by Midhun HP News | Mar 25, 2025 | Latest News, കേരളം
തൃശൂര്‍: അന്തിമഹാകാളന്‍ കാവ് വേലയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന കേസില്‍ ബിജെപി പുലാക്കോട് മുന്‍ മണ്ഡലം പ്രസിഡന്റ് മംഗലംകുന്ന് പങ്ങാരപ്പിള്ളി വെളുത്തേടത്ത് വി ഗിരീഷിനെ ചേലക്കര പൊലീസ് അറസ്റ്റ് ചെയ്തു. പങ്ങാരപ്പിള്ളി ദേശക്കാരന്‍ എന്ന വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അനൂപ് മങ്ങാട് എന്ന പേരില്‍ വേലയ്ക്കും വെടിക്കെട്ടിനുമെതിരെയും ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനുമായി പ്രകോപന പരാമര്‍ശം നടത്തിയെന്നാണ് പരാതി.
പങ്ങാരപ്പിള്ളി സ്വദേശി സുനില്‍, വേല കോഓര്‍ഡിനേഷന്‍ കമ്മിറ്റി എന്നിവരാണ് ഇതു സംബന്ധിച്ച് ചേലക്കര പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സൈബര്‍ സെല്‍ വിഭാഗം നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് അറസ്റ്റ്.അന്വേഷണത്തില്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഫേക്ക് അക്കൗണ്ട് ആയി അനൂപ് എന്ന പേരില്‍ സന്ദേശങ്ങള്‍ അയച്ചിരുന്നത് ഗിരീഷ് ആണെന്ന് കണ്ടെത്തുകയായിരുന്നു.
by Midhun HP News | Mar 25, 2025 | Latest News, ജില്ലാ വാർത്ത
കൊല്ലമ്പുഴ തോട്ടവാരം കുറുവറത്തുകാവ് അനന്തനാഗക്ഷേത്രത്തിലെ പ്രതിഷ്ഠ മഹോത്സവം ഇന്നും നാളെയും (മാർച്ച് 25, 26) നടക്കും. മാർച്ച് 26ന് രാവിലെ 9. 15നുമേൽ 12. 26നകം ദേവപ്രതിഷ്ഠ. തുടർന്ന് ദേവന് നൂറും പാലും. ഉച്ചയ്ക്ക് 12. 30ന് അന്നദാനം. വൈകുന്നേരം 6 നു സർപ്പബലിയും നടക്കും.
by Midhun HP News | Mar 25, 2025 | Latest News, കേരളം
ആലപ്പുഴ: വിവിധ കേസുകളില്‍ പ്രതിയായ ആളുടെ സുഹൃത്തായ പെണ്‍കുട്ടിക്ക് ഇന്‍സ്റ്റഗ്രാമിലൂടെ ‘ഹായ്’ മെസേജ് അയച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടില്‍വെച്ച് ആറുപേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. അരൂക്കുറ്റി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ വടുതലജെട്ടി തെക്കേകണിച്ചുകാട്ടില്‍ വീട്ടില്‍ ജിബിന്‍ ജോര്‍ജിനാണ് (29) മര്‍ദനമേറ്റത്.
ജിബിനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ അരൂക്കുറ്റി സ്വദേശിയായ പ്രഭജിത്ത്, സിന്തല്‍, കണ്ടാലറിയാവുന്ന നാലുപേര്‍ എന്നിവര്‍ക്കെതിരേ പൂച്ചാക്കല്‍ പൊലീസ് കേസെടുത്തു. പ്രതികള്‍ ഒളിവിലാണ്.
21 ന് രാവിലെ 11 മണിയോടെയാണ് സംഭവം. അരൂക്കുറ്റി- അരൂര്‍ പാലത്തിന്റെ ഇറക്കത്തില്‍ സ്‌കൂട്ടറിലിരുന്ന് ജിബിന്‍ മൊബൈല്‍ ഫോണ്‍ നോക്കുന്ന സമയത്ത് പ്രഭജിത്തും സിന്തലും വന്നിറങ്ങി. പ്രഭജിത്തിന്റെ സുഹൃത്തായ പെണ്‍കുട്ടിക്ക് ജിബിന്‍ മെസേജ് അയച്ചതറിഞ്ഞാണ് ഇരുവരും എത്തിയത്. അതിലൊരാള്‍ ജിബിന്റെ കരണത്തടിക്കുകയും സ്‌കൂട്ടറിന്റെ താക്കോല്‍ ഊരിയെടുക്കുകയും ചെയ്തു. തുടര്‍ന്ന് അതേ സ്‌കൂട്ടറില്‍ ജിബിനെ ബലമായി പിടിച്ചു നടുവിലിരുത്തി ഇരുവരും സ്‌കൂട്ടര്‍ ഓടിച്ചുപോയി.
