ബ്രഹ്മകുമാരീസ് മേധാവി ദാദി രത്തൻമോഹിനി അന്തരിച്ചു

ബ്രഹ്മകുമാരീസ് മേധാവി ദാദി രത്തൻമോഹിനി അന്തരിച്ചു

ഡൽഹി: പ്രജാപിത ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയ അധ്യക്ഷ രാജയോഗിണി ദാദി രത്തൻമോഹിനി അന്തരിച്ചു. 101 വയസ്സായിരുന്നു. അഹമ്മദാബാദിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

രാജയോഗിണി ദാദി രത്തൻമോഹിനിയുടെ സംസ്കാരച്ചടങ്ങുകൾ വ്യാഴാഴ്ച നടക്കും. രത്തൻമോഹിനിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവർ അനുശോചിച്ചു. വിജ്ഞാനത്തിന്റെയും അനുകമ്പയുടെയും പ്രകാശ ഗോപുരമായിരുന്നു ദാദി രത്തൻമോഹിനിയെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ബ്രഹ്മകുമാരീസിന്റെ രണ്ടാമത്തെ മേധാവിയാണ് രത്തൻമോഹിനി. ലക്ഷ്മിയെന്നാണ് യഥാർഥ പേര്. 1954-ൽ ജപ്പാനിൽ നടന്ന ലോക സമാധാന സമ്മേളനത്തിൽ ബ്രഹ്മകുമാരീസിനെ പ്രതിനിധാനംചെയ്ത് പങ്കെടുത്തത് രത്തൻമോഹിനിയാണ്.

ആറ്റിങ്ങൽ മോഡൽ  വൊക്കേഷണൽ & ഹയർ സെക്കൻഡറി സ്കൂളിൽ മോഷണം; പ്രതികൾ പിടിയിൽ

ആറ്റിങ്ങൽ മോഡൽ  വൊക്കേഷണൽ & ഹയർ സെക്കൻഡറി സ്കൂളിൽ മോഷണം; പ്രതികൾ പിടിയിൽ

ആറ്റിങ്ങൽ മോഡൽ വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ മോഷണം. പ്രതികൾ പിടിയിൽ കഴിഞ്ഞദിവസം രാത്രിയാണ് മോഷണം നടന്നത്. സ്കൂൾ ഓഫീസിന്റെ പ്രധാന വാതിൽ പൊളിച്ചാണ് അകത്തു കയറിയത്. ശേഷം അകത്തെ മേശയിൽ ഉണ്ടായിരുന്ന താക്കോലെടുത്ത് ഹെഡ്മാസ്റ്ററുടെ മുറി തുറന്നു മൊബൈൽ ഫോണുകൾ എടുത്തു. സ്കൂളിന്റെ പഴയ സ്റ്റോർ റൂമും തുറന്ന് മോഷണ ശ്രമം നടത്തിയിട്ടുണ്ട്. കോമ്പസ്, കത്തി മുതലായവ ഉപയോഗിച്ചാണ് പൂട്ട് കുത്തിപ്പൊളിച്ചത്. സ്കൂളിലെ സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികളിൽ ഒരാൾ ജുവനൈയിലാണ്.

വിലങ്ങുമായി കടന്നുകളഞ്ഞ പ്രതി ഒന്‍പതാം ദിവസം പിടിയില്‍; സംഭവം ഇങ്ങനെ

വിലങ്ങുമായി കടന്നുകളഞ്ഞ പ്രതി ഒന്‍പതാം ദിവസം പിടിയില്‍; സംഭവം ഇങ്ങനെ

തൃശൂര്‍: കസ്റ്റഡിയില്‍ നിന്ന് വിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ മൂന്ന് സംസ്ഥാനങ്ങളിലൂടെ ഒന്‍പത് ദിവസം പിന്തുടര്‍ന്ന് പിടികൂടി. കര്‍ണാടകയില്‍ പൊലീസ് കസ്റ്റഡിയില്‍ നിന്നു വിലങ്ങുമായി രക്ഷപ്പെട്ട രാസലഹരിക്കേസ് പ്രതിയെയാണ് വിപുലമായ അന്വേഷണത്തിന് ഒടുവില്‍ അറസ്റ്റ് ചെയ്തത്. മനക്കൊടി ചെറുവത്തൂര്‍ ആല്‍വിനാണ് (21) അറസറ്റിലായത്.

