by Midhun HP News | Mar 12, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 360 രൂപ കൂടി ഈ മാസത്തെ റെക്കോര്‍ഡ് വിലയിലേക്ക് എത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 64,520 രൂപയാണ്. ഗ്രാമിന് 45 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 8020 രൂപയാണ്.
ഈ മാസം അഞ്ചിന് റെക്കോര്‍ഡ് വിലയായ 64,520 രൂപയിലെത്തിയെങ്കിലും വില ഇടിയുന്ന ട്രെന്‍ഡാണ് കണ്ടത്. എന്നാല്‍ വീണ്ടും റെക്കോര്‍ഡ് ഭേദിക്കുമെന്ന സൂചന നല്‍കി അതേ പോയിന്റില്‍ തന്നെ വില എത്തിയിരിക്കുകയാണ്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.
ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. നിലവിലെ റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില 65,000 തൊടുമോ എന്ന ആകാംക്ഷയിലാണ് നിക്ഷേപകര്‍.
by Midhun HP News | Mar 12, 2025 | Latest News, ജില്ലാ വാർത്ത
മുതലപ്പൊഴി അഴിമുഖം ആഴം കൂട്ടുന്നതിനുള്ള പ്രവർത്തികൾ വൈകുന്നതിനെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്നു. താഴം പള്ളി ഇടവകയുടെയും വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ ഹാർബർ എക്സിക്യൂട്ടീവ് എഞ്ചിനീയറിംഗ് ഓഫീസ് മാർച്ചിലും ധർണ്ണയിലും നൂറ് കണക്കിന് പേർ അണിനിരുന്നു.
മുതലപൊഴി അഴിമുഖത്ത് വൻ തോതിൽ മണൽ അടിഞ്ഞ് കൂടിയ സ്ഥിതിയാണ്. അഴിമുഖത്തിൻ്റെ മുക്കാൽ ഭാഗതോളം മണൽ അടിഞ്ഞ് കൂടി തോടിന് സമാനമായ ഭാഗത്ത് കൂടിയാണ് വള്ളങ്ങളുമായി തൊഴിലാളികൾ കടലിലേക്ക് പോകുന്നതും വരുന്നതും. കാലവർഷം ആരംഭിക്കുന്നതിന് മുൻപേ മണൽ നീക്കിയിലെങ്കിൽ അപകട സാധ്യത വർദ്ധിക്കുമെന്ന ആശങ്കയുണ്ട്. ഹാർബർ വകുപ്പ് ഓഫീസിൽ നടന്ന ധർണ്ണാ സമരം താഴം പള്ളി സെൻ്റ് ജെയിംസ് ചർച്ച് ഇടവക വികാരി ഫാ ബോസ്കോ ഉദ്ഘാടനം ചെയ്തു.
ഹാർബർ അസിഡൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുമായി പ്രതിഷേധക്കാർ നടത്തിയ ചർച്ചയിൽ 10 ദിവസത്തിനകം മണൽ നീക്കി ആഴം ഉറപ്പാക്കാനുള്ള പ്രവർത്തികൾ തുടങ്ങുമെന്ന് ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.ഇന്ന് നടന്ന സൂചന സമരം സെന്റ് ജെയിംസ് താഴമ്പള്ളി ചർച്ചിന്റെ ആ നേതൃത്വത്തിൽ നൽകിയത് ഫാദർ ജോൺ ബോസ്കോ, ബർണി, കിരൺ,പ്രിൻസ് കോഡിനേഷൻ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു സംസാരിച്ചു
by Midhun HP News | Mar 12, 2025 | Latest News, കേരളം
തൃശൂര്‍: യാത്രാ തിരക്ക് കൂടിയ സാഹചര്യത്തില്‍ ആറ് ട്രെയിനുകളില്‍ പുതിയ കോച്ചുകള്‍ താല്‍ക്കാലികമായി അനുവദിച്ചതായി പാലക്കാട് റെയില്‍വേ ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിലും കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിലും ഇന്നുമുതല്‍ 17 വരെ ഓരോ ചെയര്‍കാര്‍ കോച്ചുകള്‍ അനുവദിച്ചിട്ടുണ്ട്.
