by Midhun HP News | Mar 12, 2025 | Latest News, കേരളം
കൊച്ചി: മറൈന്‍ഡ്രൈവ് ക്വീന്‍സ് വോക്വേയില്‍ ഭര്‍ത്താവിനെ കത്തിമുനയില്‍ നിര്‍ത്തി ഭാര്യയോട് അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ച യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പൊന്നാനി സ്വദേശികളായ അബ്ദുല്‍ ഹക്കീം (25), അന്‍സാര്‍ (28) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
യുവതി കുടുംബസമേതം വോക്വേയില്‍ എത്തിയപ്പോഴായിരുന്നു യുവാക്കള്‍ മോശമായി പെരുമാറിയത്. യുവതിയുടെ ദേഹത്ത് സ്പര്‍ശിക്കുകയും എതിര്‍ത്തപ്പോള്‍ കത്തികാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു. ചേര്‍ത്തുനിര്‍ത്തി സെല്‍ഫി എടുക്കാനും മറ്റും തുടങ്ങിയതോടെ ഇവര്‍ പൊലീസില്‍ വിവരമറിയിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഈ സമയം നഗരത്തില്‍ ഡി ഹണ്ട് ലഹരി പരിശോധനയിലുണ്ടായിരുന്ന സെന്‍ട്രല്‍ പൊലീസ് സംഘം സ്ഥലത്തെത്തി ഇരുവരെയും പിടികൂടി. പിടികൂടിയ യുവാക്കളെ പൊലീസ് വാഹനത്തില്‍ കൊണ്ടുവരുന്ന വഴി ഇവര്‍ വാഹനത്തിന്റെ ചില്ല് ഇടിച്ചു പൊട്ടിച്ചു.
പൊതുഇടത്തില്‍ സ്ത്രീകളോടു മോശമായി പെരുമാറിയതിനും പൊലീസ് വാഹനത്തിന്റെ ചില്ല് അടിച്ചുതകര്‍ത്തതിനുമാണ് ഇരുവര്‍ക്കുമെതിരെ കേസ്. ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായാണു സൂചന. പ്രതികളായ അബ്ദുല്‍ ഹക്കീമിന് കോഴിക്കോട് പന്നിയങ്കര പൊലീസ് സ്റ്റേഷനില്‍ അടിപിടി കേസും അന്‍സാറിന്റെ പേരില്‍ മലപ്പുറത്തും വിവിധ കേസുകളുണ്ട്. സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അനീഷ് ജോയി, സബ് ഇന്‍സ്‌പെക്ടര്‍മാരായ സന്തോഷ്‌കുമാര്‍, സി.അനൂപ്, സിപിഒ വിനു കുട്ടന്‍, വിജീഷ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാന്‍ഡ് ചെയ്തു. കുടുംബസമേതം സായാഹ്നം ചെലവിടാന്‍ ഒട്ടേറെപ്പേരെത്തുന്ന ക്വീന്‍സ് വോക്വേയില്‍ ഇത്തരം സംഭവം നടന്നതു നഗരത്തെ ഞെട്ടിച്ചു. ലഹരിസംഘങ്ങളുടെ വിളയാട്ടത്തിന്റെയും ആക്രമണ പരമ്പരയുടെയും പശ്ചാത്തലത്തില്‍ ഈ ഭാഗത്തു കൂടുതല്‍ പൊലീസ് സുരക്ഷ വേണമെന്ന ആവശ്യം ശക്തമാണ്.
by Midhun HP News | Mar 12, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പില്‍ ഫയല്‍ നീക്കം വേഗത്തിലാക്കുന്നതിന് ഏകീകൃത കൗണ്ടര്‍ സിസ്റ്റം ആരംഭിക്കുമെന്ന് മന്ത്രി ഗണേഷ് കുമാര്‍. ഫയലുകള്‍ പൂള്‍ ചെയ്ത് നടപടിക്രമങ്ങള്‍ വേഗത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു. വകുപ്പിന് ലഭിക്കുന്ന അപേക്ഷകള്‍ ആര്‍ടിഒ പരിധി നോക്കാതെ ഫയലുകള്‍ തുല്യമായി വിതരണം ചെയ്യും. അതായത് എറണാകുളം ആര്‍ടിഒയില്‍ നല്‍കുന്ന അപേക്ഷ മറ്റൊരു ജില്ലയിലെ ഉദ്യോഗസ്ഥനാകും പരിശോധിക്കുക.
