വിനോദ സഞ്ചാരത്തിന്റെ അനന്ത സാധ്യതകൾ ഒളിപ്പിച്ച് ഒഴുകുന്നു പള്ളിക്കൽ പുഴ

വിനോദ സഞ്ചാരത്തിന്റെ അനന്ത സാധ്യതകൾ ഒളിപ്പിച്ച് ഒഴുകുന്നു പള്ളിക്കൽ പുഴ

നിറഞ്ഞ പാറക്കൂട്ടങ്ങൾക്ക് മുകളിലൂടെ ഭംഗി കൊണ്ട് ആരെയും ആകർഷിക്കും വിധമാണ് പള്ളിക്കൽ പുഴ. പുഴയുടെ വിവിധ ഭാഗങ്ങൾ വിനോദ സഞ്ചാരത്തിന് പ്രയോജനം ആകും വിധത്തിൽ ധാരാളം സാധ്യതകൾ ഒളിഞ്ഞിരിക്കുന്നു. ഇത് പ്രയോജനപ്പെടുത്താനും സംരക്ഷിക്കാനും നടപടിയില്ല. കുളത്തൂപ്പുഴയിൽ നിന്നാണ് തുടക്കം. ഇത്തിക്കര ആറിന്റെ ഭാഗമായ പള്ളിക്കൽ പുഴ രണ്ട് ജില്ലക‌ളുടെ അതിർത്തികൾ പങ്കുവയ്ക്കുന്നു. വളഞ്ഞു പുളഞ്ഞ് ഒഴുകുന്ന പുഴയുടെ ഭംഗി ആസ്വദിക്കാൻ സഞ്ചാരികൾ കുറച്ച് സമയം ചെലവിടാറുണ്ട്.

എന്നാൽ അതിനു വേണ്ട സൗകര്യം ഒരുക്കിയിട്ടില്ല. അതിനാൽ സഞ്ചാരികൾ വരാൻ മടിക്കുന്നു. തീരങ്ങളിലെ അസൗകര്യങ്ങളും അപകട ഭീഷണിയും കാരണം വരുന്നവർ അധിക സമയം ചെലവിടാൻ തയാറാകുന്നില്ല. മുൻ വർഷങ്ങളിൽ നടന്ന അനധികൃത മണ്ണെടുപ്പ് മൂലം തീരങ്ങൾ ഇടിഞ്ഞ നിലയിലാണ്. വൻ കയങ്ങളും രൂപപ്പെട്ടിട്ടുണ്ട്. ഇതൊക്കെ പലപ്പോഴും വലിയ അപകടങ്ങൾക്കും കാരണമായിട്ടുണ്ട്. പകൽക്കുറി ക്ഷേത്രത്തിന് സമീപം പുഴയിൽ വിശാലമായ കുളിക്കടവ് നിർമിച്ചിട്ടുണ്ട്. ഇത് ധാരാളം പേർ പ്രയോജനപ്പെടുത്തുന്നു. എന്നാൽ ആഴക്കയങ്ങൾ ഭീഷണിയാണ്. പുഴയുടെ കുറുകെ കടക്കുന്നതിന് പകൽക്കുറി ക്ഷേത്രത്തിന് അടുത്തായി ഒരു തൂക്കുപാലം നിർമിച്ചിട്ടുണ്ട്.

‘വി എസ് പാര്‍ട്ടിയുടെ കരുത്ത്’; സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാകും

‘വി എസ് പാര്‍ട്ടിയുടെ കരുത്ത്’; സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാകും

തിരുവനന്തപുരം: മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദനെ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാകും. വി എസ് പാര്‍ട്ടിയുടെ ഏറ്റവും വലിയ കരുത്താണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പാര്‍ട്ടിയിലെ ഏറ്റവും സമുന്നത നേതാവായ വി എസ് ഇപ്പോള്‍ കിടപ്പിലാണ്. കഴിഞ്ഞ തവണയും അദ്ദേഹം പ്രത്യേക ക്ഷണിതാവായിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് കൂടി കഴിഞ്ഞ ശേഷമേ കൃത്യമായി ക്ഷണിതാക്കളെ തീരുമാനിക്കൂ. അക്കൂട്ടത്തില്‍ ഏറ്റവും പ്രമുഖന്‍ വി എസ് ആണ്. പാര്‍ട്ടിയുടെ ഏറ്റവും വലിയ കരുത്തായ അദ്ദേഹം ക്ഷണിതാക്കളില്‍ ഉറപ്പായും ഉണ്ടാകും. എം വി ഗോവിന്ദന്‍ പറഞ്ഞു. സംസ്ഥാന കമ്മിറ്റിയില്‍നിന്നും സെക്രട്ടേറിയറ്റില്‍ നിന്നും ഒഴിഞ്ഞവരില്‍ കേന്ദ്രകമ്മിറ്റി അംഗങ്ങളുമുണ്ട്. 75 വയസ് പിന്നിട്ട അവര്‍ സാങ്കേതികമായി സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിഞ്ഞെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസ് വരെ കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ്. പാര്‍ട്ടി കമ്മിറ്റികളില്‍ നിന്ന് ഒഴിവാകുന്നവരെ കേന്ദ്ര കമ്മിറ്റി അംഗീകാരത്തോടെ അതത് പാര്‍ട്ടി സെന്ററുകളില്‍ പ്രവര്‍ത്തിപ്പിക്കാനാകും. അവരുടെ കഴിവും സേവനവും പരമാവധി പാര്‍ട്ടിക്കായി ഉപയോഗിക്കും. അവരെ പൂര്‍ണമായും ഒഴിവാക്കുക എന്നതല്ല പാര്‍ട്ടിയുടെ നിലപാട് എന്നും ഗോവിന്ദന്‍ പറഞ്ഞു.

കൊല്ലത്ത് പള്ളി വളപ്പില്‍ സ്യൂട്ട്‌കേസില്‍ അസ്ഥികൂടം; പൊലീസ് പരിശോധന

കൊല്ലത്ത് പള്ളി വളപ്പില്‍ സ്യൂട്ട്‌കേസില്‍ അസ്ഥികൂടം; പൊലീസ് പരിശോധന

കൊല്ലം: കൊല്ലത്ത് പള്ളി വളപ്പില്‍ സ്യൂട്ട്‌കേസില്‍ അസ്ഥികൂടം കണ്ടെത്തി. സിഎസ്‌ഐ ശാരദമഠം പള്ളി സെമിത്തേരിയോട് ചേര്‍ന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. മനുഷ്യന്റെ അസ്ഥികൂടമെന്ന് പൊലീസ് പറഞ്ഞു. ദ്രവിച്ചു തുടങ്ങിയ അവസ്ഥയിലാണ് അസ്ഥികൂടമെന്നും, ആരെങ്കിലും പെട്ടിയിലാക്കി ഉപേക്ഷിച്ചതാണോയെന്ന് പരിശോധിക്കുന്നതായി സിറ്റി പൊലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍ വ്യക്തമാക്കി.

മതിലിനോട് ചേര്‍ന്നാണ് സ്യൂട്ട്‌കേസ് ഉപേക്ഷിക്കപ്പെട്ടിരുന്നത്. പള്ളിയിലെ പൈപ്പ്‌ലൈനിലെ തകരാര്‍ പരിഹരിക്കുന്നതിനായി പണിക്കാര്‍ എത്തിയപ്പോഴാണ് സ്യൂട്ട്‌കേസ് കണ്ടെത്തുന്നത്. തുടര്‍ന്ന് തുറന്നുനോക്കിയപ്പോഴാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തുന്നത്. റോഡില്‍ നിന്നും ആരെങ്കിലും സ്യൂട്ട്‌കേസ് പറമ്പിലേക്ക് വലിച്ചെറിഞ്ഞതാണോയെന്നാണ് പൊലീസ് സംശയിക്കുന്നത്.

