by Midhun HP News | May 27, 2025 | Latest News, ദേശീയ വാർത്ത
നിലമ്പൂർ നിയമസഭാ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രം ആരംഭിക്കുന്നത് 1965 മുതലാണ്. കഴിഞ്ഞ 60 വർഷത്തെ ചരിത്രത്തിൽ മൊത്തം 16 നിയമസഭാ തിരഞ്ഞെടുപ്പുകളാണ് ഈ മണ്ഡലത്തിൽ നടന്നിട്ടുള്ളത്. ഈ 16 എണ്ണത്തിൽ രണ്ടെണ്ണം ഉപതിരഞ്ഞെടുപ്പുകളാണ്. ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത് മണ്ഡലത്തിലെ മൂന്നാമത്തെ ഉപതിരഞ്ഞെടുപ്പാണ്.
കേരള രാഷ്ട്രീയത്തിൽ നിലമ്പൂർ മണ്ഡലം പലപ്പോഴും ശ്രദ്ധാകേന്ദ്രമായി മാറിയിട്ടുണ്ട്. അതുകൊണ്ടു തന്നെ അവിടുത്തെ ഉപതിരഞ്ഞെടുപ്പും പൊതുതിരഞ്ഞെടുപ്പ് പോലെ തന്നെ ശ്രദ്ധയാകർഷിക്കുന്നതാകും. ഇവിടെ നടന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകൾക്കും കേരള രാഷ്ട്രീയത്തിൽ വളരെയധികം പ്രത്യേകതൾ ഉണ്ട്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പുകൾക്ക് കേരളത്തിലെ മറ്റ് ഉപതിരഞ്ഞെടുപ്പുകൾ നടന്ന മണ്ഡലങ്ങളേക്കാൾ വ്യത്യസ്തമായി ചരിത്രമാണുള്ളത്. ചോരയുടെയും പകയുടെയും ത്യാഗത്തിന്റെയും വിട്ടുവീഴ്ചയുടെയും കലഹത്തിന്റെയും ഒക്കെ കഥകൾ ഇതിൽ കാണാം. കഴിഞ്ഞ രണ്ട് ഉപതിരഞ്ഞെടുപ്പുകളും കേരള ചരിത്രത്തിൽ ഇടം പിടിച്ചതാണ്.
നിലവിൽ എൽ ഡി എഫ് സ്വതന്ത്രനായി ജയിച്ച പി വി അൻവർ സി പി എം നേതൃത്വവുമായി പിണങ്ങി എം എൽ എ സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഈ വർഷം ജനുവരി 13 നാണ് പി വി അൻവർ എം എൽ എ സ്ഥാനം രാജിവച്ചത്. സി പി എം നേതൃത്വവും ഭരണ നേതൃത്വവുമായി തെറ്റിയ അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നതിനെ തുടർന്നാണ് എം എൽ എ സ്ഥാനം രാജിവച്ചത്. സ്വതന്ത്രനായി ജയിച്ച ശേഷം അയോഗ്യനാക്കാനാകുമെന്നും അത്തരമൊരു തീരുമാനം ഉണ്ടായേക്കാമെന്നും കരുതിയാണ് അൻവർ രാജിവച്ചതെന്ന് അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. 2016 ലും 2021ലും അൻവറായിരുന്നു നിലമ്പൂരിൽ നിന്നും ജയിച്ചത്.
