വ്യോമസേനയുടെ യുദ്ധാഭ്യാസം; അതിര്‍ത്തിയില്‍ നോട്ടാം മുന്നറിയിപ്പ്

വ്യോമസേനയുടെ യുദ്ധാഭ്യാസം; അതിര്‍ത്തിയില്‍ നോട്ടാം മുന്നറിയിപ്പ്

ഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുദ്ധാഭ്യാസം നടത്താന്‍ ഇന്ത്യന്‍ വ്യോമസേന. നാളെ മുതല്‍ വെള്ളിയാഴ്ച വരെയാണ് രാജസ്ഥാന്‍, ഗുജറാത്ത് മേഖലയിലെ രാജ്യാന്തര അതിര്‍ത്തിക്ക് സമീപമാണ് യുദ്ധാഭ്യാസ പ്രകടനങ്ങള്‍.

മുന്നറിയിപ്പിന്റെ ഭാഗമായി അതിര്‍ത്തിയില്‍ നോട്ടാം പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം ഇന്നും നാളെയും യുദ്ധാഭ്യാസം നടത്താന്‍ പാകിസ്ഥാന്‍ വ്യോമസേനയും നോട്ടാം പുറപ്പെടുവിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്ന് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നുവെങ്കിലും അതിര്‍ത്തി മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ഇു രാജ്യങ്ങളിലെയും വ്യോമസേനകള്‍ യുദ്ധാഭ്യാസം നടത്തുന്നതെന്നാണ് സൂചന.

നോട്ടാം മുന്നറിയിപ്പ് പുറപ്പെടുവിച്ച മേഖലയില്‍ മറ്റ് യാത്രാ വിമാനങ്ങള്‍ക്ക് സര്‍വ്വീസ് നടത്താന്‍ അനുമതി ഉണ്ടായിരിക്കില്ല.വ്യോമസേനയുടെ സൗത്ത് വെസ്റ്റേണ്‍ എയര്‍ കമാന്‍ഡ് ആണ് യുദ്ധാഭ്യാസം നടത്തുന്നത്. രാജ്യാന്തര അതിര്‍ത്തിയില്‍ ബാര്‍മര്‍ മുതല്‍ ജോധ്പുര്‍ വരെയുള്ള മേഖലയില്‍ നടക്കുന്ന സൈനിക അഭ്യാസ പ്രകടനത്തില്‍ റഫാല്‍, മിറാഷ് 2000, സുഖോയ്-30 യുദ്ധ വിമാനങ്ങളും ,വ്യോമ പ്രതിരോധ സംവിധാനങ്ങളും ഭാഗമാകും.

തലസ്ഥാന നഗരിയോട് വിട പറഞ്ഞ് ഉച്ചയ്ക്ക് ശേഷം വി എസ് ജന്മനാട്ടിലേക്ക്; വിലാപയാത്ര കടന്നുപോകുന്ന വഴികള്‍…

തലസ്ഥാന നഗരിയോട് വിട പറഞ്ഞ് ഉച്ചയ്ക്ക് ശേഷം വി എസ് ജന്മനാട്ടിലേക്ക്; വിലാപയാത്ര കടന്നുപോകുന്ന വഴികള്‍…

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അവസാന ദശാബ്ദങ്ങള്‍ പ്രധാന പ്രവര്‍ത്തന തട്ടകമായിരുന്ന തലസ്ഥാന നഗരിയിലെ പൊതു ദര്‍ശനം പൂര്‍ത്തിയാക്കി, ഉച്ചയ്ക്ക് ശേഷമാണ് ഭൗതികദേഹം വിലാപയാത്രയായി ജന്മദേശമായ ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്നത്. ആലപ്പുഴയിലെ വലിയ ചുടുകാട്ടിലാണ് വിഎസിന് അന്ത്യവിശ്രമം ഒരുക്കുന്നത്. തലസ്ഥാനത്തു നിന്നും 151 കിലോമീറ്റര്‍ ദൂരം നീളുന്ന വിലാപയാത്രയ്ക്കിടെ, തങ്ങളുടെ പ്രതീക്ഷയുടെ കെടാത്തിരി നാളമായി നിലകൊണ്ട പ്രിയനേതാവിന് അന്ത്യാഭിവാദം അര്‍പ്പിക്കാനായി ജനങ്ങള്‍ക്ക് അവസരം ഒരുക്കിയിട്ടുണ്ട്.

