by Midhun HP News | May 14, 2025 | Latest News, കേരളം
തൃശ്ശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ വിവിധ പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ വാഹനങ്ങളുടെ പാര്‍ക്കിങ്ങിനുള്ള നിരക്കുകള്‍ പരിഷ്കരിച്ചു. പടിഞ്ഞാറെ കവാടത്തില്‍ പുതിയ നിരക്കുകള്‍ മെയ് ആദ്യവാരത്തില്‍ നിലവില്‍ വന്നു. കിഴക്കുഭാഗത്തുള്ള പ്രധാന കവാടത്തിലെ പുതുക്കിയ പാര്‍ക്കിങ് നിരക്കുകള്‍ ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് റെയില്‍വേ അറിയിച്ചു. ജി എസ് ടി അടക്കമാണ് ഈ നിരക്കുകള്‍.
സൈക്കിള്‍, ഇരുചക്ര വാഹനം, 3/4 ചക്ര വാഹനം, മിനി ബസ്സ്/ബസ്സ് എന്നീക്രമത്തില്‍ വിവിധ സമയങ്ങളിലേയ്ക്കുള്ള പുതിയ പാര്‍ക്കിങ് നിരക്കുകള്‍ ഇനി പറയും പ്രകാരമാണ്.
2 മണിക്കൂര്‍ വരെ – 5, 10, 30, 130 രൂപ.
2 മുതല്‍ 8 മണിക്കൂര്‍ വരെ – 10, 20, 50, 270 രൂപ.
8 മുതല്‍ 24 മണിക്കൂര്‍ വരെ – 10, 30, 80, 380 രൂപ.
24 മുതല്‍ 48 മണിക്കൂര്‍ വരെ – 20, 60, 180, 840 രൂപ.
48 മുതല്‍ 72 മണിക്കൂര്‍ വരെ – 40, 110, 300, 1260 രൂപ.
72 മുതല്‍ 96 മണിക്കൂര്‍ വരെ – 65, 170, 600, 2100 രൂപ.
96 മണിക്കൂറില്‍ കൂടുതല്‍ വരുന്ന ഓരോ 24 മണിക്കൂറോ അതില്‍ കുറവോ വരുന്ന സമയത്തിനും – 20, 70, 200, 840 രൂപ വീതം.
ഹെല്‍മറ്റിന് ഓരോ 24 മണിക്കൂറോ അതില്‍ കുറവോ വരുന്ന സമയത്തിനും 10 രൂപ വീതം.
by Midhun HP News | May 14, 2025 | Latest News, കേരളം
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും വന്‍ ലഹരി വേട്ട. എംഡിഎംഎ കലര്‍ത്തിയ പതിനഞ്ചു കിലോ കേക്കും ക്രീം ബിസ്കറ്റും ചോക്ലേറ്റും കസ്റ്റംസ് പിടികൂടി. 35 കിലോ ഹൈബ്രിഡ് കഞ്ചാവും പിടികൂടിയിട്ടുണ്ട്. ലഹരി കടത്താന്‍ ശ്രമിച്ച മൂന്ന് സ്ത്രീകളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
ചെന്നൈ സ്വദേശി റാബിയത്ത് സൈദു സൈനുദ്ദീന്‍, കോയമ്പത്തൂര്‍ സ്വദേശി കവിത, തൃശൂര്‍ സ്വദേശിനി സിമി ബാലകൃഷ്ണന് എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ഇവര്‍ ബാങ്കോക്കില്‍ നിന്ന് എയര്‍ ഏഷ്യയുടെ വിമാനത്തില്‍ കരിപ്പൂരിലെത്തിയത്. ലഗേജ് ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹൈബ്രിഡ് കഞ്ചാവ്.
പിടിച്ചെടുത്ത രാസലഹരിക്ക് കോടികള്‍ മൂല്യം വരുന്നതാണെന്ന് കസ്റ്റംസ് ഓഫീസര്‍മാര്‍ അറിയിച്ചു. പ്രതികളെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായവരെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. തിങ്കളാഴ്ച കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും പതിനാല് കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയിരുന്നു.
by Midhun HP News | May 14, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ വച്ച് തന്നെ ക്രൂരമായി മര്‍ദിച്ച സീനിയര്‍ അഭിഭാഷകന് ബെയ്ലിന് ദാസിനെ ഉടന്‍ പിടികൂടണമെന്ന് പരിക്കേറ്റ അഭിഭാഷക ശ്യാമിലി. പൊലീസ് അന്വേഷണത്തില്‍ പരാതിയില്ലെന്നും നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്നും ശ്യാമിലി മാധ്യമങ്ങളോട് പറഞ്ഞു.
അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് അപാകതയുള്ളതായി തോന്നുന്നില്ലെന്ന് ശ്യാമിലി പറഞ്ഞു. അടിയില്‍ പൊട്ടലില്‍ ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. കുഞ്ഞിന് പാല് കൊടുക്കുന്നതിനാല്‍ ഓവര്‍ഡോസ് മരുന്ന് തന്നിട്ടില്ല. നല്ലവേദനയുള്ളതിനാല്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. എത്രയും വേഗം പ്രതിയെ പിടികൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാര്‍ കൗണ്‍സിലിന് ഇന്നലെ തന്നെ പരാതി നല്‍കിയതായും അവരില്‍ നിന്ന് നല്ല പിന്തുണ ലഭിച്ചതായും കൂടെ നിന്നവരോട് നന്ദിയെന്നും ശ്യാമിലി പറഞ്ഞു.
ഇന്നലെ ഓഫിസില്‍ നിന്നും പ്രതിയെ പൊലീസിന് അറസ്റ്റ് ചെയ്യാമായിരുന്നു. തെറ്റ് ചെയ്ത ആളായാതിനാല്‍ അവിടെ വച്ച് അറസ്റ്റ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ഓഫീസില്‍ വച്ച് അഭിഭാഷകനെ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് അസോസിയേഷന് അറിയിച്ചു. അതില്‍ നീതി നിഷേധം ഉള്ളതായി തോന്നിയിട്ടില്ല. ബാര്‍ അസോസിയേഷന് സെക്രട്ടറിയുടെ അടുത്തായാളാണ് ബെയ്ലിന്‍ദാസെന്നും ശ്യാമിലി പറഞ്ഞു
താന്‍ ഒരു അഭിഭാഷയാകുന്നത് വീട്ടില്‍ ആര്‍ക്കും ഇഷ്ടമായിരുന്നു. എന്‍ട്രന്‍സ് പരീക്ഷയെഴുതാന്‍ പോലും വീട്ടുകാര്‍ അനുവദിച്ചില്ല. മാനേജ്മെന്റ് ക്വാട്ടയില്‍ സീറ്റ് വാങ്ങിയാണ് പഠിച്ചത്. അത്രയേറേ ഈ ജോലി താന്‍ ഇഷ്ടപ്പെട്ടിരുന്നു. ഫസ്റ്റ് ക്ലാസോടെയാണ് പാസായത്. പ്രസവത്തിന്റെ തലേന്ന് വരെ കോടതിയില്‍ പോയിട്ടുണ്ട്. ആര്‍ക്കും തന്നെ പറ്റി ഒരുമോശം അഭിപ്രായം ഇല്ല. ഒരു ദിവസം പെട്ടെന്ന് തന്നോട് ഓഫീസില്‍ വരേണ്ട എന്ന് പറഞ്ഞു. മൂന്ന് വര്‍ഷം ജോലി ചെയ്ത തന്നെ എന്തിനാണ് പിരിച്ചുവിട്ടതെന്ന് ചോദിച്ചു. രണ്ടുദിവസം കഴിഞ്ഞ് സാര്‍ സോറി പറഞ്ഞ് ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. നേരത്തെ ഗര്‍ഭിണിയായ സമയത്തും മര്‍ദിച്ചിരുന്നു. അന്ന് ആരും കാണാത്തതിനാലാണ് പരാതി നല്‍കാതിരുന്നത്. ഇന്നലെ മര്‍ദിച്ചത് ഓഫീസിലെ മറ്റുള്ളവരുടെ മുന്നില്‍ വച്ചായിരുന്നെന്നും അവരെല്ലാം അദ്ദേഹത്തിന്റെ പെരുമാറ്റം കണ്ട് എന്തുചെയ്യണമെന്നറിയാതെ നിന്നുപോയെന്നും ശ്യാമിലി പറഞ്ഞു.
