ആറ്റിങ്ങലിൽ ആംബുലൻസ് ഇടിച്ച് 55 കാരന് ദാരുണാന്ത്യം

ആറ്റിങ്ങലിൽ ആംബുലൻസ് ഇടിച്ച് 55 കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ ആംബുലൻസ് ഇടിച്ച് 55 കാരന് ദാരുണാന്ത്യം. ആറ്റിങ്ങൽ സ്വദേശിയായ വിജയനാണ് മരിച്ചത്. ആറ്റിങ്ങൽ മൂന്നുമുക്ക് ജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കവേയാണ് അപകടം ഉണ്ടായത്.

കൊല്ലം ജില്ലാ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രോഗിയെയും കൊണ്ട് പോകവേയായിരുന്നു ആംബുലൻസ് അപകടത്തിൽപ്പെട്ടത്. ആംബുലൻസും ഡ്രൈവറെയും ആറ്റിങ്ങൽ പൊലീസ് കസ്റ്റഡിയിലെടുത്തു. രോഗിയെ മറ്റൊരു ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് വിട്ടു.

ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി, നാലു ജില്ലാ കലക്ടര്‍മാര്‍മാര്‍ക്ക് മാറ്റം ; പൊതു വിദ്യാഭ്യാസ ഡയറക്ടറെയും മാറ്റി

ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി, നാലു ജില്ലാ കലക്ടര്‍മാര്‍മാര്‍ക്ക് മാറ്റം ; പൊതു വിദ്യാഭ്യാസ ഡയറക്ടറെയും മാറ്റി

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി. നാലു ജില്ലാ കലക്ടര്‍മാര്‍ അടക്കം 25 ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റി. പൊതു വിദ്യാഭ്യാസ ഡയറക്ടറെയും മാറ്റിയിട്ടുണ്ട്. എറണാകുളം ജില്ലാ കലക്ടര്‍ എന്‍എസ്‌കെ ഉമേഷ്, ഇടുക്കി കലക്ടര്‍ വി വിഘ്‌നേശ്വരി, പാലക്കാട് കലക്ടര്‍ ജി പ്രിയങ്ക, കോട്ടയം കലക്ടര്‍ ജോണ്‍ വി സാമുവല്‍ എന്നിവരെയാണ് മാറ്റിയത്. എറണാകുളം കലക്ടറായിരുന്ന എന്‍എസ്‌കെ ഉമേഷാണ് പുതിയ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. കെഎഫ്‌സി മാനേജിങ് ഡയറക്ടറുടെ ചുമതലയും നല്‍കിയിട്ടുണ്ട്.

പാലക്കാട് കലക്ടറായിരുന്ന ജി പ്രിയങ്കയെ എറണാകുളം കലക്ടറായി മാറ്റിനിയമിച്ചു. പകരം ആരോഗ്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എം എസ് മാധവിക്കുട്ടിയെ പാലക്കാട് ജില്ലാ കലക്ടറായി നിയമിച്ചു. ഇടുക്കി കലക്ടറായിരുന്ന വി വിഘ്നേശ്വരിയെ കൃഷിവകുപ്പ് അഡീഷണല്‍ സെക്രട്ടറിയാക്കി. പകരം പഞ്ചായത്ത് ഡയറക്ടര്‍ ഡോ.ദിനേശന്‍ ചെറുവാട്ടിയാണ് ഇടുക്കി കലക്ടര്‍. കോട്ടയം ജില്ലാ കലക്ടറായിരുന്ന ജോണ്‍ വി സാമുവലിനെ ജലഗതാഗത വകുപ്പ് ഡയറക്ടറാക്കി. ന്യൂഡല്‍ഹിയില്‍ അഡീഷണല്‍ റെസിഡന്റ് കമ്മിഷണറായിരുന്ന ചേതന്‍കുമാര്‍ മീണയാണ് കോട്ടയത്തെ പുതിയ കലക്ടര്‍.

പൊതുവിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന എസ് ഷാനവാസാണ് പുതിയ തൊഴിൽ വകുപ്പ് സെക്രട്ടറി. തൊഴിൽവകുപ്പ് സെക്രട്ടറി കെ വാസുകിയെ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിച്ചു. ഡൽഹിയിലെ റസിഡന്റ് കമ്മിഷണറായ പുനീത് കുമാറിനെ തദ്ദേശഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. പഠനാവധി കഴിഞ്ഞെത്തിയ ജെറോമിക് ജോർജിനെ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായി നിയമിച്ചു. തദ്ദേശ ഭരണവകുപ്പിൽ അഡീഷണൽ സെക്രട്ടറിയായ ഡോ. എസ്.ചിത്രയെ പൊതുവിദ്യാഭ്യാസ വകുപ്പിലേക്കും ലാൻഡ് റവന്യൂ ജോയിന്റ് സെക്രട്ടറി എ ഗീതയെ റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറിയായും മാറ്റി നിയമിച്ചിട്ടുണ്ട്.

തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടറായിരുന്ന എ നിസാമുദ്ദീനാണ് കിലയുടെ പുതിയ ഡയറക്ടർ. രജിസ്‌ട്രേഷൻ ഐജി ആയിരുന്ന ശ്രീധന്യാ സുരേഷിനെ ടൂറിസം അഡീഷണൽ ഡയറക്ടറായും മാറ്റി നിയമിച്ചു. സിവിൽ സപ്ലൈസ് കോർപ്പറേഷൻ എംഡി ആയിരുന്ന ഡോ.അശ്വതി ശ്രീനിവാസിനെ ന്യൂഡൽഹിയിലെ അഡീഷണൽ റെസിഡന്റ് കമ്മിഷണറാക്കി. പിന്നാക്ക സമുദായ വികസന കോർപ്പറേഷൻ ഡയറക്ടറായ ഡോ.ജെ.ഒ.അർജുനെ വയനാട് ടൗൺഷിപ്പ് പ്രോജക്ട് സിഇഒ ആയി നിയമിച്ചു.

ഷീബാ ജോർജിനെ ആരോഗ്യവകുപ്പിൽ അഡിഷനൽ സെക്രട്ടറിയായും ബി.അബ്ദുൽനാസറിനെ ന്യൂനപക്ഷ വകുപ്പ് അഡിഷനൽ സെക്രട്ടറിയായും നിയമിച്ചു. ഫോർട്ട് കൊച്ചി സബ് കലക്ടർ കെ.മീരയെ സർവേ ആൻഡ് ലാൻഡ്‌ റെക്കോഡ്‌സ് ഡയറക്ടറായും ഒറ്റപ്പാലം സബ്കലക്ടർ ഡോ.മിഥുൻ പ്രേമരാജിനെ ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണറായും നിയമിച്ചു. മാനന്തവാടി സബ്കലക്ടർ മിസാൽ സാഗർ ഭരതിനെ പിന്നാക്ക സമുദായ കോർപ്പറേഷൻ ഡെപ്യൂട്ടി സെക്രട്ടറിയാക്കി. കോഴിക്കോട് സബ്കലക്ടർ ഹരീഷ് ആർ.മീണയെ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറാക്കി.

ദേവികുളം സബ്കലക്ടറായിരുന്ന വി.എം. ജയകൃഷ്ണനാണ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ പുതിയ എം ഡി. കോട്ടയം സബ്കലക്ടർ ഡി. രഞ്ജിത്തിനെ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടറായും പെരിന്തൽമണ്ണ സബ്കലക്ടറായിരുന്ന അപൂർവ ത്രിപാഠിയെ ലൈഫ് മിഷൻ സിഇഒയായും നിയമിക്കും. മസൂറിയിൽ രണ്ടാംഘട്ട പരിശീലനം പൂർത്തിയാക്കിയെത്തുന്ന മുറയ്ക്ക് അൻജീത് കുമാറിനെ ഒറ്റപ്പാലത്തും അതുൽ സാഗറിനെ മാനന്തവാടിയിലും ആയുഷ് ഗോയലിനെ കോട്ടയത്തും വി.എം.ആര്യയെ ദേവികുളത്തും എസ്.ഗൗതംരാജിനെ കോഴിക്കോട്ടും ഗ്രന്ഥേ സായികൃഷ്ണയെ ഫോർട്ട് കൊച്ചിയിലും സാക്ഷി മോഹനനെ പെരിന്തൽമണ്ണയിലും സബ്കലക്ടർമാരായി നിയമിക്കും.

പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരാണോ?; സൗജന്യ സഹായവുമായി കേരളാ പൊലീസ്

പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരാണോ?; സൗജന്യ സഹായവുമായി കേരളാ പൊലീസ്

തിരുവനന്തപുരം: വിവിധ കാരണങ്ങളാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച എസ്എസ്എല്‍സി,പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കും, പരീക്ഷയെഴുതി വിജയം നേടാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കും സഹായഹസ്തവുമായി പൊലീസിന്റെ ‘ഹോപ്പ്’ പദ്ധതി. പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ 22 വയസ്സിനു താഴെയുള്ളവര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും 94979 00200 എന്ന ഫോണ്‍ നമ്പറിലേക്ക് വിളിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഓഗസ്റ്റ് 15 ആണെന്ന് കേരളാ പൊലീസ് അറിയിച്ചു.