തിരുവനന്തപുരത്തു നിന്നും കൊല്ലം വഴി ആലപ്പുഴയിലേക്ക് വിലാപയാത്രയായിട്ടാണ് വിഎസിന്റെ മൃതദേഹം കൊണ്ടുപോകുന്നത്. ഇന്നു രാത്രി ഒന്‍പതുമണിയോടെ ആലപ്പുഴ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നത്. നാളെ രാവിലെ 9 മുതല്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ വി എസ് അച്യുതാനന്ദന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് രാവിലെ 10 മുതല്‍ ആലപ്പുഴ കടപ്പുറത്തെ പൊലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമുണ്ടാകും. ഉച്ചകഴിഞ്ഞ് മൂന്നിന് വലിയ ചുടുകാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം.

തിരുവനന്തപുരത്ത് 27 ഇടത്തും കൊല്ലം ജില്ലയില്‍ ഏഴിടത്തും പൊതുജനങ്ങള്‍ക്ക് വി എസ് അച്യുതാനന്ദന് അന്തിമോപചാരം അര്‍പ്പിക്കാനായി സൗകര്യം ഉണ്ടായിരിക്കും. വിലാപയാത്ര കടന്നുപോകുന്ന വഴികളുടെ വശങ്ങളില്‍ പാര്‍ക്കിങ് അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. വിലാപയാത്ര കടന്നുപോകുന്ന സമയത്ത് ഗതാഗതത്തിരക്ക് അനുഭവപ്പെട്ടാല്‍ വാഹനങ്ങള്‍ വഴിതിരിച്ചു വിടുന്നതാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

വിലാപയാത്ര കടന്നുപോകുന്ന വഴികള്‍ –

പാളയം, പിഎംജി, പ്ലാമൂട്, പട്ടം, കേശവദാസപുരം, ഉള്ളൂര്‍, പോങ്ങുംമൂട്, ശ്രീകാര്യം, ചാവടിമുക്ക്, പാങ്ങപ്പാറ, കാര്യവട്ടം, കഴക്കൂട്ടം, വെട്ടുറോഡ്, കണിയാപുരം, പള്ളിപ്പുറം, മംഗലപുരം, ചെമ്പകമംഗലം, കോരാണി, മൂന്നുമുക്ക്, ആറ്റിങ്ങല്‍, കച്ചേരിനട, ആലംകോട്, കടുവയില്‍, കല്ലമ്പലം, നാവായിക്കുളം, 28-ാം മൈല്‍, കടമ്പാട്ടുകോണം, പാരിപ്പള്ളി, ചാത്തന്നൂര്‍, കൊട്ടിയം, ചിന്നക്കട ബസ്‌ബേ, കാവനാട്, ചവറ, കരുനാഗപ്പള്ളി, ഓച്ചിറ, കെപിഎസി ജംഗ്ഷന്‍, കായംകുളം കെഎസ്ആര്‍ടിസി, കരിയിലക്കുളങ്ങര, നങ്ങാര്‍കുളങ്ങര, ഹരിപ്പാട് കെഎസ്ആര്‍ടിസി, റാണാപ്പടി, കരുവാറ്റ, തോട്ടപ്പള്ളി, പുറക്കാട്, അമ്പലപ്പുഴ ടൗണ്‍, വണ്ടാനം മെഡിക്കല്‍ കോളജ് എന്നീ വഴികളിലൂടെയാണ് പുന്നപ്രയിലെ വീട്ടിലെത്തിക്കുക. വഴികളില്‍ പൊതുജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

74,000 കടന്ന് പവൻ: റെക്കോഡുകൾ ഭേദിച്ച് സ്വർണം; അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്കുകൾ

74,000 കടന്ന് പവൻ: റെക്കോഡുകൾ ഭേദിച്ച് സ്വർണം; അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്കുകൾ

സ്വർണവില റെക്കോഡ് കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി വളരെ ചെറിയ തുകയായി ഉയർന്ന സ്വർണവില ഇന്ന് വൻ കുതിച്ചുചാട്ടമാണ് നടത്തുന്നത്. ഇതോടെ ഒരു പവൻ സ്വർണം ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തി.

