by Midhun HP News | Mar 27, 2025 | Latest News, കേരളം
കല്‍പ്പറ്റ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീട് നഷ്ടമായവര്‍ക്കുള്ള ഭവനം അടക്കം ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിന് ഇന്ന് തറക്കല്ലിടും. മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലാണ് ടൗണ്‍ഷിപ്പ് ഉയരുക.വ്യാഴാഴ്ച വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് തറക്കല്ലിടും.
കല്‍പ്പറ്റ ബൈപ്പാസിനോടു ചേര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടറില്‍ 7 സെന്റ് വീതമുള്ള പ്ലോട്ടുകളിലാണ് 1000 ചതുരശ്ര അടി ഒറ്റനില വീടുകള്‍ നിര്‍മിക്കുന്നത്. ഭാവിയില്‍ ഇരുനിലയാക്കാനാകുംവിധമാകും അടിത്തറ. ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാര്‍ക്കറ്റ്, കമ്യൂണിറ്റി സെന്റര്‍, മള്‍ട്ടി പര്‍പ്പസ് ഹാള്‍, ലൈബ്രറി എന്നിവയും ടൗണ്‍ഷിപ്പിലുണ്ടാകും. ആറുമാസംകൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കും. ടൗണ്‍ഷിപ്പിലേക്ക് വരാത്ത കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപവീതം നല്‍കും.
2024 ജൂലൈ 30ന് പുലര്‍ച്ചെയാണ് വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടിയത്. നാടാകെ ഒലിച്ചുപോയി. 298പേര്‍ ദുരന്തത്തില്‍ മരിച്ചു. അന്നേവരെ കാണാത്ത രക്ഷാപ്രവര്‍ത്തനത്തിന് രാജ്യം സക്ഷിയായി. ദുരിതാശ്വാസ ക്യാമ്പ് ഒരുകുടുംബമായി. സമൂഹ അടുക്കളകളില്‍ മനുഷ്യര്‍ സ്നേഹം പാകം ചെയ്തു. മണ്ണിനടിയില്‍ ജീവനുള്ള ഒറ്റമനുഷ്യരും ശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കുംവരെ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. നിയമതടസ്സങ്ങള്‍ മറികടന്ന് ഏഴ് മാസങ്ങള്‍ക്കിപ്പുറമാണ് ടൗണ്‍ഷിപ്പ് നിര്‍മ്മാണം ആരംഭിക്കുന്നത്.
by Midhun HP News | Mar 27, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ സമരത്തെ പിന്തുണച്ച് 22 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര യൂണിയന്‍ ഫെഡറേഷനായ പബ്ലിക് സര്‍വീസസ് ഇന്റര്‍നാഷണലിന്റെ (പിഎസ്‌ഐ) പിന്തുണ. ആശാ വര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ പരിഹരിക്കണമെന്ന് പിഎസ്‌ഐ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. 22 രാജ്യങ്ങളിലെ മൂന്ന് കോടി തൊഴിലാളികള്‍ അംഗമായിട്ടുള്ള 122 യൂണിയനുകളെ പ്രതിനിധീകരിക്കുന്ന സംഘടനയാണിത്.
ആശ വര്‍ക്കര്‍മാര്‍ക്ക് ന്യായവും മാന്യവുമായ തൊഴില്‍ സാഹചര്യങ്ങള്‍ ഉറപ്പാക്കി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കത്തക്കവണ്ണം കേരളം അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് പിഎസ്‌ഐയുടെ റീജിയണല്‍ സെക്രട്ടറി കേറ്റ് ലാപ്പിന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
‘ഇന്ത്യയില്‍ പത്ത് ലക്ഷത്തിലധികം ആശ വര്‍ക്കര്‍മാരുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു. പൊതുജനാരോഗ്യത്തിനും സുസ്ഥിര വികസനത്തിനും കമ്മ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കര്‍മാരുടെ സേവനം അത്യന്താപേക്ഷിതമാണ്, ഇവരുടേത് ഒരു ജോലിയായി കണക്കാക്കണം, ജീവിക്കാനുള്ള വേതനം, ബഹുമാനം, അംഗീകാരം എന്നിവ ഇവര്‍ അര്‍ഹിക്കുന്നു.’ സംഘടന കത്തില്‍ ചൂണ്ടിക്കാട്ടി.
