നെറ്റ്‌വർക്കില്ലെങ്കിലും പേയ്മെന്റ് നടത്താം! യു പി ഐ ടാപ്പ് ആൻഡ് പേയുമായി ആർബിഐ; പ്രധാന ഫീച്ചറുകൾ അറിയാം

നെറ്റ്‌വർക്കില്ലെങ്കിലും പേയ്മെന്റ് നടത്താം! യു പി ഐ ടാപ്പ് ആൻഡ് പേയുമായി ആർബിഐ; പ്രധാന ഫീച്ചറുകൾ അറിയാം

ഫോണിൽ ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും യു പി ഐ വഴി പണമടയ്ക്കാൻ സഹായിക്കുന്ന പുതിയ സംവിധാനം അവതരിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ‘യു പി ഐ ടാപ്പ് ആൻഡ് പേ’ (UPI Tap and Pay), എ.ഐ അധിഷ്ഠിത കസ്റ്റമർ സപ്പോർട്ട് പ്ലാറ്റ്‌ഫോമായ ‘മൈ യു പി ഐ’ (MyUPI) എന്നീ പദ്ധതികളാണ് ആർ ബി ഐ ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിച്ചത്. ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ സുരക്ഷിതവും ലളിതവുമാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ രാജ്യത്തെ ഡിജിറ്റൽ ഇടപാടുകളുടെ 89 ശതമാനവും യു പി ഐ വഴിയാണ് നടക്കുന്നത്.

കോൺടാക്റ്റ്‌ലെസ് ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതിന് സമാനമായ രീതിയിലാണ് യു പി ഐ ടാപ്പ് ആൻഡ് പേ പ്രവർത്തിക്കുന്നത്. എൻ എഫ്സി സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട്ഫോണുകൾ അൺലോക്ക് ചെയ്ത്, എൻ എഫ് സി സപ്പോർട്ടുള്ള പി.ഒ.എസ് (POS) മെഷീനിൽ ടാപ്പ് ചെയ്താൽ പണമടയ്ക്കാം. ഈ സമയത്ത് ഉപയോക്താവിന്റെ ഫോണിൽ മൊബൈൽ ഡാറ്റ ആവശ്യമായി വരുന്നില്ല. പി ഒ എസ് മെഷീന്റെ ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിച്ചാണ് ഇടപാട് പൂർത്തിയാകുന്നത്.

5,000 രൂപ വരെയുള്ള ചെറിയ തുകകളുടെ ഇടപാടുകൾക്ക് യു പി ഐ പിൻ ടൈപ്പ് ചെയ്യേണ്ട ആവശ്യവുമില്ല. എന്നാൽ 5,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് പിൻ നമ്പർ നൽകേണ്ടിയും വരും. റുപേ ക്രെഡിറ്റ് കാർഡുകൾ ഉൾപ്പെടെയുള്ള എല്ലാ യു പി ഐ ലിങ്ക്ഡ് അക്കൗണ്ടുകൾ വഴിയും ഈ സേവനം ഉപയോഗിക്കാം.

എന്താണ് മൈ യു പി ഐ ?

നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) വികസിപ്പിച്ച എ.ഐ സപ്പോർട്ട് ഉള്ള ഉപഭോക്തൃ സേവന പ്ലാറ്റ്‌ഫോമാണ് മൈ യു പി ഐ. എൻ പി സി ഐയുടെ എഫ്.ഐ.എം.ഐ (FiMI) സ്മോൾ ലാംഗ്വേജ് മോഡലിനെ അടിസ്ഥാനമാക്കിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഉപയോക്താവിന്റെ അക്കൗണ്ട് ദുരുപയോഗം ചെയ്യപ്പെട്ടതായി സംശയം തോന്നിയാൽ ഉടൻ തന്നെ യു പി ഐ വഴി പണം നഷ്ടപ്പെടുന്നത് തടയാൻ സഹായിക്കുന്ന ഫീച്ചറാണിത്. സ്വന്തം മൊബൈൽ നമ്പർ വഴി യു.പി.ഐ പേയ്‌മെന്റുകൾ ലഭിക്കുന്നത് തടയാൻ ഇതിലൂടെ സാധിക്കും.

ആദ്യ സന്ദര്‍ശനം, ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ

ആദ്യ സന്ദര്‍ശനം, ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ

ഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ഇന്ത്യയില്‍ എത്തി. ഏഴ് വര്‍ഷത്തിനിടെ അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. അതുകൊണ്ട് തന്നെ ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ഇരു രാജ്യങ്ങളും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുമ്പോള്‍ ശനിയാഴ്ച വൈകുന്നേരം നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി- ഷീ ജിന്‍പിങ് ഉഭയകക്ഷി ചര്‍ച്ചയെ ഏറെ പ്രാധാന്യത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്. വ്യാപാര, നിക്ഷേപ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയും ചൈനയും തമ്മില്‍ അടുത്തിടെ നടന്ന ഉന്നതതല ഇടപെടലുകളുടെ തുടര്‍ച്ചയായാണ് ഈ സന്ദര്‍ശനം.

