by Midhun HP News | Jun 5, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ രാജ്ഭവനില്‍ സംഘടിപ്പിച്ച പരിപാടിയുടെ വേദിയില്‍ സ്ഥാപിച്ച കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രത്തെച്ചൊല്ലി രാഷ്ട്രീയ വിവാദം. ചിത്രം നീക്കം ചെയ്യണമെന്ന് കൃഷിമന്ത്രി പി പ്രസാദ് ആവശ്യപ്പെട്ടു. എന്നാല്‍ രാജ്ഭവന്‍ അതിനു വഴങ്ങാതിരുന്നതോടെ പരിപാടിയുടെ വേദി ദര്‍ബാള്‍ ഹാളിലേക്കു മാറ്റി.
ആര്‍എസ്എസ് ഉപയോഗിക്കുന്ന ഭാരാതംബയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് വേദി മാറ്റിയതെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. കൃഷിവകുപ്പിന്റെ പരിപാടിയില്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തിന്റെ കൊടിയുമായി വന്നാല്‍ എന്തായിരിക്കും സ്ഥിതിയെന്നും മന്ത്രി ചോദിച്ചു. രാജ്ഭവന്‍ സങ്കുചിത രാഷ്ട്രീയത്തിന്റെ വേദിയാക്കരുതെന്നും പുതിയ ഗവര്‍ണര്‍ചുമതലയേറ്റ ശേഷമാണ് ഇത്തരമൊരു ചിത്രം സെന്‍ട്രല്‍ ഹാളിലെ വേദിയില്‍ വച്ചതെന്നു പി പ്രസാദ് പറഞ്ഞു.
പരിപാടിയുടെ ഭാഗമായി വേദിയില്‍ വച്ച ആര്‍എസ്എസ് ഉപയോഗിക്കുന്ന ചിത്രം മാറ്റണമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും അത് മാറ്റാനാവില്ലെന്നാണ് രാജ്ഭവന്‍ അറിയിച്ചതെന്ന് മന്ത്രി പറഞ്ഞു. പൊതുപരിപാടികള്‍ക്ക് ഉപയോഗിക്കുന്ന ഭാരതമാതാവിന്റെ ചിത്രമാണെങ്കില്‍ അത് ഉള്‍ക്കൊള്ളാന്‍ തയ്യാറാണ്. എന്നാല്‍ രാജ്ഭവനില്‍ ആര്‍എസ്എസ് ഉപയോഗിക്കുന്ന ചിത്രം വച്ചത് ഭരണഘടനാ വിരുദ്ധമായ നടപടിയാണെന്ന് പ്രസാദ് പറഞ്ഞു. ഇത്തവണത്തെ സര്‍ക്കാരിന്റെ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം രാജ്ഭവനില്‍ വച്ച് നടത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ പ്രോഗ്രം നിശ്ചിയിച്ച് നല്‍കി. എന്നാല്‍ പൊടുന്നനവെ അത് മാറ്റേണ്ട സാഹചര്യമുണ്ടായതിനെ തുടര്‍ന്നാണ് പരിപാടി സെക്രട്ടേറിയറ്റിലെ ദര്‍ബാള്‍ ഹാളിലേക്ക് മാറ്റേണ്ടിവന്നതെന്ന് മന്ത്രി പറഞ്ഞു.
