by Midhun HP News | May 9, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം ശക്തമാക്കുന്നു. വ്യാഴാഴ്ച വൈകീട്ട് മുതല്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് നടത്തിയ ആക്രമണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. പത്താന്‍കോട്ട്, ഉദംപൂര്‍ എന്നിവിടങ്ങളിലെ സൈനിക താവളങ്ങള്‍ക്ക് നേരെ പാകിസ്ഥാന്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചെങ്കിലും ഇന്ത്യ ശക്തമായി പ്രതിരോധിച്ചു.
സംഘര്‍ഷങ്ങള്‍ക്കിടെ ജമ്മുവിലെ സാംബയില്‍ ഭീകരര്‍ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യ ശക്തമായി തിരിച്ചടി നടത്തുന്നതിനിടെയാണ് പാക് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. ഇവരെ വധിച്ചതായി ബിഎസ്എഫ് സ്ഥിരീകരിച്ചു.
വടക്കന്‍ കശ്മീരിലെ ഉറി സെക്ടറിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ ഭാഗത്തുനിന്നുണ്ടായ ഷെല്ലാക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നര്‍ഗീസ് ബീഗം എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പൂഞ്ചില്‍ ഗ്രാമങ്ങളില്‍ വീണ്ടും പാക്ക് ഷെല്ലിങ് നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
പാകിസ്ഥാന്‍ ഭാഗത്തുന്നിനുണ്ടായ ഷെല്ലിങ്ങിന് ഇന്ത്യ കനത്ത തിരിച്ചടി നല്‍കിയതായി പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. കശ്മീരിന് പുറമെ പഞ്ചാബിലെ അതിര്‍ത്തി പ്രദേശങ്ങളിലും ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം. അമൃത്സറില്‍ സൈറണ്‍ മുഴങ്ങി.
by Midhun HP News | May 9, 2025 | Latest News, ദേശീയ വാർത്ത
ആഗോള കത്തോലിക്കാ സഭക്ക് പുതിയ പാപ്പയെ തെരഞ്ഞെടുത്തു. അമേരിക്കയിലെ ഷിക്കാഗോയില്‍നിന്നുള്ള കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രിവോസ്റ്റ് ആണ് പുതിയ പാപ്പ. ലിയോ പതിനാലാമന്‍ എന്ന് അദ്ദേഹം അറിയപ്പെടും.
കോണ്‍ക്ലേവിലെ നാലാം റൗണ്ട് വോട്ടെടുപ്പിലാണ് പുതിയ പാപ്പയെ തെരഞ്ഞെടുത്തത്. ഇക്കാര്യം ലോകത്തെ അറിയിച്ച് സിസ്റ്റീന്‍ ചാപ്പലിലെ ചിമ്മിനിയിലൂടെ വെളുത്ത പുക ഉയരുകയായിരുന്നു. കത്തോലിക്ക സഭാ ചരിത്രത്തില്‍ ആദ്യമായാണ് അമേരിക്കയില്‍ നിന്നുള്ള ഒരാള്‍ മാര്‍പാപ്പയാകുന്നത്. 30 വര്‍ഷത്തോളം ഒരു മിഷനറിയായി പ്രവര്‍ത്തിച്ച റോബര്‍ട്ട് പെര്‍വോസ്റ്റ് പെറുവില്‍ പിന്നീട് ആര്‍ച്ച് ബിഷപ്പായും പ്രവര്‍ത്തിച്ചു.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പാത പിന്തുടരുന്ന ഒരു പരിഷ്‌കര്‍ത്താവ് എന്ന നിലയിലാണ് റോബര്‍ട്ട് പെര്‍വോസ്റ്റ് കണക്കാക്കപ്പെടുന്നത്.2014-ല്‍ പെറുവിലെ ചിക്ലായോ രൂപതയെ നയിക്കാനായി കര്‍ദ്ദിനാള്‍ പെര്‍വോസ്റ്റിനെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിയോഗിക്കുകയായിരുന്നു. 2015-ല്‍ റോബര്‍ട്ട് പ്രെവോസ്റ്റ് പെറുവിയന്‍ പൗരത്വം നേടിയിരുന്നു. 2023-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ റോബര്‍ട്ട് പെര്‍വോസ്റ്റിനെ വത്തിക്കാനിലേയ്ക്ക് തിരികെ കൊണ്ടുവന്നു. ബിഷപ്പുമാരുടെ ഡിക്കാസ്റ്ററിയുടെ തലവനായാണ് അദ്ദേഹം നിയമിക്കപ്പെട്ടത്. ലാറ്റിന്‍ അമേരിക്കയുടെ പൊന്തിഫിക്കല്‍ കമ്മീഷന്റെ പ്രസിഡന്റ് കൂടിയായിരുന്നു പെര്‍വോസ്റ്റ്.
by Midhun HP News | May 9, 2025 | Latest News, കേരളം
മലപ്പുറം: വളാഞ്ചേരിയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ച സ്ത്രീയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മരുന്നുകള്‍ ഫലം കണ്ടു തുടങ്ങിയിട്ടില്ലെന്നും നില ഗുരുതരമായി തുടരുകയാണെന്നും ആശങ്ക ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. 42 കാരി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്.
