by Midhun HP News | Jun 25, 2025 | Latest News, ദേശീയ വാർത്ത
ഫ്ളോറിഡ: ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ല ഉള്‍പ്പെട്ട ആക്സിയം 4 ബഹിരാകാശ ദൗത്യം ഇന്ന്. സാങ്കേതിക കാരണങ്ങളാല്‍ ആറു തവണ നീട്ടിയ ദൗത്യം ഇന്നത്തേയ്ക്ക് നിശ്ചയിക്കുകയായിരുന്നു. ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.01നാണ് ശുഭാംശു ശുക്ലയും സംഘവും ബഹിരാകാശത്തേയ്ക്ക് പുറപ്പെടുക. നാളെ വൈകീട്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തുന്ന സംഘം 14 ദിവസം അവിടെ തുടരും.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള നാലാമത്തെ സ്വകാര്യ വാണിജ്യ ദൗത്യമാണ് ആക്സിയം-4. നാസ, ആക്സിയം സ്‌പേസ്, സ്‌പേസ് എക്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് ആക്സിയം മിഷന്‍ 4 ഒരുക്കിയിരിക്കുന്നത്. ഫ്ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39എയില്‍ നിന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ബഹിരാകാശ പേടകം ബഹിരാകാശ ദൗത്യത്തിനായി കുതിക്കുക.
നാസയിലെ മുന്‍ ബഹിരാകാശയാത്രികയും ആക്സിയം സ്‌പേസിലെ മനുഷ്യ ബഹിരാകാശ ദൗത്യങ്ങളുടെ ഡയറക്ടറുമായ പെഗ്ഗി വിറ്റ്‌സണ്‍ ആണ് ബഹിരാകാശ യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. ഐഎസ്ആര്‍ഒ പ്രതിനിധിയായി ഇന്ത്യക്കാരന്‍ ശുഭാംശു ശുക്ല, പോളണ്ടിലെ ഇഎസ്എ (യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി) പ്രോജക്റ്റ് ബഹിരാകാശയാത്രികന്‍ സ്ലാവോസ് ഉസ്‌നാന്‍സ്‌കി-വിസ്‌നിവ്‌സ്‌കിയും ഹംഗറിയിലെ ടിബോര്‍ കപുവുമാണ് ദൗത്യത്തിന്റെ ഭാഗമാകുന്ന മറ്റ് രണ്ട് പേര്‍.
അന്താരാഷ്ട്ര ബഹിരാകാശ നിലയ(ഐഎസ്എസ്)ത്തിലേക്ക് യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടമാണ് വ്യോമസേന(ഐഎഎഫ്)യിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയ്ക്ക് സ്വന്തമാകുക. വ്യോമസേനയില്‍ യുദ്ധവിമാന പൈലറ്റാണ് മുപ്പത്തിയൊമ്പതുകാരനായ ശുഭാംശു. ഉത്തര്‍പ്രദേശിലെ ലഖ്നൗ സ്വദേശിയാണ്. 2019ല്‍ ഗഗന്‍യാന്‍ ദൗത്യത്തിലേക്ക് ശുഭാംശു ശുക്ലയെ ഐഎസ്ആര്‍ഒ തെരഞ്ഞെടുത്തിരുന്നു. റഷ്യയിലെ യൂറി ഗഗാറിന്‍ കോസ്മോനോട്ട് പരിശീലനകേന്ദ്രത്തില്‍ പരിശീലനവും നേടി. എഎക്സ്4 ദൗത്യത്തിലെ അനുഭവസമ്പത്ത് ഗഗന്‍യാന് പ്രയോജനം ചെയ്യുമെന്ന് ശുക്ല പറഞ്ഞു. അമേരിക്കന്‍ സ്വകാര്യ കമ്പനിയാണ് ആക്സിയം സ്പേസ്. ഈ കമ്പനിയുമായി സഹകരിച്ചാണ് ശുഭാംശുവിന്റെ യാത്ര.
by Midhun HP News | Jun 25, 2025 | Latest News, കേരളം
ട്രെയിലർ ലോറിയില്‍ നിന്ന് ഇറക്കവേ നിയന്ത്രണം വിട്ട് താഴേക്കുരുണ്ട പുത്തൻ റേഞ്ച് റോവർ വോഗ് കാർ ദേഹത്ത് കയറിയിറങ്ങി ഷോറൂം ജീവനക്കാരന് ദാരുണാന്ത്യം. കാർ ഇറക്കാനെത്തിയ ഡ്രൈവേഴ്സ് യൂണിയൻ അംഗം സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.
ഷോറൂം ഡെമോ കോഓർഡിനേറ്റർ മട്ടാഞ്ചേരി പാണ്ടിക്കുടി നെടിയോടി വീട്ടില്‍ റോഷൻ ആന്റണി സേവ്യർ (36) ആണ് മരിച്ചത്. ചളിക്കവട്ടത്തെ സി.ഐ.ടി.യു യൂണിയൻ അംഗമായ അനീഷിന് തലയ്‌ക്കും കൈക്കുമാണ് പരിക്ക്. ഇയാള്‍ പാലാരിവട്ടത്തെ എറണാകുളം മെഡിക്കല്‍ സെന്റർ ആശുപത്രിയില്‍ ചികിത്സയിലാണ്.
