ജി സുകുമാരന്‍ നായര്‍ക്കും വെള്ളാപ്പള്ളിക്കുമെതിരെ അസഭ്യവര്‍ഷവുമായി മുസ്ലീം ലീഗ് പ്രകടനം

ജി സുകുമാരന്‍ നായര്‍ക്കും വെള്ളാപ്പള്ളിക്കുമെതിരെ അസഭ്യവര്‍ഷവുമായി മുസ്ലീം ലീഗ് പ്രകടനം

തൊടുപുഴ: തൊടുപുഴയില്‍ യൂത്ത് ലീഗ് ആഹ്ളാദപ്രകടത്തില്‍ വെള്ളാപ്പള്ളിക്കും സുകുമാരന്‍ നായര്‍ക്കുമെതിരെ അസഭ്യമുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍. ലീഗ് ഭരിക്കും കേരള മണ്ണെന്ന് മുദ്രാവാക്യം. ‘കേരള മണ്ണിലെ നിയമങ്ങള്‍ ലീഗ് പറയും’ എന്നു തുടങ്ങുന്ന മുദ്രാവാക്യം വിളികളാണ് മുഴങ്ങിയത്. ‘അഭിമാനത്തിന്‍ അസ്തിത്വം ആരുടെ മുമ്പില്‍ പണയം വയ്ക്കാന്‍ ആവില്ലെന്നും മുദ്രാവാക്യത്തില്‍ പറയുന്നു. വിഡി സതീശന് അഭിവാദ്യം അര്‍പ്പിച്ചുക്കൊണ്ട് ആയിരുന്നു മുദ്രാവാക്യം. പെരുന്നയിലുള്ളോരു നായരേ.. ആലപ്പുഴയിലെ വെള്ളാപ്പള്ളീ.. എന്നു തുടുങ്ങി മുദ്രാവാക്യം രൂക്ഷമാകുകയും ചെയ്തു.

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ മുസ്ലീം ലീഗിനെ കുറ്റപ്പെടുത്തിക്കൊണ്ട് സുകുമാരന്‍ നായര്‍ രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രിയെ നിശ്ചയിച്ചതില്‍ ജനാധിപത്യപരമായ കീഴ്വഴക്കങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും മുസ്ലിം ലീഗ് ഭരണത്തില്‍ പിടിമുറുക്കുന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം ആരോപിച്ചു. മാനദണ്ഡങ്ങള്‍ വെച്ച് നോക്കുമ്പോള്‍ രമേശ് ചെന്നിത്തലയായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തിന് ഏറ്റവും യോഗ്യനെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുസ്ലിം ലീഗ് നടത്തിയ സമ്മര്‍ദ്ദത്തിന് കോണ്‍ഗ്രസ് വഴങ്ങിയത് ഒരിക്കലും ശരിയായ നടപടിയല്ലെന്നും മന്ത്രിമാരുടെ തെരഞ്ഞെടുപ്പിലും ഇതേ സമ്മര്‍ദ്ദം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നല്ല നാളേക്കായി സതീശന്‍ നയിക്കുമെന്നത് പാണക്കാട് സാദിഖലി തങ്ങളുടെ മാത്രം വിശ്വാസമാണെന്നും തങ്ങള്‍ക്ക് അത്തരമൊരു വിശ്വാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിഡി സതീശന് നല്ല രീതിയില്‍, സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ ഒരു ഭരണം കാഴ്ച വെക്കുവാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായി മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നലെ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തിന്റെ രാജശില്‍പ്പി കെസി വേണുഗോപാല്‍ ആണെന്നും ആളു കൊണ്ടും അര്‍ത്ഥം കൊണ്ടും നയരൂപീകരണത്തിലുമെല്ലാം വളരെ സ്വാധീനം ചെലുത്താന്‍ വേണുഗോപാലിന് സാധിച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു. വലിയ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് വിജയിച്ചത്. അതും മാത്രമല്ല, നൂറു സീറ്റാണ് യുഡിഎഫ് പറഞ്ഞത്. അത് ഒരു രസത്തിന് പറഞ്ഞതാണ്. പക്ഷെ 102 സീറ്റ് നേടുവാന്‍ യുഡിഎഫിന് സാധിച്ചു. രമേശ് ചെന്നിത്തല, വിഡി സതീശന്‍, കെ സി വേണുഗോപാല്‍ തുടങ്ങിയവരുടെ കൂട്ടായ പ്രവര്‍ത്തനമാണ് ആ വിജയത്തിന് കാരണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

