by Midhun HP News | Apr 30, 2025 | Latest News, ദേശീയ വാർത്ത
ഇന്ത്യ ആക്രമിക്കാൻ ഒരുങ്ങുന്നുവെന്നും ഇടപെടല്‍ വേണമെന്നും ഐക്യരാഷ്ട്ര സഭയോട് (യു എൻ) ആവശ്യപ്പെട്ട് പാകിസ്ഥാൻ. ഇതുസംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. അന്വേഷണത്തിന് അന്താരാഷ്ട്ര കമ്മീഷനെ അംഗീകരിക്കാമെന്നും അദ്ദേഹം അറിയിച്ചു. യുഎൻ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടസിനോടാണ് പാകിസ്ഥാൻ ഇടപെടല്‍ തേടിയിരിക്കുന്നത്. ഇന്ത്യ 36 മണിക്കൂറിനുള്ളില്‍ ആക്രമിക്കാൻ പദ്ധതിയിടുന്നതായി തെളിവ് ലഭിച്ചെന്ന് പാകിസ്ഥാൻ ഇൻഫർമേഷൻ മന്ത്രിയും പറഞ്ഞിരുന്നു.
അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകവേ സ്ഥിതി വഷളാക്കാതെ നോക്കാൻ ഇന്ത്യയോടും പാകിസ്ഥാനോടും അമേരിക്ക അറിയിച്ചു. സാഹചര്യങ്ങള്‍ വിലയിരുത്താൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറെ വിളിക്കും. സൗഹൃദമുള്ള മറ്റ് രാജ്യങ്ങളും വിഷയത്തില്‍ ഇടപെടണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവർത്തിച്ച പാകിസ്ഥാന് സൈനികതലത്തില്‍ തിരിച്ചടി നല്‍കാൻ ഇന്ത്യയുടെ തീരുമാനം. എവിടെ, എപ്പോള്‍, എങ്ങനെ പ്രഹരിക്കണമെന്നും ആക്രമണത്തിന്റെ വ്യാപ്തി എന്തായിരിക്കണമെന്നും തീരുമാനിക്കാനുള്ള പൂർണ സ്വാതന്ത്ര്യം പ്രധാനമന്ത്രി സേനാവിഭാഗങ്ങള്‍ക്ക് നല്‍കിയതോടെ യുദ്ധത്തിലേക്ക് നീങ്ങുന്നുവെന്ന പ്രതീതിയിലായി രാജ്യം. ദേശീയ സുരക്ഷാ കാര്യങ്ങളില്‍ നിർണായക തീരുമാനമെടുക്കുന്ന മന്ത്രിതല സമിതി ഇന്നു രാവിലെ സ്ഥിതിഗതികള്‍ വിലയിരുത്തും. ഏപ്രില്‍ 22 ന് നടന്ന പഹല്‍ഗാം ആക്രമണത്തിനുശേഷം പ്രധാനമന്ത്രി അദ്ധ്യക്ഷനായ സുരക്ഷാ സമിതിയുടെ രണ്ടാം യോഗമാണ് ഇന്ന് രാവിലെ 11ന് ചേരുക.
by Midhun HP News | Apr 30, 2025 | Latest News, കേരളം
തൃശൂര്‍: തൃശൂര്‍ പൂരത്തിന് ബുധനാഴ്ച കൊടിയേറ്റം. പ്രധാന സാരഥികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലുമാണ് കൊടിയേറ്റം നടക്കുക. സാമ്പിള്‍ വെടിക്കെട്ടും ചമയ പ്രദര്‍ശനവും മെയ് നാലിന് നടക്കും. പൂരവിളംബരമായി അഞ്ചിന് രാവിലെ ഒമ്പതിന് കൊമ്പന്‍ എറണാകുളം ശിവകുമാര്‍ തെക്കേഗോപുര നട തുറക്കും. ആറിനാണ് പൂരങ്ങളുടെ പൂരം. ഏഴിന് ഉപചാരം ചൊല്ലി പിരിയും.
തിരുവമ്പാടി ക്ഷേത്രത്തില്‍ ബുധന്‍ പകല്‍ 11നും 11.30നും ഇടയ്ക്കും പാറമേക്കാവില്‍ പകല്‍ 12.30നുമാണ് കൊടിയേറ്റം. തിരുവമ്പാടി ക്ഷേത്രത്തില്‍ പൂജകള്‍ക്ക് തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരി മുഖ്യ കാര്‍മികനാവും. പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കല്‍ സുന്ദരനും സുഷിത്തും കൊടിമരം ഒരുക്കും. പകല്‍ മൂന്നിന് ക്ഷേത്രത്തില്‍ നിന്നുള്ള പൂരപ്പുറപ്പാടിന് തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റും. 3.30ന് നായ്ക്കനാലിലും നടുവിലാലിലും പൂരപ്പതാകകള്‍ ഉയരും.
