‘അധികാരങ്ങള്‍ കയ്യടക്കുന്ന ഗവര്‍ണര്‍മാര്‍ക്കുള്ള താക്കീത്’; കോടതി വിധി ജനാധിപത്യത്തിന്റെ വിജയം; പിണറായി

തിരുവനന്തപുരം: തമിഴ്‌നാട് ഗവര്‍ണര്‍ ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറല്‍ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍മാര്‍ മന്ത്രിസഭയുടെ ഉപദേശത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് നേരത്തെ തന്നെ സുപ്രീംകോടതി പലവട്ടം വ്യക്തമാക്കിയതാണ്. അതിലുമുപരിയായി ഈ വിധിയില്‍ ബില്ലുകള്‍ പാസാക്കുന്നതിന് കൃത്യമായ സമയപരിധിയടക്കം നിശ്ചയിച്ചു കാണുന്നു. നിയമനിര്‍മ്മാണ സഭയുടെ അധികാരങ്ങള്‍ ഗവര്‍ണര്‍മാര്‍ കയ്യടക്കുന്ന പ്രവണതയ്‌ക്കെതിരായ താക്കീത് കൂടിയാണ് ഈ വിധിയെന്ന് പിണറായി വിജയന്‍ പറഞ്ഞു.

സുപ്രീം കോടതി വിധി ജനാധിപത്യപത്യത്തിന്റെ വിജയമാണ്. നിയമസഭ പാസാക്കിയ ബില്ലുകള്‍ 23 മാസം വരെ തടഞ്ഞുവെക്കുകയും അനിശ്ചിതത്വത്തിലാക്കുകയും ചെയ്ത അവസ്ഥ നമ്മുടെ മുന്നിലുണ്ട്. അതിനെതിരെ കേരളം നിയമ പോരാട്ടത്തിലാണ്. കേരളം ഉയര്‍ത്തിയ അത്തരം വിഷയങ്ങളുടെ പ്രസക്തിക്കും പ്രാധാന്യത്തിനുമാണ് ഈ വിധി അടിവരയിടുന്നതെന്നും മുഖ്യമന്ത്രി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

‘മകളെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ചുകൊന്ന കൃഷ്ണപ്രിയയുടെ അച്ഛന്‍ ശങ്കരനാരായണന്‍ ഇനി ഓര്‍മ

‘മകളെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ചുകൊന്ന കൃഷ്ണപ്രിയയുടെ അച്ഛന്‍ ശങ്കരനാരായണന്‍ ഇനി ഓര്‍മ

മലപ്പുറം: മഞ്ചേരിയില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കൃഷ്ണപ്രിയയുടെ അച്ഛന്‍ മരിച്ചു. ചാരങ്കാവ് തെക്കെ വീട്ടില്‍ ശങ്കരനാരായണനാണ് മരിച്ചത്. 77 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മകളെ കൊലപ്പെടുത്തി കേസിലെ പ്രതിയെ വെടിവച്ചുകൊലപ്പെടുത്തിയ കേസില്‍ ശങ്കരനാരായണനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

2001 ഫെബ്രുവരി ഒന്‍പതിന് സ്‌കൂള്‍ വിട്ടുവരുന്ന വഴി കൃഷ്ണപ്രിയയെ അയല്‍വാസിയായ എളങ്കൂര്‍ ചാരങ്കാവ് കുന്നുമ്മല്‍ മുഹമ്മദ് കോയ (24) പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പിടിയിലായ പ്രതിയെ കോടതി ശിക്ഷിച്ചു. പക്ഷേ, ജാമ്യത്തിലിറങ്ങിയ പ്രതിയെ 2002 ജൂലായ് 27ന് കൃഷ്ണപ്രിയയുടെ പിതാവ് ശങ്കരനാരായണന്‍ വെടിവച്ചുകൊലപ്പെടുത്തി.