തിരുവനന്തപുരം- മംഗളൂരു മലബാര്‍ എക്സ്പ്രസിലും, മംഗളൂരു- തിരുവനന്തപുരം മലബാര്‍ എക്സ്പ്രസിലും നാളെ മുതല്‍ 17 വരെ ഓരോ സ്ലീപ്പര്‍ കോച്ചുകള്‍ കൂടി അനുവദിച്ചു. തിരുവനന്തപുരം- മംഗളൂരു മാവേലി എക്സ്പ്രസില്‍ ഇന്ന് ഒരു സ്ലീപ്പര്‍ കോച്ച് അനുവദിച്ചിട്ടുണ്ട്.
by Midhun HP News | Mar 12, 2025 | Latest News, കേരളം
കൊച്ചി: ചോറ്റാനിക്കര ക്ഷേത്രത്തിൽ മകം തൊഴൽ ഇന്ന്. ഉച്ചയ്ക്ക് രണ്ട് മുതൽ 9.30 വരെയാണ് മകം തൊഴൽ. ദർശനത്തിനായി സ്ത്രീകൾക്കും പുരുഷൻമാർക്കും 70 കൂടുതൽ പ്രായമുള്ളവർക്കും പ്രത്യേകം ക്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളെ പടിഞ്ഞാറേ നടയിലൂടെയും പുരുഷൻമാരെയും കുടുംബമായി എത്തുന്നവരെയും വടക്കേ പൂരപറമ്പിലൂടെയും ബാരിക്കേഡ് വഴി ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കും. ഒന്നര ലക്ഷം ഭക്തർ ദർശനത്തിന് എത്തുമെന്നാണ് കരുതുന്നത്.
ഭക്തരുടെ സുരക്ഷയ്ക്കായി ക്ഷേത്രത്തിലും പരിസരത്തും റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ക്ഷേത്രത്തിലും പരിസരത്തും കുറ്റകൃത്യങ്ങൾ തടയുന്നതിനായി മഫ്തിയിലും പൊലീസ് ഉണ്ടാകും. 80 ഓളം നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ട്.
മകം തൊഴലിനോടനുബന്ധിച്ച് ഗതാഗത ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിന് മുൻവശത്തെ റോഡിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. മുളന്തുരുത്തി, തിരുവാങ്കുളം, കുരീക്കോട് ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ ബൈപാസ് റോഡിലൂടെയും വെണ്ണിക്കുളം, മുരിയമംഗലം ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ അടിയാക്കൽ പാലം വഴി എംഎൽഎ റോഡ് വഴി പ്രധാന റോഡിൽ പ്രവേശിച്ച് ബൈപാസ് റോഡിലൂടെയും പോകണം. ദേവി ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിൽ വാഹന ഗതാഗതം അനുവദിക്കില്ല.
by Midhun HP News | Mar 12, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: സംസ്ഥാനത്തെ പൊതുവിതരണ സംവിധാനത്തില്‍ കാര്യമായ മാറ്റങ്ങള്‍ നിര്‍ദേശിച്ച്, ന്യായ വില ഷോപ്പ് (എഫ്പിഎസ്) ഡീലര്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കേരള സര്‍ക്കാര്‍ രൂപീകരിച്ച വിദഗ്ദ്ധ സമിതി. റേഷന്‍ കടകളുടെ എണ്ണം 13,872 ല്‍ നിന്ന് 10,000 ആയി കുറയ്ക്കാനും മുന്‍ഗണനേതര വിഭാഗത്തിന് (സബ്‌സിഡി) നല്‍കുന്ന അരിയുടെയും പഞ്ചസാരയുടെയും ചില്ലറ വില്‍പ്പന വില വര്‍ദ്ധിപ്പിക്കാനും പുതിയ റേഷന്‍ കടകള്‍ തുറക്കുന്നതില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും വിദഗ്ദ്ധ സമിതി ശുപാര്‍ശ ചെയ്തു. പൊതുവിഭാഗത്തില്‍ നീല കാര്‍ഡുടമകളാണ് മുന്‍ഗണനേതര വിഭാഗം (സബ്‌സിഡി) എന്നതില്‍ വരുന്നത്.
