by Midhun HP News | Feb 11, 2025 | Latest News, ജില്ലാ വാർത്ത
കോഴിക്കോട്: തൊണ്ടയില്‍ അടപ്പ് കുരുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് പൊക്കുന്ന് സ്വദേശി അബീന ഹൗസില്‍ നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. രണ്ടുവര്‍ഷം മുന്‍പ് നിസാറിന്റെ മൂത്ത കുഞ്ഞ് ഇതേരീതിയില്‍ മരിച്ചിരുന്നു. രണ്ടു കുട്ടികളും ഭാര്യവീട്ടില്‍ വച്ചാണ് മരിച്ചത്. ഇതില്‍ ദുരൂഹത ആരോപിച്ച് നിസാര്‍ പൊലീസില്‍ പരാതി നല്‍കി.
പരാതിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് തൊണ്ടയില്‍ അടപ്പ് കുരുങ്ങി കുഞ്ഞ് മരിച്ചത്. തൊണ്ടയില്‍ അടപ്പ് കുടുങ്ങിയ നിലയില്‍ വീട്ടുകാര്‍ ആദ്യം കോട്ടപ്പറമ്പിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു.
കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നിസാറിന്റെ മൂത്ത മകനും നേരത്തെ സമാനമായ രീതിയില്‍ മരിച്ചിരുന്നു. പതിനാല് ദിവസം മാത്രം പ്രായമുള്ളപ്പോഴാണ് മൂത്ത കുഞ്ഞ് മരിച്ചത്. രണ്ടുകുട്ടികളും ഭാര്യവീട്ടില്‍ വച്ച് മരിച്ചതില്‍ ദുരൂഹത ആരോപിച്ചാണ് നിസാര്‍ ഭാര്യക്കും ഭാര്യവീട്ടുകാര്‍ക്കുമെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
by Midhun HP News | Feb 11, 2025 | Latest News, കേരളം
തൃശൂര്‍: കെവി അബ്ദുള്‍ ഖാദര്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി. കുന്നംകുളത്ത് ചേര്‍ന്ന ജില്ലാ സമ്മേളനമാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. യുവജന രംഗത്ത്കൂടി പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ കെവി അബ്ദുള്‍ ഖാദര്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവും എല്‍ഡിഎഫ് ജില്ലാ കണ്‍വീനറുമാണ്. പ്രവാസി സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയും പ്രവാസി ക്ഷേമബോര്‍ഡ് ചെയര്‍മാനുമാണ്.
2006 മുതല്‍ 2021വരെ ഗുരുവായൂര്‍ എംഎല്‍എയായിരുന്നു. 1991 മുതല്‍ സിപിഎം ചാവക്കാട് ഏരിയ കമ്മറ്റിയംഗമാണ്. 1997 മുതല്‍ പാര്‍ടി ഏരിയ സെക്രട്ടറിയായി. തുടര്‍ന്ന് ജില്ലാ കമ്മറ്റിയംഗമായും സക്രട്ടേറിയറ്റ് അംഗമായും മാറി. മത്സ്യതൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) ജില്ലാ പ്രസിഡന്റ്, ബീഡി വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഡിവൈഎഫ്‌ഐ ജില്ല പ്രസിഡന്റ്, ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1997 ജൂൂലൈയില്‍ ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ നടന്ന 14-ാം ലോക യുവജന സമ്മേളനത്തില്‍ ഡിവൈഎഫ്‌ഐ പ്രതിനിധി സംഘാംഗമായി പങ്കെടുത്തു. റഷ്യ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
by Midhun HP News | Feb 11, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പ്രസംഗത്തിനിടെ കണ്ണിമാങ്ങ ഞെട്ടറ്റ് തലയിലേക്ക്, താഴെ വീഴാതെ മാങ്ങ കൈപ്പിടിയിലൊതുക്കി മന്ത്രി വി ശിവൻകുട്ടി. ബഹ്റൈൻ സർക്കാരിന്റെ പരമോന്നത ബഹുമതി ലഭിച്ച വ്യവസായി രവി പിള്ളയെ ആദരിക്കുന്ന ചടങ്ങിലാണ് മന്ത്രി ശിവൻകുട്ടിയുടെ തലയിലേക്ക് കണ്ണിമാങ്ങ വീണത്. തലയില്‍ തട്ടി ഞൊടിയിടയില്‍ താഴേക്കു വീഴാനൊരുങ്ങിയ കണ്ണിമാങ്ങ മന്ത്രി കൈക്കുള്ളിലാക്കി, തൊട്ടടുത്തിരുന്ന നോര്‍ക്ക സെക്രട്ടറി കെ വാസുകിക്കു കൈമാറി.