കേരളാ പൊലീസ് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ്

വിവിധ കാരണങ്ങളാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച എസ്.എസ്.എല്‍.സി.,പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കും, പരീക്ഷയെഴുതി വിജയം നേടാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കും സഹായഹസ്തവുമായി പൊലീസിന്റെ ‘ഹോപ്പ്’ പദ്ധതി. അടിസ്ഥാന വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിന് കേരളാ പൊലീസ് മുന്നോട്ട് വെക്കുന്ന പദ്ധതിയാണ് ഹോപ്പ്.

പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ 22 വയസ്സിനു താഴെയുള്ളവര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം.

വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യം ഏര്‍പ്പെടുത്തി, പരീക്ഷയെഴുതാനും വിജയിക്കാനും ആവശ്യമായ സൗകര്യങ്ങളും സഹായങ്ങളും പൊലീസ് സൗജന്യമായി ഒരുക്കും.

താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും 94979 00200 എന്ന ഫോണ്‍ നമ്പറിലേക്ക് വിളിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഓഗസ്റ്റ് 15 ആണ്.

പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ മേഘ്നാഥ് ദേശായ് അന്തരിച്ചു

പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ മേഘ്നാഥ് ദേശായ് അന്തരിച്ചു

ലണ്ടന്‍: പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞനും എഴുത്തുകാരനും ചിന്തകനുമായ മേഘ്നാഥ് ദേശായ് അന്തരിച്ചു. 85 വയസ്സായിരുന്നു. ഗുരുഗ്രാമിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 2008-ല്‍ മേഘ്നാഥ് ദേശായിയെ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.

ഗുജറാത്തില്‍ ജനിച്ച മേഘ്നാഥ് ദേശായി ബ്രിട്ടീഷ് പ്രഭുസഭയില്‍ അംഗമാകുന്ന ആദ്യ ഇന്ത്യന്‍ വംശജരില്‍ ഒരാളാണ്. ഇന്ത്യ-യുകെ ബന്ധം ശക്തമാക്കുന്നതില്‍ വലിയ പങ്കുവഹിച്ച വ്യക്തിയാണ്. 1965 മുതല്‍ 2003 വരെ ദേശായി ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ (എല്‍എസ്ഇ) സാമ്പത്തികശാസ്ത്രം അധ്യാപകനായിരുന്നു.

പിന്നീട് ആ സ്ഥാപനത്തിലെ എമെരിറ്റസ് പ്രൊഫസര്‍ ഓഫ് ഇക്കണോമിക്‌സ് ആകുകയും ചെയ്തു. 1992-ല്‍ അദ്ദേഹം എല്‍എസ്ഇയില്‍ സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഗ്ലോബല്‍ ഗവര്‍ണന്‍സ് സ്ഥാപിച്ചു. എല്‍എസ്ഇയുടെ ഡവലപ്മെന്റ് സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറും സ്ഥാപകാംഗവുമായിരുന്നു. പിന്നീട് പ്രഭുസഭയില്‍ ഒരു ക്രോസ്‌ബെഞ്ച് പിയര്‍ ആയി.

1971-ല്‍ ലേബര്‍പാര്‍ട്ടിയില്‍ ചേര്‍ന്ന അദ്ദേഹത്തെ 1991 ജൂണില്‍ യുകെ പ്രഭുപദവി നല്‍കുകയും ലോര്‍ഡ് ദേശായി ഓഫ് സെന്റ് ക്ലെമന്റ് ഡേന്‍സ് എന്നപേരില്‍ പ്രഭുസഭയിലേക്ക് ഉയര്‍ത്തുകയും ചെയ്തു. 1986 മുതല്‍ 1992 വരെ പാര്‍ട്ടിയുടെ ചെയര്‍മാനായിരുന്നു. ഗാന്ധിപ്രതിമാ സ്മാരകട്രസ്റ്റിന്റെ സ്ഥാപകട്രസ്റ്റി എന്നനിലയില്‍ ലണ്ടനിലെ പാര്‍ലമെന്റ് സ്‌ക്വയറില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുന്നതില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചു.

1970-കളുടെ തുടക്കം ദേശായി മാര്‍ക്‌സിയന്‍ സാമ്പത്തിക സിദ്ധാന്തത്തെക്കുറിച്ചുള്ള രചനകള്‍ പ്രസിദ്ധീകരിച്ചു. ‘മാര്‍ക്‌സിയന്‍ ഇക്കോണമിക് തിയറി’, ‘ദി റീ ഡിസ്‌കവറി ഓഫ് ഇന്ത്യ’, ‘ഹൂ റോട്ട് ദി ഭഗവദ്ഗീത’, ‘നെഹ്‌റുസ് ഹീറോ ദിലീപ്കുമാര്‍’ തുടങ്ങിയവ മേഘ്‌നാഥ് ദേശായിയുടെ ശ്രദ്ധേയ കൃതികളാണ്. 200-ലധികം അക്കാദമിക് ലേഖനങ്ങളും രചിച്ചിട്ടുണ്ട്. മേഘ്നാഥ് ദേശായിയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.