സ്യൂട്ട് കേസ് കണ്ടതിനെത്തുടര്‍ന്ന് കമ്പുകൊണ്ട് തുറന്നുനോക്കിയപ്പോള്‍ തലയോട്ടി കണ്ടുവെന്നും, ഉടന്‍ തന്നെ അച്ഛനെയും പള്ളിയിലെ മറ്റുള്ളവരെയും പൊലീസിനെയും വിവരം അറിയിച്ചുവെന്ന് പള്ളി ജീവനക്കാരന്‍ പറയുന്നു. പെട്ടിയുടെ കാലപ്പഴക്കവും അടുത്ത കാലത്താണോ ഇവിടെ ഉപേക്ഷിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചു വരികയാണ്.

ഉയർന്ന അൾട്രാ വയലറ്റ് സൂചിക; രാവിലെ 10 മുതൽ വൈകീട്ട് 3 വരെ വെയിൽ നേരിട്ടേൽക്കുന്നത് ഒഴിവാക്കണം

ഉയർന്ന അൾട്രാ വയലറ്റ് സൂചിക; രാവിലെ 10 മുതൽ വൈകീട്ട് 3 വരെ വെയിൽ നേരിട്ടേൽക്കുന്നത് ഒഴിവാക്കണം

തിരുവനന്തപുരം: ഉയർന്ന അൾട്രാ വയലറ്റ് സൂചിക രേഖപ്പെടുത്തിയതിനാൽ രാവിലെ 10 മുതൽ വൈകീട്ട് 3 വരെ നേരിട്ടു വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. വെയിലത്ത് ജോലി ചെയ്യുന്നവരും ചർമ, നേത്ര രോ​ഗങ്ങൾ ഉള്ളവരും കാൻസർ പോലെ ​ഗുരുതര രോ​ഗങ്ങളോ രോ​ഗ പ്രതിരോധ ശേഷി കുറഞ്ഞവരും പ്രത്യേക ജാ​ഗ്രത പുലർത്തണം.

മാർച്ച് പകുതിക്കു ശേഷം സൂര്യൻ ഉത്തരാർധ​ഗോളത്തിലേക്കു പ്രവേശിക്കുന്നതോടെ അൾട്രാ വയലറ്റ് രശ്മികൾ മനുഷ്യ ശരീരത്തിൽ നേരിട്ട് ഏൽക്കുന്നതു കൂടും. ചർമ രോ​ഗങ്ങൾ ഉൾപ്പെടെയുള്ള ആ​രോ​ഗ്യ പ്രശ്നങ്ങൾക്കു ഇതു വഴി വയ്ക്കുമെന്നു വിദ​ഗ്ധർ മുന്നറിയിപ്പു നൽകുന്നു.

ഉയർന്ന തോതിൽ അൾട്രാ വയലറ്റ് രശ്മികൾ ശരീരത്തിലേൽക്കുന്നത് സ്യൂര്യാതപം ഉൾപ്പെടെയുള്ള ആരോ​ഗ്യ പ്രശ്നങ്ങൾക്കും സാരമായ പൊള്ളലിനും കാരണമാകും. പകൽ പുറത്തിറങ്ങുമ്പോൾ തൊപ്പി, കുട, സൺ​ഗ്ലാസ് എന്നിവ ഉപയോ​ഗിക്കണം. ശരീരം മറയുന്ന കോട്ടൺ വസ്ത്രങ്ങളാണ് ഉചിതം. യാത്രാ ഇടവേളകളിൽ തണലിൽ വിശ്രമിക്കണം.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങിയ ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങൾക്കു കാരണമാകും. തൊഴിൽദായകർ ജോലി സമയം ക്രമീകരിക്കണമെന്നു തൊഴിൽ വകുപ്പ് ആവശ്യപ്പെട്ടു. സാഹചര്യത്തിന്റെ ​ഗൗരവം മനസിലാക്കി ജാ​ഗ്രത പുലർത്തണമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. വേനൽച്ചൂട് ഉയരുന്ന സാഹചര്യത്തിൽ സർക്കാർ ആശുപത്രികളിൽ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകൾ സജ്ജീകരിക്കും.

