by Midhun HP News | Apr 30, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷ് പോയ ഒഴിവില്‍ ആരായിരിക്കും മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി എ രാജശേഖരന്‍ നായരെ നിയമിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. നിലവില്‍ മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയാണ് രാജശേഖരന്‍ നായര്‍.
കെ കെ രാഗേഷ് പോയ ഒഴിവില്‍ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി എ രാജശേഖരന്‍ നായരെ നിയമിക്കാന്‍ തീരുമാനിച്ച കാര്യം മുഖ്യമന്ത്രി പിണറായി വിജയനാണ് ഓഫീസിനെ ധരിപ്പിച്ചത്. 2016 മുതല്‍ 21 വരെയുള്ള പിണറായി ഒന്നാം സര്‍ക്കാരില്‍ രാജശേഖരന്‍ നായര്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലാവധി തീരാന്‍ ഒരു വര്‍ഷം മാത്രം ശേഷിക്കേയാണ് നിയമനം. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലെ അഭിഭാഷകന്‍ കൂടിയാണ് രാജശേഖരന്‍ നായര്‍.
നേരത്തെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് സിപിഎം നേതാവ് എം വി ജയരാജനെ തിരികെ എത്തിക്കും എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് പുറമേ സ്‌പെഷ്യല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ആര്‍ മോഹനനെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്ക് പ്രൈവറ്റ് സെക്രട്ടറിയുടെ അധിക ചുമതല കൂടി നല്‍കിയേക്കുമെന്ന തരത്തിലും ചര്‍ച്ചകള്‍ നടന്നിരുന്നു. തുടര്‍ഭരണം ലക്ഷ്യമിട്ട് മുന്നോട്ടുനീങ്ങുമ്പോള്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ കസേരയില്‍ കരുത്തന്‍ തന്നെ വേണമെന്നതായിരുന്നു മുഖ്യമന്ത്രിയുടെ താത്പര്യം.
by Midhun HP News | Apr 30, 2025 | Latest News, കേരളം
അക്ഷയതൃതീയ എന്നത് ഹിന്ദു ധർമത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ദിനമാണ്. ഇത് ഓരോ വർഷവും വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ തൃതീയ തിയ്യതിയിലാണ് ആഘോഷിക്കുന്നത് (വിഷുവിന് ശേഷമുള്ള രണ്ടാം പകുതി).
“അക്ഷയ” എന്നത് ക്ഷയമില്ലാത്തത് എന്നർത്ഥം വരുന്ന സംസ്‌കൃത പദമാണ്. അതായത്, ഈ ദിനത്തിൽ നടത്തുന്നത് മുഴുവൻ ക്ഷയിക്കാതെ അഭിവൃദ്ധിയുണ്ടാക്കും എന്നു വിശ്വസിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഈ ദിവസം പുതിയ കാര്യങ്ങൾ ആരംഭിക്കാൻ (വ്യാപാരങ്ങൾ, പുതിയ ഇടപാടുകൾ, വിവാഹം തുടങ്ങിയവ) നല്ലതായായി കരുതുന്നു
സ്വർണം വാങ്ങുന്നത് ധനസമൃദ്ധിക്ക് കാരണമാകുമെന്ന് വിശ്വസിക്കുന്നു
ദാനം ചെയ്യുന്നത് (വിശേഷിച്ച് അന്നദാനം) വലിയ പുണ്യമായി കണക്കാക്കുന്നു
ധാർമിക പ്രവർത്തനങ്ങൾ (പാരായണം, ജപം, ധ്യാനം, പുണ്യകർമങ്ങൾ) ചെയ്യുന്നത് പ്രത്യേകമായ ഫലപ്രദമായി വിശ്വസിക്കപ്പെടുന്നു
പൗരാണിക ഭൂമി:
ഈ ദിവസം പരാശര മുനി വഴിപാടുകൾക്കായി തിരഞ്ഞെടുത്തതാണെന്ന് ചില പുരാണങ്ങൾ പറയുന്നു
കൃഷ്ണൻ കൃഷ്ണപക്ഷത്തിന് ദ്രൗപദിക്ക് അക്ഷയപാത്രം നൽകി എന്നു വിശ്വാസമുണ്ട്
ഈ ദിവസം ശൃംഗിരിഷിയുടെ ആശീർവാദത്തിൽ കൃഷ്ണദ്വൈപായന വ്യാസർ മഹാഭാരതം എഴുതിത്തുടങ്ങിയതായും പറയുന്നു
അക്ഷയതൃതീയയെ കുറിച്ച് കൂടുതൽ വിശദമായി നോക്കാം:
1. ആചാരങ്ങളും അനുഷ്ഠാനങ്ങളും:
അക്ഷയതൃതീയയുടെ ദിവസം ഹിന്ദുമത വിശ്വാസികൾ വിവിധമായ ആചാരങ്ങൾ അനുഷ്ഠിക്കുന്നു:
a. ദാനം :
ഈ ദിവസം അന്നദാനം, വസ്ത്രദാനം, ജലദാനം, വിദ്യാദാനം, സ്വർണദാനം തുടങ്ങിയവ വളരെ മഹത്വം ഉള്ളതായി കരുതുന്നു.