പോയവഴി വണ്ടി നിര്‍ത്തി മര്‍ദനം തുടങ്ങി. അരൂക്കുറ്റി കളരിക്കല്‍ ഭാഗത്തെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് മര്‍ദനം തുടര്‍ന്നു. നാല് പേര്‍ കൂടി അവിടേയ്ക്ക് എത്തിയിരുന്നു. എല്ലാവരും ചേര്‍ന്നായിരുന്നു മര്‍ദനം. ജിബിന്റെ കൈകള്‍ പിന്നോട്ട് വലിച്ച് പിടിച്ച് അടിച്ചു. കൂടാതെ കഴുത്തില്‍ കയര്‍ കുരുക്കി മുറുക്കി. പൊലീസില്‍ അറിയിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ പോയത്.
പിറ്റേദിവസമാണ് ജിബിന്‍ അവിടെ നിന്ന് രക്ഷപ്പെട്ടത്. വടി, മരക്കഷ്ണം, പത്തല്‍ എന്നിവ ഉപയോഗിച്ച് മര്‍ദിച്ചുവെന്നാണ് ജിബിന്റെ മൊഴി. പ്രതികള്‍ ജിബിന്റെ മൊബൈല്‍ ഫോണ്‍ കൊണ്ടുപോയിട്ടുണ്ട്. തിങ്കളാഴ്ചയാണ് മര്‍ദന വിവരം പുറത്തു വന്നത്. പെണ്‍കുട്ടിയെ ജിബിന് നേരത്തെ പരിചയമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസിലെ ഒന്നാം പ്രതിയായ പ്രഭജിത്ത് മറ്റുപല കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതക ശ്രമം, തടങ്കലില്‍ പാര്‍പ്പിച്ചുള്ള മര്‍ദനം, കൂട്ടംചേര്‍ന്നുള്ള ആക്രമണം, തുടങ്ങിയവയ്ക്കാണ് കേസ്.
by Midhun HP News | Mar 25, 2025 | Latest News, ദേശീയ വാർത്ത
വാഷിംഗ്ടണ്‍: വൈറ്റ് ഹൗസ് പിരിച്ചുവിട്ട ആയിരക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരെ വീണ്ടും നിയമിക്കണമെന്നുള്ള കീഴ്‌ക്കോടതിയുടെ വിധിയ്ക്ക് സ്റ്റേ നല്‍കണമെന്ന് സുപ്രീംകോടതിയോട് അഭ്യര്‍ത്ഥിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. കുടിയേറ്റം, സര്‍ക്കാര്‍ ചെലവുകള്‍ തുടങ്ങിയവയില്‍ ഇതിനോടകം ജഡ്ജിമാര്‍ പല തരത്തില്‍ സര്‍ക്കാര്‍ നയങ്ങളില്‍ തടസപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ടെന്നാണ് ട്രംപിന്റെ ആക്ടിംഗ് സോളിസിറ്റര്‍ ജനറല്‍ സാറാ ഹാരിസിന്റെ പ്രതികരണം. ഫെഡറല്‍ വേതന ബില്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ട്രംപ് പിരിച്ചു വിട്ട 16,000 ത്തിലധികം പ്രൊബേഷണറി തൊഴിലാളികളെ വീണ്ടും നിയമിക്കണമെന്ന് ഒരു ജഡ്ജി വൈറ്റ് ഹൗസിനോട് നേരത്തെ ഉത്തരവിട്ടിരുന്നു.
ഇതിനിടെ, ഫുള്‍ബ്രൈറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഫണ്ടിംഗ് സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള ധനസഹായം മരവിപ്പിക്കാനുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ തീരുമാനം ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ആശങ്കയിലാക്കി. വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ഈ തീരുമാനം വിദ്യാര്‍ത്ഥികളെ തള്ളിവിടും. കോഴ്‌സ് പാതിവഴിയിലെത്തിയ പലരും ഇനി എന്ത് ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ്. വിവിധ വകുപ്പുകള്‍ക്കുള്ള സാമ്പത്തിക സഹായം പുനര്‍നിര്‍ണയിക്കാന്‍ ട്രംപ് സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് നടപടി. അതേസമയം യൂണിവേഴ്‌സിറ്റികള്‍ നേരിട്ട് നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍ളെ ഇത് ബാധിക്കില്ല. സര്‍ക്കാര്‍ ഫണ്ട് ചെയ്യുന്ന സ്‌കോളര്‍ഷിപ്പുകളാണ് മരവിപ്പിച്ചത്.