2024 അവസാനത്തോടെ ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പിന് സമര്‍പ്പിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് ഇതുവരെ ചര്‍ച്ച ചെയ്യുകയോ ശുപാര്‍ശയിന്മേല്‍ നടപടിയെടുക്കുകയോ ചെയ്തിട്ടില്ല. എന്നിരുന്നാലും 2018 മുതല്‍ മാറ്റമില്ലാതെ തുടരുന്ന റേഷന്‍ വ്യാപാരികളുടെ വേതന വ്യവസ്ഥയില്‍ സമയബന്ധിതമായ പരിഷ്‌കരണം വേണമെന്ന ആവശ്യത്തെ റിപ്പോര്‍ട്ട് പിന്താങ്ങുന്നു.
സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായം നേടുന്നതിനായി വേതനം വര്‍ദ്ധിപ്പിക്കുന്നത് സുസ്ഥിരമായ ഒരു പരിഹാരമല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഭാവിയില്‍ ഇത് ഒരു വലിയ പ്രതിസന്ധിയിലേക്ക് നയിച്ചേക്കാം. പകരം, ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പരമ്പരാഗത ന്യായ വില ഷോപ്പുകള്‍ നവീകരിക്കാന്‍ ലക്ഷ്യമിടുന്ന കെ-സ്റ്റോര്‍ പദ്ധതിയിലൂടെ റേഷന്‍ കടകള്‍ വൈവിധ്യവല്‍ക്കരിക്കാനും കൂടുതല്‍ സേവനങ്ങള്‍ നല്‍കാനും സമിതി നിര്‍ദ്ദേശിക്കുന്നു.
പൊതുവിഭാഗം സബ്‌സിഡി വിഭാഗത്തില്‍പ്പെട്ട കാര്‍ഡിലെ(നീലകാര്‍ഡ്) അരിയുടെ ചില്ലറ വില്‍പ്പന വില കിലോയ്ക്ക് 4 രൂപയില്‍ നിന്ന് 6 രൂപ വരെയാക്കിയും പൊതുവിഭാഗം നോണ്‍ സബ്‌സിഡി വിഭാഗത്തില്‍പ്പെട്ട ( വെള്ള കാര്‍ഡ്) കാര്‍ഡിലെ അരിയുടെ ചില്ലറ വില്‍പ്പന വില കിലോയ്ക്ക് 10.90 രൂപയില്‍ നിന്നും വര്‍ദ്ധിപ്പിച്ചും സര്‍ക്കാരിന് റേഷന്‍ ഡീലര്‍മാരുടെ കമ്മീഷന്‍ ഉയര്‍ത്താന്‍ കഴിയുമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.
പരമാവധി 800 കാര്‍ഡുകള്‍ മാത്രം അനുവദിച്ച് ഓരോ റേഷന്‍ കടയെയും യുക്തിസഹമാക്കുക എന്നതാണ് മറ്റൊരു പ്രധാന ശുപാര്‍ശ. 15 ക്വിന്റലില്‍ താഴെ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്ന 85 കടകളുടെ പ്രായോഗികത പരിശോധിക്കാനും സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2024 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് കേരളത്തില്‍ ആകെ 94,31,027 റേഷന്‍ കാര്‍ഡുകളും 13,872 റേഷന്‍ കടകളുമാണ് ഉണ്ടായിരുന്നത്.