ദാനം നിർവഹിക്കുന്നത് മനുഷ്യന്റെ പാപക്ഷയത്തിനും ആത്മശുദ്ധിക്കും സഹായിക്കുന്നു എന്ന വിശ്വാസം.
b. സ്നാനവും ജപവും ധ്യാനവും:
പുണ്യനദികളിൽ സ്നാനം (ഗംഗ, ഗോദാവരി, കാവേരി മുതലായവ) നടത്തുന്നവരെ പ്രത്യക്ഷ ദേവദർശനം നേടുന്നവരായി കാണുന്നു.
വിഷ്ണു ഭക്തർ വിഷ്ണുസഹസ്രനാമം, ഭഗവദ്ഗീത തുടങ്ങിയവ പാരായണം ചെയ്യുന്നു.
c. പിതൃതർപ്പണം:
പിതൃകൾക്ക് തർപ്പണം ചെയ്യുന്നത് വലിയ പുണ്യഫലമായി കരുതുന്നു. ഇതു പിതൃ യജ്ഞത്തിന്റെ ഭാഗമാണ്.
d. കർഷകരുടെ ആചാരങ്ങൾ:
ചില പ്രദേശങ്ങളിൽ കർഷകർ വിളകൾ വിതയ്ക്കാൻ തുടക്കം കുറിക്കുന്നത് ഈ ദിവസത്തിലാണ്, കാരണം ഭൂമി ഈ സമയത്ത് “പുണ്യമയമായ” അവസ്ഥയിൽ ആണെന്ന് വിശ്വസിക്കുന്നു.
2. പൗരാണിക കഥകൾ:
a. കൃഷ്ണനും ദ്രൗപദിയും:
പാണ്ഡവർ വനവാസത്തിലിരുന്നപ്പോൾ ദ്രൗപദി ഭക്ഷണത്തിനായി കൃഷ്ണനോട് പ്രാർത്ഥിച്ചു.
കൃഷ്ണൻ അവളെ “അക്ഷയപാത്രം” നൽകി – അതിലെ ഭക്ഷണം ഒരിക്കലും തീരില്ല. ഇതിന്‍റെ ഓർമ്മയായാണ് അക്ഷയതൃതീയ.
b. കുബേരൻ:
കുബേരൻ, ധനത്തിന്റെ ദേവൻ, ഈ ദിവസം തന്നെ വിഷ്ണു ഭഗവാനെ ആരാധിച്ച് അക്ഷയ ധനം (ക്ഷയിക്കാത്ത ധനസമ്പത്ത്) ലഭിച്ചു എന്നാണ് വിശ്വാസം.
c. പരശുരാമജയന്തി:
ഈ ദിവസം വൈഷ്ണവരുടെ ആറാം അവതാരമായ ശ്രീ പരശുരാമന്റെ ജന്മദിനവുമാണ്. അതിനാൽ ഇത് പരശുരാമ ജയന്തി എന്നും അറിയപ്പെടുന്നു.
3. ഗുണങ്ങൾ – വിശ്വാസപ്രകാരം:
ക്ഷയമില്ലാത്ത പുണ്യം
സമ്പത്തു വർദ്ധിക്കും
കുടുംബത്തിൽ ഐക്യവും സുഖവും ഉണ്ടാകും
ഭക്തിയിൽ വൃദ്ധിയും ആത്മശുദ്ധിയും
പിതൃസാന്തോഷം – പിതൃകളുടെ അനുഗ്രഹം ലഭിക്കും
4. ആധുനിക സാഹചര്യത്തിൽ:
ഇപ്പോഴും ഈ ദിവസം സ്വർണം വാങ്ങാൻ ആളുകൾ എത്തുന്നത് കാണാം.
ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ സ്വർണനിക്ഷേപ പദ്ധതികളും കാണാം.
എന്നാൽ, ഈ പുണ്യദിനം ഭൗതിക ആഗ്രഹങ്ങൾക്കുപകരം ആത്മീയ ഉണരവിനും ധാർമിക പ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കുന്നതാണ് ധർമ്മം.
by Midhun HP News | Apr 30, 2025 | Latest News, കേരളം
ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, മൂന്ന് സായുധ സേനാ മേധാവികള്‍ എന്നിവരുള്‍പ്പെടെ പങ്കെടുത്ത ഉന്നതതല യോഗത്തിന് മോദി അധ്യക്ഷത വഹിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച. മോഹന്‍ ഭാഗവതുമായുള്ള മോദിയുടെ കൂടിക്കാഴ്ചയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുത്തതായി സൂചനയുണ്ട്.
