തിരുവനന്തപുരത്ത് എസ്ഐക്ക് കുത്തേറ്റു; ആക്രമിച്ചത് കഞ്ചാവ് കേസ് പ്രതി

തിരുവനന്തപുരത്ത് എസ്ഐക്ക് കുത്തേറ്റു; ആക്രമിച്ചത് കഞ്ചാവ് കേസ് പ്രതി

തിരുവനന്തപുരം പൂജപ്പുരയിൽ പൊലീസിനെ ആക്രമിച്ച് കഞ്ചാവ് കേസ് പ്രതി. എസ്‌ഐ സുധീഷിന് കുത്തേറ്റു. ശ്രീജിത്ത് ഉണ്ണി എന്നയാളാണ് ആക്രമിച്ചത്. എസ്ഐയെ കുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ രാത്രിയാണ് സംഭവം. കല്ലറമടം ക്ഷേത്രത്തിന് സമീപം ചിലര്‍ മദ്യപിച്ച് ബഹളം വെക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കള്‍ കണ്ടെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രതി പൊലീസിന് നേരെ തിരിഞ്ഞത്.

അരയില്‍ കരുതിയിരുന്ന കത്തിയെടുത്ത് വീശുകയായിരുന്നു. എസ്ഐ സുധീഷിന്റെ വയറ്റിൽ കുത്താനാണ് പ്രതി ശ്രമിച്ചത്. തടയുന്നതിനിടെ കയ്യിൽ പരുക്കേൽക്കുകയായിരുന്നു. കാപ്പ കേസ് പ്രതിയായ ശ്രീജിത്ത് ഉണ്ണി മൂന്ന് ദിവസം മുന്‍പാണ് ജയിലില്‍ നിന്ന് ഇറങ്ങിയത്. കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ്
പ്രതി പൊലീസിനെ ആക്രമിച്ചത് എന്നാണ് എഫ്‌ഐആര്‍.

സി.പി.ഐ ഒറ്റൂർ ലോക്കൽ സമ്മേളനം സംഘടിപ്പിച്ചു

സി.പി.ഐ ഒറ്റൂർ ലോക്കൽ സമ്മേളനം സംഘടിപ്പിച്ചു

കല്ലമ്പലം: ഞെക്കാട് കേന്ദ്രീകരിച്ച് പുതിയ വില്ലേജ് ഓഫീസ് അനുവദിക്കണമെന്ന് സി.പി.ഐ ഒറ്റൂർ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഞെക്കാട് വെട്ടിമൺകോണം മേഖലയിലുള്ളവർ ഒറ്റൂര് വില്ലേജ് ഓഫീസിൽ എത്തണമെങ്കിൽ നിരവധി ബസ്സുകൾ കയറിയിറങ്ങണം. കാരണം ഒറ്റൂർ വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത് മണമ്പൂരിനടുത്താണ്. നിലവിൽ ഞെക്കാട്, വെട്ടിമൺകോണം മേഖല പകുതി ഒറ്റൂർ വില്ലേജിന് കീഴിലും പകുതി ചെമ്മരുതി വില്ലേജിന് കീഴിലുമാണ്.

ചെമ്മരുതി വില്ലേജ് ഓഫീസിൽ എത്തണമെങ്കിലും ഇതേ അവസ്ഥയാണ് തദ്ദേശവാസികൾ നേരിടുന്നത്. രണ്ട് ബസ്സുകൾ കയറിയാൽ മാത്രമേ ചെമ്മരതി വില്ലേജ് ഓഫീസിൽ എത്തിച്ചേരുവാൻ കഴിയൂ. ഈ അവസ്ഥ ഒഴിവാക്കുവാൻ ഞെക്കാട് കേന്ദ്രമാക്കി പുതിയ വില്ലേജ് ഓഫീസ് അനുവദിക്കണമെന്നാണ് സി.പി.ഐ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.

