സൗന്ദര്യയുടേത് കൊലപാതകമോ ? ആ നടന്‍ വില്ലനോ ? നിര്‍ണായക വഴിത്തിരിവ്

സൗന്ദര്യയുടേത് കൊലപാതകമോ ? ആ നടന്‍ വില്ലനോ ? നിര്‍ണായക വഴിത്തിരിവ്

നടി സൗന്ദര്യ വിമാനാപകടത്തില്‍ മരിച്ച സംഭവം കൊലപാതകമെന്ന പരാതിയുമായി ആന്ധ്രപ്രദേശിലെ ഖമ്മം ജില്ലക്കാരനായ ചിട്ടിമല്ലു. പരാതി നല്‍കിയതിനെത്തുടര്‍ന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്നും, അതിനാല്‍ സുരക്ഷ നല്‍കണമെന്നും ചിട്ടിമല്ലു ഖമ്മം എസ്പിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി

സൗന്ദര്യയുടേത് അപകടമരണമല്ലെന്നും, അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഖമ്മം എസിപിക്കും ജില്ലാ അധികൃതര്‍ക്കും പരാതി നല്‍കിയത്. 2004 ഏപ്രില്‍ 17 നാണ്, വിമാനം തകര്‍ന്ന് നടി സൗന്ദര്യ അടക്കം നാലുപേര്‍ മരിച്ചത് അപകട മരണമല്ലെന്നാണ് ഇയാളുടെ വാദം.

തെലുങ്കു നടന്‍ മോഹന്‍ബാബുവിനെതിരെയാണ് സംഭവത്തില്‍ പരാതി നല്‍കിയിരിക്കുന്നത്. നടന്‍ മോഹന്‍ ബാബുവുമായി സൗന്ദര്യക്കുണ്ടായിരുന്ന വസ്തു തര്‍ക്കമാണ് നടിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്

പരാതിയില്‍ പറയുന്നത് ഇങ്ങനെ:

ഷംഷാബാദിലെ ജാല്‍പള്ളി എന്ന ഗ്രാമത്തില്‍ സൗന്ദര്യക്കും സഹോദരനും ആറ് ഏക്കര്‍ ഭൂമിയുണ്ടായിരുന്നു. ഇത് മോഹന്‍ ബാബുവിന് വില്‍ക്കാന്‍ ഇരുവരും വിസമ്മതിച്ചതാണ് പ്രശ്നത്തിന് കാരണം. സൗന്ദര്യയുടെ മരണശേഷം മോഹന്‍ബാബു ഈ ഭൂമി ബലമായി കൈവശപ്പെടുത്തി. ഭൂമി മോഹന്‍ബാബു കൈവശപ്പെടുത്തിയതിനെക്കുറിച്ച് അന്വേഷണം നടത്തണം. ഭൂമി മോഹന്‍ ബാബുവില്‍ നിന്ന് തിരിച്ചുവാങ്ങി പൊതുജന ക്ഷേമാവശ്യങ്ങള്‍ക്ക് ഉപയോഗിക്കണം. മോഹന്‍ബാബുവും ഇളയ മകന്‍ മഞ്ജു മനോജും തമ്മില്‍ വസ്തു തര്‍ക്കമുണ്ടായിരുന്നു. മഞ്ചു മനോജിന് നീതി ലഭിക്കണം. ജാല്‍പള്ളിയിലെ ആറേക്കര്‍ ഗസ്റ്റ്ഹൗസ് പിടിച്ചെടുക്കണം- പരാതിക്കാരന്‍ ആവശ്യപ്പെട്ടു.

ഹൈദരാബാദിലേക്ക് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകവേയുണ്ടായ അപകടത്തില്‍ സൗന്ദര്യയുടെ സഹോദരന്‍ അമര്‍നാഥ് ഷെട്ടി, പൈലറ്റ് മലയാളിയായ ജോയ് ഫിലിപ്പ്, പ്രാദേശിക ബിജെപി നേതാവ് രമേഷ് കദം എന്നിവരാണ് കൊല്ലപ്പെട്ടത്. സൗന്ദര്യ മരിച്ച് 21 വര്‍ഷത്തിന് ശേഷമാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

സൈബര്‍ തട്ടിപ്പ്: മ്യാന്‍മറില്‍ നിന്ന് മലയാളികള്‍ അടക്കം 549 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു

സൈബര്‍ തട്ടിപ്പ്: മ്യാന്‍മറില്‍ നിന്ന് മലയാളികള്‍ അടക്കം 549 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു

ഡല്‍ഹി: മ്യാന്‍മര്‍ -തായ്ലന്‍ഡ് അതിര്‍ത്തിയില്‍ തൊഴില്‍ തട്ടിപ്പിനും മനുഷ്യക്കടത്തിനും ഇരയായ മലയാളികള്‍ ഉള്‍പ്പെടെ 549 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം. രണ്ട് സൈനിക വിമാനങ്ങളിലായണ് ഇവരെ തിരിച്ചെത്തിച്ചത്.

ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ പൗരന്മാരെ ഐടി മേഖലയില്‍ ജോലി വാഗ്ദാനം ചെയ്ത് തായ്ലന്‍ഡിലേക്കോ മ്യാന്‍മറിലേക്കോ കൊണ്ടുപോയി. ഇവരെ സൈനിക ഭരണകൂടത്തിന്റെ നിയന്ത്രണത്തിലല്ലാത്ത മ്യാന്‍മറിലെ നിയമവിരുദ്ധ അതിര്‍ത്തി പ്രദേശങ്ങളിലെ ചൈനീസ് ക്രിമിനല്‍ സംഘങ്ങള്‍ നടത്തുന്ന സൈബര്‍ കുറ്റകൃത്യ കേന്ദ്രങ്ങളിലേക്ക് മാറ്റുകയായിരുന്നു.

വ്യോമസേനാ വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചവരില്‍ മലയാളികളായ എട്ട് പേരെ നാട്ടിലെത്തിക്കുമെന്ന് നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ , എറണാകുളം, തൃശ്ശൂര്‍, കാസര്‍കോട് സ്വദേശികളാണ് തിരിച്ചെത്തുന്നത്.

വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്റുമാര്‍ വഴി ഗോള്‍ഡന്‍ ട്രയാംഗിള്‍ എന്നറിയപ്പെടുന്ന മേഖലയില്‍ ഉള്‍പ്പെടെ വ്യാജ കോള്‍ സെന്ററുകളില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ (സ്‌കാമിങ്ങ്) ചെയ്യാന്‍ നിര്‍ബന്ധിതരായി കുടുങ്ങിയവരാണ് തിരിച്ചെത്തിയവര്‍. മ്യാന്‍മാര്‍ തായ്ലന്‍ഡ് ഇന്ത്യന്‍ സ്ഥാനപതികാര്യാലയങ്ങള്‍ പ്രാദേശിക സര്‍ക്കാരുകളുമായി സഹകരിച്ച് നടത്തിയ ഇടപെടലുകളാണ് ഇന്ത്യാക്കാരുടെ മോചനത്തിന് സഹായിച്ചത്. മറ്റുളളവരേയും ഉടന്‍ തിരിച്ചെത്തിക്കും. രക്ഷപ്പെടുത്തിയവരെ തായ്ലാന്‍ഡിലെ മെയ് സോട്ട് നഗരത്തിലെത്തിക്കുകയും പിന്നീട് വ്യോമസേനാ വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കുകയുമായിരുന്നു.

സൈബര്‍ കുറ്റകൃത്യ കേന്ദ്രങ്ങളില്‍ നിന്ന് മോചിപ്പിക്കപ്പെട്ട 266 ഇന്ത്യക്കാരെ ചൊവ്വാഴ്ചപ ഒരു ഇന്ത്യന്‍ വ്യോമസേന വിമാനത്തില്‍ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ക്രമീകരണങ്ങള്‍ ചെയ്തു. തിങ്കളാഴ്ച 283 ഇന്ത്യക്കാരെയും സമാനമായി തിരിച്ചയച്ചു. വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.

കൊച്ചിയില്‍ അഞ്ച് കുട്ടികള്‍ക്ക് മസ്തിഷ്‌ക ജ്വരം; സമാന ലക്ഷണങ്ങളുമായി മൂന്ന് പേര്‍ ചികിത്സയില്‍

കൊച്ചിയില്‍ അഞ്ച് കുട്ടികള്‍ക്ക് മസ്തിഷ്‌ക ജ്വരം; സമാന ലക്ഷണങ്ങളുമായി മൂന്ന് പേര്‍ ചികിത്സയില്‍