നിലമ്പൂർ മണ്ഡലത്തിലെ ആദ്യ തെരഞ്ഞെടുപ്പിൽ ഇവിടെ നിന്ന് ജയിച്ചത് സി പി എമ്മിലെ കെ. കുഞ്ഞാലിയായിരുന്നു. തോൽപ്പിച്ചത് കോൺഗ്രസിലെ ആര്യാടൻ മുഹമ്മദിനെയും. 1967ലും കുഞ്ഞാലി ആര്യാടനെ തോൽപ്പിച്ചു. 1969 ജൂലൈ 26 ന് എതിരാളികളുടെ വെടിയേൽക്കുകയും ജൂലൈ 28 ന് കുഞ്ഞാലി മരണമടയുകയും ചെയ്തു. ഈ കേസിൽ രണ്ട് തവണ കുഞ്ഞാലിയോട് തോറ്റ ആര്യാടൻ മുഹമ്മദ് പ്രതിസ്ഥാനത്ത് വന്നു. കുഞ്ഞാലി കൊല്ലപ്പെട്ടതിനെ തുടർന്നാണ് 1970ൽ ഈ മണ്ഡലത്തിലെ ആദ്യ ഉപതിരഞ്ഞെടുപ്പ് വരുന്നത്. അതായത് മണ്ഡലം രൂപീകരിച്ച് അഞ്ച് വർഷമാകുമ്പോൾ ആദ്യ ഉപതിരഞ്ഞെടുപ്പിനെ നേരിട്ട മണ്ഡലമാണ് നിലമ്പൂർ. മാത്രമല്ല, കേരള ചരിത്രത്തിൽ ഒരു എം എൽ എ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം ആദ്യത്തേയായിരുന്നു. അതേതുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ പക്ഷേ അദ്ദേഹത്തിന്റെ പാർട്ടിക്ക് പരാജയം ഏറ്റു വാങ്ങേണ്ടി വന്നു. കുഞ്ഞാലി കൊല്ലപ്പെട്ട് ആറ് മാസം കഴിഞ്ഞ് നടന്ന ഉപതെരഞ്ഞടുപ്പ് ഫലം 1970 ഏപ്രിൽ 21 ന് പുറത്തുവന്നപ്പോൾ, കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച എം പി ഗംഗാധരൻ വിജയിച്ചു. സി പി എമ്മിലെ സി പി അബൂബക്കറിനെ തോൽപ്പിച്ചാണ് ഗംഗാധരൻ കന്നിയങ്കം ജയിച്ചത്.
പിന്നീട് ഒരു ഉപതെരഞ്ഞെടുപ്പ് വരുന്നത് പത്ത് വർഷത്തിന് ശേഷം 1980 ലാണ്. അതിന് പിന്നിലുള്ള കഥയിലും കുഞ്ഞാലി വിടാതെ പിന്തുടരുന്നുണ്ട്. 1970 ലെ ഉപതെരഞ്ഞെടുപ്പിൽ അതിന് മുന്നിൽ രണ്ട് തെരഞ്ഞടുപ്പുകളിലും മത്സരിച്ച ആര്യാടൻ മുഹമ്മദിനെ മാറ്റി എം പി ഗംഗാധരനെയാണ് കോൺഗ്രസ് മത്സരിപ്പിച്ചതും സീറ്റ് പിടിച്ചെടുത്തതും. 1977ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച ആര്യാടൻ ആദ്യമായി നിലമ്പൂരിൽ നിന്നും ജയിച്ചു. എന്നാൽ കോൺഗ്രസിലെ പിളർപ്പിന് ശേഷം 1980 ൽ നിലമ്പൂരിൽ നിന്ന് മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി ടി കെ ഹംസയായിരുന്നു. കോൺഗ്രസിനെ ഇടതുമുന്നണിക്ക് വേണ്ടി എതിർത്തത് ആര്യാടനൊപ്പം കോൺഗ്രസിൽ നിന്നും വിട്ട് കോൺഗ്രസ് (യു) വിൽ ചേർന്ന സി ഹരിദാസ് ആയിരുന്നു. സി. ഹരിദാസിനായിരുന്നു ജയം.
ആദ്യമായി അധികാരത്തിലെത്തിയ ഇ കെ നായാനാർ മന്ത്രിസഭയിൽ കോൺഗ്രസ് യു വിന് ( കേരളത്തിലെ എ ഗ്രൂപ്പായി രൂപാന്തരപ്പെട്ടവിഭാഗം) മന്ത്രിസ്ഥാനം നൽകി. ആര്യാടൻ മുഹമ്മദ് അതിലൊരു മന്ത്രിയായി. ആര്യാടന് മത്സരിച്ച് എം എൽ എ ആകാൻ ഹരിദാസ് പത്ത് ദിവസത്തിനകം രാജിവച്ചു. ആ രാജിയിലൂടെ ഹരിദാസ് കേരള ചരിത്രത്തിൽ പ്രത്യേകത കൂടി നേടി. ഏറ്റവും കുറച്ചുകാലം എം എൽ എ ആയിരുന്ന വ്യക്തി എന്നതാണ് ആ പ്രത്യേകത. അതിന് പിന്നാലെ അദ്ദേഹം രാജ്യാസഭാംഗമായി.