കാർ ഓടിച്ച എറണാകുളം സ്വദേശിയായ അൻഷാദിനെ പ്രതിചേർത്ത് പാലാരിവട്ടം പൊലീസ് കേസ് എടുത്തു. മന:പൂർവമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കൻ എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇയാളും യൂണിയൻ അംഗമാണ്.
കുണ്ടന്നൂരിലെ ജാഗ്വാർ-റേഞ്ച് റോവർ കാർ വിതരണ കമ്ബനിയുടെ പാലാരിവട്ടം ചളിക്കവട്ടത്തെ ഗോഡൗണില്‍ ഞായറാഴ്ച രാത്രി 11.30നായിരുന്നു അപകടം. മൂന്നു കോടി മുതല്‍ ആറര കോടി വരെ വിലയുള്ളതാണ് കാർ. ഓട്ടോമാറ്റിക് വാഹനത്തിന്റെ നിയന്ത്രണം സംബന്ധിച്ച് ഓടിച്ചയാള്‍ക്ക് മനസിലാകാത്തതാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. റോഷൻ ആന്റണിയും അനീഷും അൻഷാദുമാണ് ട്രെയ്‌ലറില്‍ നിന്ന് കാർ ഇറക്കാൻ എത്തിയിരുന്നത്.
റോഷനും അനീഷും റാമ്ബില്‍ നിന്ന് സൈഡ് പറഞ്ഞുകൊടുക്കുകയായിരുന്നു. ട്രെയ്ലറില്‍ റിവേഴ്സ് ഗിയറില്‍ ഇറക്കവേ കാർ വേഗത്തില്‍ ഉരുണ്ടിറങ്ങി. റാമ്ബില്‍ നില്‍ക്കുകയായിരുന്ന റോഷന് ഓടിമാറാൻ സാധിച്ചില്ല. റോഷന്റെ ദേഹത്തുകൂടി കയറിയ ശേഷം അനീഷിനെയും ഇടിച്ചു തെറിപ്പിച്ച കാർ സമീപത്ത് നിറുത്തിയിരുന്ന ലോറിയിലും വൈദ്യുത പോസ്റ്റിലും ഇടിച്ചാണ് നിന്നത്. പോസ്റ്റ് നിലംപൊത്തി. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും റോഷൻ യാത്രാമദ്ധ്യേ മരിച്ചു.
മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോർട്ടത്തിന് ശേഷം നസ്രത്ത് ഹോളി ഫാമിലി പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു. എൻ.എക്‌സ് ജോസഫിന്റെയും പരേതയായ ആനി ജോസഫിന്റെയും മകനാണ്. ഭാര്യ: ഷെല്‍മ റോഷൻ. മക്കള്‍: ആൻസിയ റോഷൻ, എവിലിൻ റോഷൻ.
by Midhun HP News | Jun 25, 2025 | Latest News, കേരളം
ഗുജറാത്തിലെ ഖേദാ ജില്ലയിലെ ഉത്തർചന്താ ഗ്രാമത്തിൽ നിന്നുള്ള ഗിരീഷ് പാർമർ (വയസ്സ് 18) എന്ന യുവാവിന് റോയൽ എൻഫീൽഡ് ബുള്ളറ്റ് ബൈക്കിനോട് അത്യധികം സ്‌നേഹമായിരുന്നു. എവിടെയായാലും അവൻ ബുള്ളറ്റിലാണ് യാത്ര ചെയ്യുന്നത് പതിവ്. ഒരു ദിവസം ഗ്രാമത്തിന് പുറത്തേക്ക് ബുള്ളറ്റിൽ പോകുമ്പോൾ ട്രാക്ടറുമായി ബൈക്ക് കൂട്ടിയിടിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗിരീഷ്, 12 ദിവസം ചികിത്സയിലായ ശേഷം മരണം പ്രാപിച്ചു.
