർത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അധികൃതരെ വിവരം അറിയിക്കണമെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

വിഷ മദ്യ ദുരന്തത്തിൽ കണ്ണൂര്‍ സ്വദേശി പി സച്ചിന്‍ മരിച്ചു എന്ന വിവരം ലഭിച്ചു കുടുംബാംഗങ്ങള്‍ക്ക് ലഭിച്ചു. 31 വയസുള്ള സച്ചിൻ പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്നു. നാലു വർഷം മുൻപാണ് ഇയാൾ കുവൈത്തിലെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമങ്ങൾ തുടങ്ങിയതായി ബന്ധുകൾ അറിയിച്ചു. അതെ സമയം സംഭവത്തിൽ കൂടുതൽ മലയാളികൾ മരിച്ചതായും ചികിത്സയിൽ തുടരുന്ന പലരുടെയും കാഴ്ച ശക്തി നഷ്ട്ടപ്പെട്ടതായും സൂചനകൾ ഉണ്ട്‌.

40 ഇന്ത്യക്കാർ ചികിത്സയിൽ തുടരുന്നതായി കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി വ്യക്തമാക്കിയിരുന്നു. എന്നാൽ സംസ്ഥാനങ്ങൾ തിരിച്ചുള്ള കണക്ക് ലഭ്യമായിട്ടില്ല എന്നാണ് അധികൃതർ പറയുന്നത്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കുവൈത്ത് ആരോഗ്യ മന്ത്രാലയം പുറത്ത് വിടാൻ തയ്യാറാകാത്തതാണ് ഇതിന് കാരണം.

മരണമടഞ്ഞവരുടെയും ചികിത്സയിൽ തുടരുന്നവരുടെയും കുടുംബങ്ങൾക്ക് ബന്ധപ്പെടുന്നതിന് വേണ്ടി ഹെല്പ് ലൈൻ നമ്പർ സ്ഥാപിച്ചതായി എംബസി അറിയിച്ചു. +965-65501587 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് എംബസി വ്യക്തമാക്കി.

വിഷ മദ്യ ദുരന്തത്തിൽ ഉൾപ്പെട്ടവരുടെ ചികിത്സയ്ക്കായി ആശുപത്രികളുമായും കുവൈത്ത് ആരോഗ്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടു വരികയാണെന്നും എംബസി അറിയിച്ചു.

മഹാത്മാ ഗാന്ധിക്ക് മുകളില്‍ സവര്‍ക്കര്‍; പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യദിന പോസ്റ്റര്‍; വിവാദം

മഹാത്മാ ഗാന്ധിക്ക് മുകളില്‍ സവര്‍ക്കര്‍; പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യദിന പോസ്റ്റര്‍; വിവാദം

ഡല്‍ഹി:സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ പോസ്റ്ററില്‍ മഹാത്മ ഗാന്ധിക്ക് മുകളില്‍ സവര്‍ക്കറുടെ ചിത്രം. സ്വാതന്ത്ര്യദിന പോസ്റ്ററിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. ‘സ്വാതന്ത്ര്യം അവരുടെ പോരാട്ടമായിരുന്നു. ഭാവിക്ക് രൂപം നല്‍കുക നമ്മുടെ ലക്ഷ്യമാണെന്ന് പോസ്റ്ററില്‍ പറയുന്നു.

‘രാജ്യം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ നമുക്ക് ഒരു കാര്യം സ്മരിക്കാം. ഐക്യത്തിലൂടെയും സഹാനുഭൂതിയിലൂടെയും പ്രവൃത്തിയിലൂടെയും സ്വാതന്ത്ര്യത്തെ പരിപോഷിപ്പിക്കാം. എങ്കില്‍ മാത്രമേ അത് കൂടുതല്‍ കരുത്താര്‍ജിക്കൂ. സ്വാതന്ത്ര്യദിനാശംസകള്‍’- എന്നു പറഞ്ഞാണ് പെട്രോളിയം മന്ത്രാലയം പോസ്റ്റര്‍ പങ്കുവച്ചത്. പോസ്റ്ററില്‍ ഏറ്റവും മുകളിലാണ് സവര്‍ക്കറുടെ ചിത്രം. അതിന് താഴെ മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ് എന്നിവരാണ് ഉള്ളത്.