‘ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കമ്മ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ വഹിക്കുന്ന ജോലി, സാമ്പത്തിക പാക്കേജിന്റെ വ്യവസ്ഥകള്‍, ധനസഹായം നല്‍കുന്നതിലെ ഉത്തരവാദിത്തങ്ങള്‍, ജോലി സാഹചര്യങ്ങള്‍, വേതനം, തൊഴിലാളി അവകാശങ്ങള്‍ എന്നിവ വ്യക്തമാക്കുന്ന നയങ്ങള്‍ ആവിഷ്‌കരിക്കാനും സര്‍ക്കാരുകളോട് ആവശ്യപ്പെടുന്നു.’ പിഎസ്‌ഐ കത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരുമായി ഈ വിഷയം ചര്‍ച്ച ചെയ്യാനും അധികൃതര്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
by Midhun HP News | Mar 26, 2025 | Latest News, കേരളം
ആറ്റിങ്ങൽ: മലയാളത്തിൻ്റെ ലാലേട്ടൻ്റെപൃഥ്വി ജിൻ്റെയുംഏറ്റവും പുതിയ ചിത്രം എംമ്പുരാൻ വ്യാഴാഴ്ച റിലീസ് ആവുകയാണ്. റിലീസിന് മുമ്പേ വ്യാപകമായി ടിക്കറ്റുകൾ വിറ്റഴിഞ്ഞ ചിത്രമാണ് എംമ്പുരാൻ. ഈ ചിത്രത്തിൻ്റെ ടിക്കറ്റുകളാണ് സ്വയംവര മാനേജ്മെൻ്റ് തങ്ങളുടെ ജീവനക്കാർക്ക് ഉറപ്പാക്കിയത്. ജീവനക്കാരുടെ മാനസിക ഉല്ലാസത്തിനായി വിദേശ ടൂർ ഉൾപ്പെടെ അനുവദിച്ചു നൽകുന്ന ടെക്സ്റ്റൈൽ മാനേജ്മെൻ്റ് ആണ് സ്വയംവര. സ്വയംവരയുടെ 9 ബ്രാഞ്ചുകളിൽ നിന്നും ആയിരത്തിലേറെ ജീവനക്കാരും അവരുടെ കുടുംബങ്ങൾക്കും ടിക്കറ്റ് ലഭിക്കും.
പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻ ലാൽ ചിത്രം എംമ്പുരാൻ മലയാളത്തിൻ്റെ റിക്കോർഡുകൾ എല്ലാം ഭേദിച്ച് ആണ് തിയേറ്ററുകളിൽ എത്തുന്നത്. ഈ ചിത്രത്തിന് ആദ്യ ദിനങ്ങളിൽ തന്നെ പ്രധാന തിയേറ്ററുകളിൽ കാണാൻ അവസരം ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് ജീവനക്കാരും.
by Midhun HP News | Mar 26, 2025 | Latest News, കേരളം
കാസര്‍ക്കോട്: കാസര്‍ക്കോട് ബേഡടുക്ക പഞ്ചായത്തിലെ കൊളത്തൂരില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ വീണ്ടും പുലി കുടുങ്ങി. നിട്ടു വോട്ടെ എ ജനാര്‍ദനന്റെ റബ്ബര്‍ തോട്ടത്തില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ബുധനാഴ്ച രാവിലെ നാട്ടുകാര്‍ പുലിയെ കണ്ടെത്തിയത്.
