by Midhun HP News | May 9, 2026 | Latest News, കേരളം
ന്യൂഡല്‍ഹി: അംഗബലത്തില്‍ കെ സി വേണുഗോപാല്‍; സീനിയോറിറ്റിയില്‍ രമേശ് ചെന്നിത്തല; ജനവികാരവും ഘടകകക്ഷികളുടെ പിന്തുണയും വി ഡി സതീശന്. ആരെ മുഖ്യമന്ത്രിയായി തീരുമാനിക്കണമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ, ഡല്‍ഹിയിലെത്തിയ കേരളത്തിലെ നേതാക്കളുമായി ഹൈക്കമാന്‍ഡ് നേതൃത്വം ഇന്ന് ചര്‍ച്ച നടത്തും.
തര്‍ക്കം കൂടാതെ പ്രശ്‌നം പരിഹരിച്ചാല്‍ വൈകുന്നേരത്തോടെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എംഎല്‍എമാരുടെ ഭൂരിപക്ഷത്തില്‍ കെ സി വേണുഗോപാല്‍ മുന്നില്‍ നില്‍ക്കുമ്പോള്‍, ഘടകകക്ഷികളുടെ നിലപാടും, ജനവികാരവും വിഡി സതീശന് അനുകൂലമാണ്. സമവായ സ്ഥാനാര്‍ഥിയായി താന്‍ എത്തുമെന്ന പ്രതീക്ഷ ചെന്നിത്തലയും കൈവിടുന്നില്ല.
മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കെസി വേണുഗോപാലിന് എംഎല്‍എമാരുടെ വന്‍ പിന്തുണയാണുള്ളത്. 45 ലധികം എംഎല്‍എമാര്‍ നീരക്ഷകരോട് കെസി വേണുഗോപാല്‍ മുഖ്യമന്ത്രിയാകണമെന്നാവശ്യപ്പെട്ടെന്നാണ് കെ സി പക്ഷം അവകാശപ്പെടുന്നത്. ഈ കണക്ക് ഹൈക്കമാന്‍ഡ് പരിഗണിക്കുമെന്ന ഉറച്ച് ആത്മവിശ്വാസമാണ് കെസി പക്ഷത്തിന്.
മുഖ്യമന്ത്രി പദത്തില്‍ ഘടകക്ഷികളുടെ പിന്തുണ തുണയാകുമെന്ന പ്രതീക്ഷയിലാണ് വി ഡി സതീശന്‍ ക്യാമ്പ്. സംസ്ഥാന വ്യാപകമായി ഫ്‌ലെക്‌സുകളും പ്രകടനത്തിന് ആഹ്വാനവും നടന്നു. പിന്തുണയില്‍ പിന്നോട്ടില്ലെന്ന് മുസ്ലിം ലീഗും വ്യക്തമാക്കുന്നു.
by Midhun HP News | May 8, 2026 | Latest News, കേരളം
തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി ആരെന്നതിൽ തർക്കം നിലനിൽക്കുന്നതിനിടെ തനിക്കായി തെരുവിലിറങ്ങുകയും ഫ്‍ലക്സ് യുദ്ധം നടത്തുകയും ചെയ്യുന്ന പ്രവർത്തകരോടു അതിൽ നിന്നു പിൻമാറണമെന്നു ആവശ്യപ്പെട്ട് വിഡി സതീശൻ. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ അഭ്യർഥന.
കുറിപ്പ്
102 സീറ്റുമായി കോൺഗ്രസിൻ്റെയും യു.ഡി.എഫിൻ്റെയും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് നമ്മൾ നേടിയത്. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള ആദ്യഘട്ട നടപടികൾ പൂർത്തിയായി. രണ്ടാം ഘട്ട നടപടികളിലേക്ക് AICC കടക്കുന്നു.
നമുക്കിത് സന്തോഷത്തിൻ്റേയും അഭിമാനത്തിൻ്റേയും നിമിഷങ്ങളാണ്. ഇത്തരമൊരു സാഹചര്യത്തിൽ പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നേതാക്കളുടേയും പ്രവർത്തകരുടേയും ഭാഗത്ത് നിന്നുണ്ടാകാൻ പാടില്ല.
ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ളക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണം. അത്തരം നടപടികളിൽ നിന്ന് പ്രിയപ്പെട്ട കോൺഗ്രസ് -യു.ഡി.എഫ് പ്രവർത്തകർ പിൻമാറണമെന്ന് സ്‌നേഹപൂർവം അഭ്യർഥിക്കുന്നു.
by Midhun HP News | May 8, 2026 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: അഞ്ചുതെങ്ങ് പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരിയെ പാമ്പ് കടിച്ചു. മുടിപ്പുര മുമ്മൂലവീട്ടിൽ സിമി ദാസിനെയാണ് പാമ്പ് കടിച്ചത്. വ്യാഴാഴ്ച രാത്രി 11 നാണ് സംഭവം. വീടിനുള്ളിൽ തറയിൽ കിടന്നുറങ്ങുകയായിരുന്ന സിമിയുടെ വലത് കൈയിൽ എന്തോ കടിച്ചതായി തോന്നിയതിനെ തുടർന്ന് കിടക്കുന്ന സ്ഥലം പരിശോധിച്ചെങ്കിലും യാതൊന്നും ശ്രദ്ധയിൽപെട്ടില്ല.
പുലർച്ചെ സിമിക്ക് അസ്വസ്ഥതയുണ്ടാവുകയും തുടർന്ന് വീണ്ടും മുറി പരിശോധിച്ചപ്പോഴാണ് അണലിയിനത്തിൽപ്പെട്ട പാമ്പിനെ കാണുന്നത്. തുടർന്ന് സിമിയെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
by Midhun HP News | May 8, 2026 | Latest News, കേരളം
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിനിടയില്‍ ക്ഷേത്രമുറ്റത്ത് വെച്ച് പരസ്യമായി മദ്യപിച്ച നാല് പേര്‍ അറസ്റ്റില്‍. പടിയൂര്‍ വില്ലേജ് പടിയൂര്‍ സ്വദേശി തയ്യേരി വീട്ടില്‍ പ്രദീഷ് (51), പടിയൂര്‍ വില്ലേജ് പടിയൂര്‍ സ്വദേശി ശൂലം പറമ്പില്‍ വീട്ടില്‍ അനൂപ് (38), പടിയൂര്‍ വില്ലേജ് പടിയൂര്‍ സ്വദേശി തയ്യേരി വീട്ടില്‍ ലാലു മോഹന്‍ (40), പടിയൂര്‍ വില്ലേജ് പടിയൂര്‍ സ്വദേശി തയ്യേരി വീട്ടില്‍ അരുണ്‍ (56) എന്നിവരാണ് പിടിയിലായത്. പ്രതികള്‍ക്കെതിരെ പൊതുസ്ഥലത്ത് പരസ്യ മദ്യപാനം, കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കുക, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ മെയ് 6-ന് രാത്രി 11 മണിയോടെ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലായിരുന്നു സംഭവം. ഭക്തജനങ്ങള്‍ക്കിടയില്‍ വെച്ച് പരസ്യമായി മദ്യക്കുപ്പി കൈമാറി മദ്യപിച്ച പ്രതികള്‍, ഇത് ചോദ്യം ചെയ്ത പരാതിക്കാരിക്ക് നേരെ മദ്യക്കുപ്പി നീട്ടി സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് പരാതി.
കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കല്‍, പൊതുസ്ഥലത്ത് മദ്യപിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റവകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതികള്‍ മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.
അറസ്റ്റിലായ അനൂപ് മുന്‍പ് മതിലകം സ്റ്റേഷന്‍ പരിധിയില്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ച് ഒരാള്‍ക്ക് ഗുരുതര പരിക്കേല്‍പ്പിച്ച കേസിലെ പ്രതി കൂടിയാണ്. ഇരിങ്ങാലക്കുട എസ്എച്ച്ഒ ദിലീഷ് ടി, എസ്ഐ അബിലാഷ് ടി. എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
by Midhun HP News | May 8, 2026 | Latest News, കേരളം
തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നടി അഞ്ജലി നായര്‍. എംഎല്‍എ ആക്കാമെന്ന് പറഞ്ഞ് തന്റെ പക്കല്‍ നിന്നും 35 ലക്ഷം രൂപ വാങ്ങിയെന്നും അവരെയൊന്നും വെറുതെ വിടില്ലെന്നും അഞ്ജലി പറഞ്ഞുവെന്ന വാര്‍ത്തയ്‌ക്കെതിരെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്. പ്രതികരണ വിഡിയോയില്‍ അഞ്ജലിയ്‌ക്കൊപ്പം ഭര്‍ത്താവുമുണ്ട്. ആ വാക്കുകളിലേക്ക്:
ഈ പോസ്റ്റ് വായിച്ചപ്പോള്‍ കുറച്ച് കടന്നു പോയി എന്ന് ഞങ്ങള്‍ക്കും തോന്നി. എന്തെങ്കിലും ഇടുമ്പോള്‍ കുറച്ച് പഠിച്ചും മനസിലാക്കിയും ഇടുന്നത് നിങ്ങള്‍ക്കും നന്നായിരിക്കും. ‘ ജയിപ്പിച്ച് എംഎല്‍എ ആക്കാമെന്ന് പറഞ്ഞ് പലരും പൈസ വാങ്ങി. ചെലവായത് 35 ലക്ഷം രൂപ, 3500 വോട്ട് പോലും ലഭിച്ചില്ല. ഒരുത്തനേയും ഞാന്‍ വെറുതെ വിടില്ല-അഞ്ജലി മേനോന്‍’ എന്നാണ് പറയുന്നത്. പേര് പോലും പാളിച്ചയായി.
