by Midhun HP News | Jul 5, 2026 | Latest News, കേരളം
കൈവശമുള്ള ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാൻ നടൻ മോഹൻലാൽ. ഇതുസംബന്ധിച്ച് വനംവകുപ്പിന് അപേക്ഷ നൽകി. മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) പി. കാർത്തിക് ഐഎഫ്എസിന് കഴിഞ്ഞ മാർച്ചിലാണ് അപേക്ഷ നൽകിയത്. ഇത് തുടർനടപടികൾക്കായി ചീഫ് വൈൽഡ് ലൈഫ് വാർഡന് കൈമാറി.
ഹൈക്കോടതിയുടെ നിരീക്ഷണത്തെത്തുടർന്ന് വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ചാണ് മോഹൻലാൽ തന്റെ കൈവശമുള്ള ആനക്കൊമ്പ് സറണ്ടർ ചെയ്യാൻ ഒരുങ്ങുന്നത്. അപേക്ഷയ്ക്ക് പിന്നാലെ വനംവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ കൊച്ചിയിലെ മോഹൻലാലിന്റെ വസതിയിലെത്തി അന്വേഷണം നടത്തി.
മോഹൻലാലിന്റെ കൈവശമുള്ള രണ്ടു ജോഡി ആനക്കൊമ്പുകൾക്കും ആനക്കൊമ്പിൽ തീർത്ത 13 കരകൗശലവസ്തുക്കൾക്കും ഉടമസ്ഥതാ സർട്ടിഫിക്കറ്റ് നൽകിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. നടപടിക്രമങ്ങൾ പാലിച്ചല്ല സർട്ടിഫിക്കറ്റ് നൽകിയതെന്ന് വിലയിരുത്തിയാണ് കോടതി നടപടി. വന്യജീവി സംരക്ഷണ നയിമത്തിലെ 40(4) വകുപ്പ് പ്രകാരം ഇക്കാര്യത്തിൽ സർക്കാരിന് വീണ്ടും വിജ്ഞാപനം പുറപ്പെടുവിക്കാൻ സ്വാതന്ത്രമുണ്ടെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. വ്യക്തികൾക്കോ ഒരുവിഭാഗം ആളുകൾക്കോ തങ്ങളുടെ കൈവശമുള്ള വന്യജീവി ഉൽപന്നങ്ങളുടെ ശേഖരം വെളിപ്പെടുത്തുന്നതിനും നിയമനടപടികളിൽ നിന്ന് പരിരക്ഷ നേടുന്നതിനുമായി സംസ്ഥാന സർക്കാരിന് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാമെന്നായിരുന്നു കോടതി അന്ന് നിരീക്ഷിച്ചത്.
മോഹൻലാലിന്റെ കൊച്ചി തേവരയിലെ വീട്ടിൽ ആദായനികുതി വകുപ്പ് 2011 ഓഗസ്റ്റിൽ നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പുകൾ കണ്ടെത്തിയത്. കേസ് പിന്നീട് വനംവകുപ്പിന് കമൈറി. ഇതിനിടെ സർക്കാർ ആനക്കൊമ്പുകളുടെയും മറ്റ് കരകൗശല വസ്തുക്കളുടെയും ഉടമസ്ഥത മോഹൻലാലിന് അനുവദിച്ച് 2016-ൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതിയില്ലാതെ അനക്കൊമ്പടക്കമുള്ള വസ്തുക്കൾ ആർക്കും കൈവശം വെക്കാനാവില്ല. വന്യജീവി സംരക്ഷണ നിയമത്തിലെ 40(4) വകുപ്പ് പ്രകാരം സർക്കാരിന് പ്രത്യേക സാഹചര്യത്തിൽ ഇളവനുവദിക്കാം.

