by Midhun HP News | Aug 20, 2026 | Latest News, കേരളം
ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയില്‍ രോഗിയായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് 44കാരനായ മകന്‍ കൊലപ്പെടുത്തി. മനവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. എസ് പദ്മാവതി (71) ആണ് കൊല്ലപ്പെട്ടത്. മകന്‍ പാര്‍ത്ഥസാരഥിയെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. ആവഡിയിലെ ഹെവി വെഹിക്കിള്‍സ് ഫാക്ടറിയിലെ കരാര്‍ ജീവനക്കാരനാണ് ഇയാള്‍.

ആദ്യം അപകടമാണെന്നാണ് കരുതിയതെങ്കിലും, സംഭവസ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വീല്‍ചെയര്‍ കണ്ടെത്തിയതോടെ പൊലീസിന് സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വില്‍ചെയറിലിരുന്ന അമ്മയെ ട്രെയിനിന് മുന്നിലേക്ക് പാര്‍ത്ഥസാരഥി തള്ളിയിടുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്. കുടുംബപ്രശ്‌നങ്ങളും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് തന്നെ ഈ കൃത്യത്തിലേക്ക് നയിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
പദ്മാവതിക്ക് ന്യൂറോഫൈബ്രോമാറ്റോസിസ് എന്ന രോഗമുണ്ടായിരുന്നു. അവരെയും ശാരീരിക ബുദ്ധിമുട്ടുകളുള്ള സഹോദരനെയും പരിപാലിക്കേണ്ട ഉത്തരവാദിത്തം പാര്‍ത്ഥസാരഥിക്കായിരുന്നു. ഭാര്യയും മക്കളുമായി അകന്നു കഴിയുന്ന ഇയാള്‍ക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പളം 12,000 രൂപയാണ്. ഇതുകൊണ്ട് കുടുംബം പുലര്‍ത്താന്‍ സാധിച്ചിരുന്നില്ല. ചൊവ്വാഴ്ച വൈകിട്ട്, സംസാരശേഷിയില്ലാത്ത അമ്മയെ വീല്‍ചെയറില്‍ ഇരുത്തി ഇയാള്‍ റെയില്‍വേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലെത്തിച്ചു. യലഗിരി എക്‌സ്പ്രസ് പാഞ്ഞുവന്നപ്പോള്‍ അമ്മയെ വീല്‍ചെയറോടെ പാളത്തിലേക്ക് തള്ളിയിടുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ പദ്മാവതി മരിച്ചു.

മൂന്ന് മക്കളാണ് പദ്മാവതിക്കുള്ളതെന്ന് പൊലീസ് അറിയിച്ചു. മൂത്തയാള്‍ അസുഖബാധിതനാണ്. ഇയാള്‍ പാര്‍ത്ഥസാരഥിക്കും അമ്മയ്ക്കുമൊപ്പം വീട്ടില്‍ കഴിയുകയാണ്. രണ്ടാമത്തെ മകന്‍ വിവാഹം കഴിച്ച് മാറിത്താമസിക്കുകയാണ്. ഏറ്റവും ഇളയ മകനായ പാര്‍ത്ഥസാരഥി വിവാഹം കഴിച്ച് രണ്ട് പെണ്‍മക്കളുടെ അച്ഛനുമാണ്. കടുത്ത മദ്യപാനിയായ ഇയാളുടെ അടുത്തു നിന്നും ഭാര്യയും മക്കളും മാറിത്താമസിക്കുകയാണ്. തന്റെ ബുദ്ധിമുട്ടുകള്‍ സഹിക്കവയ്യാതെയാണ് ഇത്തരമൊരു കടുത്ത തീരുമാനമെടുത്തതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. കൊലപാതക കുറ്റത്തിന് കേസെടുത്ത പൊലീസ് ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.


by Midhun HP News | Aug 20, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: എല്‍പിജി ഗാര്‍ഹിക സിലിണ്ടര്‍ ഉപയോക്താക്കള്‍ക്ക് ഇ- കെവൈസി പൂര്‍ത്തിയാക്കാനുള്ള സമയപരിധി 23 വരെ നീട്ടി. പൊതുമേഖല എണ്ണ വിതരണ കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനുമാണ് സമയപരിധി നീട്ടിയത്. ബിപിസിഎല്‍ നേരത്തെ തന്നെ തീയതി നീട്ടിയിരുന്നു.