ഈ കണക്ക് ഇട്ട സഹോദരന് ഇത് എവിടെ നിന്നും കിട്ടിയെന്ന് അറിയില്ല. ഒരുത്തനേയും വെറുതെ വിടില്ലെന്നാണ് പറയുന്നത്. ഇത് ഇട്ടയാളെ മാത്രമേ വെറുതെ വിടില്ല എന്ന് ഞാന്‍ മനസു കൊണ്ട് വിചാരിക്കുന്നുള്ളൂ. ഞാന്‍ മനസിലാക്കുന്നത് എന്താണെന്ന് വച്ചാല്‍, വളരെ പണ്ടൊരു വിഡിയോ ഇട്ടിരുന്നു. രാഷ്ട്രീയത്തിലൊക്കെ വരുന്നതിന് മുമ്പ്. പലരേയും പലപ്പോഴുമായി 35 ലക്ഷം രൂപയ്ക്ക് സഹായിച്ചിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ട്. അതൊന്നും തിരിച്ചു കിട്ടിയിട്ടുമില്ല. പല അഭിമുഖങ്ങളിലും അത് പറഞ്ഞിട്ടുണ്ട്.
അത് വച്ച് തെരഞ്ഞെടുപ്പില്‍ 35 ലക്ഷം ചെലവാക്കിയെന്നും അത് തിരിച്ചു കിട്ടിയില്ലെന്നൊക്കെ പറഞ്ഞ് എന്തൊക്കെ വ്യാജ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. നിങ്ങള്‍ക്ക് എന്ത് സുഖമാണ് ഇങ്ങനെയുള്ള പരാമര്‍ശങ്ങളിലൂടെ കിട്ടുന്നത്? എല്ലാവരേയും വിളിച്ച് കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ പറ്റാത്തതു കൊണ്ടാണ് ഞാന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി ഇത് പറയുന്നത്. തോറ്റ എംഎല്‍എ എന്തിനാണ് വീണ്ടും വന്ന് സംസാരിക്കുന്നത് എന്ന് കമന്റുകള്‍ വരും. പക്ഷെ തെറ്റായ കാര്യങ്ങള്‍ പ്രചരിക്കുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ പറ്റില്ല. ഒരു പോസ്റ്റ് ഇടുമ്പോള്‍ അതേക്കുറിച്ച് പഠിച്ച് വ്യക്തത വരുത്തിയതിന് ശേഷം വേണം ഇടാന്‍. ഇതുപോലുള്ള മണ്ടത്തരങ്ങള്‍ ഇടാന്‍ നില്‍ക്കരുത്.
സിനിമ ഇല്ലാത്തതു കൊണ്ടാണ് തെരഞ്ഞെടുപ്പില്‍ നിന്നതെന്ന് ഒരുപാട് പേര്‍ പറയുന്നത് കണ്ടു. തമിഴിലും തെലുങ്കിലും മലയാളത്തിലും സിനിമകള്‍ ചെയ്തു കൊണ്ടിരിക്കെ നല്ല വൃത്തിയില്‍ ആലോചിച്ച് എടുത്ത തീരുമാനമാണ് രാഷ്ട്രീയത്തിലേക്ക് വരികയെന്നത്. ജനങ്ങളെ സേവിക്കണം എന്ന ആഗ്രഹത്തോടെയാണ് ഞാന്‍ വന്നത്. അതുകൊണ്ട് തന്നെ ഒരു തെരഞ്ഞെടുപ്പില്‍ തോറ്റു എന്ന് കരുതി ഒരടി പോലും പിന്നോട്ട് വെക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. സത്യം മനസിലാക്കി പ്രതികരിക്കാന്‍ ശ്രമിക്കുക.

Recent Comments