‘ഹിന്ദുവായ അമ്മ, അച്ഛന്‍ ക്രിസ്ത്യാനി, അവര്‍ പ്രണയിച്ച് ഒന്നായി’; വിശ്വാസത്തെക്കുറിച്ച് അന്ന് വിജയ് പറഞ്ഞത്

‘ഹിന്ദുവായ അമ്മ, അച്ഛന്‍ ക്രിസ്ത്യാനി, അവര്‍ പ്രണയിച്ച് ഒന്നായി’; വിശ്വാസത്തെക്കുറിച്ച് അന്ന് വിജയ് പറഞ്ഞത്

ചരിത്രം കുറിച്ച് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായിരിക്കുകയാണ് നടന്‍ വിജയ്. പാര്‍ട്ടി രൂപീകരിച്ച് രണ്ട് വര്‍ഷമാകുമ്പോഴേക്കും ഡിഎംകെയേയും എഐഎഡിഎംകെയേയും തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയാണ് വിജയ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായത്. ഭരണം ഏറ്റെടുത്തതിന് പിന്നാലെ തന്നെ ആദ്യ വിവാദവും വിജയ്ക്ക് നേരിടേണ്ടി വന്നിരുന്നു.

തന്റെ തെരഞ്ഞെടുപ്പ് വിജയം പ്രവചിച്ച ജോത്സ്യന്‍ റിക്കി രാധന്‍ പണ്ഡിറ്റ് വെട്രിവേലിനെ ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായി നിയമിച്ചാണ് വിജയ് വിവാദത്തില്‍ പെട്ടത്. സംഭവം വിവാദമായതോടെ നിയമനം റദ്ദാക്കുകയും ചെയ്തു. ഈ സംഭവത്തോടെ വിജയ്‌യുടെ വിശ്വാസത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിരിക്കുകയാണ്. ഇപ്പോള്‍ വൈറലാകുന്ന, പഴയൊരു അഭിമുഖത്തില്‍ തന്റെ വിശ്വാസത്തെക്കുറിച്ച് വിജയ് സംസാരിച്ചിരുന്നു. ബീസ്റ്റ് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സണ്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാറിനോടായിരുന്നു വിജയ് മനസ് തുറന്നത്.

”എന്‍റെ അമ്മ ഹിന്ദുവാണ്. എന്റെ അച്ഛന്‍ ക്രിസത്യനാണ്. അവര്‍ പ്രണയിച്ച് വിവാഹം കഴിച്ചു. അവര്‍ ഒരിക്കലും എന്നെ ഒരു കാര്യത്തിലും നിയന്ത്രിച്ചിട്ടില്ല. ഇവിടെ പോകണമെന്നോ അവിടെ പോകരുതെന്നോ പറഞ്ഞിട്ടില്ല. എന്റെ മക്കളോട് ഞാനും അങ്ങനെയാണ്” വിജയ് പറയുന്നു. പിന്നാലെ ബീസ്റ്റിന്റെ ചിത്രീകരണത്തിനിടെ ഉണ്ടായൊരു സംഭവം നെല്‍സണും പങ്കുവച്ചു. ഷൂട്ടിനിടെ ഒരു ദിവസം രാത്രി ഡിന്നര്‍ കഴിച്ച ശേഷം 30 മിനുറ്റ് വിജയ്‌യെ കാണാതായെന്നാണ് നെല്‍സണ്‍ പറഞ്ഞത്.

”ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ നിങ്ങള്‍ പള്ളിയില്‍ പോയതാണെന്ന് മനസിലായി. ഞങ്ങള്‍ ഞെട്ടിപ്പോയി. വിശ്വസിക്കാനായില്ല. പക്ഷെ നിങ്ങള്‍ ശരിക്കും പള്ളിയില്‍ പോയതായിരുന്നു. അടുത്ത ദിവസം ചോദിച്ചപോള്‍ നിങ്ങള്‍ പറഞ്ഞത് ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പോയതാണെന്നായിരുന്നു” നെല്‍സണ്‍ പറയുന്നു. പിന്നാലെ നിങ്ങളൊരു വിശ്വാസിയാണോ എന്ന നെല്‍സന്റെ ചോദ്യത്തിനും വിജയ് മറുപടി നല്‍കുന്നുണ്ട്.

”ഞാന്‍ ഉറച്ച വിശ്വാസിയാണ്. പള്ളിയില്‍ പോകുന്നത് എന്റെ മനസ് ശാന്തമാക്കും. പള്ളി മാത്രമാല്ല, പിള്ളയാര്‍പട്ടി വിനായക ക്ഷേത്രത്തിലും തിരുനല്ലാര്‍ ക്ഷേത്രത്തിലും പോകാറുണ്ട്. അവിടങ്ങള്‍ എനിക്ക് ദൈവീകമായൊരു ഫീല്‍ തരും. കത്തിയുടെ ഷൂട്ടിനിടെ ഞാന്‍ അമീന്‍പീര്‍ ദര്‍ഗയിലും പോയിട്ടുണ്ട്. പള്ളിയിലും ക്ഷേത്രത്തിലും ദര്‍ഗയിലും പോയാലും ഒരേ ദൈവീകാനുഭൂതിയാണ് ലഭിക്കുക” എന്നാണ് വിജയ് നല്‍കിയ മറുപടി.

തിലക് വര്‍മ ക്യാപ്റ്റന്‍; റിയാന്‍ പരാഗ് വൈസ് ക്യാപ്റ്റന്‍; വൈഭവ് സൂര്യവംശിയും പ്രിയാംശ് ആര്യയും ഇന്ത്യന്‍ ടീമില്‍

തിലക് വര്‍മ ക്യാപ്റ്റന്‍; റിയാന്‍ പരാഗ് വൈസ് ക്യാപ്റ്റന്‍; വൈഭവ് സൂര്യവംശിയും പ്രിയാംശ് ആര്യയും ഇന്ത്യന്‍ ടീമില്‍

മുംബൈ: ജൂണ്‍ മാസം ശ്രീലങ്കയില്‍ അരങ്ങേറുന്ന എ ടീമുകളുടെ ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. തിലക് വര്‍മയെ ക്യാപ്റ്റനാക്കി 15 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ഇന്ത്യ എ, ശ്രീലങ്ക എ, അഫ്ഗാനിസ്ഥാന്‍ എ ടീമുകളാണ് വൈറ്റ് ബോള്‍ പരമ്പരയില്‍ കളിക്കുന്നത്. ജൂണ്‍ 9 മുതല്‍ 21 വരെയാണ് പരമ്പര.

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ഐപിഎല്ലില്‍ തിളങ്ങുന്ന വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി, പഞ്ചാബിനായി മിന്നലടികളുമായി ഗംഭീര തുടക്കമിടുന്ന യുവ താരം പ്രിയാംശ് ആര്യ എന്നിവരും ടീമിലുണ്ട്. പഞ്ചാബ് കിങ്‌സിനായി മിന്നല്‍ തുടക്കമിടുന്ന പ്രഭ്‌സിമ്രാന്‍ സിങും ടീമിലുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് പ്രഭ്‌സിമ്രാന്‍ ടീമിലെത്തിയത്. ഒപ്പം കുമാര്‍ കുശാഗ്രയാണ് രണ്ടാം വിക്കറ്റ് കീപ്പര്‍.

സിഎസ്‌കെയ്ക്കായി ഐപിഎല്ലില്‍ മികച്ച ബൗളിങ് പ്രകടനം നടത്തുന്ന അന്‍ഷുല്‍ കാംബോജ് ആണ് പ്രധാന പേസറായി ഇടം കണ്ടത്. ആയുഷ് ബദോനി, നിഷാന്ത് സിന്ധു, ഹര്‍ഷ് ദുബെ, വിപ്രജ് നിഗം എന്നിവരും ടീമിലുണ്ട്.

