by Midhun HP News | Apr 17, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നടി വിന്‍സി അലോഷ്യസ് ഫിലിം ചേംബറിന് നല്‍കിയ പരാതിയിലെ വിശദാംശങ്ങള്‍ പുറത്ത്. ലഹരി ഉപയോഗിച്ച് ഷൈനിന്റെ കണ്ണ് തടിച്ചുവെന്നും ഇതേത്തുടര്‍ന്ന് സിനിമാ ചിത്രീകരണം മുടങ്ങിയെന്നും വിന്‍സി പരാതിയില്‍ പറയുന്നു. സിനിമാ സെറ്റില്‍ വെച്ച് നടന്‍ ലൈംഗിക ചുവയോടെ സംസാരിച്ചെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് മോശം അനുഭവം നേരിട്ടത്. വീടിന് അടുത്തുതന്നെയായിരുന്നു ഷൂട്ടിങ്ങ് എന്നതിനാല്‍, ദിവസവും വന്നു പോകുകയായിരുന്നു. സെറ്റില്‍ വെച്ച് വസ്ത്രം മാറാന്‍ പോകുമ്പോള്‍ താന്‍ ശരിയാക്കി തരാമെന്ന് ഷൈന്‍ ടോം ചാക്കോ പറഞ്ഞുവെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് വിന്‍സി ഫിലിം ചേംബറിന് പരാതി നല്‍കിയത്.
തനിക്കു മാത്രമല്ല, സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും ഷൈന്‍ ടോം ചാക്കോയില്‍ നിന്നും ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. താന്‍ മൂലം സിനിമ മുടങ്ങരുതെന്ന് വിചാരിച്ചാണ് അന്ന് അക്കാര്യം പറയാതെ സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സഹകരിച്ചതെന്നും വിന്‍സി പറയുന്നു. കഴിഞ്ഞ നവംബറിലായിരുന്നു സിനിമയുടെ ചിത്രീകരണം.
സംഭവത്തില്‍ കേസെടുക്കാന്‍ പര്യാപ്തമായ വിവരങ്ങള്‍ ലഭിച്ചാല്‍ തുടര്‍ നടപടിയുണ്ടാകുമെന്ന് എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. നടിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് സ്റ്റേറ്റ് ഇന്റലിജന്‍സും അന്വേഷണം തുടങ്ങിയിരുന്നു. അതേസമയം വിന്‍സിയുടെ പരാതി പരിശോധിക്കാന്‍ താരസംഘടനയായ അമ്മ മൂന്നംഗ സമിതിയെ നിയോഗിച്ചു. അന്‍സിബ, സരയൂ, വിനുമോഹന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.
by Midhun HP News | Apr 17, 2025 | Latest News, ജില്ലാ വാർത്ത
കൂടെ പഠിച്ച കൂട്ടുകാരനും വൃദ്ധയായ അമ്മയ്ക്കും വിഷു സമ്മാനമായി വീട് പുനർനിർമിച്ചു നൽകി പൂർവ വിദ്യാർഥി കൂട്ടായ്മ. അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിലെ 1990 എസ്.എസ്.എൽ.സി.ബാച്ച് പൂർവ വിദ്യാർത്ഥി കൂട്ടായ്മ യായ നിറവ് ’90 ആണ് ഇത്തരത്തിൽ ഒരു മാതൃക പ്രവർത്തനം നടത്തിയത്.
പൂവണത്തുമ്മൂട് മുള്ളുവിളയിൽ ജോയിയും വൃദ്ധയായ അമ്മയും മാത്രം കഴിഞ്ഞിരുന്ന ഷീറ്റ് കൊണ്ടു മറച്ച, തകർച്ചയിലായിരുന്ന പഴയ വീടിനെയാണ് സുഹൃത്തുക്കളുടെ നേതൃത്വത്തിൽ, ചുവര് കെട്ടി കോൺക്രീറ്റ് ചെയ്ത് പുനർനിർമിച്ചു നൽകിയത്. തറയൊക്കെ ടൈൽ പാകി വൃത്തിയാക്കി ബാത്ത് അറ്റാച്ച്ഡായുള്ള വീട്ടിൽ ഇനി ജോയിക്കും അമ്മയ്ക്കും സുരക്ഷിതമായി അന്തിയുറങ്ങാം.