പുതിയ സംവിധാനം വരുന്നതോടെ വകുപ്പില്‍ അഴിമതിയില്ലാതാകുമെന്നും ഫയല്‍ നീക്കം വേഗത്തിലാകുമെന്നും മന്ത്രി പറഞ്ഞു. ഫയലുകള്‍ തുല്യമായി വീതിച്ച് നല്‍കുന്നതോടെ ഉദ്യോഗസ്ഥരുടെ അമിത ജോലി ഭാരം ഇല്ലാതാകും. ഫയല്‍ ലഭിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ പരിഹരിച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥരുടെ കഴിവില്ലായ്മയാണ് കാണിക്കുന്നത്. അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കുന്നതിനാണ് പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പുതിയ രജിസ്‌ട്രേഷന്‍ നമ്പറുകള്‍ കൊണ്ടുവരുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് കെഎല്‍90, കേന്ദ്ര സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് കെഎല്‍90 എ, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കെഎല്‍90ബി, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയുടെ വാഹനങ്ങള്‍ക്ക് കെഎല്‍ -90 ബിസി. എന്നിങ്ങനെയാകും നമ്പറുകള്‍ നല്‍കുക. പുതിയ പരിഷ്‌കരണം അനുസരിച്ച് പുതിയ വാഹനങ്ങള്‍ പുതിയ നമ്പറില്‍ രജിസ്റ്റര്‍ ചെയ്യുമെന്നും നിലവിലുള്ളവ പുതിയ രജിസ്‌ട്രേഷന്‍ സംവിധാനത്തിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന അതിര്‍ത്തികളിലെ ചെക്ക്‌പോസ്റ്റ് സംവിധാനങ്ങള്‍ നിര്‍ത്തലാക്കി പകരം പെര്‍മിറ്റ് സംബന്ധമായ ജോലികള്‍ക്കായി ജിഎസ്ടി വകുപ്പിന്റെ കാമറകള്‍ ഉപയോഗിക്കും, മീറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാത്ത ഓട്ടോറിക്ഷകളില്‍ സൗജന്യ യാത്ര നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കും. ഗണേഷ് കുമാര്‍ പറഞ്ഞു.
by Midhun HP News | Mar 12, 2025 | Latest News, ജില്ലാ വാർത്ത
പേരൂർക്കട: കുടപ്പനക്കുന്നിലെ മൂന്നിടങ്ങളിലായി ഒരേദിവസം രണ്ട് ഓട്ടോറിക്ഷയും പച്ചക്കറി വിൽക്കുന്ന തട്ടുകടയും കത്തിച്ച സംഭവത്തിൽ പ്രതിയെ പേരൂർക്കട പോലീസ് അറസ്റ്റ് ചെയ്തു. കല്ലയം ചെട്ടിമുക്ക് കുഴിക്കാട് പുത്തൻവീട്ടിൽ രമേശ്(36) ആണ് പിടിയിലായത്. തിങ്കളാഴ്ച പുലർച്ചെ ഒരുമണികഴിഞ്ഞാണ് സംഭവം.
കുടപ്പനക്കുന്ന് ഇരപ്പുകുഴി ഇആർഎ 2-എ കൃഷ്ണരാഗത്തിൽ ചന്ദ്രബാബു, പേരൂർക്കട ജയ്നഗർ-60 സരിതാ ഭവനിൽ സുധാകരൻ എന്നിവരുടെ ഓട്ടോറിക്ഷകളും കുടപ്പനക്കുന്ന് കൺകോർഡിയ സ്‌കൂളിനു പുറകുവശം ഉഷസ് വീട്ടിൽ താമസിക്കുന്ന കൃഷ്ണമ്മ, സ്‌കൂളിനു മുന്നിൽ റോഡരികിൽ നടത്തിയിരുന്ന പച്ചക്കറി വിൽപ്പന തട്ടുകടയുമാണ് പ്രതി തീയിട്ടു നശിപ്പിച്ചത്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞതും പിടികൂടിയതും. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ കല്ലയത്തെ ബാർബർ ഷോപ്പിൽ മുടിവെട്ടിക്കുന്നതിനിടെയാണ് പ്രതിയെ പോലീസ് പിടികൂടിയത്. പ്രതി കൂലിപ്പണിക്കാരനാണെന്നും ബാഗിൽ പെട്രോളും കത്തിയുമായി രാത്രിയിറങ്ങി സഞ്ചരിക്കുന്നയാളാണെന്നും കഴിഞ്ഞമാസം ഒൻപതിന് കരകുളത്ത് ഓട്ടോറിക്ഷ കത്തിച്ച കേസിലും നേരത്തേ നെടുമങ്ങാട് ഭാഗത്ത് ഓട്ടോറിക്ഷ കത്തിച്ച കേസിലും പ്രതിയാണെന്നും റിമാൻഡ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.
തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെ ചന്ദ്രബാബുവിന്റെ ഓട്ടോയ്ക്കു തീപിടിച്ച സംഭവമറിഞ്ഞാണ് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയത്. ഇവിടെനിന്നു തിരികെ പോകുമ്പോഴാണ് സ്‌കൂളിനുമുന്നിലെ പച്ചക്കറിക്കടയ്ക്കു തീപിടിച്ചത് സേനയുടെ ശ്രദ്ധയിൽപ്പെട്ടത്. സ്ഥലത്തിറങ്ങി തീകെടുത്തി പോലീസിൽ വിവരം നൽകി യാത്ര തുടർന്നു. അപ്പോൾ സമയം ഏകദേശം പുലർച്ചെ 2.45ആയിരുന്നു. മൂന്നുമണിയോടെയാണ് പേരൂർക്കട-വഴയില റോഡരികിൽ ഓട്ടോ കത്തുന്നതു കണ്ടത്.
ഇവിടെയും തീ കെടുത്തി പേരൂർക്കട പോലീസിനെ വിവരമറിയിച്ചശേഷമാണ് അഗ്നിരക്ഷാസേന സ്ഥലത്തുനിന്നു പോയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഷാജിഖാൻ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ സുധീഷ് ചന്ദ്രൻ, ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ സനീഷ്, മഹേഷ്, സവിൻ, ഹോംഗാർഡ് രാജശേഖരൻ എന്നിവരുടെ നേതൃത്വത്തിലാണ് ഒരേദിവസം പുലർച്ചെ മൂന്നിടത്തുനടന്ന തീപ്പിടിത്തങ്ങൾ നിയന്ത്രിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്. തുടർന്ന് പ്രതിയെ അറസ്റ്റുചെയ്യാനുള്ള ശ്രമം തുടങ്ങി.
by Midhun HP News | Mar 12, 2025 | Latest News, ജില്ലാ വാർത്ത, മരണം
തിരുവനന്തപുരം ആറ്റിങ്ങൽ മണനാക്ക് പെരുങ്കുളം സംഗീതാലയത്തിൽ ഭാസ്കരൻ കുട്ടി (82) നിര്യാതനായി. സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം മൂന്ന് പതിറ്റാണ്ടോളം അബുദാബി എയർപോർട്ട് സർവീസിലെ ജീവനക്കാരനായിരുന്നു.
ഭാര്യ പ്രസന്ന.
മക്കൾ: സുഭാഷ് ബി കുട്ടി, പ്രമദ് ബി കുട്ടി (ചീഫ് ക്യാമറമാൻ, മനോരമ ന്യൂസ്, ദുബായ്), സംഗീത, സജു ബി കുട്ടി (ഓസ്ട്രേലിയ).
മരുമക്കൾ: അനിൽ കുമാർ, സുനിത, ജീന(ദുബായ്), അപർണ.
by Midhun HP News | Mar 12, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹി കേരള ഹൗസില്‍ വെച്ചു നടന്ന കൂടിക്കാഴ്ച 50 മിനിറ്റ് നീണ്ടു നിന്നു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
വയനാട് മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച വായ്പയുടെ വിനിയോഗ കാലാവധി ദീര്‍ഘിപ്പിക്കുന്നത് അടക്കം കേരള സര്‍ക്കാര്‍ കൂടിക്കാഴ്ചയില്‍ ഉന്നയിച്ചു. ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്കായി കേന്ദ്രം പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ആവശ്യമുന്നയിച്ചു.വിഴിഞ്ഞം പദ്ധതിക്കുള്ള കേന്ദ്ര സഹായം, ജിഎസ്ടി പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയായി. കേരളത്തിന്റെ വികസനകാര്യങ്ങളില്‍ അനുകൂല സമീപനം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ ആവശ്യങ്ങളില്‍ തുടര്‍ ചര്‍ച്ചകള്‍ ആകാമെന്ന് കേന്ദ്രധനമന്ത്രി പ്രതികരിച്ചു. ആശ വര്‍ക്കര്‍മാരുടെ വിഷയം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായില്ല എന്നാണ് സൂചന.
Recent Comments