by Midhun HP News | Sep 22, 2026 | Latest News, കേരളം
കൊച്ചി: കായിക കേരളം ആവേശത്തോടെ കാത്തിരിക്കുന്ന ബ്രസീല്‍ ലെജന്‍ഡ്‌സും ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവനും തമ്മിലുള്ള ഫുട്‌ബോള്‍ പോരാട്ടം നാളെ (ബുധനാഴ്ച) കൊച്ചിയില്‍. രാത്രി 7.30 മുതല്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് ആവേശപ്പോരാട്ടം. കാനറികളുടെ ആദ്യ സംഘം മത്സരത്തിനായി കൊച്ചിയില്‍ എത്തിയിട്ടുണ്ട്. ഇതിഹാസ താരം റൊണാള്‍ഡീഞ്ഞോ ഇന്നെത്തും. മറ്റ് താരങ്ങള്‍ തിങ്കളാഴ്ച രാവിലെയാണ് കൊച്ചിയിലെത്തിയത്. എഡ്മില്‍സന്‍ അടക്കമുള്ള 12 ബ്രസീല്‍ താരങ്ങളാണ് തിങ്കളാഴ്ച എത്തിയത്. റൊണാള്‍ഡീഞ്ഞോ ഉള്‍പ്പെട്ട അടുത്ത സംഘമാണ് ഇന്നെത്തുന്നത്.

കൊല്‍ക്കത്തയില്‍ നിലവിലെ ബ്രസീല്‍ ടീമും നിലവിലെ ഇന്ത്യന്‍ ടീമും തമ്മിലുള്ള ചരിത്ര പോരാട്ടം അരങ്ങേറുന്നതിന് തൊട്ടുമുന്‍പ് ഇതിഹാസങ്ങള്‍ കളത്തിലെത്തുന്നു എന്ന സവിശേഷതയും കൊച്ചിയിലെ മത്സരത്തിനുണ്ട്. കൊല്‍ക്കത്തയില്‍ വിനീഷ്യസ് ജൂനിയറും റഫീഞ്ഞയും അടക്കമുള്ള താരങ്ങള്‍ കളിക്കാനെത്തും. കൊച്ചിയിലെ മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന മികച്ച രീതിയിലാണ് പുരോഗമിക്കുന്നതെന്നു സംഘാടകര്‍ വ്യക്തമാക്കി.
എഡ്മിസന്‍, പൗലോ സെര്‍ജിയോ, ജിയോവാനി, കമാന്‍ഡുകായ, വിയോള, ഗോമസ്, ഗുസ്താവോ നെരി, എലിവെല്‍ട്ടന്‍, റിക്കാര്‍ഡോ ഒലിവേര, ഡിയോഗോ ഗില്‍ തുടങ്ങിയ താരങ്ങളായ തിങ്കളാഴ്ച എത്തിയത്. കൊച്ചിയില്‍ നടന്ന റോഡ് ഷോയില്‍ ഇവരില്‍ ചില താരങ്ങള്‍ പങ്കെടുക്കുകയും ചെയ്തു.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരായ ഐഎം വിജയന്‍, ബൈച്ചുങ് ബൂട്ടിയ എന്നിവരടക്കമുള്ള ഇതിഹാസങ്ങളാണ് ഇന്ത്യക്കായി ബൂട്ടുകെട്ടുന്നത്. മലയാളി താരങ്ങളായ ജോപോള്‍ അഞ്ചേരി, സികെ വിനീത്, മുഹമ്മദ് റാഫി, എന്‍പി പ്രദീപ്, എംവി നെല്‍സന്‍, റിനോ ആന്റോ തുടങ്ങിയവരും ടീമിലുണ്ട്. ക്ലൈമാക്‌സ് ലോറന്‍സ്, ഗൗരമാംഗി സിങ്, അര്‍ണാബ് മൊണ്ടാല്‍, മഹേഷ് ഗാവ്‌ലി, മഹെറാജുദ്ദീന്‍ വാഡു, മെഹ്താബ് ഹുസൈന്‍ തുടങ്ങിയ ഇന്ത്യന്‍ താരങ്ങളും ഓള്‍സ്റ്റാര്‍സ് ടീമിലുണ്ട്. ബ്രസീല്‍ ഇതിഹാസങ്ങളുടെ ലോക രാജ്യങ്ങളിലെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് കൊച്ചിയിലും മത്സരം സംഘടിപ്പിച്ചത്.


by Midhun HP News | Sep 22, 2026 | Latest News, കേരളം
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന പ്രിയദർശിനി പദ്ധതിയുടെ നൂറാം ദിനമായ ഇന്ന് കെഎസ്ആർടിസിയുടെ രണ്ട് പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കുന്നു. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സർവീസ്, ബജറ്റ് ടൂറിസം സെല്ലിനായി തയാറാക്കിയ പുതിയ സോഫ്റ്റ് വെയർ, വെയിറ്റിങ് ലിസ്റ്റ് സംവിധാനം എന്നിവയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നിർവഹിക്കും.

