by Midhun HP News | Aug 15, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ നടത്തിയ 103 മിനിറ്റ് നീണ്ട പ്രസംഗം ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗമായി. പ്രസംഗത്തില്‍ സ്വന്തം റെക്കോര്‍ഡാണ് മോദി മറികടന്നത്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലെ മോദിയുടെ പ്രസംഗ ദൈര്‍ഘ്യം 98 മിനിറ്റ് ആയിരുന്നു.

2016-ല്‍ 96 മിനിറ്റ് പ്രസംഗിച്ചതാണ് 2024-ന് മുമ്പ് അദ്ദേഹത്തിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ സ്വാതന്ത്ര്യദിന പ്രസംഗം. അതേസമയം 2017ലെ 56 മിനിറ്റ് പ്രസംഗമാണ് മോദിയുടെ ഏറ്റവും ചെറിയ പ്രസംഗം. ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനത്തില്‍, തുടര്‍ച്ചയായി 12 തവണ ചെങ്കോട്ടയില്‍ പ്രസംഗിച്ച് ഇന്ദിരാഗാന്ധിയുടെ റെക്കോര്‍ഡും മോദി മറികടന്നു. തുടര്‍ച്ചയായി 17 സ്വാതന്ത്ര്യദിന പ്രസംഗങ്ങള്‍ നടത്തിയ ജവഹര്‍ലാല്‍ നെഹ്റു മാത്രമാണ് മോദിക്ക് മുന്നിലുള്ളത്.

2014ല്‍ മോദിയുടെ ആദ്യ സ്വാതന്ത്ര്യദിന പ്രസംഗം 65 മിനിറ്റായിരുന്നു. 2015ല്‍ ഇത് 88 മിനിറ്റായി ഉയര്‍ന്നു. 2018ല്‍ 83 മിനിറ്റും 2019ല്‍ 92 മിനിറ്റും 2020ല്‍ 90 മിനിറ്റുമായിരുന്നു. 2021ല്‍ 88 മിനിറ്റും 2022ല്‍ 74 മിനിറ്റും 2023ല്‍ 90 മിനിറ്റുമായിരുന്നു മോദിയുടെ പ്രസംഗം.

മോദിക്ക് മുമ്പ് ജവഹര്‍ലാല്‍ നെഹ്റു 1947ല്‍ 72 മിനിറ്റും, ഐകെ ഗുജ്‌റാള്‍ 1997ല്‍ 71 മിനിറ്റും പ്രസംഗിച്ചിട്ടുണ്ട്. നെഹ്റു 1954ല്‍ 14 മിനിറ്റും ഇന്ദിരാഗാന്ധി 1966ല്‍ 14 മിനിറ്റും പ്രസംഗിച്ചതാണ് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലെ ഏറ്റവും കുറഞ്ഞ സമയം. മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിങും അടല്‍ ബിഹാരി വാജ്‌പേയിയും സമയ ദൈര്‍ഘ്യമില്ലാത്ത സ്വാതന്ത്ര്യദിന പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്. 2012ല്‍ 32 മിനിറ്റും 2013ല്‍ 35 മിനിറ്റുമായിരുന്നു മന്‍മോഹന്‍സിങിന്റെ പ്രസംഗസമയം. വാജ്‌പേയി 2002ല്‍ 25 മിനിറ്റും 2003ല്‍ 30 മിനിറ്റുമാണ് സംസാരിച്ചത്.
by Midhun HP News | Aug 15, 2025 | Latest News, കേരളം
തമിഴ്‌നാട്: ബന്ധുവായ പെണ്‍കുട്ടിയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്നു വാഗ്ദാനം നല്‍കി പെണ്‍വാണിഭ സംഘത്തിനു കൈമാറിയെന്ന കേസില്‍ നടി മിനു മുനിറിനെ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈ തിരുമംഗലം പൊലീസാണു ഇന്നലെ നടിയെ കേരളത്തിലെത്തി കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ചെന്നൈയിലെ രഹസ്യ കേന്ദ്രത്തിലേക്കു മാറ്റി. വിശദമായ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തിയേക്കും.