തൊട്ടടുത്ത നിമിഷം ഇനിയും തലയിലേക്ക മാങ്ങ വീഴുമോയെന്നു മുകളിലേക്കു നോക്കുന്ന മന്ത്രിയുടെയും പുഞ്ചിരിയോടെ തൊട്ടടുത്തിരിക്കുന്ന വാസുകിയുടെയും ചിത്രം കേരള മീഡിയ അക്കാദമി വിദ്യാര്‍ഥിനിയായ സുപര്‍ണ എസ് അനില്‍ പകര്‍ത്തുകയായിരുന്നു. ഈ ചിത്രം ശ്രദ്ധയില്‍പ്പെട്ടതോടെ മന്ത്രി അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജില്‍ ചിത്രം പങ്കുവെച്ച് സുപര്‍ണയെ അഭിനന്ദിക്കുകയും ചെയ്തു.
ഒരാഴ്ച മുൻപ് രവി പിള്ളയുടെ ജീവിതയാത്ര ഫോട്ടോ എക്സിബിഷന്റെ ഉദ്ഘാടനം നിർവഹിക്കാൻ യൂണിവേഴ്സിറ്റി കോളജിലെത്തിയതായിരുന്നു മന്ത്രി. എം വിന്‍സെന്റ് എംഎല്‍എ തുറന്ന വേദിയില്‍ പ്രസംഗിക്കുന്നതിനിടെ മന്ത്രിയുടെ തലയിലേക്ക് കണ്ണിമാങ്ങ വീണു.
by Midhun HP News | Feb 11, 2025 | Latest News, കേരളം
കൊച്ചി: കോതമംഗലത്ത് വീടിന്റെ ശുചിമുറിയില്‍ നിന്ന് കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. പുന്നേക്കാട് കൊണ്ടിമറ്റം സ്വദേശിയുടെ വീട്ടിലെ ശുചിമുറിയില്‍ നിന്നാണ് രാജവെമ്പാലയെ വനപാലകര്‍ പിടികൂടിയത്. ഇന്നലെ വൈകിട്ടാണ് വീട്ടുകാര്‍ ശുചിമുറിയില്‍ പാമ്പിനെ കണ്ടത്.
പാമ്പിന്റെ ശീല്‍ക്കാര ശബ്ദം കേട്ടതോടെയാണ് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. കുളിമുറിയില്‍ കൂറ്റന്‍ പാമ്പിനെ കണ്ടതോടെ ഉടന്‍ തന്നെ പുന്നേക്കാട് വനം വകുപ്പ് ഓഫീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പാമ്പുപിടിത്ത വിദഗ്ധനുമായി എത്തിയ വനപാലക സംഘം ഏറെ നേരത്തെ ശ്രമത്തിനുശേഷം സുരക്ഷിതമായി പാമ്പിനെ പിടികൂടുകയായിരുന്നു.