മഞ്ചേരി സെഷന്‍സ് കോടതി ശങ്കരനാരായണനെയും മറ്റ് രണ്ടു പേരെയും ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചെങ്കിലും 2006 മെയ് മാസം തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി വെറുതെ വിട്ടു. മൃതശരീരം വീണ്ടെടുക്കുന്നതില്‍ പൊലീസിനു വീഴ്ച പറ്റി, ക്രിമിനല്‍ സ്വഭാവമുള്ള പ്രതിയ്ക്ക് മറ്റുശത്രുക്കളും ഉണ്ടാകുമെന്ന് കാണിച്ചാണ് കോടതി ശങ്കരനാരായണനെ വെറുതെ വിട്ടത്.

‘അവസാനത്തെ കളി’യെന്ന് ഭീഷണി; സിഐ എടുത്തുമാറ്റിയ കൊടിമരം നാട്ടി ബിജെപി പ്രവര്‍ത്തകര്‍

‘അവസാനത്തെ കളി’യെന്ന് ഭീഷണി; സിഐ എടുത്തുമാറ്റിയ കൊടിമരം നാട്ടി ബിജെപി പ്രവര്‍ത്തകര്‍

കണ്ണൂര്‍: കണ്ണൂര്‍ കണ്ണപുരത്ത് കൊടിമരം പിഴുതുമാറ്റിയതിന്റെ പേരില്‍ പൊലീസിനെതിരെ ഭീഷണി മുദ്രാവാക്യവുമായി ബിജെപി പ്രവര്‍ത്തകര്‍. കണ്ണപുരം സിഐ സാബുമോനെതിരെ പൊലീസ് സ്റ്റേഷനു മുന്‍പില്‍ എത്തിയാണ് ബിജെപി പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയത്. പൊലീസ് എടുത്തുമാറ്റിയ കൊടിമരം ബിജെപി പുനസ്ഥാപിച്ചു.

ബിജെപി സ്ഥാപക ദിനത്തിന്റെ ഭാഗമായി കണ്ണപുരം ചൈന ക്ലേ റോഡില്‍ നാട്ടിയ കൊടിമരം ഞായറാഴ്ച രാത്രി പൊലീസ് എടുത്തുമാറ്റിയിരുന്നു. എന്നാല്‍ പൊതുസ്ഥലത്ത് കൊടികള്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് നടപടി. അപ്പോള്‍ത്തന്നെ ഭവിഷത്ത് നേരിടേണ്ടി വരുമെന്ന് ബിജെപി പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയിരുന്നു.

പൊലീസ് നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഇന്നലെ രാത്രി കണ്ണപുരത്ത് ബിജെപി നടത്തിയത്. ഒപ്പം പൊലീസിനെ വെല്ലുവിളിച്ച് പൊലീസ് പറിച്ചെടുത്ത അതേ സ്ഥലത്ത് ബിജെപി നേതാക്കള്‍ കൊടിമരം നാട്ടുകയും ചെയ്തു.കൊടിമരം മുറിച്ചുമാറ്റിയ സിഐ സാബുമോനെ കൈകാര്യം ചെയ്യുമെന്ന വിധത്തില്‍ പ്രവര്‍ത്തകര്‍ ഭീഷണിയും മുഴക്കി. ബിജെപിക്ക് നേരെ വന്നാല്‍ ആ കളി അവസാനത്തെ കളിയാകും എന്നാണ് ഭീഷണി.

അധികാരത്തിന്റെ തണലില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം എന്നാണ് ബിജെപി നിലപാട്. എന്നാല്‍ , ഞായറാഴ്ച രാത്രി ബിജെപി കൊടിമരം മാത്രമല്ല, സിപിഎമ്മിന്റെതുള്‍പ്പെടെ പതാകകള്‍ നീക്കം ചെയ്തിരുന്നു എന്നാണ് പൊലീസ് മറുപടി.

ചൈനയുമായുള്ള വ്യാപാര യുദ്ധം മുറുകുന്നു; പകരച്ചുങ്കത്തിന് അധിക നികുതി പ്രഖ്യാപിച്ച് ട്രംപ്

ചൈനയുമായുള്ള വ്യാപാര യുദ്ധം മുറുകുന്നു; പകരച്ചുങ്കത്തിന് അധിക നികുതി പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടണ്‍: ചൈന പ്രഖ്യാപിച്ച പകരച്ചുങ്കം പിന്‍വലിച്ചില്ലെങ്കില്‍ തീരുവ 50 ശതമാനം കൂടി കൂട്ടുമെന്ന് അമേരിക്കന്‍ പ്രസിഡ‍ന്‍റ് ഡോണള്‍ഡ് ട്രംപ്. ഭീഷണി നടപ്പായാല്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ വരുന്നത് 84 ശതമാനം തീരുവയാകും. രണ്ട് ദിവസം മുമ്പാണ് യു എസ് ഉല്‍പ്പന്നങ്ങള്‍ക്ക് 34 ശതമാനം നികുതി ചൈന പ്രഖ്യാപിച്ചത്.