2014ല്‍ 16 വയസ്സ് മാത്രമുണ്ടായിരുന്ന പെണ്‍കുട്ടിയെ സിനിമയില്‍ അഭിനയിപ്പിക്കാം എന്ന വാഗ്ദാനം നല്‍കി മിനു ചെന്നൈ തിരുമംഗലത്തെ ഫ്‌ലാറ്റില്‍ എത്തിക്കുകയായിരുന്നു. ഓഡിഷന്‍ എന്നു പറഞ്ഞാണു കൊണ്ടുപോയത്. അവിടെയുണ്ടായിരുന്ന 6 പുരുഷന്‍മാര്‍ അപമര്യാദയായി പെരുമാറിയെന്നും അഡ്ജസ്റ്റ് ചെയ്യാന്‍ മിനു ആവശ്യപ്പെട്ടെന്നുമാണു പരാതി.

ചെന്നൈയില്‍ നിന്നു രക്ഷപ്പെട്ടു നാട്ടിലെത്തിയ പെണ്‍കുട്ടി മീനുവുമായി അകന്നു കഴിയുകയായിരുന്നു. ഇതിനു പിന്നാലെയാണു യുവതി ദുരനുഭവം തുറന്നു പറഞ്ഞത്. തുടര്‍ന്നു ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കി. സംഭവം നടന്നതു തിരുമംഗലം പൊലീസ് പരിധിയില്‍ ആയതിനാല്‍ കേസ് തിരുമംഗലം പൊലീസിനു കൈമാറുകയായിരുന്നു.

by Midhun HP News | Aug 15, 2025 | Latest News, കേരളം
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ഭാരവാഹികളെ ഇന്നു തെരഞ്ഞെടുക്കും. നഗരത്തിലെ ഹോട്ടലില്‍ രാവിലെ പത്തുമണി മുതല്‍ ഒരുമണിവരെയാണ് വോട്ടെടുപ്പ്. 4 മണിയോടെ ഫലപ്രഖ്യാപനം ഉണ്ടാകും. സംഘടനയിലെ 506 അംഗങ്ങള്‍ക്കാണ് വോട്ടവകാശം.

വ്യക്തിപരമായ തര്‍ക്കങ്ങളും കേസുമൊക്കെയായി കലുഷിതമായ പ്രചാരണമാണ് നടന്നത്. സംഘടനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ആരോപണ പ്രത്യോരോപണങ്ങള്‍ ഉയര്‍ന്ന തെരഞ്ഞെടുപ്പാണിത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും തമ്മിലാണ് മത്സരം, സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും രവീന്ദ്രനും ഏറ്റുമുട്ടുന്നു. സ്ത്രീകള്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ അമ്മയുടെ നേതൃത്വത്തില്‍ അത് ആദ്യമാകും. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

മോഹന്‍ലാല്‍, സുരേഷ് ഗോപി ഉള്‍പ്പടെയുള്ള പ്രമുഖര്‍ വോട്ടിങിന് എത്തും. മമ്മൂട്ടി ചെന്നൈയിലായതിനാല്‍ എത്താന്‍ ഇടയില്ല.പ്രസിഡന്റ്,വൈസ് പ്രസിഡന്റ്,ജനറല്‍ സെക്രട്ടറി,ജോയിന്റ് സെക്രട്ടറി,ട്രഷറര്‍,നിര്‍വാഹക സമിതി അംഗങ്ങള്‍ എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.

by Midhun HP News | Aug 15, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ദൈനംദിനാവശ്യത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ജിഎസ്ടി കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്ത ദീപാവലിയോടെ ജിഎസ്ടി പരിഷ്‌കരിക്കുമെന്നും വിലകുറയന്നതോടെ സാധാരണക്കാര്‍ക്ക് അത് വലിയ ആശ്വാസമാകുമെന്നും മോദി പറഞ്ഞു. എല്ലാ മേഖലയിലും രാജ്യം മുന്നേറുന്നു. ലോകവിപണി ഇന്ത്യ നിയന്ത്രിക്കുന്ന കാലം വിദൂരമല്ലെന്നും പ്രധാനമന്ത്ര പറഞ്ഞു. . 79ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

രാജ്യത്തെ യുവജനങ്ങള്‍ക്ക് വേണ്ടി ഒരുലക്ഷം കോടിയുടെ പദ്ധതി ഇന്നുമുതല്‍ നിലവില്‍ വരും. വികസിത് ഭാരത് റോസ്ഗാര്‍ യോജനയുടെ ഭാഗമായി 3.5 കോടി യുവജനങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. സ്വകാര്യമേഖലയില്‍ തൊഴില്‍ ലഭിക്കുന്ന യുവജനങ്ങള്‍ക്ക് ഒറ്റവത്തവണയായി 15,00 രൂപ ലഭിക്കും.