പിടികൂടിയ പാമ്പിന് പതിനഞ്ച് അടിയിലേറെ നീളമുണ്ട്. പുന്നേക്കാട് വനമേഖലയുടെ സമീപത്താണ് ഈ വീട്. ചൂട് കാലമായതിനാല്‍ തണുപ്പ് തേടിയാവാം പാമ്പ് എത്തിയതെന്നാണ് നിഗമനം. പിടികൂടിയ പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാട്ടില്‍ തുറന്നു വിട്ടു.
by Midhun HP News | Feb 11, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കാലത്തിന് അനുസൃതമായ അനിവാര്യമായ നടപടിയാണ് സ്വകാര്യ സര്‍വകലാശാലകളെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. അതില്‍ നിന്നും ഇനിയും നമുക്ക് മാറി നില്‍ക്കാനാകില്ല. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ മാറ്റത്തിനും മുന്നേറ്റത്തിനും അനിവാര്യമായ ഒരുപാട് പരിഷ്‌കാരങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍, സ്വകാര്യ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് വളരെ നിര്‍ണായകമായ തീരുമാനമാണ് മന്ത്രിസഭ കൈക്കൊണ്ടത്. ഇതോടൊപ്പം നിലവിലുള്ള സര്‍വകലാശാല നിയമങ്ങളെ കാലാനുസൃതമായി പരിഷ്‌കരിക്കുന്നതിനുള്ള മറ്റൊരു ബില്ലും കാബിനറ്റ് അംഗീകരിച്ചിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.
ഇന്ത്യയിലെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലും ഇന്ന് സ്വകാര്യ സര്‍വകലാശാലകള്‍ യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞതായി മന്ത്രി ബിന്ദു പറഞ്ഞു. ആഗോളവത്കരണത്തിന്റെ മൂന്നര പതിറ്റാണ്ട് നാം പിന്നിട്ടു കഴിഞ്ഞു. ആഗോളവത്കൃത ലോകക്രമത്തിന്റെ ഭാഗമായി, വളരെ മത്സരാധിഷ്ഠിത സമൂഹമായി ഇന്ത്യയും മാറിക്കൊണ്ടിരിക്കുകയാണ്. അവിടെ ഒരു ജനത എന്ന നിലയില്‍ നമുക്ക് പിടിച്ചു നില്‍ക്കണമെന്നുണ്ടെങ്കില്‍ കാലാനുസൃതമായ മാറ്റങ്ങളിലൂടെ പോയേ തീരുവെന്ന് മന്ത്രി ബിന്ദു പറഞ്ഞു.
സ്വകാര്യസര്‍വകലാശാലകള്‍ കേരളത്തില്‍ ആരംഭിക്കുമ്പോള്‍, കൃത്യമായ സാമൂഹിക നിയന്ത്രണങ്ങള്‍ ഉറപ്പാക്കിക്കൊണ്ടാണ് ബില്‍ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ളത്. സര്‍ക്കാരിന്റെയും മറ്റ് പൊതുസംവിധാനങ്ങളുടേയും കൃത്യമായ ജാഗ്രതയും ഇടപെടലും റെഗുലേഷനും ഉറപ്പാക്കുന്ന രീതിയിലാണ് ബില്ലിന്റെ ഉള്ളടക്കം. അതുകൊണ്ടു തന്നെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുറേക്കൂടി സാമൂഹ്യനിയന്ത്രണമുള്ള സംവിധാനമായിട്ടാണ് കേരളത്തിലെ സ്വകാര്യ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി.
സ്വകാര്യ സര്‍വകലാശാല ബില്ലിനെ സിപിഐ എതിര്‍ത്തിരുന്നുവോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ഓരോ പാര്‍ട്ടികള്‍ക്കും അവരുടേതായ അഭിപ്രായങ്ങള്‍ ഉണ്ടാകും, അതെല്ലാം ഉള്‍ക്കൊണ്ട് ഐകകണ്‌ഠേനയാണ് ബില്‍ മന്ത്രിസഭായോഗം അംഗീകരിച്ചത്. സിപിഐ പൂര്‍ണമായി എതിര്‍ത്തിട്ടില്ല. ചെറിയ ചില കാര്യങ്ങളില്‍ സിപിഐ ചില മാറ്റം ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസമന്ത്രി ഈ സര്‍വകലാശാലകലില്‍ വിസിറ്ററായി പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശം ബില്ലില്‍ ഉണ്ടായിരുന്നു. അതിനു പകരം അതത് സര്‍വകലാശാലകളുടെ ജൂറിസ്ഡിക്ഷനുമായി ബന്ധപ്പെട്ട് പല മന്ത്രിമാരും ആകാവുന്നതാണെന്ന അഭിപ്രായം ഉയര്‍ന്നു വന്നു.