ഇതുവരെ ഇ-കെവൈസി പൂര്‍ത്തിയാക്കാത്തവര്‍ക്ക് മാത്രമാണ് ഇതുസംബന്ധിച്ച സന്ദേശം കമ്പനികള്‍ അയയ്ക്കുന്നത്. ഒരു വര്‍ഷത്തിനിടെ ഇ-കെവൈസി നല്‍കിയിട്ടുള്ളവര്‍ വീണ്ടും നല്‍കേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇ-കെവൈസി നിര്‍ബന്ധമായി നല്‍കണമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇത് പൂര്‍ത്തിയാക്കാത്തവര്‍ക്ക് സബ്സിഡി നിരക്കില്‍ സിലിണ്ടറുകള്‍ ലഭിക്കില്ലെന്നും വാണിജ്യ നിരക്കില്‍ സിലിണ്ടറുകള്‍ വാങ്ങേണ്ടി വന്നേക്കാമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
നിശ്ചിത തീയതിക്കകം ബയോമെട്രിക് അപ്‌ഡേഷന്‍ നല്‍കിയില്ലെങ്കില്‍ ഗാര്‍ഹിക സിലിണ്ടര്‍ ആനൂകൂല്യം ലഭിക്കില്ല എന്ന തരത്തില്‍ കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് സന്ദേശം അയക്കുന്നുണ്ട്. ഇതുസംബന്ധിച്ച് ഗ്യാസ് ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2024ല്‍ ആരംഭിച്ച ഇ- കെവൈസി അപ്‌ഡേഷന്‍ കര്‍ശനമാക്കിയത് പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് സിലിണ്ടര്‍ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ്. ഗ്യാസ് സിലിണ്ടര്‍ യഥാര്‍ഥ ഉടമകള്‍ തന്നെയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പിക്കാനാണ് അപ്‌ഡേഷന്‍ എന്നാണ് കമ്പനികളുടെ വാദം.

വിതരണ ഏജന്‍സികള്‍ മുഖേനെയും കമ്പനികളുടെ ആപ്പ് വഴി ഓണ്‍ലൈനായും അപ്‌ഡേഷന്‍ നടത്താം. സിലിണ്ടര്‍ വിതരണത്തിനായി ഏജന്‍സി ജീവനക്കാര്‍ വീട്ടിലെത്തുമ്പോഴും അപ്‌ഡേഷന്‍ നടത്താവുന്നതാണ്. ഓണ്‍ലൈന്‍ അപ്‌ഡേഷനായി കമ്പനി ആപ്പും ചിത്രം എടുക്കാനായി ആധാര്‍ ഫെയ്സ് ആര്‍ഡി ആപ്പും ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യണം. സംശയങ്ങള്‍ക്ക് ടോള്‍ഫ്രീ നമ്പര്‍: 1800 2333555ല്‍ ബന്ധപ്പെടാവുന്നതാണ്.

ഇന്‍ഡേന്‍, എച്ച്പി ഗ്യാസ്, ഭാരത് ഗ്യാസ് എന്നിവയ്ക്കായി ഇ- കെവൈസി പൂര്‍ത്തിയാക്കേണ്ട വിധം താഴെ:
1. എല്‍പിജി സിലിണ്ടര്‍ കമ്പനിയുടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
2. എല്‍പിജി അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക
3. രജിസ്റ്റര്‍ ചെയ്ത നമ്പറിലേക്ക് വരുന്ന ഒടിപി നല്‍കി മൊബൈല്‍ നമ്പര്‍ വെരിഫൈ ചെയ്യുക
4. എല്‍പിജി അക്കൗണ്ട് ലിങ്ക് ചെയ്യുകയോ ആക്സസ് ചെയ്യുകയോ ചെയ്യുക
ഇന്‍ഡേന്‍ ഗ്യാസ്: അക്കൗണ്ടുമായി ബന്ധിപ്പിക്കാന്‍ 16 അക്ക എല്‍പിജി ഐഡി നല്‍കുക
ബിപിസിഎല്‍, എച്ച്പിസിഎല്‍ ആപ്പുകളില്‍ ഇ-കെവൈസി ഓപ്ഷന്‍ നേരിട്ട് ലഭ്യമാണ്.
5. ഇ- കെവൈസി ഓപ്ഷന്‍ ഓപ്പണ്‍ ചെയ്യുക
ഇന്‍ഡേന്‍ ഗ്യാസ്: മൈ പ്രൊഫൈല്‍ വിഭാഗത്തിന് കീഴില്‍ ഇ-കെവൈസി ഓപ്ഷന്‍ കാണാം
ഭാരത് ഗ്യാസ്: ഹോം പേജില്‍ തന്നെ ഇ-കെവൈസി ഓപ്ഷന്‍ ലഭ്യമാണ്
എച്ച്പി ഗ്യാസ്: എച്ച്പി പേ ആപ്പില്‍ എല്‍പിജി സെക്ഷന് കീഴില്‍ ഇ- കെവൈസി ഓപ്ഷന്‍ കാണാം
6. നിബന്ധനകള്‍ വായിച്ച് മനസിലാക്കിയ ശേഷം ആധാര്‍ അധിഷ്ഠിത ഫെയ്സ് ഓതന്റിക്കേഷന് സമ്മതം നല്‍കുക
7. ഫെയ്സ് സ്‌കാന്‍ ടാപ്പ് ചെയ്ത് ആധാര്‍ ഫെയ്സ് ആര്‍ഡി ആപ്പിനെ മുഖം സ്‌കാന്‍ ചെയ്യാന്‍ അനുവദിക്കുക. തുടര്‍ന്ന് ഇ- കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കുക.