രാജ്ഭവനിലെ സെന്‍ട്രല്‍ ഹാളിലെ വേദിയില്‍ വച്ച ചിത്രം ആര്‍എസ്എസ് ഉപയോഗിക്കുന്ന ഭാരാതാംബയുടെ ചിത്രമാണ്. അതിന് മുന്നില്‍ പുഷ്പാര്‍ച്ച നടത്തി സര്‍ക്കാരിന്റെ പരിപാടി നടത്താനാകില്ല. ഭരണഘടനാപദവിയുള്ള സ്ഥലത്ത് ഇത്തരമൊരു ചിത്രം ഉപയോഗിക്കുന്നത് ശരിയുമല്ല. അക്കാര്യം രാജ്ഭവനെ അറിയിച്ചിരുന്നു. എന്നാല്‍ ചിത്രം മാറ്റാനാവില്ലെന്ന് രാജ്ഭവന്‍ അറിയിച്ചു. അതോടെയാണ് പരിപാടി അവിടെ നിന്ന് മാറ്റിയതെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പരിപാടിയില്‍ ഒരുമതവിഭാഗത്തിന്റെയോ ഒരുരാഷ്ട്രീയപാര്‍ട്ടികളുടെയോ ആളുകള്‍ മാത്രമല്ല എത്തുന്നത്. അവിടെ സങ്കുചിത മനോഭാവത്തോടെ പ്രവര്‍ത്തിക്കാനാവില്ല. നേരത്തെ രാജ്ഭവനിലെ വേദിയില്‍ ഇത്തരമൊരു ചിത്രം ഉണ്ടായിരുന്നില്ല. പുതിയ ഗവര്‍ണര്‍ എത്തിയതോടെയാണ് ആര്‍എസ്എസ് ഉപയോഗിക്കുന്ന ചിത്രം പ്രത്യക്ഷപ്പെട്ടതെന്നും പി പ്രസാദ് പറഞ്ഞു.
പരിപാടിയുടെ ഭാഗമായി മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി ഇന്നലെ വൈകീട്ട് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ രാജ്ഭവനില്‍ എത്തിയതോടെയാണ് ഈ ചിത്രം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇക്കാര്യം മന്ത്രിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ചിത്രം മാറ്റണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ചിത്രം മാറ്റാനാവില്ലെന്ന് ഗവര്‍ണര്‍ സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു.
by Midhun HP News | Jun 5, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മൂകാംബിക ഭക്തരെ പെരുവഴിയിലാക്കിയ റയിൽവേ പതിനായിരം രൂപ വീതം യാത്രക്കാർക്ക് നഷ്‌ടപരിഹാരം നൽകണമെന്ന് തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്. തിരുവനന്തപുരം സ്വദേശികളായ അഞ്ച് പേരാണ് മാവേലി എക്സ്പ്രസ് വൈകിയോടിയതുകൊണ്ട് ദുരിതത്തിലായത്.
രാത്രി തിരുവനന്തപുരം സെൻട്രലിൽ നിന്നാണ് പരാതിക്കാർ മാവേലി എക്സ്പ്രസ്സിൽ കയറിയത്. പിറ്റേന്ന് രാവിലെ 8.05 ന് മംഗലാപുരം സെൻട്രൽ സ്റ്റേഷനിൽ എത്തേണ്ട ട്രെയിനാണ്. അവിടെ നിന്ന് 9 മണിക്കുള്ള കണക്ഷൻ ട്രെയിനായ മംഗലാപുരം-കാർവാർ എക്സ്പ്രസ്സിൽ കയറി ബൈന്ദൂർ (മൂകാംബിക റോഡ്) സ്റ്റേഷനിൽ ഇറങ്ങി ക്ഷേത്രത്തിൽ പോകാനായിരുന്നു അവരുടെ യാത്രാ പദ്ധതി. പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു.
കൊല്ലൂർ മൂകാംബിക ക്ഷേത്രം സന്ദർശിക്കുന്നതിനായി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പരാതിക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. മംഗലാപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലേലേക്ക് മാവേലി എക്സ്പ്രസിലായിരുന്നു യാത്ര. 2017 ഓഗസ്റ്റ് പത്തിനു പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ 8.05 നാണ് മംഗലാപുരത്ത് എത്തിച്ചേരേണ്ടത്. അവിടെനിന്നു ബൈന്ദൂർ സ്റ്റേഷനിലേക്ക് (മൂകാംബിക റോഡ്) മംഗലാപുരം-കാർവാർ എക്സ്പ്രസില്‍ പോവാനായിരുന്നു പദ്ധതി. രാവിലെ 9 മണിക്ക് മംഗലാപുരം സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നതാണ് കണ്ക്ഷൻ ട്രെയിൻ.