by Midhun HP News | Jul 5, 2026 | Latest News, കായികം
ഫിഫ ലോകകപ്പിലെ ഇന്ന് നടന്ന പ്രീക്വാർട്ടർ ഫൈനലിൽ പരാഗ്വേയെ പരാജയപ്പെടുത്തി ഫ്രാൻസ് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി. ഫിലാഡൽഫിയയിൽ നടന്ന പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഫ്രാൻസ് തടിതപ്പിയത്. ടൂർണമെന്റിലൂടനീളം എതിരാളികളെ തങ്ങളുടെ അക്രമണ ശൈലി കൊണ്ട് തകർത്ത് ഫ്രാൻസ് പക്ഷെ ഇന്ന് പരാഗ്വേയുടെ പോരാട്ടവീര്യത്തിനു മുന്നിൽ നന്നായി വിയർത്തു. പലപ്പോഴും മാന്യതയുടെ അതിരുകൾ ലംഘിച്ച കളിയിൽ രണ്ടാം പകുതിയിൽ കിലിയൻ എംബപ്പേ നേടിയ പെനാൽറ്റി ഗോളോടെയാണ് ഫ്രാൻസ് അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയത്. ക്വാർട്ടർഫൈനലിൽ മോറോക്കോയാണ് ഫ്രാൻസിന്റെ എതിരാളികൾ.
കളിയുടെ തുടക്കം മുതൽ ഫ്രാൻസ് ആക്രമിച്ചു മുന്നേറാൻ ശ്രമിച്ചെങ്കിലും പരാഗ്വേയുടെ കരുത്തുറ്റ പ്രതിരോധനിരയ്ക്ക് മുന്നിൽ നന്നായി വിയർത്തു. കഴിഞ്ഞ മത്സരത്തിൽ ജർമനിയെ തകർത്ത ആത്മവിശ്വാസത്തിൽ വന്ന അവർ ആദ്യ പകുതിയിൽ ഫ്രഞ്ച് മുന്നേറ്റനിരയെ പിടിച്ചു കെട്ടി.
എന്നാൽ രണ്ടാം പകുതിയിൽ ഫ്രാൻസ് കൂടുതൽ ആക്രമണോത്സുകത കാട്ടിയതോടെ പരാഗ്വേ സമ്മർദ്ധത്തിലായി. കളിയുടെ 69ആം മിനുട്ടിൽ ഫ്രഞ്ച് താരം ഡിസയർ ഡൗവിനെ പെനാൽറ്റി ബോക്സിൽ വീഴ്ത്തിയതിനെ തുടർന്ന് വി എ ആർ പെനാൽറ്റി വിധിച്ചു. പെനാൽറ്റി എടുത്ത നായകൻ എംബാപ്പേയ്ക്ക് പിഴച്ചില്ല. ടൂർണമെന്റിലെ തന്റെ ഏഴാം ഗോൾ അടിച്ച എംബപ്പേ ഇതോടെ ഇത്തവണത്തെ ഗോൾവേട്ടക്കാരിൽ ഏഴു ഗോളുമായി മെസ്സിക്ക് ഒപ്പമെത്തി.

by Midhun HP News | Jul 5, 2026 | Latest News, കേരളം
കോഴിക്കോട്: അതീവ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്ന കോഴിക്കോട് ഗവൺമെന്റ് ജനറൽ (ബീച്ച്) ആശുപത്രിയിലെ ഇലക്ട്രോണിക് ‘അമ്മത്തൊട്ടിൽ’ ഇപ്പോൾ ഒരു അപൂർവ്വ ജീവശാസ്ത്രപരമായ സങ്കീർണ്ണതയായി മാറിയിരിക്കുകയാണ്. ഒരേ ദിവസം ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ട, കാഴ്ചയിൽ ഒരേപോലെയുള്ള രണ്ട് ആൺകുഞ്ഞുങ്ങളുടെ യഥാർത്ഥ അമ്മയെ കണ്ടെത്താൻ ഡിഎൻഎ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പൊലീസും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും.
കഴിഞ്ഞ മാർച്ച് 4-ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് ഒരു യുവതി ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. തുടർന്ന് മാർച്ച് 12-ന് വൈകീട്ടോടെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയ ശേഷം ഇവർ കുഞ്ഞിനെ ബീച്ച് ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിനെ തൊട്ടിലിൽ കിടത്തിയ ഉടൻ തന്നെ സെൻസറുകൾ പ്രവർത്തിക്കുകയും വാതിലുകൾ തനിയെ ലോക്കാവുകയും സൈറൺ മുഴങ്ങി സിഡബ്ല്യുസിക്കും മെഡിക്കൽ സ്റ്റാഫിനും മൊബൈൽ ആപ്പ് വഴി വിവരം ലഭിക്കുകയും ചെയ്തു.