വിഷു ദിനത്തിൽ നവീകരിച്ച വീടിന്റെ താക്കോൽ പൂർവഅധ്യാപിക കെ. സുധ ടീച്ചർ കുടുംബത്തിന് കൈമാറി. മുദാക്കൽ ഗ്രാമ പഞ്ചായത്ത് അംഗം പൂവണത്തുംമൂട് ബിജു നിറവിന്റെ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. നിറവ് ’90 പൂർവവിദ്യാർഥി കൂട്ടായ്മ ഇതിനോടകം ശ്രദ്ധേയമായ ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്.
by Midhun HP News | Apr 17, 2025 | Latest News, ജില്ലാ വാർത്ത
സംസ്ഥാനത്തെ, ആധാരം എഴുത്ത് മേഖലയിൽ ഏർപ്പെട്ടിട്ടുള്ളവർക്കും, വിവിധ ആവശ്യങ്ങൾക്കുമായി വിശേഷിച്ചും ആധാരങ്ങൾ രജിസ്ട്രേഷൻ നടത്തുന്നതിനും, ഇതര ഇടപാടുകൾക്കുമായി സർക്കാർ ഇപ്പോൾ ഇറക്കിയ ഈ സ്റ്റാമ്പിംഗ് സമ്പ്രദായത്തിൽ, വന്നിട്ടുള്ള കാലതാമസവും അശാസ്ത്രീയമായ, നടപടിക്രമങ്ങളും, ആധാര മെഴുത്ത് മേഖലയിൽ ഏർപ്പെട്ടിട്ടുള്ളവർക്കും വെണ്ടർമാർക്കും, പൊതുജനങ്ങൾക്കും ഉള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ വേണ്ടിയിട്ടുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നും, ഫെയർ വാല്യൂനിരക്കിൽ നിലനിൽക്കുന്ന അപാകതകളും വർദ്ധനവും പരിഹരിക്കണമെന്നും, സംസ്ഥാനത്ത് ഒഴിവുള്ള, 207, വെണ്ടർമാരുടെ ഒഴിവ് നികത്തണമെന്നും, പാട്ടം വാടക കരാർ, ഇവയ്ക്ക് നിശ്ചയിച്ചിട്ടുള്ള ഫീസ് നിരക്ക്, സ്റ്റാമ്പ് ഡ്യൂട്ടി പുതുക്കി നിശ്ചയിക്കണമെന്നും, കേരള സ്റ്റേറ്റ് ഡോക്കുമെന്റ് വർക്കേഴ്സ് യൂണിയൻ, സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി, പ്രസിഡന്റ് അഡ്വക്കറ്റ് ബി സത്യൻ വർക്കിംഗ് പ്രസിഡന്റ് കരകുളം ബാബു, ട്രെഷറർ തിരുവല്ലം മധു എന്നിവർ ചേർന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലിനെ നേരിട്ട് കണ്ട് നിവേദനം സമർപ്പിച്ചു ചർച്ച ചെയ്തു.
കൂടാതെ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻകടന്നപള്ളി എന്നിവർക്ക് നിവേദനം സമർപ്പിച്ചു. ഇത്തരത്തിലുള്ള അപാകതകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് അടിയന്തരമായി പരിഹരിക്കുന്നതിന് വേണ്ടിയിട്ടുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രിമാർ യൂണിയൻ നേതാക്കൾക്ക് ഉറപ്പു നൽകി.
by Midhun HP News | Apr 17, 2025 | Latest News, കേരളം
കൊച്ചി: പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ എറണാകുളം നോര്‍ത്തിലെ ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ഇന്നലെ രാത്രിയായിരുന്നു പരിശോധന. നടന്‍ ഷൈന്‍ ടോം ചാക്കോയുടെ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് സംഘം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെത്തിയത്.