കൊച്ചി: കൊച്ചി കളമശ്ശേരിയില്‍ അഞ്ച് കുട്ടികള്‍ക്ക് മസ്തിഷ്‌ക ജ്വരം(സെറിബ്രല്‍ മെനഞ്ചൈറ്റിസ്). സ്വകാര്യ സ്‌കൂളിലെ ഏഴുവയസ്സും എട്ടുവയസ്സുമുള്ള വിദ്യാര്‍ഥികളാണ് ആശുപത്രിയില്‍ ചികിത്സതേടിയത്. സമാന രോഗലക്ഷണങ്ങളോടുകൂടി ഇതേ സ്‌കൂളിലെ മൂന്ന് വിദ്യാര്‍ഥികളും ചികിത്സയിലുണ്ട്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കടുത്ത തലവേദനയെയും ഛര്‍ദ്ദിയേയും തുടര്‍ന്നാണ് കുട്ടികള്‍ രണ്ട് സ്വകാര്യ ആശുപത്രികളിലായി ചികിത്സ തേടിയത്. പ്രാഥമിക പരിശോധനയിലാണ് മസ്തിഷ്‌ക ജ്വരമാണെന്ന സംശയം ഉയര്‍ന്നത്. എന്നാല്‍, സ്ഥിരീകരണം ഉണ്ടായിട്ടില്ല. രണ്ട് കുട്ടികളെ ഐസിയുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. എന്നാല്‍, ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

രോഗബാധയെ തുടര്‍ന്ന് സ്‌കൂളിലെ പ്രൈമറിതല പരീക്ഷ മാറ്റിവെച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കുട്ടികളെ വീട്ടിലിരുത്തണമെന്നും രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശാദേവി അറിയിച്ചു. അസുഖബാധിതരായ കുട്ടികളോട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ജാഗ്രത പാലിക്കണമെന്നും മാസ്‌ക് അടക്കമുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഡിഎംഒ അറിയിച്ചു.

ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനിടെ കുടലിന് മുറിവേറ്റു; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗി മരിച്ചു

ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനിടെ കുടലിന് മുറിവേറ്റു; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗി മരിച്ചു

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ​ഗർഭപാത്രം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കിടെ ചികിത്സാപ്പിഴവ് മൂലം രോ​ഗി മരിച്ചെന്ന് പരാതി. പേരാമ്പ്ര സ്വദേശിനി വിലാസിനി (57) ആണ് ഇന്നു പുലർച്ചെ മരിച്ചത്. ശസ്ത്രക്രിയയ്ക്കിടെ കുടലിനു മുറിവ് പറ്റിയെന്നും ഇതാണു മരണത്തിലേക്കെത്തിച്ചതെന്നുമാണു ബന്ധുക്കൾ പറയുന്നത്.

ഗർഭപാത്രം നീക്കുന്നതിന് ഈ മാസം നാലിനാണ് വിലാസിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏഴിന് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്കിടെ കുടലിനു ചെറിയ മുറിവേറ്റെന്ന് ഡോക്ടർമാർ അറിയിച്ചു. തുന്നലുണ്ടെന്നും എന്നാൽ പേടിക്കേണ്ട കാര്യമില്ലെന്നുമാണ് അറിയിച്ചത്. എട്ടാം തീയതി വാർഡിലേക്കു മാറ്റി. ഞായാറാഴ്ച മുതൽ സാധാരണ ഭക്ഷണം നൽകാമെന്ന് അറിയിച്ചു.

എന്നാൽ സാധാരണ ഭക്ഷണം കഴിക്കാൻ തുടങ്ങിയതോടെ വയറുവേദന കൂടി. തുടർന്ന് ഐസിയുവിലേക്കു മാറ്റി. തിങ്കളാഴ്ച അണുബാധയുണ്ടായെന്നും ഉടൻ ശസ്ത്രക്രിയ വേണമെന്നും പറഞ്ഞു. ശസ്ത്രക്രിയ നടത്തിയെങ്കിലും ചൊവ്വാഴ്ചയോടെ ആരോഗ്യം വഷളായി. ഇന്നു പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. മെഡിക്കൽ കോളജിൽനിന്നു മറ്റൊരു ആശുപത്രിയിലേക്കു മാറ്റാൻ ശ്രമിച്ചെങ്കിലും ആരോഗ്യനില വഷളായതിനാൽ സാധിച്ചില്ലെന്നും ബന്ധുക്കൾ അറിയിച്ചു. ഹൃദയസ്തംഭനം മൂലമാണു മരണം സംഭവിച്ചതെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നു പ്രതികരണം വന്നിട്ടില്ല.