അമ്മ തിരിച്ചെത്തിയപ്പോൾ വെളിപ്പെട്ടത് വലിയ അപാകത
കുഞ്ഞിനെ ഉപേക്ഷിച്ച് 48 ദിവസങ്ങൾക്ക് ശേഷം, മാതൃസ്നേഹം ഉണർന്നതിനെ തുടർന്ന് കുഞ്ഞിനെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് യുവതി ജില്ലാ കളക്ടർക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും ഹർജി നൽകിയതോടെയാണ് കഥ മാറിയത്.
യുവതിയുടെ ഹർജിയുടെ അടിസ്ഥാനത്തിൽ സിഡബ്ല്യുസി അധികൃതർ മാർച്ച് 12-ലെ അമ്മത്തൊട്ടിലിന്റെ ലോഗ് ബുക്കുകളും ഡിജിറ്റൽ വിവരങ്ങളും പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ആ വിവരം പുറത്തുവന്നത്. ഈ യുവതിയുടെ കുഞ്ഞിനെ അമ്മത്തൊട്ടിലിൽ കിടത്തി കൃത്യം മൂന്ന് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മറ്റൊരു ആൺകുഞ്ഞിനെക്കൂടി ആരോ അവിടെ ഉപേക്ഷിച്ചിരുന്നു.
ആഴ്‌ചകൾ പിന്നിട്ടതോടെ ഈ രണ്ട് ആൺകുട്ടികളും വളരുകയും ഇരുവരുടെയും മുഖച്ഛായയും ശാരീരിക ഘടനയും ഒരേപോലെയായി മാറുകയും ചെയ്തു. ഇതോടെ ഇതിൽ ഏത് കുട്ടിയാണ് ഹർജി നൽകിയ അമ്മയുടേതെന്ന് തിരിച്ചറിയാൻ കഴിയാതെ സിഡബ്ല്യുസി അധികൃതർ ആശയക്കുഴപ്പത്തിലായി.
സിസിടിവി ബാക്കപ്പില്ല; പൊലീസ് അന്വേഷണം പ്രതിസന്ധിയിൽ
അമ്മത്തൊട്ടിലിന്റെ സ്വഭാവം അനുസരിച്ച് പൂർണ്ണമായ രഹസ്യസ്വഭാവം സൂക്ഷിക്കുന്നതിനാൽ സാധാരണ നിയമപരമായി സറണ്ടർ ചെയ്യുന്ന കേസുകളെപ്പോലെ രേഖകൾ ഉണ്ടാകില്ലെന്ന് കോഴിക്കോട് സി.ഡബ്ല്യു.സി ചെയർപേഴ്സൺ ഷൈജി എ. റഹ്മാൻ വ്യക്തമാക്കി.
സംഭവം സങ്കീർണ്ണമായതോടെ സി.ഡബ്ല്യു.സിയുടെ നിർദ്ദേശപ്രകാരം വെള്ളയിൽ പൊലീസ് ഇൻസ്പെക്ടർ സുജിത് എസ്സിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു. കുഞ്ഞിനെ കൊണ്ടുവന്നത് കാറിലാണെന്ന് വിവരമുണ്ടായിരുന്നതിനെ തുടർന്ന് പൊലീസ് അമ്മത്തൊട്ടിലിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ശ്രമിച്ചെങ്കിലും ഒരു മാസത്തിലധികം കഴിഞ്ഞതിനാൽ ബാക്കപ്പ് ലഭ്യമായിരുന്നില്ല. മറ്റ് തെളിവുകളൊന്നും ലഭിക്കാത്തതിനെ തുടർന്ന് പൊലീസ് അന്വേഷണം വഴിമുട്ടി.