ആര്യാടൻ 1980 ൽ പൊന്നാനി ലോകസഭാ മണ്ഡലത്തിൽ നിന്ന് ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ചതിനാലാണ് നിയമസഭയിലേക്ക് മത്സരിക്കാതിരുന്നത്. ലോകസഭയിൽ തോറ്റ ആര്യാടനെയാണ് മന്ത്രിസഭയിലെടുത്തത്. ആര്യാടനെ തോൽപ്പിക്കാൻ കോൺഗ്രസ് രംഗത്തിറക്കിയത് അന്നത്തെ യുവതുർക്കിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനെയായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്ന നിലയിലുള്ള പരിവേഷത്തോടെ മത്സരിക്കാനെത്തിയ മുല്ലപ്പള്ളി പക്ഷേ, ആര്യാടനോട് തോൽക്കാനായിരുന്നു വിധി.
കുഞ്ഞാലിയോട് രണ്ട് തവണ തോൽക്കുകയും സിപി എമ്മിനോട് കടുത്ത എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്ന നേതാവായിരുന്നു അതുവരെ ആര്യാടൻ മുഹമ്മദ്. സിപി എമ്മിനും തിരിച്ച് അങ്ങനെ തന്നെയായിരന്നു. കുഞ്ഞാലി വധക്കേസിൽ പ്രതിസ്ഥാനത്ത് വന്ന ആര്യാടനെതിരെ സി പി എം അതിശക്തമായ എതിർപ്പും ഉയർത്തിയിരുന്നു. ആ ആര്യാടൻ സി പി എം നേതൃത്വം നൽകുന്ന മുന്നണിയുടെ സ്ഥാനാർത്ഥിയായി അതേ മണ്ഡലത്തിൽ മത്സരിച്ച് ജയിച്ച കാഴ്ചയായിരുന്നു അന്നത്തേത്.
ആദ്യ രണ്ട് ഉപതെരഞ്ഞെടുപ്പുകൾക്കിടയിൽ പത്ത് വർഷത്തെ ഇടവേളയായിരുന്നുവെങ്കിൽ മൂന്നാം ഉപതെരഞ്ഞെടുപ്പിൽ എത്തുമ്പോൾ അത്, ഏകദേശം 45 വർഷത്തിന് ശേഷമാണ്.
ഇങ്ങനെ, ചരിത്രത്തിൽ ഇടം പിടിച്ച പ്രത്യേകതകളുള്ള രണ്ട് ഉപതെരഞ്ഞെടുപ്പുകൾക്കാണ് ഇതിന് മുൻപ് നിലമ്പൂർ സാക്ഷ്യം വഹിച്ചത്. രണ്ട് ഉപതെരഞ്ഞെടുപ്പിൽ ഒന്നിൽ യു ഡി എഫിനും ഒന്നിൽ എൽ ഡി എഫിനും അനുകൂലമായി വിധിയെഴുതിയതാണ് നിലമ്പൂരിന്റെ ചരിത്രം.
by Midhun HP News | May 27, 2025 | Latest News, കേരളം
കൊച്ചി: കേരള തീരത്തിനടുത്ത് അറബിക്കടലില്‍ ലൈബീരിയന്‍ ചരക്കു കപ്പല്‍ എംഎസ്സി എല്‍സ 3 മുങ്ങിയതിനെ തുടര്‍ന്നുണ്ടായ എണ്ണപ്പാട (oil spill) നീക്കാനുള്ള ദൗത്യം പുരോഗമിക്കുന്നു. ആദ്യം വ്യാപിച്ച 2 നോട്ടിക്കല്‍ മൈല്‍ (3.7 കിലോമീറ്റര്‍) ചുറ്റളവില്‍ മാത്രം എണ്ണപ്പാട ഒതുക്കി നിര്‍ത്താനും തീരത്തേക്കു വ്യാപിക്കുന്നത് ഒഴിവാക്കാനുമുള്ള ശ്രമമാണു നടക്കുന്നത്. എന്നാല്‍, കനത്ത മഴയും ശക്തമായ കാറ്റും മൂലം കടല്‍ പ്രക്ഷുബ്ധമായതും കാഴ്ചാ പരിധി കുറഞ്ഞതും തീരസേനയുടെ ശ്രമങ്ങള്‍ക്കു തിരിച്ചടിയായിട്ടുണ്ട്.
