by Midhun HP News | Jul 29, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന്റെ അവസാനഘട്ടമായ സ്‌പോട്ട് അഡ്മിഷന് നാളെ വരെ അപേക്ഷിക്കാം. ഇന്ന് രാവിലെ 10 മണി മുതല്‍ നാളെ വൈകീട്ട് നാലുമണി വരെ ഓണ്‍ലൈന്‍ ആയിട്ട് അപേക്ഷിക്കാവുന്നതാണ്.
ഒഴിവുകളുടെ വിവരം ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്‌സൈറ്റില്‍ ഇന്നു രാവിലെ പ്രസിദ്ധീകരിക്കും. മെറിറ്റ് ക്വാട്ടയിലെ വിവിധ അലോട്ട്‌മെന്റുകളില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കാണ് സ്‌പോട്ട് അഡ്മിഷന് അപേക്ഷിക്കാന്‍ അവസരമുള്ളത്. ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍ക്ക് അപേക്ഷിക്കാനാകില്ല.
by Midhun HP News | Jul 29, 2025 | Latest News, ജില്ലാ വാർത്ത
ന്യൂഡല്‍ഹി: യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തയില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കാതെ കേന്ദ്ര വിദേശകാര്യമന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചശേഷം പ്രതികരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സൂചിപ്പിക്കുന്നത്. വധശിക്ഷ റദ്ദാക്കാന്‍ ധാരണയായതായി കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരുടെ ഓഫീസാണ് അറിയിച്ചത്.
നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങള്‍ തുടര്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കാനും ധാരണയായിട്ടുണ്ട്. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ ആവശ്യപ്രകാരം ശൈഖ് ഉമര്‍ ഹഫീള് തങ്ങള്‍ നിയോഗിച്ച യമന്‍ പണ്ഡിത സംഘത്തിനു പുറമെ നോര്‍ത്തേണ്‍ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചര്‍ച്ചകളിലാണ് തീരുമാനം കൈക്കൊണ്ടതെന്നും കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു.
നേരത്തെ ജൂലായ് 16 ന് നിശ്ചയിച്ച നിമിഷ പ്രിയയുടെ വധശിക്ഷ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് താത്കാലികമായി നീട്ടിവെച്ചിരുന്നു. അതേസമയം നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത നിഷേധിച്ച് കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിന്റെ സഹോദരന്‍ രംഗത്ത്. ആരുമായി ചര്‍ച്ച നടത്തിയെന്ന് കാന്തപുരം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നതില്‍ പുതിയ തിയതി നിശ്ചയിക്കണം എന്നാവശ്യപ്പെട്ടു കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കത്ത് നല്‍കി. ഈ കത്ത് തലാലിന്റെ സഹോദരന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. വാര്‍ത്ത തെറ്റാണെന്ന് യെമനിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോമും അഭിപ്രായപ്പെട്ടു. പാലക്കാട് തേക്കിൻചിറ സ്വദേശിയാണ് നിമിഷപ്രിയ. യെമൻ പൗരനായ തലാൽ അബ്ദുമഹ്ദിയെ 2017 ജൂലൈയിൽ നിമിഷപ്രിയയും കൂട്ടുകാരിയും ചേർന്നു കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചുവെന്നാണ് കേസ്.
by Midhun HP News | Jul 29, 2025 | Latest News, കേരളം
പത്തനംതിട്ട: നിറപുത്തിരി പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. നാളെയാണ് നിറപുത്തരി.
ഭക്തര്‍ ഇരുമുടിക്കെട്ടിനൊപ്പം എത്തിക്കുന്ന നെല്‍ക്കറ്റകള്‍ ഇന്ന് വൈകീട്ട് പതിനെട്ടാം പടിയില്‍ സമര്‍പ്പിക്കും. നാളെ പുലര്‍ച്ചെ 5ന് നടതുറന്ന്, നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും ഗണപതി ഹോമവും നടത്തും. തുടര്‍ന്ന് നെല്‍ക്കറ്റകള്‍ തീര്‍ഥം തളിച്ച് ശുദ്ധിവരുത്തിയശേഷം പൂജിക്കും. നിറപുത്തരിയ്ക്കായുള്ള നെല്‍ക്കതിരുകളുമായി ഘോഷയാത്ര ഇന്ന് പുലര്‍ച്ചെ 4.30ന് അച്ചന്‍കോവില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ടു. നിറപുത്തരി പൂജകള്‍ പൂര്‍ത്തിയാക്കി നാളെ രാത്രി 10 മണിക്ക് നട അടയ്ക്കും.
by Midhun HP News | Jul 29, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്. കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറൻ മധ്യപ്രദേശിനും കിഴക്കൻ രാജസ്ഥാനും മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരത്തോട് ചേർന്നുള്ള ന്യൂനമർദ്ദ പാത്തി ദുർബലമായി.
വരുന്ന മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഈ മാസം 30 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
by Midhun HP News | Jul 28, 2025 | Latest News, കായികം
ബാറ്റുമി: ഇന്ത്യന്‍ വനിതാ ചെസില്‍ ചരിത്രമെഴുതി യുവ താരം ദിവ്യ ദേശ്മുഖ്. ഫിഡെ വനിത ചെസ് ലോകകപ്പ് കിരീടം ദിവ്യ സ്വന്തമാക്കി. ഫൈനലില്‍ ഇന്ത്യന്‍ താരം തന്നെയായ കൊനേരു ഹംപിയെ വീഴ്ത്തിയാണ് ദിവ്യയുടെ കിരീടധാരണം.
ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ താരങ്ങള്‍ ഫൈനലിലെത്തിയത്. ചരിത്രത്തിലെ ആദ്യ വനിതാ ചെസ് ലോക കിരീടവും ഇന്ത്യ സ്വന്തമാക്കി.
Recent Comments