ഒരു നാട് വിറങ്ങലിച്ചു പോയ രാത്രി; മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഒരാണ്ട്

ഒരു നാട് വിറങ്ങലിച്ചു പോയ രാത്രി; മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഒരാണ്ട്

കല്‍പ്പറ്റ: ഒരു നാടിനെ ഭൂപടത്തില്‍ നിന്ന് നിന്ന് മായ്ച് കളഞ്ഞ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇന്ന് ഒരാണ്ട്. ആ വിറങ്ങലിച്ച രാത്രി നോവായി ഇന്നും മനസുകളില്‍ അവശേഷിക്കുന്നു. കണ്ടെത്താന്‍ കഴിയാത്ത 32 പേര്‍ ഉള്‍പ്പെടെ 298 ജീവനുകളാണ് ഉരുള്‍ കവര്‍ന്നെടുത്തത്. വെള്ളരിമലയുടെ താഴ് വാരത്ത് കുറച്ചു ദിവസമായി മഴയുണ്ടായിരുന്നു. പുന്നപ്പുഴയിലെ ഒഴുക്കും തണുപ്പുമൊന്നും ഇവിടുത്തെ ജനതയ്ക്ക് പുതുമയുള്ളതായിരുന്നില്ല. അങ്ങനെ ഉറങ്ങാന്‍ കിടന്നവരാണ്. ജലബോംബ് രൂപപ്പെടുന്നത് ആരുമറിഞ്ഞില്ല.

മുണ്ടക്കൈയ്ക്ക് മൂന്ന് കിലോമീറ്റര്‍ അകലെ പുഞ്ചിരിമട്ടത്തിനും മുകളില്‍ വെള്ളോലിപ്പാറയില്‍ മണ്ണും പാറക്കല്ലുകളും അടര്‍ന്ന് വീഴുകയായിരുന്നു. ആദ്യത്തെ ഉരുള്‍പൊട്ടലായിരുന്നു അത്. ചിന്തിക്കുന്നതിനും മുന്നേ മുണ്ടക്കൈ മുങ്ങി. വീടുകള്‍ നിലംപൊത്തി. ജീവന് വേണ്ടിയുള്ള നിലവിളികളാണ് പിന്നീട് കേട്ടത്. അവിടെയും നിന്നില്ല. വെള്ളവും കല്ലും മരങ്ങളും അടിഞ്ഞ് തടാകം പോലെ രൂപപ്പെട്ടു. വീണ്ടും ഉരുള്‍ പൊട്ടി. രണ്ട് നിലക്കെട്ടിടത്തിന്റെ ഉയരത്തില്‍ ചൂരല്‍മലയുടെ അങ്ങാടിയിലേയ്ക്ക് വെള്ളം ഇരച്ചെത്തി. നാട് രണ്ടായി പിളര്‍ന്നു. രക്ഷാദൗത്യത്തിന്റെ നാളുകളായിരുന്നു പിന്നീട് കണ്ടത്. 48 മണിക്കൂറിനിടെ പെയ്തത് 572 മില്ലീമീറ്റര്‍ മഴയാണ്. അപകടമുന്നറിയിപ്പും ഉണ്ടായിരുന്നില്ല.

ദുരന്തത്തില്‍ കിടപ്പാടം നഷ്ടമായ 402 കുടുംബങ്ങളും ഇപ്പോഴും താത്കാലിക കെട്ടിടത്തില്‍ത്തന്നെയാണ്. പുനരധിവാസം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാരിന് ഒരു വര്‍ഷം പോരാതെ വന്നു. സാമ്പത്തികസഹായത്തിലൂന്നിയായിരുന്നു കേന്ദ്രത്തിന്റെ വാഗ്ദാനങ്ങള്‍. പണമില്ലാത്തതിന്റെ പേരില്‍ ഒന്നും മുടങ്ങില്ലെന്ന് ചൂരല്‍മല സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. എന്നാല്‍, വയനാടിനായി പ്രത്യേക പാക്കേജ് പ്രതീക്ഷിച്ചിരുന്ന കേരളത്തിന് നയാപൈസപോലും സാന്പത്തികസഹായം കേന്ദ്രത്തില്‍നിന്ന് കിട്ടിയില്ല. കിട്ടിയത് 529 കോടിയുടെ വായ്പമാത്രം. ഉറ്റവരും ഉടയവരുമടക്കം സര്‍വവും നഷ്ടപ്പെട്ട ആ കുടുംബങ്ങള്‍ ഇപ്പോഴും താല്‍ക്കാലിക കേന്ദ്രങ്ങളില്‍ അഭയാര്‍ഥികളാണ്. ഒരു വീടിനായി അവര്‍ കാത്തിരിപ്പ് തുടരുന്നു.