തന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ ഇട്ടിട്ടുള്ളത്. കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കാമോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചെയ്യും. പ്രതിയെ അടിയന്തരമായി പിടികൂടണം. ബാര്‍ അസോസിയേഷനില്‍ നിന്ന് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ യൂണിഫോം ഊരിവെപ്പിക്കുന്ന നടപടികള്‍ ബാര്‍ അസോസിയേഷന്റെയു കൗണ്‍സിലിന്റെയും ഭാഗത്തുനിന്നും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിന് പിന്നാലെ ബെയ്ലിന് ദാസിനെ ബാര്‍ അസോസിയേഷന് സസ്പെന്‍ഡ് ചെയ്തിരുന്നു. രണ്ടു ജൂനിയര്‍ അഭിഭാഷകര്‍ തമ്മിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ബെയ്ലിന് ദാസ് തന്റെ ജൂനിയറായ ശ്യാമിലി എന്ന അഭിഭാഷകയെ മര്‍ദിച്ചതെന്നാണു പരാതി. മര്‍ദനമേറ്റ ജൂനിയര്‍ അഭിഭാഷകയ്ക്കൊപ്പമാണെന്ന് ബാര്‍ അസോസിയേഷന് പ്രസിഡന്റ് പള്ളിച്ചല്‍ പ്രമോദ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തില്‍ നടപടി ആവശ്യമാണെന്നു തോന്നിയതു കൊണ്ടാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നതെന്നും പ്രസിഡന്റ് വ്യക്തമാക്കി. കോടതി വളപ്പിനുള്ളില്‍ ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് ജൂനിയര്‍ അഭിഭാഷകയായ ശ്യാമിലിയെ സീനിയര്‍ അഭിഭാഷകനായ ബെയ്ലിന് ദാസ് ക്രൂരമായി ആക്രമിച്ചത്. മുഖത്ത് സാരമായി പരുക്കേറ്റ ശ്യാമിലി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ശ്യാമിലിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
by Midhun HP News | May 14, 2025 | Latest News, കേരളം
ആലപ്പുഴ: തലവടിയില്‍ 48കാരന് കോളറ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. രോഗി ഗുരുതരാവസ്ഥയില്‍ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രി വെന്റിലേറ്ററില്‍ ചികിത്സയിലാണ്. തലവടി ഗ്രാമപ്പഞ്ചായത്ത് ആറാം വാര്‍ഡിലുള്ളയാള്‍ക്കാണ് കോളറ സ്ഥിരികരിച്ചത്.
വിവിധ ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയറിളക്കവുമുണ്ടായിരുന്നു. സംശയത്തെത്തുടര്‍ന്നാണ് രക്തം പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഈ വര്‍ഷം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കേസാണിത്.
തലവടിയില്‍ കോളറ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ സമീപവാസികളുടെ കിണറില്‍ നിന്നും മറ്റ് ജല സ്രോതസുകളില്‍ നിന്നും വെള്ളത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. പുഞ്ചക്കൊയ്ത്ത് പൂര്‍ത്തീകരിച്ചതിന് പിന്നാലെ തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയത് വലിയതോതില്‍ ഓരുവെള്ളം കുട്ടനാട്ടിലെത്തുന്നതിന് കാരണമായി. തരിശുകിടന്ന പാടശേഖരങ്ങളിലെല്ലാം ഓരുവെള്ളം വ്യാപിച്ചു. വിഷാംശം അടിഞ്ഞുകൂടിയ വെള്ളം വേലിയേറ്റ സമയത്ത് പൊതുജലാശയങ്ങളിലാകെ വ്യാപിച്ചത് കുടിവെള്ളപ്രശ്നം രൂക്ഷമാക്കി. അത്യാവശ്യ കാര്യങ്ങള്‍ക്ക് ഈ വെള്ളം ഉപയോഗിക്കാന്‍ ആളുകള്‍ നിര്‍ബന്ധിതരാകുന്നതാകാം കോളറ പോലുള്ള രോഗങ്ങള്‍ തലപൊക്കുന്നതിന് കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍.
by Midhun HP News | May 14, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്നലെ രണ്ടു തവണയായി സ്വര്‍ണവില പവന് 840 രൂപ വര്‍ധിച്ചിരുന്നു. ഇന്ന് 400 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 70,440 രൂപയായി. ഗ്രാമിന് ആനുപാതികമായി 50 രൂപയാണ് കുറഞ്ഞത്. 8805 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഇന്നലെ ഓഹരി വിപണിയില്‍ കനത്ത ഇടിവാണ് ദൃശ്യമായത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ പോയതാണ് ഇന്നലെ സ്വര്‍ണവിലയെ സ്വാധീനിച്ചത്. കഴിഞ്ഞ ഏപ്രില്‍ 22ന് കുറിച്ച പവന് 74,320 രൂപയും ഗ്രാമിന് 9,290 രൂപയുമാണ് കേരളത്തിലെ റെക്കോര്‍ഡ്. ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക- ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
Recent Comments