ഇന്ത്യന്‍ ടീം: തിലക് വര്‍മ (ക്യാപ്റ്റന്‍), പ്രിയാംശ് ആര്യ, വൈഭവ് സൂര്യവംശി, റിയാന്‍ പരാഗ്, ആയുഷ് ബദോനി, നിഷാന്ത് സിന്ധു, ഹര്‍ഷ് ദുബെ, സൂര്യാംശ് ഷെഡ്‌ജെ, പ്രഭ്‌സിമ്രാന്‍ സിങ്, കുമാര്‍ കുശാഗ്ര, വിപ്രജ് നിഗം, യഷ് ഠാക്കൂര്‍, യുദ്ധവീര്‍ സിങ്, അന്‍ഷുല്‍ കാംബോജ്, അര്‍ഷാദ് ഖാന്‍.

പരമ്പര ഷെഡ്യൂള്‍

ജൂണ്‍ 9: ഇന്ത്യ എ- ശ്രീലങ്ക എ

ജൂണ്‍ 11: ഇന്ത്യ എ- അഫ്ഗാനിസ്ഥാന്‍ എ

ജൂണ്‍ 13: അഫ്ഗാനിസ്ഥാന്‍ എ- ശ്രീലങ്ക എ

ജൂണ്‍ 15: ഇന്ത്യ എ- ശ്രീലങ്ക എ

ജൂണ്‍ 17: ഇന്ത്യ എ- അഫ്ഗാനിസ്ഥാന്‍ എ

ജൂണ്‍ 19: അഫ്ഗാനിസ്ഥാന്‍ എ- ശ്രീലങ്ക എ

ജൂണ്‍ 21: ഫൈനല്‍

ഭക്ഷണ കാര്യത്തിൽ സതീശൻ ‘സ്ട്രിക്റ്റാണ്’; രണ്ട് പതിറ്റാണ്ടായി തുടരുന്ന ആ ശീലങ്ങൾ!

ഭക്ഷണ കാര്യത്തിൽ സതീശൻ ‘സ്ട്രിക്റ്റാണ്’; രണ്ട് പതിറ്റാണ്ടായി തുടരുന്ന ആ ശീലങ്ങൾ!

ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും കാത്തിരിപ്പിനുമൊടുവിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി വിഡി സതീശനെ ഹൈക്കമാൻഡ് തീരുമാനിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം പൊതുജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യതയാണ് വിഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിച്ചത്. ഏതു വിഷയവും ആഴത്തില്‍ പഠിച്ച ശേഷം സഭയിലും പുറത്തും അവതരിപ്പിക്കുന്ന സതീശൻ ഭക്ഷണക്കാര്യത്തിലും ഏറെ ശ്രദ്ധാലുവാണ്.

ഒരു രാഷ്ട്രീയ പ്രവർത്തകനായതു കൊണ്ട് തന്നെ കൃത്യസമയത്ത് ഭക്ഷണം കഴിക്കാൻ പലപ്പോഴും പറ്റിയെന്ന് വരില്ല, എങ്കിലും ഭക്ഷണക്കാര്യത്തിൽ ചില ചിട്ടകൾ പാലിക്കാൻ ശ്രമിക്കാറുണ്ടെന്നും വിഡി സതീശൻ സമീപകാലത്ത് നൽകിയൊരു അഭിമുഖത്തിൽ പറഞ്ഞു.

കഴിഞ്ഞ 20 വർഷമായി ഏതാണ്ട് ഓരേ ശരീരഭാരമാണ് നിലനിർത്തുന്നത്. 73-74 കിലോയിൽ നിന്ന് കൂടാൻ അനുവദിക്കാറില്ല. അതിൻ്റെ പ്രധാന കാരണം ഭക്ഷണത്തിൽ വരുത്തിയ കൺട്രോൾ ആണ്. വലിയ ഭക്ഷണ പ്രിയനായ താൻ കഴിഞ്ഞ പത്തു-ഇരുപതു വർഷമായി ഭക്ഷണക്കാര്യത്തിൽ പാലിക്കുന്ന ഒരു പ്രധാന ഘടക, ഭക്ഷണത്തിൻ്റെ അളവാണ്.