മാവേലി എക്സ്പ്രസ് മംഗലാപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ ഔട്ടറിൽ രാവിലെ 8.20 ന് എത്തിയെങ്കിലും ബൈന്ദൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോകേണ്ട കണക്ഷൻ ട്രെയിൻ സെൻട്രൽ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നതുവരെ ഔട്ടറിൽ തന്നെ നിർത്തിയിട്ടു എന്ന് പരാതിക്കാർ പറഞ്ഞു. സെൻട്രൽ സ്റ്റേഷനിൽ ഒഴിഞ്ഞ പ്ലാറ്റ്‌ഫോമുകൾ ഉണ്ടായിരുന്നിട്ടും ട്രെയിൻ ഔട്ടറിൽ നിർത്തിയതായി പരാതിക്കാർ ആരോപിച്ചു. ഇതുമൂലം തുടർന്നുള്ള യാത്രയ്ക്കായി ബസ് പിടിക്കേണ്ടിവന്നുവെന്നും ഇത് സാമ്പത്തിക നഷ്ടത്തിനും മാനസിക ബുദ്ധിമുട്ടിനും കാരണമായെന്നും പരാതിക്കാർ പറഞ്ഞു.
മാവേലി എക്സ്പ്രസ് മംഗലാപുരം സ്റ്റേഷനിൽ 9.08 മണിക്ക് എത്തിയതായി റെയിൽവേ കോടതിയെ അറിയിച്ചു. മംഗലാപുരം-കാർവാർ എക്സ്പ്രസ് മാവേലി എക്സ്പ്രസിനുള്ള കണക്ഷൻ ട്രെയിനാണെന്ന വാദം വസ്തുതാപരമായി തെറ്റാണ്. അതിനാൽ, മാവേലി എക്സ്പ്രസ് എത്തുന്നതുവരെ സ്റ്റേഷനിൽ ഈ വണ്ടി പിടിച്ചിടാൻ കഴിയില്ല. അതുകൊണ്ട് മംഗലാപുരം-കാർവാർ എക്സ്പ്രസ് 9 മണിക്ക് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടുവെന്നും റെയില്‍വേ അറിയിച്ചു.
പരാതിക്കാർക്ക് നൽകിയ ടിക്കറ്റുകൾ തിരുവനന്തപുരത്ത് നിന്ന് മൂകാംബിക റോഡിലേക്കുള്ളതായിരുന്നതിനാൽ മംഗലാപുരം-കാർവാർ എക്സ്പ്രസ് കണക്ഷൻ ട്രെയിൻ അല്ലെന്ന റെയിൽവേയുടെ വാദം അംഗീകരിക്കാനാവില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. മംഗലാപുരം സെൻട്രലിൽ നിന്ന് മൂകാംബികയിലേക്കുള്ള ട്രെയിൻ കണക്ഷൻ ട്രെയിൻ അല്ലെങ്കിലും, ആദ്യ ട്രെയിൻ എത്താൻ വൈകിയതിനാൽ പരാതിക്കാർക്ക് രണ്ടാമത്തെ ട്രെയിനിൽ കയറാൻ കഴിഞ്ഞില്ല.
കൃത്യസമയമായ 8.05 മണിക്ക് പകരം ഒരു മണിക്കൂറിലേറെ വൈകി 9.08 ന് ട്രെയിൻ എത്തിയതിന് കാരണമായി ഒരു തെളിവും റെയിൽവേ ഹാജരാക്കിയില്ലെന്ന് കമ്മീഷൻ നിരീക്ഷിച്ചു.