by Midhun HP News | Aug 20, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഇന്ന് ഒറ്റയടിക്ക് 3160 രൂപയാണ് വര്‍ധിച്ചത്. 1,16,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 395 രൂപയാണ് വര്‍ധിച്ചത്. 14,600 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

പണലഭ്യത ഉറപ്പുവരുത്താന്‍ അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് പ്രഖ്യാപിച്ച നടപടിയാണ് ആഗോള വിപണിയില്‍ സ്വര്‍ണത്തിന് കരുത്തായത്. ഇതിന് പിന്നാലെ യുഎസ് ട്രഷറി ബോണ്ടില്‍ നിന്നുള്ള ആദായം കുറഞ്ഞതും ഡോളര്‍ ദുര്‍ബലമായതുമാണ് സ്വര്‍ണത്തിന് കരുത്തായത്.

വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.


by Midhun HP News | Aug 19, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആലംകോട് മേവർക്കൽ ജെ ആർ ഭവനിൽ സി. സുധർമ്മണി അമ്മ (98) [റിട്ട. അധ്യാപിക ഗവ. എൽ.പി.എസ് മേവർക്കൽ] നിര്യാതയായി.
ദീർഘകാലം മേവർക്കൽ ഗവ: എൽപിഎസിലെ അധ്യാപികയായിരുന്നു. പരേതനായ എം. ജനാർദ്ദനൻ പിള്ളയുടെ [KSEB] ഭാര്യയാണ്.
മക്കൾ:
ജെ. എസ്. ലീലാമണിയമ്മ
എസ്. ജെ. ഇന്ദിരാമണി
എസ്. ജെ. രമാമണി [റിട്ട. സൂപ്രണ്ട്, KSEB]
എസ്. ജെ. ജലജാമണി
മരുമക്കൾ:
വി.കെ. കുമാരൻ നായർ,
പരേതരായ ജി. സുകുമാരപിള്ള,
ആർ. പ്രഭാകരൻ നായർ,
എം. രാമചന്ദ്രൻ നായർ
സഞ്ചയനം: ഞായർ രാവിലെ 8-ന്.
by Midhun HP News | Aug 19, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: അഞ്ചുതെങ്ങിൽ മത്സ്യ ബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി മരണപ്പെട്ടു. അഞ്ചുതെങ്ങ് മാമ്പള്ളി പൊങ്ങൻ വിളാകത്ത് രാജു (54) ആണ് മരണപ്പെട്ടത്.
ബുധനാഴ്ച രാവിലെ 6:30 ഓടെ കായിക്കരയിൽ മിന്നും മാമ്പള്ളി സ്വദേശി അനീഷിന്റെ ഉടമസ്ഥതയിലുള്ള പരലോക മാതാവ് എന്ന വള്ളത്തിൽ മത്സ്യബന്ധനടത്തിനായ് പോയ 13 അംഗ സംഘത്തിൽ അംഗമായിരുന്നു രാജു.
ഇവർ വർക്കല ഭാഗത്ത് വല ഇട്ട ശേഷം തിരികെ മടങ്ങുമ്പോഴായിരുന്നു സംഭവം. 1.45 ഓടെ രാജു കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് കൂടെയുള്ളവർ രാജുവിനെ കരയ്ക്കെത്തിച്ച് സ്വകാര്യ വാഹനത്തിൽ വർക്കല മിഷൻ ആശുപത്രി എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ മേരി. മക്കൾ: മാർട്ടിൻ, മഹേഷ്.
Recent Comments