എന്നാല്‍ സ്വകാര്യസര്‍വകലാശാലകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ആ നിലയില്‍ ഇടപെടേണ്ടതില്ലെന്ന് തീരുമാനിച്ചു. അതേസമയം സര്‍ക്കാരിന് കൃത്യമായ തലത്തില്‍ ഇടപെടാന്‍ കഴിയുന്ന പ്രൊവിഷന്‍ ഈ ബില്ലില്‍ ഉറപ്പാക്കിയിട്ടുണ്ട്. സമകാലിക സാഹചര്യത്തില്‍ ഉന്നത വിദ്യാഭ്യാസരംഗത്ത്, സ്വകാര്യസര്‍വകലാശാലകള്‍ അനുവദിക്കാതിരിക്കുന്നത് നമ്മുടെ സമൂഹത്തിന് മുന്നോട്ടുള്ള പ്രയാണത്തില്‍ പ്രയാസങ്ങള്‍ ഉണ്ടാക്കും. എത്രയോ കാലം മുമ്പ് നമ്മള്‍ കൈക്കൊണ്ട നിലപാടുകള്‍ക്ക്, ഇന്നത്തെ സാഹചര്യത്തില്‍ അതിനനുസൃതമായ മാറ്റങ്ങള്‍ വരുത്തേണ്ട ഉത്തരവാദിത്തവുമുണ്ട്. അതല്ലെങ്കില്‍ ഒരു ജനത എന്ന നിലയില്‍ നാം ഇന്നത്തെ മത്സരാധിഷ്ഠിത ലോകത്ത് പിന്തള്ളപ്പെടും. ഒരു മൂര്‍ത്ത സാഹചര്യത്തിന് അനുസൃതമായി തീരുമാനമെടുക്കുക എന്നത് ഒരു മാര്‍ക്‌സിയന്‍ നിലപാടാണ്. മന്ത്രി ബിന്ദു പറഞ്ഞു.
ഇപ്പോഴത്തെ മൂര്‍ത്തമായ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി മൂര്‍ത്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളുകയെന്നത് നമ്മുടെ ബാധ്യതയാണ്. കാലത്തിന് അനുസൃതമായിട്ടാണ് തീരുമാനമെടുക്കുക. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസകാലത്ത് ഇന്നത്തെ കാലത്ത് ഏറ്റവുമധികം എയ്ഡഡ്, അണ്‍ എയ്ഡഡ് സ്ഥാപനങ്ങളാണുള്ളത്. 20 ശതമാനം മാത്രമാണ് സര്‍ക്കാര്‍ കോളജുകള്‍. ആ സാഹചര്യത്തില്‍ സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അസ്പൃശ്യത കല്‍പ്പിക്കേണ്ടതില്ല. ലോകോത്തരമായ സൗകര്യങ്ങള്‍ ഉള്‍പ്പെടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കാന്‍ സാഹചര്യം ഉണ്ടെങ്കില്‍ അത് പ്രയോജനപ്പെടുത്തണമെന്ന് തന്നെയാണ് സര്‍ക്കാര്‍ കാണുന്നത്. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് 40 ശതമാനം സംവരണം ഉള്‍പ്പെടെ ഉള്‍ച്ചേര്‍ത്താണ് സ്വകാര്യ സര്‍വകലാശാല ബില്‍ തയ്യാറാക്കിയിട്ടുള്ളതെന്നും മന്ത്രി ബിന്ദു കൂട്ടിച്ചേര്‍ത്തു.
Recent Comments