ഷീ ജിന്‍പിങ്ങിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികളുടെ പങ്കാളിത്തത്തോടെ ഉയര്‍ന്ന തലത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ചൈനീസ് പ്രസിഡന്റ് താമസിക്കുന്ന ഹോട്ടലിന് ചുറ്റുമുള്ള പ്രദേശം നോ- ഫ്‌ലൈ സോണ്‍ ആയി പ്രഖ്യാപിക്കും. ഭീകര വിരുദ്ധ ടീമുകളെയും ബോംബ് സ്‌ക്വാഡുകളെയും പ്രദേശത്ത് വിന്യസിക്കും. കൂടാതെ താമസിക്കുന്ന ഹോട്ടലില്‍ വിപുലമായ സുരക്ഷാ പരിശോധനകള്‍ നടത്തും. ആണവ, റേഡിയേഷന്‍, ജൈവ രാസ ഭീഷണികള്‍ കണ്ടെത്തുന്നതിനുള്ള നടപടികള്‍ പരിശോധനയുടെ ഭാഗമാണ്. കെട്ടിട സമുച്ചയത്തിന് ചുറ്റുമുള്ള ഭൂഗര്‍ഭ പൈപ്പ് ലൈനുകളും മറ്റ് ഇന്‍ഫ്രാസ്ട്രക്ചറുകളും പരിശോധിക്കും.

സന്ദര്‍ശനത്തിന് ഏകദേശം 10 ദിവസം മുന്‍പ് ചൈന ഒരു കാര്‍ഗോ വിമാനത്തില്‍ ഷീ ജിന്‍പിങ്ങിന്റെ ഹോങ്ഖി സ്‌റ്റേറ്റ് ലിമോസിന്‍, ഒരു ബാക്കപ്പ് വാഹനം, ആശയവിനിമയ ഉപകരണങ്ങള്‍ എന്നിവ ഇന്ത്യയിലെത്തിച്ചതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ചൈനീസ് പ്രസിഡന്റ് ഏകദേശം 24 മണിക്കൂര്‍ ഇന്ത്യയില്‍ തുടരുമെന്നാണ് കരുതുന്നത്. ഞായറാഴ്ച രാവിലെ 11 മണിയോടെ ഭാരത് മണ്ഡപത്തില്‍ നിന്ന് വിമാനത്താവളത്തിലേക്ക് തിരിക്കും.

എയര്‍ ചൈന പ്രവര്‍ത്തിപ്പിക്കുന്ന പരിഷ്‌കരിച്ച ബോയിങ് 747-8 വിമാനത്തിലാണ് ഷീ ജിന്‍പിങ് യാത്ര ചെയ്യുന്നത്. വാണിജ്യ യാത്രാ ജെറ്റായിരുന്ന ഈ വിമാനം 2014ലാണ് എയര്‍ചൈനയുടെ സേവനത്തിന്റെ ഭാഗമായത്. എന്‍ക്രിപ്റ്റ് ചെയ്ത സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് ഘടിപ്പിച്ച ഈ വിമാനം വഴി ഷീ ജിന്‍പിങ്ങിന് ചൈനീസ് സര്‍ക്കാരുമായും സൈനിക കമാന്‍ഡ് സെന്റുകളുമായും ബന്ധപ്പെടാന്‍ സാധിക്കും. ഉച്ചകോടിയുടെ ഭാഗമായി ഡല്‍ഹിയിലുടനീളം സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്. 15,000ലധികം പൊലീസ് ഉദ്യോഗസ്ഥരെയും 200 കമ്പനി പാരാമിലിട്ടറി സേനയെയും വിന്യസിച്ചിട്ടുണ്ട്.

മരണാനന്തര അവയവദാനത്തിലൂടെ ആറുപേർക്ക് പുതുജീവനേകി യുവസൈനികൻ

മരണാനന്തര അവയവദാനത്തിലൂടെ ആറുപേർക്ക് പുതുജീവനേകി യുവസൈനികൻ

തിരുവനന്തപുരം: മരണാനന്തര അവയവദാനത്തിലൂടെ ആറുപേർക്ക് പുതുജീവനേകി യുവസൈനികൻ. കൊല്ലം കല്ലുവാതുക്കൽ സ്വദേശി രാഹുലാണ് മരണശേഷവും ആറുപേരിലൂടെ ജീവിക്കുന്നത്.