കുറച്ചു മാസമായി പുലി ഭീഷണിയേ തുടര്‍ന്നാണ് കൂട് സ്ഥാപിച്ചത്. അഞ്ചു വയസ്സുള്ള ആണ്‍പുലിയാണ് ഇന്നു കുടുങ്ങിയത്. പുലിയെ പള്ളത്തുങ്കാലിലെ ഫോറസ്റ്റ് ഓഫിസിലേക്കു മാറ്റി. ഫെബ്രുവരി 23ന് നെടുവോട്ട് സ്ഥാപിച്ച കൂട്ടില്‍ പെണ്‍പുലി കുടുങ്ങിയിരുന്നു.
by Midhun HP News | Mar 26, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള വയബിലിറ്റി ഗ്യാപ് ഫണ്ട് വായ്പയായി വാങ്ങാന്‍ സംസ്ഥാന മന്ത്രിസഭാ തീരുമാനം. വിജിഎഫ് ആയി 818 കോടി രൂപയാണ് ലഭിക്കുക. കേന്ദ്രം അനുവദിക്കുന്ന വിജിഎഫ് തുക ലാഭവിഹിതമായി തിരികെ നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യവസ്ഥ വെച്ചിട്ടുള്ളത്.
എന്നാല്‍ ഈ വ്യവസ്ഥയോട് കേരളം കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. വായ്പാ വ്യവസ്ഥ ഒഴിവാക്കണമെന്ന് കേരളസര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം അത് തള്ളിയിരുന്നു. കേരളം സ്വന്തം നിലയ്ക്ക് ഫണ്ട് കണ്ടെത്തുന്നതിന്റെ സാധ്യതകളും സര്‍ക്കാര്‍ തേടിയിരുന്നു. നബാര്‍ഡ് അടക്കമുള്ളവയില്‍ നിന്നും പകരം വായ്പ എടുക്കല്‍ എളുപ്പമാകില്ലെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് കേന്ദ്ര വായ്പ സ്വീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.
വായ്പ ആയിട്ട് മാത്രമേ തുക അനുവദിക്കൂ എന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഗ്രാന്റ് ആയി നല്‍കണണെന്നാണ് കേരളം ആവശ്യപ്പെട്ടതെന്ന് മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി. നിലവില്‍ വിജിഎഫ് തുക വാങ്ങാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഗ്രാന്റായി പണം നല്‍കണമെന്ന കാര്യത്തില്‍ തുടര്‍ന്നും കേന്ദ്രവുമായി ചര്‍ച്ചകള്‍ നടത്തുമെന്നും തുറമുഖമന്ത്രി വിഎന്‍ വാസവന്‍ കൂട്ടിച്ചേര്‍ത്തു.
വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്‍റെ പാരിസ്ഥിതിക അനുമതി ലഭിച്ചതായി മന്ത്രി വി എന്‍ വാസവന്‍ നേരത്തെ അറിയിച്ചിരുന്നു. രണ്ടും മൂന്നും ഘട്ട വികസനത്തിന്‍റെ ഭാഗമായി കണ്ടെയ്നർ ടെര്‍മിനല്‍ 1,200 മീറ്റര്‍ നീളത്തിലേക്ക് വിപുലീകരിക്കും. ബ്രേക്ക് വാട്ടറിന്‍റെ നീളം 900 മീറ്റര്‍ കൂടി വർധിപ്പിക്കും. തുറമുഖത്തിന്‍റെ രണ്ടും മൂന്നും നാലും ഘട്ടങ്ങളുടെ വികസനത്തിനായി 10,000 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. 2028ല്‍ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ സ്ഥാപിത ശേഷിയുള്ള കണ്ടെയ്നര്‍ ടെര്‍മിനല്‍ ആയി വിഴിഞ്ഞം രാജ്യാന്തര തുറമുഖം മാറുമെന്നും മന്ത്രി പറഞ്ഞു.
Recent Comments