“പൊതുഗതാഗതം നിലനിൽക്കണമെങ്കിൽ, സ്വകാര്യ കമ്പനികളുമായി മത്സരിക്കണമെങ്കിൽ, അതിന്റെ സംവിധാനവും തൊഴിൽ സംസ്കാരവും മെച്ചപ്പെടുത്തേണ്ടതുണ്ട്. പൗരർക്കോ യാത്രക്കാർക്കോ അധികാരികളുടെ കാരുണ്യത്തിൽ കഴിയാൻ കഴിയില്ല,” ഉത്തരവിൽ പറയുന്നു. കമ്മീഷൻ പ്രസിഡന്റ് പി വി ജയരാജൻ, അംഗങ്ങളായ പ്രീത ജി നായർ, വിജു വി ആർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. യാത്രക്കാരിൽ ഒരാളായ അഭിഭാഷകൻ രവികൃഷ്ണൻ എൻ ആർ പരാതിക്കാർക്ക് വേണ്ടി ഹാജരായി.
by Midhun HP News | Jun 5, 2025 | Latest News, ജില്ലാ വാർത്ത
കർഷക കോൺഗ്രസ് ആറ്റിങ്ങൽ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഫുഡ് സേഫ്റ്റി ഓഫീസിൽ ലോക പരിസ്ഥിതി ദിനം പ്രമാണിച്ച് വൃക്ഷത്തൈ നടീൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ് അടയമൺ മുരളി ഉദ്ഘാടനം നിർവഹിച്ചു. ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് ആറ്റിങ്ങൽ അധ്യക്ഷനായി. മുൻ പ്രതിപക്ഷ നേതാവ് എം അനിൽകുമാർ, ജില്ലാ ഭാരവാഹികളായ ബി കെ സുരേഷ് ബാബു, മധുസൂദനൻ നായർ, ജയകുമാർ, തുളസീദാസ്, മണിയൻ, വീണ വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു,
by Midhun HP News | Jun 5, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: കെസി വേണുഗോപാല്‍ ദേശീയപാത നിര്‍മാണത്തിന്റെ കാലനാകുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. സര്‍ക്കാരിനെ അടിക്കാന്‍ ഒരുവടികിട്ടി എന്ന രൂപത്തില്‍ ആനന്ദനൃത്ത മാടുകയാണ്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തെ ചൊല്ലി യുഡിഎഫ് മതവര്‍ഗീയത കുത്തിവയ്ക്കുന്നുവെന്നും പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.
ദേശീയപാത നിര്‍മാണത്തിനിടെ ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ അത് സര്‍ക്കാരിനെ അടിക്കാനുള്ള വടിയായി ഉപയോഗിക്കുകയാണ്. അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നയാളാണ് കെസി വേണുഗോപാല്‍. നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിച്ചുപോകണം. അല്ലാതെ പ്രവൃത്തി മുന്നോട്ടുപോകേണ്ടതില്ലെന്ന തീരുമാനമെടുക്കരുത്. എന്‍എച്ച് 66ന്റെ കാലനാകാനാണ് കെസി വേണുഗോപാല്‍ ശ്രമിക്കുന്നത്. കാലന്റെ പണിയെടുക്കാന്‍ നോക്കിയാലും പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. യുഡിഎഫ് ഭരിച്ചപ്പോള്‍ നടപ്പാക്കാന്‍ കഴിയാത്ത പദ്ധതി മുടക്കാനാണ് ശ്രമമെന്നും പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
നിലമ്പൂരില്‍ സ്വരാജ് സ്ഥാനാര്‍ഥിയായതോടെ യുഡിഎഫ് ക്യാംപ് ആകെ വാടിയിരിക്കുകയാണ്. എല്‍ഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും സ്വരാജ് നിയമസഭയിലെത്തുമെന്നും റിയാസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ പരാമര്‍ശവുമായി ബന്ധപ്പെട്ട് യുഡിഎഫ് മതവര്‍ഗീയത കുത്തിവയ്ക്കുകയാണെന്നും റിയാസ് പറഞ്ഞു.