പൊലീസ് സംഘം ഹോട്ടലിന്റെ താഴെ എത്തിയ വിവരം അറിഞ്ഞ ഷൈന്‍ ടോം ചാക്കോ ഹോട്ടലിന്റെ മൂന്നാം നിലയിലെ മുറിയില്‍ നിന്നും ജനൽ വഴി ഇറങ്ങി ഓടി രക്ഷപ്പെട്ടുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ലഹരിമരുന്ന് കൈവശമുണ്ടായതിനാലാണ് ഷൈന്‍ ടോം ചാക്കോ ഓടി രക്ഷപ്പെട്ടതെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ ഹോട്ടല്‍ മുറിയില്‍ നിന്നും ഡാന്‍സാഫ് സംഘത്തിന് ഒന്നും കണ്ടെത്താനായില്ലെന്നാണ് വിവരം. ഒപ്പമുണ്ടായിരുന്നവരെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്.
സിനിമാസെറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയത് ഷൈന്‍ ടോം ചാക്കോയാണെന്ന് യുവനടി വിന്‍സി അലോഷ്യസ് പരാതി നല്‍കിയിട്ടുണ്ട്. ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവയിലാണ് വിന്‍സി പരാതി നല്‍കിയത്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു മോശം അനുഭവം നേരിട്ടത് എന്നാണ് വിന്‍സിയുടെ പരാതി. നേരത്തെ ലഹരിമരുന്ന് കേസില്‍ ഉള്‍പ്പെട്ട ഷൈന്‍ ടോം ചാക്കോ അടുത്തിടെയാണ് കുറ്റവിമുക്തനാക്കപ്പെട്ടത്.
by Midhun HP News | Apr 17, 2025 | Latest News, കേരളം
കൊച്ചി: കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍സ് ലിമിറ്റഡ് (സിഎംആര്‍എല്‍) നടത്തിയ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്‍കം ടാക്‌സ് സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഇടക്കാല റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള വ്യക്തികളുടെ പേരുകള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കേരള ഹൈക്കോടതി. മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.
ജസ്റ്റിസുമാരായ അമിത് റാവല്‍, പി എം മനോജ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സിഎംആര്‍എല്‍ വിവിധ വ്യക്തികള്‍ക്ക് വിതരണം ചെയ്തതായി ആരോപിക്കപ്പെടുന്ന ഫണ്ടുകളുടെ മുഴുവന്‍ വ്യാപ്തിയും പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി എം ആര്‍ അജയന്‍ ആണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
ഇന്‍കം ടാക്‌സ് സെറ്റില്‍മെന്റിനായുള്ള ഇടക്കാല ബോര്‍ഡ് CMRL-ല്‍ നിന്ന് പണം സ്വീകരിച്ച നിരവധി വ്യക്തികളുടെ പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും, സിബിഐ പോലുള്ള ഒരു കേന്ദ്ര ഏജന്‍സിക്ക് മാത്രമേ നിഷ്പക്ഷവും വിശദവുമായ അന്വേഷണം നടത്താന്‍ കഴിയൂ എന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചു. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (SFIO) നടത്തിയ അന്വേഷണത്തില്‍ മകള്‍ വീണയെ പ്രതി ചേര്‍ത്തതിന്റെ വെളിച്ചത്തില്‍, 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പിണറായി വിജയന്‍ സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ ഇതിനകം അന്വേഷണം നടത്തിയിട്ടുണ്ടെന്നും എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. പ്രതികള്‍ക്ക് നോട്ടീസ് അയയ്ക്കുന്നത് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികളില്‍ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് നേരത്തെ തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ററിം ബോര്‍ഡ് ഫോര്‍ സെറ്റില്‍മെന്റ് ഓഫ് ഇന്‍കം ടാക്‌സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പേരുകളുടെ പട്ടിക നിലവിലുണ്ടോ എന്ന് കോടതി അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനോട് ചോദിച്ചു. റിപ്പോര്‍ട്ടും പേരുകളുടെ പട്ടികയും മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ തൈക്കണ്ടിയിലും ഉള്‍പ്പെടെ 19 പ്രതികള്‍ക്ക് അവരുടെ ഭാഗം കേള്‍ക്കാന്‍ നോട്ടീസ് അയയ്ക്കാനും കോടതി തീരുമാനിച്ചു. പിവി, ഒസി, ആര്‍സി, കെകെ, ഐകെ എന്നിങ്ങനെ ചുരുക്കപ്പേരിലുള്ള നേതാക്കള്‍ക്ക് പണം നല്‍കിയതായുള്ള രേഖ നേരത്തെ പുറത്തുവന്നിരുന്നു.
Recent Comments