അവനെ സംസ്കരിക്കാൻ കുടുംബാംഗങ്ങൾ മൃതദേഹം കൊണ്ടുപോയി. ബുള്ളറ്റിനോട് ഉണ്ടായ അതീവ സ്‌നേഹത്തിന്റെ ഭാഗമായി, ഗിരീഷിന്റെ മൃതശരീരത്തിനൊപ്പം തന്നെ ബുള്ളറ്റും കുഴിച്ചിടാൻ തീരുമാനിച്ചു. അതിനായി വലിയ കുഴി തയ്യാറാക്കി, ഗ്രാമീണരും ബന്ധുക്കളും സാക്ഷികളായി നിൽക്കേ ഗിരീഷിന്റെ ശരീരവും ബുള്ളറ്റും അതിൽ താഴ്ത്തി, മണ്ണിട്ട് അടച്ചു. ബുള്ളറ്റിന് പുറമെ അവൻ ഉപയോഗിച്ചിരുന്ന മറ്റു വസ്തുക്കളും കൂടെ സംസ്‌കരിച്ചു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. ഗിരീഷിന്റെ അച്ഛൻ സഞ്ജയ് പറഞ്ഞു:
“ബുള്ളറ്റ് ആയിരുന്നു അവന്റെ ലോകം. അതിനാൽ അവന്റെ ആത്മാവിന് ശാന്തി കിട്ടണമെങ്കിൽ, അവൻ ഉപയോഗിച്ച ബുള്ളറ്റിനെയും കൂടെ അടക്കം ചെയ്യേണ്ടി വരുമെന്നു ഞങ്ങൾ തീരുമാനിച്ചു. അവൻ പറഞ്ഞിരുന്നു – മരിച്ചാലും ബൈക്ക് തനോടൊപ്പം വേണമെന്നു. “ഗിരീഷ് ഈ കൊല്ലം 12-ാം ക്ലാസ് പൂർത്തിയാക്കിയിരുന്നു. ഒരു കോളേജിലേക്ക് അഡ്മിഷൻ അപേക്ഷ നൽകി മടങ്ങിക്കൊണ്ടിരുന്ന വഴിയിലാണ് അപകടം സംഭവിച്ചത്.
by Midhun HP News | Jun 25, 2025 | Latest News, ജില്ലാ വാർത്ത, മരണം
ഇടയാവണം, കൈലാസം വീട്ടിൽ പരേതനായ വേലുപ്പുള്ള മകൻ സുന്ദരൻ (60) നിര്യാതനായി.
ഭാര്യ: ഗീതാ കുമാരി
മകൻ: സംഗീത എസ് നായർ
മകൾ: സുമി എസ് നായർ
മരുമകൻ: അരുൺ
സഞ്ചയന കർമ്മം തിങ്കളാഴ്ച രാവിലെ 9 മണിക്ക്
by Midhun HP News | Jun 25, 2025 | Latest News, ജില്ലാ വാർത്ത
ടെഹ്‌റാന്‍ : ഇസ്രയേല്‍ അടിച്ചേല്‍പ്പിച്ച യുദ്ധം അവസാനിച്ചെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍. വീരോചിതമായ ചെറുത്തുനില്‍പ്പിന് ശേഷം ഇസ്രയേലിന്റെ പ്രകോപനം മൂലം അടിച്ചേല്‍പ്പിക്കപ്പെട്ട 12 ദിവസത്തെ യുദ്ധത്തിന്റെ അവസാനത്തിനും വെടിനിര്‍ത്തലിനും രാജ്യം സാക്ഷ്യം വഹിക്കുകയാണ്. യുദ്ധത്തില്‍ ഇറാന്‍ ചരിത്രവിജയം നേടിയെന്നും രാജ്യത്തെ അഭിസംബോധനചെയ്ത് പ്രസിഡന്റ് പെസെഷ്‌കിയന്‍ അവകാശപ്പെട്ടതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
‘ഭീകരവാദി’കളായ ഇസ്രയേൽ ആരംഭിച്ച യുദ്ധം ഇറാൻ വിജയകരമായി അവസാനിപ്പിച്ചു. ശത്രുവിന് കടുത്ത ശിക്ഷ നൽകി. ഇറാനെ എതിർത്താൽ എന്താണ് സംഭവിക്കുകയെന്ന് ലോകരാജ്യങ്ങൾക്ക് മനസ്സിലായെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു. ഇറാന്റെ വിജയത്തിൽ സേനകളെ അഭിനന്ദിച്ച പെസഷ്കിയാൻ, മറ്റു രാജ്യങ്ങളെ വച്ച് പന്താടാനുള്ള ഇസ്രയേലിന്റെ താൽപര്യമാണ് ഇറാനെ 12 ദിവസത്തെ യുദ്ധത്തിലേക്കു തള്ളിവിട്ടതെന്നും കുറ്റപ്പെടുത്തി.
അമേരിക്കയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇറാൻ തയാറാണെന്നും, യുഎസുമായി ആശയവിനിമയം പുനഃരാരംഭിക്കുമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായുള്ള ഫോൺ സംഭാഷണത്തിൽ പെസെഷ്കിയാൻ അറിയിച്ചതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാന്റെ കരുത്ത് സഹോദര രാജ്യങ്ങൾക്കായി തുടരുമെന്നും പെസഷ്കിയാൻ പറഞ്ഞു. ഇസ്രയേലുമായുള്ള വെടിനിർത്തൽ കരാർ ലംഘിച്ചെന്ന ആരോപണം ഇറാൻ നിഷേധിച്ചിട്ടുണ്ട്.
ഖത്തറിലെ അമേരിക്കൻ വ്യോമത്താവളം ആക്രമിച്ച സംഭവത്തിൽ ഇറാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രതിഷേധമറിയിച്ചിരുന്നു. ഖത്തർ വിദേശകാര്യ മന്ത്രാലയം, ഇറാൻ നയതന്ത്ര പ്രതിനിധി അലി സലേഹബാദിയെ വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണെന്നും ഖത്തർ വ്യക്തമാക്കി
Recent Comments