വൈകീട്ട് 7:30ന് തമ്പാനൂർ ചൈത്രം ഹോട്ടലിൽ നടക്കുന്ന ചടങ്ങിലാണ്, യാത്രാപ്രേമികൾ കാത്തിരിക്കുന്ന കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സർവീസിന്റെ ഉദ്ഘാടനം ഗതാഗത മന്ത്രി സി പി ജോൺ നിർവഹിക്കുന്നത്. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിനായി തയാറാക്കിയ പുതിയ സോഫ്റ്റ് വെയർ, വെയിറ്റിങ് ലിസ്റ്റ് സംവിധാനം എന്നിവയുടെയും ഔദ്യോഗിക ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.
ലക്ഷദ്വീപ് ആദ്യ യാത്രയ്ക്കുവേണ്ടി തെരഞ്ഞെടുക്കപ്പെട്ട 10 യാത്രക്കാർക്കും ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ സംസ്ഥാനതലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ജീവനക്കാർക്കും യൂണിറ്റുകൾക്കും മന്ത്രി പുരസ്കാരം സമ്മാനിക്കുമെന്ന് കെഎസ്ആർടിസി ചെയർമാൻ അറിയിച്ചു. പുതിയ സോഫ്റ്റ്‌വെയർ നിലവിൽ വരുന്നതോടെ യാത്രക്കാർക്ക് ബജറ്റ് ടൂറിസം പാക്കേജുകളുടെ ടിക്കറ്റുകൾ ഓൺലൈൻ വഴി ബുക്ക് ചെയ്യാനാകും.

ഇന്ത്യൻ റെയിൽവേയ്ക്ക് സമാനമായി കെഎസ്ആർടിസി ടിക്കറ്റ് റിസർവേഷനിലും വെയിറ്റിങ് ലിസ്റ്റ് ഏർപ്പെടുത്തുന്നതാണ് പുതുതായി ഏർപ്പെടുത്തുന്ന മറ്റൊരു സംവിധാനം. ചടങ്ങിൽ തമ്പാനൂർ വാർഡ് കൗൺസിലർ ആർ. ഹരികുമാർ അധ്യക്ഷനാകും. കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ് പ്രമോജ് ശങ്കർ, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി യാത്രാ പദ്ധതിയുടെ നൂറാംദിനാഘോഷത്തിന്റെ ഭാഗമായി ഇന്നു രാവിലെ പത്തിന് ഗതാഗത മന്ത്രി സി പി ജോൺ തമ്പാനൂർ ഡിപ്പോയിൽ സന്ദർശനം നടത്തും. തുടർന്ന് കെഎസ്ആർടിസി ജീവനക്കാർ യാത്രക്കാർക്ക് മധുരം വിതരണം ചെയ്യും. സ്ത്രീകളുടെ യാത്രാ ചെലവിന്‍റെ ഭാരം കുറയ്ക്കുന്നതിനൊപ്പം പൊതുഗതാഗത സംവിധാനത്തിലേക്ക് കൂടുതൽ സ്ത്രീകളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്, സംസ്ഥാന സർക്കാർ 2026 ജൂൺ 15ന് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ പ്രിയദർശിനി യാത്രാ പദ്ധതി ആരംഭിച്ചത്.

സൗജന്യ സാരി വിതരണം- തെറ്റായ പ്രചരണമെന്ന് കെഎസ്ആർടിസി
പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി കെഎസ്ആർടിസി ഡിപ്പോകളിൽ സാരി വിതരണം നടത്തുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി ചെയർമാൻ പി.എസ് പ്രമോജ് ശങ്കർ അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം വ്യാപകമായതോടെയാണ് കെഎസ്ആർടിസി വിശദീകരണവുമായി രംഗത്തെത്തിയത്. പ്രിയദർശിനി പദ്ധതിയുടെ നൂറാംദിനത്തിൽ എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും സ്ത്രീകൾക്ക് സാരി വിതരണം ചെയ്യുമെന്നായിരുന്നു പ്രചാരണം.