കോസ്റ്റ് ഗാര്‍ഡ് കപ്പലുകളായ ഐസിജിഎസ് വിക്രം, സക്ഷം, സമര്‍ത്ഥ് എന്നിവയാണ് കപ്പല്‍ മുങ്ങിയ സ്ഥലത്തെത്തിയത്. എണ്ണപ്പാട നീക്കം ചെയ്യുന്ന പ്രവര്‍ത്തനം രാത്രിയും തുടരാന്‍ ഇന്‍ഫ്രാറെഡ് കാമറ ഉപയോഗിച്ചാണ് ദൗത്യം തുടരുന്നത്. കപ്പലിനു ചുറ്റും വ്യാപിച്ച എണ്ണപ്പാട പരമാവധി മാറ്റി കടല്‍ സുരക്ഷിതമാക്കാനാണ് ഇവരുടെ ശ്രമം. മുംബൈയില്‍ നിന്ന് സമുദ്ര പ്രഹരി എന്ന മലിനീകരണ നിയന്ത്രണ കപ്പലും അപകടസ്ഥലത്തേയ്ക്ക് വരുന്നുണ്ട്.
സംഭവം നടന്ന ഉടന്‍ തന്നെ പ്രദേശത്തെത്തിയ ഐസിജിഎസ് സക്ഷം എണ്ണപ്പാട നീക്കാനുള്ള പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഓയില്‍ സ്പില്‍ ഡസ്പരന്റ് വിതറിയാണ് കപ്പലുകള്‍ എണ്ണപ്പാട നീക്കം ചെയ്യാന്‍ ശ്രമിക്കുന്നത്. കപ്പലുകളില്‍ നിന്നുള്ള വലിയ കുഴലുകളിലൂടെയാണ് ഓയില്‍ സ്പില്‍ ഡസ്പരന്റ് വിതറുന്നത്. ഇത് വെള്ളത്തില്‍ കലരുന്നതോടെ എണ്ണയുടെ ഒഴുക്ക് തടയാനാകും. കപ്പല്‍ മുങ്ങിയ സ്ഥലത്ത് നിന്ന് 1.5 മുതല്‍ രണ്ടു നോട്ടിക്കല്‍ മൈല്‍ വരെ വേഗത്തില്‍ എണ്ണപ്പാട തെക്ക്- കിഴക്ക് ദിശയിലേക്ക് നീങ്ങുന്നതായാണ് വിവരം. വെള്ളത്തിന് മുകളില്‍ ടാറിന് സമാനമായ കറുത്ത പാളിയായാണ് എണ്ണ പടരുന്നത്. ഈ എണ്ണ പൂര്‍ണമായി നീക്കിയില്ലെങ്കില്‍ മലിനീകരണത്തിന്റെ ആഘാതം വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
എണ്ണച്ചോര്‍ച്ചയുണ്ടായാല്‍ രണ്ടു തരത്തിലാണ് അതു കടല്‍വെള്ളത്തില്‍ വ്യാപിക്കുന്നത്. നേര്‍ത്ത എണ്ണപ്പാടയായും വളരെ ആഴത്തില്‍ വെള്ളത്തില്‍ എണ്ണ കലരുന്ന രീതിയിലും. വളരെ നേരിയ പാളിയായി ആണ് എണ്ണ കടലില്‍ വ്യാപിച്ചിട്ടുള്ളതെങ്കില്‍ ഓയില്‍ സ്പില്‍ ഡസ്പരന്റ് വിതറി എണ്ണയെ ഇല്ലാതാക്കുകയാണു ചെയ്യുക. എണ്ണയെ ചെറിയ കണികകളാക്കി വെള്ളത്തില്‍ ലയിപ്പിച്ചു കളയാന്‍ കഴിയുന്ന രാസപദാര്‍ഥമാണ് ഇത്. ചെറിയ കനത്തില്‍ എണ്ണ പടര്‍ന്നിട്ടുണ്ടെങ്കില്‍ ബൂം, സ്‌കിമ്മര്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് എണ്ണ വലിച്ചെടുക്കണം.
by Midhun HP News | May 27, 2025 | Latest News, കേരളം
തിരുവനന്തപുരം: 12 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന സംസ്ഥാന വിഷു ബംപര്‍ ലോട്ടറി 42.17ലക്ഷം ടിക്കറ്റും വിറ്റുപോയി. 300രൂപയാണ് ടിക്കറ്റ് വില. ടിക്കറ്റ് വില്‍പനയില്‍ ഇത്തവണയും പാലക്കാട് ജില്ലയാണ് മുന്നില്‍. ഇതുവരെ 9.21ലക്ഷം ടിക്കറ്റുകള്‍ ഇവിടെ വിറ്റുപോയി. തിരുവനന്തപുരത്ത് 5.22ലക്ഷവും തൃശ്ശൂരില്‍ 4.92ലക്ഷം ടിക്കറ്റുമാണ് വിറ്റത്.