സി.പി.ഐ ഒറ്റൂർ ലോക്കൽ സമ്മേളനം ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി സി.എസ്.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഡ്വ.മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. വി.ശശി എം.എൽ.എ, മണ്ഡലം സെക്രട്ടേറിയറ്റ് അംഗം അഡ്വ.എം.മുഹ്സിൻ, കല്ലമ്പലം ഗോപാലകൃഷ്ണക്കുറുപ്പ്, കെ.ആർ.അനിൽ ദത്ത്, പി.എസ്.ആൻ്റസ്, മുകുന്ദൻ ബാബു എന്നിവർ പ്രസംഗിച്ചു. സമ്മേളനം സെക്രട്ടറിയായി ഒറ്റൂർ സുലിയെയും അസിസ്റ്റൻ്റ് സെക്രട്ടറിയായി മോഹനൻ നായരെയും തെരഞ്ഞെടുത്തു.

ക്യാംപസ് പ്ലേസ്മെന്റ് സംഘടിപ്പിച്ചു

ക്യാംപസ് പ്ലേസ്മെന്റ് സംഘടിപ്പിച്ചു

ചിറയിൻകീഴ്: മുസലിയാർ എഞ്ചിനീയറിംഗ് കോളേജും സിവിൽ എഞ്ചിനീയറിംഗ് വിഭാഗവും സംയുക്തമായി കോളേജ് ക്യാമ്പസിൽ വച്ച് പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിച്ചു. സിവിൽ കൺസ്ട്രക്ഷൻ മേഖലയിലുള്ള 10ഓളം കമ്പനികൾ പങ്കെടുത്തു.തിരുവനന്തപുരം, കൊല്ലം ജില്ലയിലെ വിവിധ എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്നും നൂറോളം വിദ്യാർഥികൾ പങ്കെടുത്തു.

മദ്യപാനത്തിനിടെ തർക്കം; സുഹൃത്തിനെ അടിച്ചു കൊന്നു

മദ്യപാനത്തിനിടെ തർക്കം; സുഹൃത്തിനെ അടിച്ചു കൊന്നു

കിളിമാനൂർ: സുഹൃത്തുക്കൾ തമ്മിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ അടിയേറ്റ് യുവാവ് മരിച്ചു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കാട്ടുമ്പുറം അരിവാരിക്കുഴി വടക്കുംകര പുത്തൻ വീട്ടിൽ ഉണ്ണി വത്സല ദമ്പതികളുടെ മകൻ അഭിലാഷ് (28) ആണ് മരിച്ചത്.

ടയർ റീ ട്രയിഡിങ് തൊഴിലാളിയാണ്. ഇയാളുടെ സുഹൃത്തും പുളിമാത്ത് പന്തടിക്കളം അങ്കണവാടിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന അരുൺ (38) നെയാണ് സംഭവവുമായി ബന്ധപ്പെട്ട് കിളിമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. വൈകുന്നേരത്താണ് സംഭവം നടന്നതെന്നാണ് പുറത്തു വരുന്ന വിവരം. പന്തടിക്കളം അങ്കണവാടിക്ക് സമീപമുള്ള വാടകവീട് കേന്ദ്രീകരിച്ച് മദ്യപാനം നടക്കുക പതിവാണെന്ന് നാട്ടുകാർ പറയുന്നു.

ഒറ്റയടിക്ക് 840 രൂപയുടെ വര്‍ധന; സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തില്‍, 67,000ലേക്ക്

ഒറ്റയടിക്ക് 840 രൂപയുടെ വര്‍ധന; സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തില്‍, 67,000ലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് ഒറ്റയടിക്ക് 840 രൂപ വര്‍ധിച്ചതോടെയാണ് 20ന് രേഖപ്പെടുത്തിയ 66,480 രൂപ എന്ന റെക്കോര്‍ഡ് ഭേദിച്ചത്. നിലവില്‍ 66,720 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഗ്രാമിന് ആനുപാതികമായി 105 രൂപയാണ് കൂടിയത്. 8340 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

20ന് 66,480 രൂപയായി ഉയര്‍ന്നതിന് പിന്നാലെ അടുത്ത ദിവസങ്ങളില്‍ സ്വര്‍ണവില കുറയുന്നതാണ് കണ്ടത്. പവന് ആയിരം കുറഞ്ഞ ശേഷം ബുധനാഴ്ച മുതലാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.