by Midhun HP News | Sep 22, 2026 | Latest News, കേരളം
തിരുവനന്തപുരം: കടുത്ത വൈദ്യുതിക്ഷാമം നേരിടുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ ആണവ നിലയം സ്ഥാപിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയില്‍. വൈദ്യുതി പ്രതിസന്ധിയാണ് ഏറെക്കാലമായി അകറ്റിനിര്‍ത്തിയിരുന്നതും രാഷ്ട്രീയമായി ഏറെ പ്രശ്‌നസാധ്യതയുള്ളതുമായ ഒരു സാധ്യത പരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുന്നത്. ആണവ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന് മുന്‍പ് രാഷ്ട്രീയ സമവായം ഉണ്ടാക്കുന്നതിന്റെ ഭാഗമായി, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളുമായി ഈ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് സര്‍ക്കാര്‍ ആലോചിക്കുന്നു.
രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ സമവായം ഉണ്ടായാല്‍ കേരളത്തില്‍ ആണവ നിലയം സ്ഥാപിക്കുന്നതുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. വര്‍ദ്ധിച്ചുവരുന്ന വൈദ്യുതിക്ഷാമവും അടിയന്തര വൈദ്യുതി കരാറുകള്‍ക്കുള്ള തടസ്സങ്ങളും കണക്കിലെടുക്കുമ്പോള്‍, സംസ്ഥാനം എല്ലാ സാധ്യതകളും പരിശോധിക്കേണ്ടതുണ്ട്. എല്ലാ വിഭാഗങ്ങളേയും വിശ്വാസത്തിലെടുത്തു കൊണ്ടായിരിക്കും സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.
ആണവ നിലയം എന്ന നിര്‍ദേശം മുമ്പും ഉയര്‍ന്നു വന്നിരുന്നെങ്കിലും, രാഷ്ട്രീയ സമ്മര്‍ദ്ദവും സാമൂഹിക-പരിസ്ഥിതി സംഘടനകളുടെ എതിര്‍പ്പും കാരണം സര്‍ക്കാരുകള്‍ക്ക് മുന്നോട്ടു പോകാനായിരുന്നില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഏജന്‍സികളില്‍ നിന്നും വൈദ്യുതി ലഭിക്കുന്നതിനുള്ള പരിമിതികള്‍, കാലാവസ്ഥ വ്യതിയാനം, കാലവര്‍ഷത്തിലെ മഴക്കുറവ് തുടങ്ങിയവയെല്ലാം സര്‍ക്കാരിനെ, വൈദ്യുതിയുടെ ബദല്‍ സ്രോതസ്സുകള്‍ തേടാന്‍ പ്രേരിപ്പിക്കുന്നു.
‘ആണവ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം അവിടെ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ കൂടുതല്‍ വിഹിതം ആവശ്യപ്പെട്ടാല്‍ അത് ആ സംസ്ഥാനത്തിന് നല്‍കണമെന്ന വ്യവസ്ഥയോടെയുള്ള പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്നുണ്ട്. ‘ മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി.
‘ആണവ നിലയം- ഗുണദോഷങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാര്‍’
ധൃതിപിടിച്ച തീരുമാനങ്ങളെടുക്കുന്നതിന് പകരം, ആണവ നിലയം സ്ഥാപിക്കുന്നതിലെ ഗുണദോഷങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ്. അതേസമയം, പുതിയ ആണവനിലയം സ്ഥാപിച്ചാല്‍ തമിഴ്നാട്ടിലെ കൂടംകുളം പോലുള്ള ആണവ നിലയങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള കേരളത്തിന്റെ സാധ്യതകളെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും മന്ത്രി സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.
കാസര്‍കോട് ചീമേനിയില്‍ ആണവ നിലയം സ്ഥാപിക്കാനുള്ള നിര്‍ദ്ദേശം മുമ്പ് സര്‍ക്കാര്‍ തലത്തില്‍ സജീവ ചര്‍ച്ചയായിരുന്നു. എന്നാല്‍ പ്രതിഷേധങ്ങളെത്തുടര്‍ന്ന് പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയായിരുന്നു. അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് സണ്ണി ജോസഫ് ഞായറാഴ്ച കര്‍ണാടക വൈദ്യുതി മന്ത്രി കെ ജെ ജോര്‍ജുമായി ചര്‍ച്ച നടത്തിയിരുന്നു. വൈകീട്ടത്തെ പീക്ക് അവേഴ്‌സില്‍ തങ്ങളുടെ അധിക വൈദ്യുതി ശരാശരി യൂണിറ്റിന് 10 രൂപ നിരക്കില്‍ കര്‍ണാടക ദേശീയ ഗ്രിഡിന് വില്‍ക്കുന്നുണ്ട്. തിരക്ക് കുറഞ്ഞ സമയങ്ങളിലും യൂണിറ്റിന് 10 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങണമെന്നാണ് കര്‍ണാടക ആവശ്യപ്പെടുന്നത്. അത് സംസ്ഥാനത്തിന് പ്രായോഗികമല്ലെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
മുന്‍കാലങ്ങളിലെ നിര്‍ദ്ദേശങ്ങള്‍
1970-കളുടെ അവസാനം, എറണാകുളം ജില്ലയിലെ ഭൂതത്താന്‍കെട്ടില്‍ ഒരു ആണവനിലയം സ്ഥാപിക്കാനുള്ള നിര്‍ദ്ദേശം ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് അന്നത്തെ സര്‍ക്കാര്‍ ആ പദ്ധതി ഉപേക്ഷിച്ചു.