കശുവണ്ടി ശേഖരിക്കാനെത്തിയ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം; ഭര്‍ത്താവ് അറസ്റ്റില്‍

കശുവണ്ടി ശേഖരിക്കാനെത്തിയ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം; ഭര്‍ത്താവ് അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂറില്‍ കശുവണ്ടി വിളവെടുപ്പ് ജോലിക്കായി വയനാട്ടില്‍ നിന്നും ഊരത്തൂരിലെത്തിയ ആദിവാസി യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വയനാട് തലപ്പുഴ പെരിയ ഇരുമനത്തൂര്‍ കരിമന്തം പണിയ ഉന്നതിയിലെ ആലാറ്റില്‍ രജനി(37) ആണ് താമസസ്ഥലത്ത് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ബാബുവിനെ (41) പൊലീസ് അറസ്റ്റു ചെയ്തു.

തലയ്ക്കും വയറിനുമേറ്റ ക്ഷതമാണ് രജനിയുടെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മദ്യലഹരിയില്‍ ഭാര്യ രജനിയെ മര്‍ദ്ദിച്ചതായി ബാബു ചോദ്യം ചെയ്യലില്‍ പൊലീസിനോട് സമ്മതിച്ചിരുന്നു. രജനിയുടെ ശരീരത്തില്‍ മര്‍ദ്ദനമേല്‍ക്കുകയും ആന്തരികാവയവങ്ങള്‍ക്കു ക്ഷതമേല്‍ക്കുകയും ചെയ്തതായി തെളിഞ്ഞിരുന്നു. തല തറയിലിടിച്ചതിനാല്‍ പിന്‍ ഭാഗത്ത് ഗുരുതര പരിക്കുമുണ്ടായിരുന്നു.

ഇരിക്കൂര്‍ ബ്ളാത്തൂര്‍ സ്വദേശി ആഷിഖ് പാട്ടത്തിനായെടുത്ത തോട്ടത്തില്‍ കശുവണ്ടി വിളവെടുപ്പിനായി വയനാട്ടില്‍ നിന്നും കൂലിപ്പണിക്കായി കൊണ്ടുവന്നതായിരുന്നു രജനിയെയും ബാബുവിനെയും. ചെങ്കല്‍ കൊത്തിയൊഴിഞ്ഞ ഊരത്തൂരിലെ പണയില്‍ ഷെഡ് കെട്ടിയാണ് ദമ്പതികള്‍ താമസിച്ചുവന്നിരുന്നത്. ഇവര്‍ക്ക് ഏഴുകുട്ടികളാണുളളത്. അതില്‍ അഞ്ചു പേര്‍ വയനാട്ടിലും രണ്ടു ചെറിയ കുട്ടികള്‍ ദമ്പതികളോടൊപ്പവുമാണ് താമസിച്ചിരുന്നത്. ഞായറാഴ്ച്ച രാത്രി മദ്യം വാങ്ങി കൊണ്ടു വന്ന് ഇരുവരും കുടിക്കുകയും, തുടര്‍ന്ന് വഴക്കുണ്ടാകുകയും ചെയ്തതായി അയല്‍വാസികള്‍ പൊലീസിനെ അറിയിച്ചിരുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെ എഴുന്നേറ്റപ്പോള്‍ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത് ബാബു തന്നെയാണ് അയല്‍വാസികളെ അറിയിച്ചത്. ഇരിക്കൂര്‍ പൊലിസെത്തി ഇന്‍ക്വസ്റ്റ് നടത്തിയപ്പോഴാണ് യുവതിയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തിയത്. വയനാട്ടില്‍ വെച്ചും മദ്യലഹരിയില്‍ ഭാര്യയെ മര്‍ദ്ദിച്ചതിന് ബാബുവിനെതിരെ കേസുണ്ട്.

തലയോല പുഴയില്‍ മറ്റൊരു കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ബബിത, സവിത, അഞ്ജലി, ബബീഷ്, രജീഷ്, രഞ്ജേഷ്, ബിജിന്‍ ബാബു എന്നിവരാണ് മക്കള്‍. ഇതില്‍ അഞ്ചുവയസുളള രഞ്ജേഷും നാലുവയസുളള ബിബിന്‍ബാബുവുമാണ് ദമ്പതികള്‍ക്കൊപ്പം ഉണ്ടായിരുന്നത്. ഇവരോടൊപ്പം കശുവണ്ടി വിളവെടുപ്പിനായി മറ്റു ആദിവാസി കുടുംബങ്ങളും താമസിക്കുന്നുണ്ട്.