ഏപ്രില്‍ 22 ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്ഥാന് ശക്തമായ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതിനിടെ, പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു മോഹന്‍ ഭാഗവതും മോദിയും ആശയവിനിമയം നടത്തിയത്. ഭരണകക്ഷിയായ ബിജെപിയുടെ പ്രത്യയശാസ്ത്ര ഉപദേഷ്ടാവായാണ് ആര്‍എസ്എസിനെ കണക്കാക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയെ ഏറെ പ്രാധാന്യത്തോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്.
മോഹന്‍ ഭാഗവത് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ മോദിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുള്ളത് ചുരുക്കം ചില അവസരങ്ങളില്‍ മാത്രമാണ്. ഭീകരാക്രമണത്തിനുശേഷം വ്യാപകമായി ഭീകരവിരുദ്ധ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന ആഭ്യന്തരമന്ത്രി അമിത് ഷായുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും നേരെയുള്ള ആക്രമണമായി കണ്ട് ഭീകരാക്രമണത്തെ ആര്‍എസ്എസ് അപലപിച്ചിരുന്നു. ഇതിന് പിന്നിലുള്ളവര്‍ക്ക് ഉചിതമായ ശിക്ഷ നല്‍കണമെന്നും ആര്‍എസ്എസ് ആവശ്യപ്പെട്ടിട്ടുണ്ട്.എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും വ്യത്യാസങ്ങള്‍ മറന്ന് ഈ ഭീകരപ്രവര്‍ത്തനത്തെ അപലപിക്കണമെന്നാണ് ആര്‍എസ്എസിന്റെ നിലപാട്. ഭീകരാക്രമണത്തിന് വിധേയരായവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ ഉറപ്പാക്കണം. ഈ ആക്രമണത്തിന് ഉത്തരവാദികളായ ആളുകള്‍ക്ക് ഉചിതമായ ശിക്ഷ ഉറപ്പാക്കണമെന്നും ആര്‍എസ്എസ് ആവശ്യപ്പെട്ടു.
by Midhun HP News | Apr 30, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ കാംപെയ്‌നിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യാര്‍ഥികളുടെ മെഗാ സൂംബ പരിപാടിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം പതിച്ച ചുവപ്പു ടീഷര്‍ട്ട് നല്‍കിയതില്‍ വിവാദം. ഇന്ന് തിരുവനന്തപുരത്ത് വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ചിരിക്കുന്ന മെഗാ സൂംബയെ ചൊല്ലിയാണ് വിവാദം ഉയര്‍ന്നിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ടീ ഷര്‍ട്ട് കുട്ടികള്‍ക്ക് നല്‍കിയതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് അധ്യാപക സംഘടന രംഗത്തെത്തി. വിദ്യാഭ്യാസ മേഖലയില്‍ ലഹരിക്കെതിരെ നടത്തുന്ന പരിപാടികള്‍ ചുവപ്പുവല്‍ക്കരിക്കാനും രാഷ്ട്രീയവത്കരിക്കാനുമുള്ള ഇടതുസര്‍ക്കാരിന്റെ നീക്കം അപലപനീയമാണെന്ന് അധ്യാപക സംഘടനയായ കെപിഎസ്ടിഎ ആരോപിച്ചു.
‘പഠനമാണ് ലഹരി – നോ ടു ഡ്രഗ്സ്’ എന്നെഴുതിയതിന് താഴെയാണ് മുഖ്യമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കൈമാറിയ ചുവപ്പ് ടീ ഷര്‍ട്ടിലാണ് മുഖ്യമന്ത്രിയുടെ ചിരിക്കുന്ന ചിത്രം ആലേഖനം ചെയ്തിട്ടുള്ളത്. ടീഷര്‍ട്ട് ചുവപ്പു നിറമാക്കി മുഖ്യമന്ത്രിയുടെ ചിത്രം ആലേഖനം ചെയ്ത് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള സര്‍ക്കാര്‍ നീക്കമാണിതെന്നും, ഇത്തരം നടപടികള്‍ അപലപനീയമാണെന്നും കെപിഎസ്ടിഎ സംസ്ഥാന സമിതി വ്യക്തമാക്കി. ബുധനാഴ്ച വൈകിട്ട് 5 മണിക്ക് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലാണ് 1500 കുട്ടികളെ ഉള്‍പ്പെടുത്തി മെഗാ സൂംബ നടത്തുന്നത്.
by Midhun HP News | Apr 30, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Recent Comments