1980-കളുടെ മധ്യത്തില്‍ കാസര്‍കോട് ജില്ലയിലെ പെരിങ്ങോമില്‍ ആണവനിലയം സ്ഥാപിക്കാന്‍ നീക്കം നടത്തി. 1990 ലെ കെ കരുണാകരന്‍ സര്‍ക്കാര്‍ ഇതിനുള്ള നടപടികളുടെ വേഗം കൂട്ടി. എന്നാല്‍ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ആ പദ്ധതിയും പിന്നീട് ഉപേക്ഷിച്ചു.
ഏതാനും വര്‍ഷം മുമ്പാണ്, കാസര്‍കോട് ജില്ലയിലെ ചീമേനിയില്‍ 440 മെഗാവാട്ട് ശേഷിയുള്ള ആണവ വൈദ്യുതി പദ്ധതി നടപ്പിലാക്കാനുള്ള മറ്റൊരു നിര്‍ദ്ദേശം ഉയര്‍ന്നത്. ഇതിനായി പ്രാഥമിക പഠനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ പ്രാദേശിക തലത്തില്‍ ആണവ നിലയത്തിനെതിരെ ശക്തമായ എതിര്‍പ്പുയര്‍ന്നു. തുടര്‍ന്ന് പദ്ധതിയുമായി മുന്നോട്ട് പോകുന്നില്ലെന്ന് വൈദ്യുതി മന്ത്രി അടുത്തിടെ വ്യക്തമാക്കിയിരുന്നു.
by Midhun HP News | Sep 22, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും സമീപ മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിൽ ശക്തി കൂടിയ ന്യൂനമർദം സ്ഥിതി ചെയ്യുന്നു. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും സമീപ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുമായി അതിതീവ്ര ന്യൂനമർദമായി വീണ്ടും ശക്തിപ്രാപിച്ചേക്കും.
തുടർന്നും പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് സെപ്റ്റംബർ 23-ന് രാവിലെ വടക്കൻ ആന്ധ്രപ്രദേശ്–തെക്കൻ ഒഡിഷ തീരങ്ങൾക്ക് സമീപം എത്താൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ തമിഴ്നാടിനും സമീപ പ്രദേശങ്ങൾക്കും മുകളിൽ സമുദ്രനിരപ്പിൽ നിന്ന് 4.5 മുതൽ 7.6 കിലോമീറ്റർ വരെ ഉയരത്തിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു.
കേരളം, തമിഴ്‌നാട്, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലൂടെയും തെക്കുകിഴക്കൻ അറബിക്കടലിൽ നിന്ന് ന്യൂനമർദ്ദ മേഖലയുമായി ബന്ധപ്പെട്ട മധ്യ തമിഴ്നാടിനും സമീപ പ്രദേശങ്ങൾക്കും മുകളിലുള്ള ചക്രവാതച്ചുഴിയുടെ കേന്ദ്രത്തിലൂടെയും പ്രസ്തുത ചക്രവാതച്ചുഴിയിലേക്ക് സമുദ്രനിരപ്പിൽ നിന്ന് 5.8 മുതൽ 7.6 കിലോമീറ്റർ വരെ ഉയരത്തിൽ ഒരു ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നു.
ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ സെപ്റ്റംബർ 25 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. സെപ്റ്റംബർ 23, 24 & 25 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യത. സെപ്റ്റംബർ 22 ന് കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടി മിന്നലിനും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
by Midhun HP News | Sep 21, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: മേലാറ്റിങ്ങൽ പുല്ലാമൂല വീട്ടിൽ സി.കെ വിശാലാക്ഷി (76) (റിട്ടയേർഡ് അധ്യാപിക, ഗവ:യു.പി.എസ് പാലവിള, കെ.എസ്.ടി.എ മുൻ ജില്ലാ കമ്മിറ്റി അംഗം, സി.പി.ഐ.എം മുൻ കടയ്ക്കാവൂർ ലോക്കൽകമ്മിറ്റി അംഗം)അന്തരിച്ചു.
സഹോദരങ്ങൾ: സി.കെ ഗിരിജ കുമാരി, സി വിജയകുമാര കുറുപ്പ്, സി.കെജയശ്രീ, സി.കെ ഗീത, സി.കെ ബിന്ദു, പരേതനായ സി അജന്തകുമാർ.
Recent Comments