ഹിമാചൽ പ്രദേശിൽ സൈനിക സേവനത്തിലായിരുന്ന രാഹുൽ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. തുടർന്ന് തിരുവനന്തപുരം എസ്.പി ഫോർട്ട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാഹുലിന് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.

ഉറ്റവരുടെ വേർപാടിലും അവയവദാനത്തിന് ബന്ധുക്കൾ സന്നദ്ധരാകുകയായിരുന്നു. രാഹുലിന്റെ വൃക്കകൾ, ഹൃദയ വാൽവ്, കരൾ, കോർണിയ, ചർമം എന്നിവയാണ് ദാനം ചെയ്യുന്നത്.

ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കടയ്ക്കല്‍ സ്വദേശിയായ ടിടിഇ അറസ്റ്റില്‍

ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കടയ്ക്കല്‍ സ്വദേശിയായ ടിടിഇ അറസ്റ്റില്‍

തൃശൂര്‍: ട്രെയിനില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ അറസ്റ്റില്‍. കൊല്ലം കടയ്ക്കല്‍ സ്വദേശി ഷിജുവാണ് അറസ്റ്റിലായത്. ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തൃശൂരിനും വള്ളത്തോള്‍ നഗറിനും ഇടയില്‍ വച്ച് യുവതിയുടെ സ്വകാര്യഭാഗത്ത് കടന്നുപിടിച്ചതായാണ് പരാതി. തിരുവനന്തപുരം ഡിവിഷനിലെ ഇയാള്‍ അമിതമായ മദ്യലഹരിയില്‍ ആയിരുന്നു എന്ന് പൊലീസ് പറഞ്ഞു. യുവതിയും ഭര്‍ത്താവും ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്നു. റിസര്‍വേഷന്‍ കോച്ചിലാണ് സംഭവം. ഇരുവര്‍ക്ക് വ്യത്യസ്ത ഇടങ്ങളിലാണ് സീറ്റുകള്‍ ലഭിച്ചിരുന്നത്.

നിസാമുദ്ദീന്‍ എക്സ്പ്രസില്‍ ഇന്നലെ ഉച്ചയ്ക്ക് 3:30ഓടെയാണ് സംഭവം. സംഭവത്തിനുശേഷം യുവതി റെയില്‍വേ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ട്രെയിന്‍ ഷൊര്‍ണൂരില്‍ എത്തിയപ്പോള്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ച; നാളെ ഗുരുവായൂരില്‍ 430ലേറെ വിവാഹങ്ങള്‍, അറിയാം പ്രത്യേക ക്രമീകരണങ്ങള്‍

ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ച; നാളെ ഗുരുവായൂരില്‍ 430ലേറെ വിവാഹങ്ങള്‍, അറിയാം പ്രത്യേക ക്രമീകരണങ്ങള്‍

തൃശൂര്‍: ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ നാളെ (സെപ്റ്റംബര്‍ 13) ഗുരുവായൂരില്‍ ശീട്ടാക്കിയത് 430 ലേറെ വിവാഹങ്ങള്‍. സ്‌പോട്ട് ബുക്കിങ്ങ് കൂടി ഉള്ളതിനാല്‍ ഇനിയും വിവാഹങ്ങള്‍ കൂടാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ ക്ഷേത്ര ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താന്‍ ഭക്തരുടെ സഹായവും സഹകരണവും പ്രതീക്ഷിക്കുകയാണെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥ്, അഡ്മിനിസ്‌ട്രേറ്റര്‍ എസ് ഹരിഗോപാല്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും. അഭൂതപൂര്‍വ്വമായ ഭക്തജനതിരക്ക് കണക്കി ലെടുത്ത് ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി ക്ഷേത്രത്തിനകത്തും പുറത്തും ക്ഷേത്രനഗരിയിലും അധികം പൊലീസിനെ വിന്യസിക്കും.

വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍

വിവാഹങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പുലര്‍ച്ചെ 4 മണി മുതല്‍ കല്യാണങ്ങള്‍ നടത്തും. താലികെട്ടിനായി 6 മണ്ഡപങ്ങള്‍ സജ്ജമാക്കും. താലികെട്ട് ചടങ്ങ് നിര്‍വ്വഹിക്കാന്‍ ക്ഷേത്രം കോയ്മാരെ വിവാഹ മണ്ഡപത്തിലേക്ക് അധികമായി നിയോഗിക്കും. സമീപം മംഗള വാദ്യസംഘത്തെയും നിയോഗിക്കും. ക്ഷേത്രം കിഴക്കേ നട പൂര്‍ണ്ണമായും വണ്‍വേ ആക്കും. ഒരു ദിശയിലേക്ക് മാത്രം ഭക്തരെ കടത്തിവിട്ട് തിരക്ക് നിയന്ത്രിക്കും.