ലോകം നമ്മുടെ പുരോഗതി ശ്രദ്ധിക്കുന്നുവെന്നും മോദി പറഞ്ഞു. സാമ്പത്തിക വളര്‍ച്ച വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നമ്മള്‍ നമ്മുടെ സ്വന്തം പാത രൂപപ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് സ്വന്തം സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ വേണമെന്നും വിദേശ പ്ലാറ്റ് ഫോമുകളെ ആശ്രയിക്കുന്നത് എന്തിനെന്നും പ്രധാനമന്ത്രി ചോദിച്ചു.

മുദ്ര പദ്ധതി നമ്മുടെ പെണ്‍മക്കള്‍ക്ക് പ്രയോജനം ചെയ്യുന്നുവെന്നും വനിതാ സ്വയം സഹായ സംഘങ്ങള്‍ ഒരു വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണെന്നും മോദി പറഞ്ഞു. നൂതന ആശയങ്ങള്‍ക്കായി അഭ്യര്‍ത്ഥിക്കുകയാണ്. അതിനായി യുവാക്കളോട് മുന്‍കൈയെടുക്കണം. ഇന്ത്യയെ തടയാന്‍ കഴിയില്ല. ഒരു നിമിഷം പോലും പാഴാക്കാന്‍ ആഗ്രഹിക്കുന്നില്ല. സ്വപ്നം കാണാനുള്ള സമയമാണിത്. ഞാന്‍ വ്യക്തിപരമായി യുവാക്കളോടൊപ്പമാണെന്നും പ്രധാനമന്ത്രി.
പാക്കിസ്ഥാന്റെ ആണവ ഭീഷണി ഇന്ത്യയോടു വേണ്ടെന്ന് ആവർത്തിച്ച മോദി, സിന്ധുനദി ജല കരാറിൽ പുനരാലോചനയില്ലെന്നും രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നും ഓർമിപ്പിച്ചു. ഓപ്പറേഷൻ സിന്ദൂർ എന്നത് ഇന്ത്യയുടെ രോഷത്തിന്റെ പ്രകടനമാണെന്നും പ്രതികാരത്തിനുള്ള സമയവും സ്ഥലവും തീരുമാനിച്ച സൈന്യം സങ്കൽപ്പിക്കാനാവാത്ത കാര്യമാണ് രാജ്യത്തിനായി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ആത്മ നിർഭർ ഭാരത് എന്താണെന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ തെളിയിച്ചു. രാജ്യം സ്വയം പര്യാപ്തത നേടി കഴിഞ്ഞു. ഏത് ഭീഷണിയും നേരിടാൻ രാജ്യം തയ്യാറാണ്. ഇന്ത്യയുടെ ആയുധബലം ശത്രുവിനെ അമ്പരപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
by Midhun HP News | Aug 15, 2025 | Latest News, കേരളം
മലപ്പുറം: മലപ്പുറത്ത് ആയുധങ്ങളുമായെത്തിയ സംഘം രണ്ടു കോടി രൂപ കവർന്നു. കാറിൽ സഞ്ചരിക്കുകയായിരുന്ന തെന്നല സ്വദേശി ഹനീഫയുടെ പണമാണ് വാഹനം തടഞ്ഞുനിർത്തി കവർന്നത്. തെയ്യാലിങ്ങല്‍ ഹൈസ്‌കൂള്‍ പടിയില്‍ വെച്ചായിരുന്നു സംഭവം.

കൊടിഞ്ഞിയില്‍ നിന്ന് പണവുമായി താനൂര്‍ ഭാഗത്തേക്ക് പോകുമ്പോള്‍, എതിര്‍ ഭാഗത്ത് നിന്ന് കാറില്‍ വന്ന അക്രമി സംഘം പണം തട്ടിയെടുക്കുകയായിരുന്നു. ഹോക്കി സ്റ്റിക്കുകളും വടിവാളുകളുമായി ഇറങ്ങിയ നാലംഗ സംഘമാണ് പണം തട്ടിയെടുത്തത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കിട്ടിയ പണമാണ് സംഘം കവര്‍ന്നതെന്ന് ഹനീഫ പറഞ്ഞു. കേസെടുത്ത താനൂര്‍ പൊലീസ് പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചുവരികയാണ്. പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് സൂചിപ്പിച്ചു.


Recent Comments