വയറു നിറച്ചു കഴിക്കുന്ന ശീലമില്ല, പാതിവയറിൽ ഭക്ഷണം നിർത്തും. എത്ര ഇഷ്ടപ്പെട്ട ഭക്ഷണമാണെങ്കിലും ഈയൊരു ചിട്ടയാണ് ആരോഗ്യത്തെ നിലനിർത്താൻ സഹായിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വേറൊരു കാര്യം, പ്രഭാത ഭക്ഷണമാണ്. അത് ഒഴിവാക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്രേക്ക് ഫാസ്റ്റ് കൃത്യമായി കഴിക്കും, കാരണം പിന്നീട് എപ്പോഴാണ് ഭക്ഷണം കിട്ടുകയെന്ന് പറയാനാകില്ല. ഇഷ്ട ഭക്ഷണം ദോശയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മീനിനോട് പ്രത്യേക ഇഷ്ടം

‘ഞാൻ പറവൂരുകാരനാണ്. ഏറ്റവും ഫ്രഷ് മീൻ കിട്ടുന്നയിടമാണ് പറവൂർ. തിരുത, കാളാഞ്ചി, ചെമ്പല്ലി അങ്ങനെ വെറൈറ്റി മീനുകൾ.., പറവൂരിലാണ് നല്ല കരിമീൻ കിട്ടുന്നത്. അത്രയും നല്ല കരിമീൻ കിട്ടുന്ന മറ്റൊരിടം അഷ്ടമുടി ആയിരിക്കും. കുമരകത്ത് കിട്ടുന്ന കരിമീനിന് ചെറിയ ചെളിയുടെ ചുവയുണ്ടാകും.പറവൂരിൽ നിന്ന് മീൻ കറി കഴിച്ചിട്ടു പോയാൽ മറ്റൊരിടത്തെ മീനും ഇഷ്ടപ്പെടില്ലെന്നതാണ് വലിയ പ്രശ്നം. എത്ര നല്ലരീതിയിൽ പാചകം ചെയ്തു മുന്നിൽ വെച്ചാലും മീനിന് പഴമ ഉണ്ടെങ്കിൽ ഞങ്ങൾക്ക് പെട്ടെന്ന് കണ്ടെത്താൻ സാധിക്കും’- വിഡി സതീശൻ പറയുന്നു.

വി ഡി സതീശന് ആശംസകളുമായി മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ താരലോകം

വി ഡി സതീശന് ആശംസകളുമായി മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ താരലോകം

പത്തുദിവസത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ, മുൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ നിയമനത്തിൽ സന്തോഷം പ്രകടിപ്പിച്ച് സിനിമാ ലോകവും രംഗത്തെത്തി.
പത്ത് ദിവസം നീണ്ടുനിന്ന അഭ്യൂഹങ്ങൾക്കും സസ്പെൻസുകൾക്കും ഒടുവിൽ കേരള മുഖ്യമന്ത്രിയെ തീരുമാനിച്ചിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വർഷം പ്രതിപക്ഷ നേതാവായിരുന്ന വിഡി സതീശൻ ആണ് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി. വിഡി തന്നെ മുഖ്യമന്ത്രി ആകണമെന്ന് പൊതുവികാരം ഉണ്ടായിരുന്നുവെങ്കിലും കെസി വേണു​ഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ കൂടി ഉയർന്ന് വന്നതോടെ തീരുമാനത്തിൽ അനിശ്ചിതത്വം നേരിടുകയായിരുന്നു. ഒടുവിൽ നിയൂക്ത മുഖ്യമന്ത്രിയായി വിഡി സതീശൻ നിയമതിനായതോടെ സന്തോഷം പ്രകടിപ്പിച്ചും ആശംകൾ അറിയിച്ചും സിനിമാ ലോകവും മുന്നിൽ തന്നെയുണ്ട്.

‘കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ട ശ്രീ വി ഡി സതീശന് ഹൃദയം നിറഞ്ഞ ആശംസകൾ’, എന്നാണ് മമ്മൂട്ടി കുറിച്ചത്. ‘ഇതാണ് ഞങ്ങ പറഞ്ഞ മുഖ്യൻ. തൽക്കാലം ഞങ്ങക്കീ മുഖ്യൻ മതി..!! വേറാരും വേണ്ട..!! അത് പോലെ ലളിതമാണ്’, എന്നായിരുന്നു സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെ പ്രതികരണം.