നിപ രോഗബാധ സ്ഥിരീകരിച്ച സ്ത്രീ അടുത്തിടെ ഒരു പഴവും കഴിച്ചിട്ടില്ലെന്നും അണുബാധയുടെ പ്രധാന ഉറവിടമായ വവ്വാലുകളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്. ഇവരുടെ വീട്ടിലെ കോഴികള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ചത്തതായി കുടുംബം ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചു. പുതിയ രോഗബാധയ്ക്ക് പിന്നില്‍ ഇതിനു ബന്ധമുണ്ടോയെന്ന് വിദഗ്ധര്‍ അന്വേഷിക്കുന്നുണ്ട്.
വീട്ടില്‍ നിന്നു തന്നെ പുറത്തിറങ്ങാത്ത സ്ത്രീക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. അപൂര്‍വമായി മാത്രമേ ഇവര്‍ പുറത്ത് യാത്ര ചെയ്തിട്ടുള്ളൂവെന്നാണ് വിവരം. രോഗം ബാധിച്ച സ്ത്രീയുമായി ഏറ്റവും അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ഏഴു പേരുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നെങ്കിലും ഫലം നെഗറ്റീവാണ്.അതേസമയം നിപ സ്ഥിരീകരിച്ച സ്ത്രീയുടെ വീട്ടിലെ മറ്റ് രണ്ട് കുടുംബാംഗങ്ങളില്‍ സമാനമായ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയതായി ആരോഗ്യ പ്രവർത്തകർ പറഞ്ഞു. രോഗബാധയുടെ കൃത്യമായ ഉറവിടം അജ്ഞാതമായി തുടരുന്നതിനാല്‍ സമ്പര്‍ക്കം കണ്ടെത്തുന്നതിലും നിയന്ത്രിക്കുന്നതിലും സങ്കീര്‍ണ്ണത വര്‍ധിക്കുന്നു. മലപ്പുറം ജില്ലയില്‍ മൂന്നാം തവണയാണ് നിപ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. മലപ്പുറം ജില്ലയില്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
by Midhun HP News | May 9, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്നു രാത്രി 08.30 വരെ ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ) ജില്ലയില്‍ 0.6 മുതല്‍ 0.7 മീറ്റര്‍ വരെയും; ഇന്നുരാത്രി 11.30 വരെ തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), എറണാകുളം (മുനമ്പം FH മുതല്‍ മറുവക്കാട് വരെ), തൃശൂര്‍ (ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ), മലപ്പുറം (കടലുണ്ടി നഗരം മുതല്‍ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല FH മുതല്‍ രാമനാട്ടുകര വരെ), കണ്ണൂര്‍ (കോലോത്ത് മുതല്‍ അഴീക്കല്‍), കണ്ണൂര്‍-കാസര്‍കോട് (കുഴത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ) തീരങ്ങളില്‍ 0.5 മുതല്‍ 1.0 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
ഇന്നുരാത്രി 08.30 വരെ കന്യാകുമാരി തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 0.9 മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക. ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
by Midhun HP News | May 9, 2025 | Latest News, കേരളം
ന്യൂഡല്‍ഹി: ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് നിര്‍ത്തിവക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. വിഷയത്തില്‍ ഇന്ന് നിര്‍ണായക തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചനകള്‍. പഞ്ചാബ് കിങ്സ് – ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം ഉപേക്ഷിച്ചതിനുപിന്നാലെ ബിസിസിഐ ഭാരവാഹികള്‍ യോഗം ചേര്‍ന്നിരുന്നു.
നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ചായിരിക്കും ടൂര്‍ണമെന്റിന്റെ ഭാവി സംബന്ധിച്ച് തീരുമാനങ്ങള്‍ ഉണ്ടാവുകയെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കളിക്കാരുടെ സുരക്ഷയ്ക്കാണ് പ്രധാന പരിഗണനയെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായതിനു പിന്നാലെ വ്യാഴാഴ്ച ഹിമാചലിലെ ധരംശാലയിലെ നടന്ന പഞ്ചാബ് കിങ്സ്- ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം റദ്ദാക്കിയിരുന്നു. ധരംശാലയില്‍ ബ്ലാക്ക്ഔട്ട് ഉള്‍പ്പെടെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആയിരുന്നു നടപടി. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ധര്‍മശാലയിലെയും ചണ്ഡീഗഢിലെയും വിമാനത്താവളങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. ഇതിന് പുറമെ ഞായറാഴ്ച നിശ്ചയിച്ചിരുന്ന മുംബൈ ഇന്ത്യന്‍സ്-പഞ്ചാബ് കിങ്സ് മത്സരത്തിന്റെ വേദിയും ബിസിസിഐ മാറ്റി. ധര്‍മശാലയില്‍നിന്ന് അഹമ്മദാബാദിലേക്കാണ് കളി മാറ്റിയത്.
Recent Comments