യുവതി പ്രസവിച്ച ആശുപത്രിയിലെ ജനന സർട്ടിഫിക്കറ്റുകളും രേഖകളും പൊലീസ് പരിശോധിച്ചിട്ടുണ്ട്. കുട്ടികളെ മാറിപ്പോകാതിരിക്കാൻ ശാസ്ത്രീയമായ ഡിഎൻഎപരിശോധന മാത്രമാണ് ഏക പോംവഴിയെന്ന് വെള്ളയിൽ പൊലീസ് വ്യക്തമാക്കി. ഇതിനായുള്ള രക്ത സാമ്പിൾ ശേഖരണം നിലവിൽ ആരംഭിച്ചിട്ടുണ്ട്. ഫലം വരുന്നതോടെ ഈ സങ്കീർണ്ണമായ നിഗൂഢതയ്ക്ക് അറുതിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
by Midhun HP News | Jul 5, 2026 | Latest News, കേരളം
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ ആഗോള ഷിപ്പിംഗ് ഭീമനായ എംഎസ്‌സിക്ക് കൈമാറാനുള്ള നിർദ്ദേശത്തിൽ സംസ്ഥാന സർക്കാരിനെ ഇരുട്ടിൽ നിർത്തിയെന്ന വിവാദത്തിൽ ഔദ്യോഗിക വിശദീകരണവുമായി അദാനി ഗ്രൂപ്പ് രംഗത്ത്. കേരള സർക്കാരിന്റെ മുൻകൂർ അനുമതി ഉൾപ്പെടെയുള്ള എല്ലാ ഔദ്യോഗിക അംഗീകാരങ്ങളും ലഭിച്ചതിന് ശേഷം മാത്രമേ ഓഹരി കൈമാറ്റ നടപടികളിലേക്ക് കടക്കൂ എന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികൾ വകമാറ്റുന്നതിനെതിരെ സംസ്ഥാന സർക്കാർ അതൃപ്തി രേഖപ്പെടുത്തുകയും പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ വിശദീകരണം.
വിഴിഞ്ഞം തുറമുഖത്ത് ഒരു പ്രത്യേക ഷിപ്പിംഗ് കമ്പനിക്ക് കുത്തകാവകാശം ലഭിക്കുമെന്ന പ്രതിപക്ഷത്തിന്റെ ആശങ്കകൾ അദാനി പോർട്ട്സ് പൂർണ്ണമായും തള്ളി. വിഴിഞ്ഞം എന്നും ‘ഓപ്പൺ ആക്സസ്’ (Open-access port) തുറമുഖമായിത്തന്നെ തുടരുമെന്നും, എംഎസ്‌സി കമ്പനിക്ക് മാത്രമായി യാതൊരുവിധ പ്രത്യേക മുൻഗണനയോ എക്സ്ക്ലൂസീവ് ബെർത്തിങ് അവകാശങ്ങളോ കരാർ വഴി നൽകില്ലെന്നും അധികൃതർ ഉറപ്പുനൽകി. എല്ലാ അന്താരാഷ്ട്ര ഷിപ്പിംഗ് ലൈനുകൾക്കും തുല്യമായ പരിഗണന തന്നെയാകും തുറമുഖത്ത് ലഭിക്കുക.
ഉടൻ ഓഹരി മാറ്റമില്ല; സെബി ചട്ടങ്ങൾ പാലിച്ചെന്ന് സിഇഒ
അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അശ്വനി ഗുപ്തയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം നൽകിയത്:
നിലവിലെ ഘട്ടത്തിൽ അദാനി പോർട്ട്സിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയായ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരി പങ്കാളിത്ത ഘടനയിൽ ഉടനടി യാതൊരുവിധ മാറ്റവുമില്ലെന്ന് സി.ഇ.ഒ വ്യക്തമാക്കി.
സെബിയെ അറിയിക്കുന്നതിന് മുൻപ് കേരള സർക്കാരിനെ വിവരങ്ങൾ ധരിപ്പിച്ചില്ലെന്ന ആക്ഷേപത്തിനും കമ്പനി മറുപടി നൽകി. ലിസ്റ്റ് ചെയ്ത കമ്പനികൾ പാലിക്കേണ്ട സെബി ചട്ടങ്ങൾ അനുസരിച്ചാണ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ വിവരങ്ങൾ ആദ്യം വെളിപ്പെടുത്തിയത്. ഈ ഫയലിംഗിന് തൊട്ടുപിന്നാലെ തന്നെ കേരള സർക്കാരിനെ ഔദ്യോഗികമായി വിവരങ്ങൾ അറിയിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
നിയന്ത്രണം അദാനി ഗ്രൂപ്പിന് തന്നെയായിരിക്കും
തുടർനടപടികളുമായി മുന്നോട്ടുപോകുമ്പോൾ കേരള സർക്കാർ ഉൾപ്പെടെയുള്ള എല്ലാ സ്റ്റേക്ക് ഹോൾഡർമാരുമായും കമ്പനി ചർച്ചകൾ തുടരും. നിലവിലുള്ള കൺസഷൻ കരാർ വ്യവസ്ഥകൾക്ക് വിധേയമായി റെഗുലേറ്ററി, ഗവേണൻസ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് മാത്രമേ ഓഹരി കൈമാറ്റം പൂർത്തിയാക്കൂ. ഇടപാടുകൾക്ക് ശേഷവും വിഴിഞ്ഞം തുറമുഖത്തിന്റെ പൂർണ്ണ നിയന്ത്രണവും പ്രവർത്തന ചുമതലയും അദാനി പോർട്ട്സിന് (APSEZ) തന്നെയായിരിക്കും. കരാർ വ്യവസ്ഥകളിൽ മാറ്റം വരുത്തില്ലെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സെബിക്കും സ്റ്റോക്ക് എക്സ്ചേഞ്ചിനും കത്തയച്ചുകൊണ്ട് സർക്കാരിനെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങളുടെ മൂർച്ച കുറയ്ക്കുന്നതാണ് അദാനി ഗ്രൂപ്പിന്റെ ഈ വിശദീകരണം.