by Midhun HP News | Jun 5, 2025 | Latest News, കേരളം
കൊച്ചി: അറബിക്കടലില്‍ കപ്പല്‍ മുങ്ങിയ സംഭവത്തില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. മുങ്ങിയ കണ്ടെയ്‌നറുകളില്‍ എന്തായിരുന്നു?. ചരക്കുകപ്പലിലെ കണ്ടെയ്‌നറുകളിലെ വസ്തുക്കള്‍ എന്തായിരുന്നുവെന്ന് വ്യക്തമാക്കണം. മുങ്ങിയ കണ്ടെയ്‌നറുകള്‍ മൂലമുള്ള പാരിസ്ഥിതിക പരിണിതഫലങ്ങള്‍ എന്താകുമെന്നും കോടതി ചോദിച്ചു. പൊതു ഇടങ്ങളിലും വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. മെയ് 25 ലെ കപ്പല്‍ അപകടത്തില്‍ ലഭ്യമായ എല്ലാ വിവരങ്ങളും, ചരക്ക് വിശദാംശങ്ങള്‍, എണ്ണ ചോര്‍ച്ച, പാരിസ്ഥിതിക ആഘാതം തുടങ്ങിയവ ഉള്‍പ്പെടെ, പൊതുസമൂഹത്തിന് മുന്നില്‍ പ്രസിദ്ധീകരിക്കാന്‍ ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.
കപ്പല്‍ അപകടം സമുദ്രത്തെയും തീരദേശ പരിസ്ഥിതിയെയും ബാധിക്കുമെന്നുറപ്പാണ്. കപ്പലില്‍ നിന്നും ഒഴുകിപ്പോയ കണ്ടെയ്‌നറുകളിലെ ചരക്കുകളെക്കുറിച്ചും അതു സൃഷ്ടിച്ചേക്കാവുന്ന ആഘാതത്തെക്കുറിച്ചും വിവരങ്ങള്‍ ലഭ്യമാക്കണം. ഇതു സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ലെങ്കില്‍, കേസില്‍ അടുത്ത വാദം കേള്‍ക്കുന്നതിന് മുമ്പ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാര്‍ അഭിഭാഷകന് നിര്‍ദേശം നല്‍കി.
വര്‍ഷങ്ങളായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദ്ദേശം ഉണ്ടെങ്കിലും, ഇത്തരം ദുരന്തങ്ങള്‍ തടയുന്നതിനോ കൈകാര്യം ചെയ്യുന്നതിനോ ഫലപ്രദമായ ഒരു സംവിധാനം ഇപ്പോഴും നിലവിലില്ലെന്ന് ഹര്‍ജിക്കാരനായ ടി എന്‍ പ്രതാപന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കേസ് കോടതിയുടെ പരിഗണനയിലുണ്ടെന്നും, സംസ്ഥാന സര്‍ക്കാരിന്റെ മറുപടി ലഭിച്ചതിനുശേഷം കൂടുതല്‍ വാദം കേള്‍ക്കുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റുകയും ചെയ്തു.
മെയ് 25നാണ് കേരളതീരത്തുനിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ എംഎസ്‍സി എല്‍സ – 3 എന്ന ലൈബീരിയൻ ചരക്കുകപ്പൽ അപകടത്തിൽപ്പെട്ടത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് ചരക്കുകപ്പൽ അറബിക്കടലില്‍ മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന 640 കണ്ടെയ്നറുകളില്‍ 13 എണ്ണത്തില്‍ അപകടകരമായ വസ്തുക്കളാണെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. കപ്പല്‍ പൂര്‍ണമായി മുങ്ങിയതോടെ കണ്ടെയ്നറുകള്‍ സംസ്ഥാനത്തിന്‍റെ തെക്കന്‍ തീരങ്ങളില്‍ പലയിടത്തായി അടിഞ്ഞിരുന്നു.
Recent Comments