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 34 ശതമാനം നികുതി യു എസ് പ്രഖ്യാപിച്ചതിന് പകരമായാണ് ചൈന യുഎസിനെതിരെ പകരച്ചുങ്കം പ്രഖ്യാപിച്ചത്. ഇത് പ്രഖ്യാപിച്ച് 48 മണിക്കൂറിനകമാണ് ട്രംപിന്റെ തിരിച്ചടി. തന്റെ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് വഴിയാണ് ട്രംപ് ചൈനയ്ക്കെതിരായ നികുതി പ്രഖ്യാപിച്ചത്. യുഎസിനെതിരെ ചുമത്തിയ 34 ശതമാനം നികുതി ചൈന പിന്‍വലിച്ചില്ലെങ്കില്‍ അടുത്ത ദിവസം വീണ്ടും അധികമായി 50 ശതമാനം നികുതികൂടി ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി.

എല്ലാ രാജ്യങ്ങള്‍ക്കും 10 ശതമാനം അടിസ്ഥാന നികുതി ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപര യുദ്ധം ശക്തമായത്. യുഎസിനെതിരെ പകരച്ചുങ്കം ചുമത്താത്ത രാജ്യങ്ങളുമായി മാത്രമേ ഇനി വ്യാപാര ചര്‍ച്ചകള്‍ നടത്തൂവെന്നാണ് ഡോണള്‍ഡ് ട്രംപിന്റെ നിലപാട്. അതേസമയം പകരച്ചുങ്കമുണ്ടാകുമെന്ന് ട്രംപ് പറഞ്ഞപ്പോള്‍ തന്നെ നേരിടാന്‍ തയ്യാറാണെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു. വ്യാപാര യുദ്ധം ആര്‍ക്കും നേട്ടം നല്‍കില്ലെന്നും നികുതി ചുമത്തിയാല്‍ യുഎസിനെതിരെ പകരച്ചുങ്കമുണ്ടാകുമെന്നും ചൈനയും വ്യക്തമാക്കിയിരുന്നു.

അതേസമയം യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരെ തീരുവ ചുമത്തിയതിനെത്തുടര്‍ന്ന് യുഎസ് ഓഹരി വിപണികള്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. കോവിഡിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് യുഎസ് വിപണികളിലുണ്ടായത്.

സ്വര്‍ണവില 66,000ല്‍ താഴെ; അഞ്ചുദിവസത്തിനിടെ ഇടിഞ്ഞത് 2700 രൂപ

സ്വര്‍ണവില 66,000ല്‍ താഴെ; അഞ്ചുദിവസത്തിനിടെ ഇടിഞ്ഞത് 2700 രൂപ

കൊച്ചി: സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഇന്ന് 480 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 66,000ല്‍ താഴെയെത്തി. 65,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 60 രൂപയാണ് കുറഞ്ഞത്. 8225 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില മുന്നേറുന്ന കാഴ്ചയാണ് കഴിഞ്ഞ ആഴ്ച വരെ കണ്ടത്. വ്യാഴാഴ്ച 68,480 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിക്കുകയും ചെയ്തു. എന്നാല്‍ വെള്ളിയാഴ്ച മുതല്‍ സ്വര്‍ണവില ഇടിയാന്‍ തുടങ്ങി. അഞ്ചുദിവസത്തിനിടെ സ്വര്‍ണവിലയില്‍ ഉണ്ടായ ഇടിവ് 2,680 രൂപയാണ്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയുടെ പകരച്ചുങ്കം ആഗോള വിപണിയില്‍ വ്യാപാര യുദ്ധത്തിലേക്ക് നയിക്കുമോ എന്ന ചിന്തയും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്.