by Midhun HP News | Jul 4, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനായി സ്ഥാപിച്ച എഐ കാമറകളുടെ പ്രവര്‍ത്തനം നിലച്ചുവെന്ന വാര്‍ത്തകള്‍ തള്ളി മോട്ടോര്‍ വാഹനവകുപ്പ്. കെല്‍ട്രോണിന് സര്‍ക്കാര്‍ പണം നല്‍കാത്തിനെ തുടര്‍ന്ന് സേവനം നിര്‍ത്തിയെന്നും സര്‍ക്കാര്‍ ഇതുവരെ പ്രശ്നപരിഹാരത്തില്‍ ഇടപെട്ടിട്ടില്ലെന്നാണ് പ്രചരണങ്ങള്‍.
എന്നാല്‍ എഐ കാമറകള്‍ റോഡിലെ നിയമലംഘനങ്ങള്‍ ചിത്രീകരിക്കുന്നുണ്ടെന്നുമാണ് എംവിഡി പറയുന്നത്. ലംഘനങ്ങളില്‍ ചലാന്‍ അയക്കാന്‍ ഇപ്പോള്‍ കഴിയുന്നില്ല. അതായത് നിയമലംഘനങ്ങളില്‍ മോട്ടോര്‍ വാഹനവകുപ്പിന് പിഴ ഈടാക്കാന്‍ കഴിയുന്നില്ല. എന്നാല്‍ ഈ നിയമലംഘനത്തിനു കൂട്ടത്തോടെ ചലാന്‍ അയക്കാന്‍ എഐ കാമറയില്‍ സംവിധാനമുണ്ടെന്നാണ് എംവിഡി വിശദീകരണം.
‘സംസ്ഥാനത്ത് എഐ കാമറകള്‍ പ്രവര്‍ത്തനം നിലച്ചു എന്ന വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ അവ പ്രവര്‍ത്തിക്കുകയും ഗതാഗത നിയമലംഘനങ്ങള്‍ ചിത്രീകരിച്ച് ശേഖരിക്കുകയും ചെയ്യുന്നുണ്ട്. തടസ്സങ്ങള്‍ മാറുന്നതോടെ ഈ ഗതാഗത നിയമലംഘനങ്ങള്‍ക്കും ചല്ലാന്‍ നല്‍കുന്നതായിരിക്കും. ദയവായി ശ്രദ്ധിക്കുക- നീരീക്ഷണത്തിന് കാമറകള്‍ ഉണ്ടായാലും ഇല്ലെങ്കിലും ജീവന്റെ സുരക്ഷിതത്വത്തിനായി ഗതാഗത നിയമങ്ങള്‍ പാലിക്കുകം എംവിഡി കുറിച്ചു.
കാമറകളുടെ പ്രവര്‍ത്തനത്തിനുള്ള നെറ്റ് കണക്ഷന്‍ റദ്ദാക്കിയതാണ് മോട്ടോര്‍ വാഹനവകുപ്പിന് പിഴ ഈടാക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കിയത്. അതേസമയം, എഐ കാമറിയില്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ ഇപ്പോഴും സെര്‍വറില്‍ സൂക്ഷിക്കുന്നുണ്ട്. ഇന്റര്‍നെറ്റ് കണക്ഷന്‍ പുനസ്ഥാപിക്കുന്നതോടെ ഈ ചിത്രങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ കണ്‍ട്രോള്‍ റൂമിലേക്ക് എത്തും.

Recent Comments