ബംഗളൂരുവിലെത്തിച്ച് 29നു തെളിവെടുപ്പു നടത്തിയ ശേഷം ഹൊസൂരിലെ ഹോട്ടലിലാണു പൊലീസ് സംഘം ആല്‍വിനുമായി രാത്രി തങ്ങിയത്. കാലില്‍ വിലങ്ങണിയിച്ചു കട്ടിലിനോടു ബന്ധിച്ചിരുന്നു. 11 മണിയോടെ പൊലീസുകാര്‍ ഉറക്കമായെന്നുറപ്പിച്ച ശേഷം ആല്‍വിന്‍ കട്ടിലിന്റെ കാല്‍ ശബ്ദമുണ്ടാക്കാതെ ഉയര്‍ത്തി വിലങ്ങ് പുറത്തെടുത്ത ശേഷം മൂന്നാംനിലയില്‍ നിന്നു പൈപ്പ് വഴി ഊര്‍ന്നിറങ്ങുകയായിരുന്നു.

സമീപത്തെ കോളനിയില്‍ ഒന്നരമണിക്കൂര്‍ ഒളിച്ചിരുന്ന ശേഷം ഇതുവഴിയെത്തിയ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കെആര്‍ പുരത്തെത്തി. അപകടത്തില്‍പ്പെട്ടതാണെന്നും വീട്ടിലറിയിക്കാന്‍ സഹായിക്കണമെന്നും വിശ്വസിപ്പിച്ചു വഴിയാത്രക്കാരന്റെ കയ്യില്‍ നിന്നു ഫോണ്‍ വാങ്ങി അമ്മയെയും സഹോദരനെയും വിളിച്ചു. സഹോദരന്‍ ആഞ്ജലോയും ബന്ധു സാവിയോയും ചേര്‍ന്ന് ഉടന്‍ ബൈക്കിലും കാറിലുമായി ബെംഗളൂരുവിലേക്കു പുറപ്പെടുകയായിരുന്നു. സാവിയോയുടെ സഹോദരന്‍ ഗോഡ്വിന്‍ ബെംഗളൂരുവിലുണ്ടായിരുന്നതിനാല്‍ ഇയാള്‍ വശം ആല്‍വിനു ചെലവിനു പണം എത്തിച്ചു.

ഇവര്‍ മൂന്നു പേരും ചേര്‍ന്നാണ് ആല്‍വിനെ തമിഴ്‌നാട് രജിസ്‌ട്രേഷന്‍ സ്‌പോര്‍ട്‌സ് ബൈക്കില്‍ അതിവേഗം കേരളത്തിലെത്തിച്ചത്. മുറ്റിച്ചൂര്‍, തളിക്കുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷം പൊലീസ് പിടിക്കുമെന്നു മനസിലാക്കി പൊന്നാനിയിലേക്കു കടന്ന ആല്‍വിന്‍ ട്രെയിന്‍ മാര്‍ഗം സംസ്ഥാനം വിടാന്‍ ആസൂത്രണം ചെയ്യുന്നതിനിടെയാണ് അറസ്റ്റിലായത്.

70 ഗ്രാം രാസലഹരിയും 4 കിലോഗ്രാം കഞ്ചാവും വിറ്റ കേസിലാണ് ആല്‍വിനും പ്രായപൂര്‍ത്തിയാകാത്ത 3 സുഹൃത്തുക്കളും പിടിക്കപ്പെട്ടത്. കസ്റ്റഡിയില്‍ നിന്നു കടന്നുകളഞ്ഞ കേസ് ഹൊസൂര്‍ പൊലീസാണു റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചവരെ നെടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു ഹൊസൂര്‍ പൊലീസിനു കൈമാറും.

ക്രൂസ് ടൂറിസം പദ്ധതിക്ക് കേരളം; നയത്തിന് അന്തിമരൂപമായി

ക്രൂസ് ടൂറിസം പദ്ധതിക്ക് കേരളം; നയത്തിന് അന്തിമരൂപമായി

തിരുവനന്തപുരം: വിനോദസഞ്ചാരികള്‍ക്ക് പുത്തന്‍ അനുഭവം പകര്‍ന്നു നല്‍കുക, കൂടുതല്‍ ടൂറിസ്റ്റുകളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ കേരള ടൂറിസം വകുപ്പ് ക്രൂസ് ടൂറിസത്തിലേക്ക് കടക്കാന്‍ ഒരുങ്ങുന്നു. ഇത്തരത്തിലുള്ള സംസ്ഥാനത്തെ ആദ്യ സംരംഭമാണിത്. ഇതുവരെ കണ്ടെത്തി ഉപയോഗിക്കാത്ത സമുദ്ര സാധ്യതകള്‍ ടൂറിസ്റ്റുകള്‍ക്കായി സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ടൂറിസം വകുപ്പ് ക്രൂസ് ടൂറിസം നയത്തിന് അന്തിമരൂപം നല്‍കി.

സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിലെ വലുതും ചെറുതുമായ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ക്രൂസ് റൂട്ടുകള്‍ ആരംഭിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ഇത് വിനോദസഞ്ചാരികള്‍ക്ക് തികച്ചും വ്യത്യസ്തമായ അനുഭവമാകും നല്‍കുക. അടുത്ത മന്ത്രിസഭാ യോഗത്തില്‍ കരട് ക്രൂസ് ടൂറിസം നയത്തിന് അനുമതി ലഭിച്ചേക്കും. ചില സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുള്ള ടൂറിസത്തില്‍ നിന്ന് അനുഭവവേദ്യമായ ടൂറിസത്തിലേക്ക് കേരളം മാറുകയാണെന്ന് ടൂറിസം വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

‘മറ്റ് ഉഷ്ണമേഖലാ രാജ്യങ്ങളില്‍ നിന്നും ടൂറിസം രംഗത്ത് കേരളം കടുത്ത മത്സരം നേരിടുന്നു. നമുക്കുള്ളതെല്ലാം അവരും വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിനോദസഞ്ചാരികള്‍ക്ക് കൂടുതല്‍ ആഴത്തിലുള്ളതും അവിസ്മരണീയവുമായ അനുഭവങ്ങള്‍ നല്‍കുക ലക്ഷ്യമിട്ടാണ് ടൂറിസം വകുപ്പ് ക്രൂസ് ടൂറിസം പദ്ധതി നടപ്പാക്കുന്നതെന്ന് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

കേരള മാരിടൈം ബോര്‍ഡുമായി ചേര്‍ന്ന് സംസ്ഥാനത്തെ ഏഴ് തുറമുഖങ്ങളില്‍ ക്രൂസ് ഓപ്പറേഷന്‍സ് ആരംഭിക്കാനാണ് പദ്ധതി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂടുന്ന സാഹചര്യത്തില്‍ ക്രൂസ് ടൂറിസം പദ്ധതിയെ വിശാലമായ തുറമുഖ വികസന പദ്ധതികളുമായി സംയോജിപ്പിക്കുന്നതിനുള്ള ഒരു അവസരമായി ടൂറിസം വകുപ്പ് കണക്കാക്കുന്നു.

വിഴിഞ്ഞം, കൊച്ചി, ആലപ്പുഴ, കൊല്ലം, ബേപ്പൂര്‍, നീണ്ടകര, കായംകുളം എന്നിവിടങ്ങളിലെ തുറമുഖങ്ങളില്‍ നിന്ന് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്തി ടൂറിസ്റ്റ് സര്‍ക്യൂട്ടുകള്‍ വികസിപ്പിക്കുക എന്നതാണ് പദ്ധതി. സര്‍ക്കാര്‍ നയത്തിന് അംഗീകാരം നല്‍കിയാല്‍, ക്രൂസ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്ന് കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍ എസ് പിള്ള പറഞ്ഞു.

സംസ്ഥാനത്ത് ക്രൂസ് ടൂറിസം രംഗത്ത് വലിയ സാധ്യതകളുണ്ട്. സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് എല്ലാ ആഡംബര സൗകര്യങ്ങളുള്ള, വ്യത്യസ്ത ഇരിപ്പിട ശേഷിയുള്ള കപ്പലുകള്‍ പ്രവര്‍ത്തിപ്പിക്കാനാകും. ബംഗലൂരു, ഗോവ എന്നിവ ബന്ധിപ്പിച്ചുള്ള അന്തര്‍ സംസ്ഥാന, അല്ലെങ്കില്‍ അന്തര്‍ ജില്ല റൂട്ടുകളില്‍ പ്രവര്‍ത്തിക്കാനാകുമെന്ന് എന്‍ എസ് പിള്ള പറഞ്ഞു. കൊച്ചിയില്‍ പകല്‍ സമയങ്ങളില്‍ മാത്രമാണ് ക്രൂസ് സര്‍വീസുകള്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ ക്രൂയിസ് നയത്തിലൂടെ കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാനാകുമെന്നും എന്‍എസ് പിള്ള കൂട്ടിച്ചേര്‍ത്തു.

ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു; നാലുദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴ

ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു; നാലുദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴ

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത നാലു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് ശക്തി പ്രാപിച്ചത്.

വരുംമണിക്കൂറുകളില്‍ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലൂടെ വടക്ക് – വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം തുടര്‍ന്നുള്ള 24 മണിക്കൂറില്‍ വടക്കു -വടക്കു കിഴക്ക് ദിശയില്‍ സഞ്ചരിച്ചു ശക്തി കുറയാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതിനിടെ സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.

പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും താപനില ഉയരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.