‘നിയുക്ത കേരള മുഖ്യമന്ത്രി ശ്രീ വി ഡി സതീശന്‌ സ്നേഹം നിറഞ്ഞ ആശംസകള്‍. വികസനത്തിന്‍റെ പുതിയ പാതയിലേക്ക് നാടിനെ നയിക്കാന്‍ അദ്ദേഹത്തിന്‍റെ നേതൃത്വത്തിന്‌ സാധിക്കട്ടെ’, എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.

‘കേരളത്തിൻ്റെ നിയുക്ത മുഖ്യമന്ത്രി. ആദരണീയനായ ശ്രീ വി ഡി സതീശന് അഭിവാദ്യങ്ങൾ’, എന്ന് ലിസ്റ്റിൻ സ്റ്റീഫനും കുറിച്ചു. ജനങ്ങൾക്ക് വേണ്ടി,ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ് വിഡി സതീശൻ എന്നാണ് നടൻ ആന്റണി വർ​ഗീസ് പറഞ്ഞത്. ‘കാവ്യാനീതി. നിയുക്ത കേരള മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ’, എന്ന് നടൻ കിഷോർ സത്യ സോഷ്യൽ മീഡിയയിൽ കുറിച്ചു.
‘ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ’, എന്നാണ് നടനും എംഎൽഎയുമായ രമേശ് പിഷാരടി ആശംസ അറിയിച്ച് കുറിച്ചത്. ജനനായകന് അഭിവാദ്യങ്ങൾ എന്നാണ് നടൻ സിദ്ദിഖിന്റെ വാക്കുകൾ. വി ഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് മലയാള സിനിമയിൽ നിന്നും ആദ്യം ആവശ്യപ്പെട്ടവരിൽ ഒരാള് കൂടിയാണ് സിദ്ദിഖ്. ‘ജനങ്ങളാണ് ഹൈക്കമാൻഡ് എന്ന് തെളിയിച്ച ഏക നേതാവ്’, എന്നായിരുന്നു ധർമജൻ ബോൾ​ഗാട്ടിയുടെ ആശംസ.

‘ഈ സുപ്രധാന തിരഞ്ഞെടുപ്പ് വിജയത്തിൽ കോൺഗ്രസ് പാർട്ടിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. പുതുതായി തിരഞ്ഞെടുക്കപ്പെട്ട കേരള മുഖ്യമന്ത്രിക്ക് ആശംസകൾ നേരുകയാണ്. നമ്മുടെ സംസ്ഥാനത്തിന് നേതൃത്വത്തിൻ്റെ ഈ പുതിയ അധ്യായം ആരംഭിക്കുമ്പോൾ, ഐക്യം, പ്രതിരോധം, പുരോഗതി എന്നിവയിലൂടെ കേരളം എന്നും തലയുയർത്തി നിൽക്കട്ടെ. ഈ പുതിയ തുടക്കം ലോകമെമ്പാടുമുള്ള ഓരോ മലയാളിക്കും പ്രതീക്ഷയും വികാസവും ആത്മവിശ്വാസവും നൽകട്ടെ’, എന്ന് നടൻ ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

‘ഒരു പുതിയ കേരളത്തിനായുള്ള യാത്രയ്ക്ക് എല്ലാ ആശംസകളും. മുഖ്യമന്ത്രി വി ഡി സതീശൻ സാറിന് സ്നേഹപൂർവ്വം അഭിനന്ദനങ്ങൾ’, എന്ന് നിവിന്‍ പോളിയും പറയുന്നു. ‘കേരളത്തിൻറെ പുതിയ മുഖ്യമന്ത്രിയായി അരങ്ങേറാൻ പോകുന്ന ശ്രി വിഡി സതീശന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. കേരളത്തിന് ഏറ്റവും നല്ല ഒരു ഭരണം കാഴ്ചവയ്ക്കാൻ അദ്ദേഹത്തിനും, ടീം യുഡിഎഫിനും സാധിക്കട്ടെ എന്നും ആശംസിക്കുന്നു’, എന്നാണ് മനോജ് കെ ജയന്‍ കുറിച്ചത്.