വേനൽ മഴ

ഈയാഴ്ച സംസ്ഥാനത്ത് വേനൽ മഴ ലഭിക്കുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ ശമിക്കുന്നതോടെ ചൂട് വീണ്ടും കൂടും. അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് പെട്ടെന്നു കൂടുന്നത് ചൂട് കൂടുതൽ അനുഭവവേദ്യമാകുന്ന താപസൂചിക വർധിപ്പിക്കും.

സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ വരും ദിവസങ്ങളിൽ കൂടുതൽ മേഘാവൃതമാകുന്നതിനാൽ ചൂട് കുറയും. വടക്കൻ ജില്ലകളിൽ താപനില ഉയർന്നു നിൽക്കും. വടക്കൻ ജില്ലകളിൽ മഴയെത്താൻ അൽപ്പം താമസം നേരിടുന്നതിനാലാണിത്. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ പ്രതീക്ഷിക്കുന്നുണ്ട്.

ആശാ പ്രവർത്തകരുടെ സമരം ഒരു മാസം പിന്നിടുന്നു, മുഖം തിരിച്ച് സർക്കാർ

ആശാ പ്രവർത്തകരുടെ സമരം ഒരു മാസം പിന്നിടുന്നു, മുഖം തിരിച്ച് സർക്കാർ

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളത്തിലെ ആശാ പ്രവർത്തകർ നടത്തുന്ന രാപ്പകൽ സമരം ഇന്ന് ഒരു മാസം തികയും. കേരള ആശ ​​ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്തിൽ സെക്രട്ടേറിയറ്റ് നടയിലാണ് സമരം തുടരുന്നത്. ഒരു മാസം കടന്നിട്ടും സർക്കാർ ഇടപെടാത്ത സാഹചര്യത്തിൽ സമരം കടുപ്പിക്കാനാണ് പ്രവർത്തകരുടെ തീരുമാനം.

ഈ മാസം 17നു ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റ് ഉപരോധിക്കും. വിവിധ സംഘടനകളുടെ പിന്തുണയോടെയാണ് ഉപരോധം. ന്യായമായ ആവശ്യങ്ങൾ സംബന്ധിച്ചു ചർച്ച നടത്താൻ പോലും സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിലാണ് സെക്രട്ടേറിയറ്റ് ഉപരോധിക്കാൻ തീരുമാനിച്ചതെന്നു സമര സമിതി നേതാവ് എസ് മിനി വ്യക്തമാക്കി.

സമരം ചെയ്യുന്ന സ്ത്രീകളെ കടുത്ത സമ്മർദ്ദത്തിലാക്കുന്ന നടപടികളാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. നിയമം അനുസരിച്ചു സമാധാനപരമായി ഇത്രയും ദിവസം സമരം നടത്തിയിട്ടും സർക്കാർ തിരിഞ്ഞു നോക്കാതിരിക്കുന്നതിനാലാണ് നിയമലംഘന സമരത്തിലേക്ക് കടക്കുന്നതെന്നു പ്രവർത്തകർ വ്യക്തമാക്കി.

സമരം നടത്തുന്ന ആശാ പ്രവർത്തകരുടെ നേതൃത്തിൽ 13നു ആറ്റുകാൽ പൊങ്കാലയിടും. സെക്രട്ടേറിയറ്റിനു മുന്നിൽ പൊങ്കാലയിടാൻ ആ​ഗ്രഹമുള്ള പരമാവധി ആശാ പ്രവർത്തകരെ ക്ഷണിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. പിന്തുണ നൽകി ഒട്ടേറെ സംഘടനകൾ സമര വേദിയിലെത്തുന്നുണ്ട്.