സര്‍ക്കാര്‍ കമ്മീഷനുകളുടെ അപര്യാപ്തത, വൈകിയുള്ള പണമടയ്ക്കല്‍ , വേതനത്തിന്റെയും വാടകയുടെയും വര്‍ധന എന്നിവ കാരണം സമീപകാലത്ത് 150 ലധികം കടകള്‍ അടച്ചുപൂട്ടിയതായി കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍ ഷിജീര്‍ പറഞ്ഞു. പോര്‍ട്ടബിലിറ്റി പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളായി. ഇത് ഡീലര്‍മാര്‍ക്ക് ചെലവുകള്‍ വഹിക്കുന്നത് വെല്ലുവിളിയാക്കി. പല ഡീലര്‍മാരും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുകയാണ്. കൂടാതെ അവര്‍ക്ക് നല്‍കുന്ന കമ്മീഷന്‍ ഗണ്യമായി വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ നിരവധി റേഷന്‍ കട ഉടമകള്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരാകാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ന്യായ വില ഷോപ്പുകള്‍ക്കുള്ള നിലവിലെ കമ്മീഷന്‍ ഘടന 2018 ല്‍ ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍ (ഇ-പിഒഎസ്) മെഷീനുകള്‍ അവതരിപ്പിച്ചപ്പോള്‍ രൂപീകരിച്ചതാണ്. അതിനുശേഷം കമ്മീഷന്‍ ഘടന മാറ്റമില്ലാതെ തുടരുന്നു. നിലവിലുള്ള ഘടന 45 ക്വിന്റല്‍ ഭക്ഷ്യധാന്യം വില്‍ക്കുന്നതിന് പ്രതിമാസം 18,000 രൂപ കമ്മീഷന്‍ ഉറപ്പാക്കുന്നു. ഇതില്‍ 8500 രൂപ സര്‍ക്കാര്‍ സഹായമാണ്. ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകള്‍ ഉണ്ടായിരുന്നിട്ടും, കഴിഞ്ഞ ആറ് വര്‍ഷമായി കമ്മീഷന്‍ ഘടന പരിഷ്‌കരിച്ചിട്ടില്ല. 45 ക്വിന്റലിന് മുകളില്‍ വില്‍ക്കുന്ന കടകള്‍ക്ക്, ഓരോ ക്വിന്റലിനും 180 രൂപയാണ് അധികമായി ലഭിക്കുന്നത്. 2,000 ല്‍ കൂടുതല്‍ റേഷന്‍ കാര്‍ഡുകളുള്ള ചില കടകള്‍ വയനാട്ടിലും മലപ്പുറത്തും ഉണ്ട്. സംസ്ഥാനത്തെ ഭൂരിഭാഗം ന്യായവില ഷോപ്പുകളിലും ശരാശരി 200 മുതല്‍ 300 വരെ കാര്‍ഡുകളാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ അംഗീകൃത റേഷന്‍ ഡീലര്‍മാര്‍
ന്യായവില കടകളുടെ ആകെ എണ്ണം – 13,872
10,000 രൂപയില്‍ താഴെ കമ്മീഷനുള്ള ഡീലര്‍മാര്‍ – 146
10,000 മുതല്‍ 15,000 വരെ കമ്മീഷന്‍ ലഭിക്കുന്ന ഡീലര്‍മാര്‍ – 827
15,000 മുതല്‍ 18,000 വരെ കമ്മീഷന്‍ ലഭിക്കുന്ന ഡീലര്‍മാര്‍ – 1,186
18,000ന് മുകളില്‍ കമ്മീഷന്‍ ലഭിക്കുന്ന ഡീലര്‍മാര്‍- 11,713
2013 ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം, റേഷന്‍ വേതന പരിഷ്‌കരണം എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ പഠിക്കാന്‍ രൂപീകരിച്ച വകുപ്പുതല സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമുള്ള കണക്കാണിത്.
Recent Comments