വരനും വധുവുമടങ്ങുന്ന വിവാഹസംഘം നേരത്തെയെത്തി മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തിന് തെക്ക് പുതിയ നടപ്പന്തലിലെ കൗണ്ടറിലെത്തി ആദ്യം ടോക്കണ്‍ വാങ്ങണം. ഇവര്‍ക്ക് ആ പന്തലിലെത്തി വിശ്രമിക്കാം. താലികെട്ട് സമയമാകുമ്പോള്‍ ഇവരെ മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ പ്രവേശിപ്പിക്കും. തുടര്‍ന്ന് കിഴക്കേ നട മണ്ഡപത്തിലെത്തി ഊഴമെത്തുമ്പോള്‍ വിവാഹ ചടങ്ങ് നടത്താം. കല്യാണം കഴിഞ്ഞാല്‍ വിവാഹ സംഘംക്ഷേത്രം തെക്കേ നട വഴി മടങ്ങി പോകണം. കിഴക്കേ നടവഴി മടങ്ങാന്‍ അനുവദിക്കില്ല. വധുവരന്‍മാര്‍ ക്കൊപ്പം ഫോട്ടോഗ്രാഫര്‍മാര്‍ ഉള്‍പ്പെടെ 24 പേര്‍ക്കേ മണ്ഡപത്തിന് സമീപംപ്രവേശനം അനുവദിക്കൂ. ചടങ്ങിനെത്തുന്നവരുടെ എണ്ണം വധുവരന്‍ മാരുടെ കുടുംബാംഗങ്ങള്‍ പരമാവധി നിയന്ത്രിക്കണം.

ദര്‍ശന ക്രമീകരണം

സുഗമമായ ക്ഷേത്ര ദര്‍ശനത്തിനായി കൂടുതല്‍ സൗകര്യമൊരുക്കാന്‍ ക്ഷേത്രത്തില്‍ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല. ക്ഷേത്ര ചടങ്ങിനെത്തുന്നവര്‍ക്കും ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്കും കരുതലും സഹായവുമൊരുക്കി ദേവസ്വം ജീവനക്കാരും സെക്യൂരിറ്റി വിഭാഗവും പൊലീസും ഉണ്ടാകും. മഫ്ടിയില്‍ ക്ഷേത്രത്തിനകത്തും പൊലീസിനെ വിന്യസിക്കും. പോക്കറ്റടിക്കാര്‍, സാമൂഹ്യവിരുദ്ധര്‍ എന്നിവരെ കര്‍ശനമായി അമര്‍ച്ച ചെയ്യാന്‍ പൊലീസിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.

സിസിടിവി നിരീക്ഷണം

ക്ഷേത്രത്തിനകത്തും പുറത്തും ക്ഷേത്രനഗരിയിലും ഉള്ള സിസിടിവി കാമറകള്‍ പ്രവര്‍ത്തനക്ഷമമാക്കും. 24 മണിക്കൂറും സിസിടിവി നിരീക്ഷണം ശക്തമാക്കാന്‍ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നിയമ നടപടി എടുക്കും. റോഡുകളില്‍ പാര്‍ക്കിങ്ങ് അനുവദിക്കില്ല.

വിവാഹത്തിനും ദര്‍ശനത്തിനും ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ ക്ഷേത്രം ഇന്നര്‍ റിംഗ്, ഔട്ടര്‍ റിങ്ങ് റോഡുകളില്‍ വാഹന പാര്‍ക്കിങ്ങ് അനുവദിക്കില്ല. പാര്‍ക്കിങ്ങ് അനുവദനീയ കേന്ദ്രങ്ങളില്‍ മാത്രം. ദേവസ്വം ശ്രീകൃഷ്ണ എച്ച് എസ് എസ്. ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മൈതാനങ്ങളില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാം. ക്ഷേത്ര പരിസരത്ത് ഭക്തജനങ്ങള്‍ക്ക് യഥേഷ്ടം കുടിവെള്ളം ലഭ്യമാക്കും. അടിയന്തര സന്ദര്‍ഭത്തില്‍ ആംബുലന്‍സിനും ഫയര്‍ഫോഴ്‌സിനും പ്രത്യേക വഴിയൊരുക്കും. ഗുരുവായൂരിലേക്കുള്ള പ്രധാന റോഡ് മാര്‍ഗ്ഗങ്ങളായ കുന്നംകുളം -ഗുരുവായൂര്‍, ചൂണ്ടല്‍- ഗുരുവായൂര്‍, ചാവക്കാട്-ഗുരുവായൂര്‍ എന്നീ പാതകളുടെ ഓരത്ത് വാഹനങ്ങള്‍ കൂട്ടമായി പാര്‍ക്ക് ചെയ്യാതിരിക്കാന്‍ യാത്രക്കാര്‍ ശ്രദ്ധിക്കണമെന്നും ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.