യുഎസില്‍ ദൈനംദിന ചെലവുകള്‍ക്കായി സ്‌റ്റൈപ്പന്‍ഡിനെയാണ് വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കുന്നത്. സ്‌കോളര്‍ഷിപ്പുകള്‍ നിലയ്ക്കുന്നതോടെ സ്വയം ചെലവുകള്‍ വഹിക്കേണ്ടിവരും. യുഎസിലെ വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവും ഫീസുമെല്ലാം കണക്കിലെടുക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് താങ്ങാനാവില്ല. ഫെഡറല്‍ ഉദ്യോഗസ്ഥര്‍ വ്യക്തമായി ഒന്നും അറിയിക്കുന്നില്ലെന്ന പരാതിയുമുണ്ട്.
by Midhun HP News | Mar 25, 2025 | Latest News, സിനിമ
സ്റ്റീഫന്‍ നെടുമ്പള്ളി സൂര്യനെ പോലെ, ചൂടും വെളിച്ചവും സൂര്യന്റെ സാന്നിധ്യം നമ്മളെ എപ്പോഴും ഓര്‍മ്മപ്പെടുത്തുന്നു. ലൂസിഫറില്‍ 40 മിനിറ്റ് മാത്രം പ്രത്യക്ഷപ്പെടുന്ന മോഹന്‍ലാലിനെ സിനിമയിലുടനീളം അടയാളപ്പെടുത്തുന്നത് ആ കഥാപാത്രത്തിന്റെ പ്രഭാവലയമെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി. ലൂസിഫറിന്റെ രണ്ടാം ഭാഗം എംപുരാന്‍ റിലീസിന് ഒരുങ്ങുന്നതിനിടെ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മുരളി ഗോപി സിനിമയെയും ഭാവി പ്രതീക്ഷകളെയും കുറിച്ച് സംസാരിക്കുന്നത്.
സ്റ്റീഫന്‍ നെടുമ്പള്ളി എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന് കുറഞ്ഞ സ്‌ക്രീന്‍ സ്‌പേസ് നല്‍കുകയും എന്നാല്‍ സിനിമയിലുടനീളം സാന്നിധ്യം അറിയിക്കുകും ചെയ്യുന്നുണ്ട്. സിനിമയുടെ കേന്ദ്ര ബിന്ദുവാണ് സ്റ്റീഫന്‍ നെടുമ്പള്ളി. സുര്യനെ പോലൊരു കഥാപാത്രം അതിനെ ചുറ്റിത്തിരിയുന്ന ഗ്രഹങ്ങളെ പോലെയാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങള്‍. സുര്യന്റെ വെളിച്ചം, ചൂട്, അതുണ്ടാക്കുന്ന വിയര്‍പ്പ് എന്നിവ പോലെയാണ് സ്റ്റീഫന്‍ എന്ന കഥാപാത്രത്തിന്റെ സാന്നിധ്യം സിനിമയില്‍ അടയാളപ്പെടുത്തിയിരിക്കുന്നത് എന്നും മുരളി ഗോപി ചൂണ്ടിക്കാട്ടുന്നു.
ഇരുണ്ട ഭൂതകാലമുള്ള കഥാപാത്രങ്ങള്‍ നിരവധി സിനിമകളില്‍ ഉണ്ടായിട്ടുണ്ട്. അതിന് സമാനം തന്നെയാണ് സ്റ്റീഫന്‍ നെടുമ്പുള്ളിയും. ഈ ഫോര്‍മുല പിന്‍തുടരുന്നതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ല. ആള്‍ട്ടര്‍ ഈഗോ എന്ന ഈ പ്രമേയത്തിന് കാലങ്ങളോളം പഴക്കമുണ്ട്. എന്നാല്‍ അവിടെ ഇപ്പോഴും സാധ്യതകള്‍ നിലനില്‍ക്കുന്നു. സ്റ്റീഫന്‍ നെടുമ്പള്ളി – ഖുറേഷി അബ്‌റാം രണ്ടുപേരും ശക്തരാണ്. എന്നാല്‍ രണ്ടുപേരുടെയും അധികാര ഘടനകള്‍ വ്യത്യാസമുണ്ടെന്നും മുരളി ഗോപി പറയുന്നു.
വിന്റേജ് മോഹന്‍ലാല്‍ സിനിമകളുടെ സിനിമാറ്റിക് അനുഭവങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടിയാണ് ലൂസിഫറില്‍ മുന്‍ ഹിറ്റുകളുടെ റഫറന്‍സ് ഉള്‍പ്പെടുത്തിയത്. 1987 ല്‍ പുറത്തിറങ്ങിയ ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയിലെ നാര്‍കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ്, എന്ന ഹിറ്റ് ഡയലോഗ് ലൂസിഫറില്‍ ഉപയോഗിച്ചത് ബോധപൂര്‍വമായിരുന്നു.
അതേസമയം, സിനിമ എഴുതുന്ന സമയത്ത് മനസില്‍ വന്ന ചില സാഹചര്യങ്ങളും ആശങ്കളും മാത്രമാണ് കേരളത്തിലെ മയക്കുമരുന്ന് വ്യാപനം ഉള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ എന്നും നിലവിലെ വാര്‍ത്തകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി മുരളി ഗോപി പറയുന്നു.
Recent Comments