ഇന്നലെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 9180 രൂപയായിരുന്നു വില. ഇന്നത് 105 രൂപ വർദ്ധിച്ച് 9285 രൂപയായി വർദ്ധിച്ചു. ഇതോടെ ഒരു പവൻ സ്വർണം 73,440 രൂപയിൽ നിന്ന് 74,280 രൂപയായി ഉയർന്നു.

24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 10,129 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 9,285 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 7,597 രൂപയുമാണ്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.

കൈക്കൂലി കേസ്: ഇഡി അസിസ്റ്റന്റ് ഡയറക്ടറെ ചോദ്യം ചെയ്യാനൊരുങ്ങി വിജിലന്‍സ്

കൈക്കൂലി കേസ്: ഇഡി അസിസ്റ്റന്റ് ഡയറക്ടറെ ചോദ്യം ചെയ്യാനൊരുങ്ങി വിജിലന്‍സ്

കൈക്കൂലിക്കേസില്‍ ഇഡി അസിസ്റ്റന്റ് ഡയറക്റ്റര്‍ ശേഖര്‍ കുമാറിനെ ചോദ്യം ചെയ്യാൊരുങ്ങി വിജിലന്‍സ്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതോടെ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. കേസിലെ മറ്റ് പ്രതികളുമായി ശേഖര്‍കുമാര്‍ ആശയവിനിമയം നടത്തിയതിന്റെ തെളിവുകളും വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. കൊല്ലത്തെ കശുവണ്ടി വ്യവസായിയുടെ പരാതിയില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതിയാണ് ശേഖര്‍ കുമാര്‍.

കേസ് ഒതുക്കുന്നതിനായി രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെടുകയും ഇതിന്റെ ആദ്യ ഘഡു കൈപ്പറ്റുന്നതിനിടെ ഏജന്റുമാരായ വില്‍സന്‍, ഹവാല ഇടപാടുകാരന്‍ മുകേഷ് എന്നിവരെ വിജിലന്‍സ് പിടികൂടുകയായിരുന്നു. ഇഡി ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് വാര്യരെയും വിജിലന്‍സ് അറസ്റ്റ് ചെയ്തു.അതേസമയം പിടിയിലായവരുടെ മൊബൈലില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചു. ഫേസ് ടൈം പ്ലാറ്റ് ഫോമിലൂടെയായിരുന്നു ശേഖര്‍ കുമാര്‍ മറ്റ് പ്രതികളും തമ്മിലുള്ള ആശയവിനിമയം നടത്തിയിരുന്നത്. ഈ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യല്‍.

പൂവൻപാറ ശ്രീ ശിവഭദ്രാ ദേവീക്ഷേത്രത്തിൽ കർക്കിടക വാവു ബലിയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി

പൂവൻപാറ ശ്രീ ശിവഭദ്രാ ദേവീക്ഷേത്രത്തിൽ കർക്കിടക വാവു ബലിയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി

പൂവൻപാറ പാലത്തിന് സമീപം വാമനപുരം നദിക്കരയിലെ ശ്രീ ശിവഭദ്രാ ദേവീക്ഷേത്രത്തിൽ ആണ്ടുതോറും നടത്തിവരാറുള്ള കർക്കിടക വാവു ബലിയും പിതൃതർപ്പണവും 2025 ജൂലൈ 23, 24 (ബുധൻ, വ്യാഴം) തീയതികളിൽ (ബുധനാഴ്‌ച വൈകുന്നേരം മുതൽ) നടക്കും. താന്ത്രികവിധിപ്രകാരം നടത്തുന്ന ഈ പുണ്യകർമ്മത്തിന് ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ പ്രവീൺപോറ്റിയും ക്ഷേത്ര മേൽശാന്തി സുനീഷ് പോറ്റിയും മുഖ്യകാർമ്മികത്വം വഹിക്കുന്നു.