പാറമേക്കാവില്‍ വലിയപാണിക്കുശേഷം പുറത്തേക്ക് എഴുന്നള്ളിപ്പ്. തുടര്‍ന്ന് ദേശക്കാര്‍ കൊടി ഉയര്‍ത്തും. പരമ്പരാഗത അവകാശി ചെമ്പില്‍ കുട്ടനാശാരിയാണ് കൊടിമരമൊരുക്കുക. ക്ഷേത്ര സമുച്ചയത്തിലെ പാലമരത്തിലും മണികണ്ഠനാലിലും പൂരക്കൊടി ഉയര്‍ത്തും. അഞ്ച് ആനകളും മേളവുമായി പുറത്തേക്ക് എഴുന്നള്ളിപ്പിന് പാറമേക്കാവ് കാശിനാഥന്‍ തിടമ്പേറ്റും. കിഴക്കൂട്ട് അനിയന്‍ മാരാര്‍ പ്രാമാണികനായുള്ള മേളം അകമ്പടിയാവും. വെടിക്കെട്ടും നടക്കും. കണിമംഗലം, പനമുക്കുംപിള്ളി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍, നെയ്തലക്കാവ് എന്നി ഘടകക്ഷേത്രങ്ങളിലും ബുധനാഴ്ച കൊടിയേറും.
by Midhun HP News | Apr 30, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് വമ്പന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കെഎസ്ഇബി. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ കുടിശ്ശിക അനായാസം അടച്ചുതീര്‍ക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ കെഎസ്ഇബി ഒരുക്കുന്നത്. രണ്ടു വര്‍ഷത്തിനുമേല്‍ പഴക്കമുള്ള കുടിശ്ശികകളാണ് ഈ പദ്ധതിയിലൂടെ തീര്‍പ്പാക്കാന്‍ കഴിയുക. വൈദ്യുതി ബില്‍ കുടിശ്ശിക കാരണം വിച്ഛേദിക്കപ്പെട്ട കണക്ഷനുകള്‍ കുടിശ്ശിക അടച്ചുതീര്‍ത്ത് പുനഃസ്ഥാപിക്കാനുമാകും.
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് കെഎസ്ഇബിയുടെ കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി. 2025 മെയ് 20 മുതല്‍ മൂന്ന് മാസക്കാലം ഏറ്റവും മികച്ച ഇളവുകളോടെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ദീര്‍ഘകാല കുടിശ്ശിക തീര്‍ക്കാന്‍ കഴിയും. വൈദ്യുതി വകുപ്പ് മന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി കെഎസ്ഇബി പ്രഖ്യാപിച്ചത്.
10 കൊല്ലത്തിനു മുകളില്‍ പഴക്കമുള്ള കുടിശ്ശിക തുകയുടെ 18 ശതമാനം നിരക്കില്‍ വരുന്ന പലിശ പൂര്‍ണ്ണമായും ഒഴിവാക്കി നല്‍കും. അഞ്ച് മുതല്‍ 10 വര്‍ഷം വരെയുള്ള കുടിശ്ശിക തുകയ്ക്ക് 18 ശതമാനത്തിനു പകരം നാല് ശതമാനം, രണ്ടു മുതല്‍ അഞ്ചു വര്‍ഷം വരെയുള്ള കുടിശ്ശിക തുകയ്ക്ക് 18 ശതമാനത്തിനു പകരം ആറ് ശതമാനം എന്നിങ്ങനെ വളരെ കുറഞ്ഞ പലിശ നിരക്കില്‍ ഒറ്റത്തവണയായി തീര്‍പ്പാക്കാന്‍ കഴിയും.