ആറ് പരമ്പരയിലാണ് ടിക്കറ്റ് അച്ചടിച്ചത്. രണ്ടാം സമ്മാനമായി ആറു പരമ്പരകളിലും ഓരോ കോടി രൂപ വീതം നല്‍കും. കൂടാതെ മറ്റു സമ്മാനങ്ങളും ഉള്‍പ്പെടുന്നു.
by Midhun HP News | May 27, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. തൃശൂര്‍, മലപ്പുറം, കാസര്‍ക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
എട്ട് ജില്ലകളില്‍ യെല്ലോ മുന്നറിയപ്പുമുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.
വരും മണിക്കൂറില്‍ കാറ്റിനും സാധ്യത
ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വരും മണിക്കൂറില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങള്‍
* പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങല്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
* താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
* മരങ്ങള്‍ കടപുഴകി വീണാല്‍ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
* വീടുകള്‍ക്കും കുടിലുകള്‍ക്കും ഭാഗിക കേടുപാടുകള്‍ക്ക് സാധ്യത.
* ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.
* മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകള്‍ക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.
നിര്‍ദേശങ്ങള്‍
* ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക
* അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിത മേഖലകളില്‍ തുടരുക.
by Midhun HP News | May 27, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് (COVID 19) കേസുകൾ വീണ്ടും ഉയരുന്നു. കഴിഞ്ഞ ആഴ്ച 335 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒരാഴ്ച പിന്നിട്ടപ്പോൾ കേസുകൾ 430ൽ എത്തി. രണ്ട് കോവിഡ‍് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് രോഗ ബാധിതരേറയും ഉള്ളത്.
തിരുവനന്തപുരത്ത് ഒരാഴ്ചക്കിടെ രണ്ട് പുരുഷൻമാരാണ് മരിച്ചത്. ഹൃദ്രോഗത്തിനുള്ള ചികിത്സയിലുള്ളവരാണ് മരിച്ചത്. മരിക്കുമ്പോൾ ഇരുവരുടേയും പരിശോധനാ ഫലം പോസിറ്റീവായിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. 59ഉം 64ഉം വയസ്സുള്ള രണ്ടു പേരാണ് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കൊല്ലം തലവൂർ സ്വദേശിയായ 59കാരനെ ശ്വസന പ്രശ്നങ്ങൾ മൂലമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം വഴയില സ്വദേശിയാണ് മരിച്ച രണ്ടാമത്തെയാൾ.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1000 കടന്നിട്ടുണ്ട്. ഏറ്റവും കൂടുതൽ രോഗ ബാധിതരുള്ളത് കേരളത്തിലാണ്. മഹാരാഷ്ട്ര (209), ഡൽഹി (104), ഗുജറാത്ത് (83), തമിഴ്നാട് (69), കർണാടക (47) എന്നിവിടങ്ങളിലും കോവിഡ് കേസുകൾ ഉയരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തി.
സംസ്ഥാനത്ത് രോഗലക്ഷണമുള്ളവർക്ക് കോവിഡ് പരിശോധന നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) യോഗം ചേർന്ന് സംസ്ഥാനത്തെ പൊതുസാഹചര്യം വിലയിരുത്തി.
ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് രോഗബാധ വലിയ തോതിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, കേരളത്തിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കേരളത്തിലും കോവിഡ് വർധിക്കാൻ സാധ്യതയുണ്ട്. അതിനാൽ ജാഗ്രത തുടരണം. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യ മന്ത്രി നിർദേശിച്ചിരുന്നു.
വൈറസിനു വകഭേദം വന്നിട്ടുണ്ടോ എന്നറിയാനുള്ള സാംപിൾ പരിശോധന ആരംഭിച്ചിട്ടുണ്ട്. 18 വയസിനു മുകളിലുള്ളവരിലേറെയും പ്രതിരോധ വാക്സിൻ സ്വീകരിച്ചിട്ടുള്ളതിനാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്നു ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.
പ്രായമായവരും ഗർഭിണികളും ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്ക് ധരിക്കുന്നത് അഭികാമ്യമാണ്. ആരോഗ്യ പ്രവർത്തകർ മാസ്ക് നിർബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണം. ഇടക്കിടെ സോപ്പുപയോഗിച്ച് കൈ കഴുകണമെന്നും ആരോഗ്യ വകുപ്പ് ശുപാർശ ചെയ്യുന്നു.
Recent Comments