പലിശ തുക ആറ് മാസത്തെ തുല്യഗഡുക്കളായി അടയ്ക്കാനും അവസരമുണ്ട്. കുടിശ്ശികയായ വൈദ്യുതി ബില്‍ തുകയും പദ്ധതിയുടെ ഭാഗമായി ഇളവു കണക്കാക്കിയുള്ള പലിശ തുകയും ചേര്‍ത്ത് ഒറ്റത്തവണയായി അടച്ചുതീര്‍ക്കുന്നവര്‍ക്ക് ആദ്യമായി ബില്‍ കുടിശ്ശികയില്‍ (ജൃശിരശുമഹ അാീൗി)േ അഞ്ച് ശതമാനം ഇളവും ലഭിക്കും. അതായത് ബില്‍ കുടിശ്ശികയുടെ 95 ശതമാനം മാത്രം അടച്ചാല്‍ മതിയാകും. കെഎസ്ഇബി ഇത്രയേറെ ഇളവുകളോടെ കുടിശ്ശിക തീര്‍പ്പാക്കാന്‍ അവസരമൊരുക്കുന്നത് ഇതാദ്യമാണ്.
റെവന്യൂ റിക്കവറി നടപടികള്‍ പുരോഗമിക്കുന്നതോ, കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകളും ഈ പദ്ധതിയിലൂടെ തീര്‍പ്പാക്കാനാകും. കേബിള്‍ ടിവി ഉടമകളുടെ വൈദ്യുത പോസ്റ്റ് വാടക കുടിശ്ശികയും ഈ പദ്ധതിയുടെ ഭാഗമായി തീര്‍പ്പാക്കാന്‍ അവസരമുണ്ട്. ലോ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് അതത് സെക്ഷന്‍ ഓഫീസിലും ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ സ്പെഷ്യല്‍ ഓഫീസര്‍ റെവന്യൂ കാര്യാലയത്തിലുമാണ് ഈ സേവനം ലഭ്യമാവുക. https://ots.kseb.in എന്ന പ്രത്യേക വെബ്പോര്‍ട്ടല്‍ വഴിയും കുടിശ്ശികയുടെ വിശദാംശങ്ങള്‍ അറിയാനും പണമടയ്ക്കാനും അവസരമൊരുക്കും.
by Midhun HP News | Apr 29, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ കടുവയിൽ രോഹിണി മന്ദിരത്തിൽ പരേതനായ കെ സുകുമാരപിള്ളയുടെ ഭാര്യ ബി രാജ രാജേശ്വരിഅമ്മ (88) നിര്യാതയായി.
മക്കൾ: സുധ, ഉഷാകുമാരി, ഹരികുമാർ(Rtd. സീനിയർ സുപ്രണ്ട്, ലേബർ കമ്മീഷണറാഫീസ്, തിരുവനന്തപുരം), രവികുമാർ (മുകുന്ദൻ)
മരുമക്കൾ: മനോഹരൻ പിള്ള (കലാനിലയം) രാമദാസ്കുറുപ്പ്, രമാദേവി, ശ്രീലത (ഡി ജി പി ഓഫീസ്)
സംസ്കാരം ബുധനാഴ്ച്ച രാവിലെ 11 ന് വീട്ടുവളപ്പിൽ
by Midhun HP News | Apr 29, 2025 | Latest News, ജില്ലാ വാർത്ത
സോദരത്വേന എന്ന മൂല്യം നിറയുന്ന വ്യത്യസ്തതകളുടെ അവതരണമാണ് ബാലമുരളീകൃഷ്ണന്റെ കവിതകൾ എന്ന് എം.ജെ. ശ്രീചിത്രൻ. യുവമേള പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച, കവിയും, കിഴുവിലം ഗവൺമെന്റ് യുപിഎസിലെ അധ്യാപകനും പാട്ടുകാരനുമായ ടി ആർ ബാലമുരളീകൃഷ്ണന്റെ “മുറിയിലേക്കൊരു ഗൂഗിൾ മാപ്പ്” എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു സാഹിത്യ നിരൂപകനും പ്രഭാഷകനുമായ ശ്രീചിത്രൻ എം ജെ.
പനപ്പെട്ടി ഗവൺമെന്റ് എൽ പി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പ്രകാശന ചടങ്ങ് കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കൊല്ലം മധു അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി ആർ ബാലമുരളീ കൃഷ്ണൻ സ്വാഗതം ആശംസിച്ചു. കവി സി എസ് രാജേഷ് പുസ്തകം ഏറ്റുവാങ്ങി, പ്രഭാഷകനും എഴുത്തുകാരനുമായ പികെ അനിൽകുമാർ പുസ്തക പരിചയവും, ഇഷ്ടകവിത മീന ശൂരനാടും അവതരിപ്പിച്ചു.
പ്രശസ്ത ചലച്ചിത്ര പിന്നണിഗായനും നാടൻപാട്ട് കലാകാരനുമായ മത്തായി സുനിൽ പാട്ടരങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രിയാ ബാലമുരളി നന്ദി അർപ്പിച്ചു.
Recent Comments